(രചന: Rajitha Jayan)
“”ടാ. ..ചെറുക്കാ. …,,നിനക്ക് നിന്നെ പറ്റി യാതൊരു ചിന്തയുമില്ലെങ്കിലും എനിക്കും നിന്റ്റെ അച്ഛനും അതുണ്ട്.
അതുകൊണ്ടാണ് ഞങ്ങൾ കണ്ണാംപറമ്പിലെ ചന്ദന്റെ മോൾ രോഹിണിയെ നിനക്ക് വേണ്ടി കല്ല്യാണം ആലോചിച്ച് പോയത്. …. നല്ല കുട്ടിയാണവൾ…..
നമ്മുടെ ഈ കാവുളളി കുന്നത്ത് ഇത്രയും അടക്കവും ഒതുക്കവുമുള്ളൊരു പെൺകുട്ടി വേറെ ഇല്ല…. അറിയ്യോ നിനക്ക്..?
ഞാൻ പറയുന്നത് വല്ലതും നീ കേൾക്കണുണ്ടോ ഹരീ. .
ഓ …. .. കേൾക്കുന്നുണ്ട് അമ്മ പറയണത് നൂറു ശതമാനം സത്യം തന്നെ ആണ്… സമ്മതിച്ചു. .. പക്ഷേ എനിക്ക് ഒരു തീരുമാനം ഉണ്ട്. . ഒരു വാക്കും…..അതിൽ നിന്നു ഞാൻ പിന്നോട്ടേക്കില്ല..
ഹരിയുടെ മറുപടി കേട്ട് ലത ദേഷ്യത്തിലവനെ നോക്കിയപ്പോൾ കഴിച്ചു കൊണ്ടിരുന്ന ഇഡ്ഡലി തിരികെ പാത്രത്തിലേക്ക് തന്നെ വെച്ച് ഹരി അവിടെ നിന്നെണീറ്റ് പോയി……
പോവുമ്പോൾ അവനരിക്കിലിരുന്ന് ഇഡ്ഡലി കഴിക്കുന്ന അച്ഛമ്മയെ നോക്കി അവനൊന്നു കണ്ണടച്ചു കാട്ടി.. പിന്നെ തന്റെ മുറിയുടെ നേർക്ക് നടന്നു പോയി. ….
ഈ അമ്മ ഒരാൾ കാരണമാണീ ചെക്കൻ ഇങ്ങനെ ആയത്. ഇപ്പോഴും അവനാ പഴയ ഇളളക്കുട്ടിയാണെന്നാണ് അമ്മയുടെ ചിന്ത. ..
അവനേ വയസ്സ് മുപ്പതാവാറായ്…..
ഇല്ലാത്തതും ഒരിക്കലും നടക്കാത്തതുമായ ഓരോന്നാ ചെക്കനോട് പറഞ്ഞു കൊടുത്ത് അവന്റെ ജീവിതം ഇങ്ങനെ നായക്കും നരിക്കുമില്ലാതെ എരിച്ചു തീർക്കുമ്പോൾ സമാധാനം ആവൂലോ അമ്മയ്ക്ക്. ..ല്ലേ. ..??
ലതയുടെ കുത്തുവാക്കുകൾ കേട്ട് നിറഞ്ഞു തുളുമ്പാറായ കണ്ണുകൾ മേൽമുണ്ട് കൊണ്ട് തുടച്ച് ഭക്ഷണം മതിയാക്കി അവിടെ നിന്ന് എഴുന്നേറ്റ് പോവുമ്പോൾ സന്തോഷിന്റെ അച്ഛമ്മയുടെ പാദങ്ങൾ ഇടറിപോയി….
കണ്ണുകൾ തുടച്ചു നടന്നു നീങ്ങുന്ന അവരെ നോക്കിയിരുന്നപ്പോൾ ഒരു നെടുവീർപ്പ് ലതയിൽ നിന്നടർന്നു വീണു. ..
അവർ ചായ കുടിച്ച് കൊണ്ടിരുന്ന ഭർത്താവിനെ ദേഷ്യത്തിലൊന്ന് നോക്കിയെങ്കിലും അയാൾ ഇതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കൽ തുടർന്നു…
മോനെ…… നിന്റ്റെ അമ്മ ലതയുടെ മുന്നിൽ ഒരു കഴിവുകെട്ടവനായ് ഞാൻ നിൽക്കാൻ തുടങ്ങിയിട്ടേറെ നാളായി. …
എന്നെ പ്രസവിച്ച എന്റെ അമ്മയുടെ ആഗ്രഹം നടക്കണേ എന്ന് ഉളളുരുക്കി ഓരോ നേരം ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട് ഞാൻ…
പക്ഷേ ദിവസങ്ങൾ ഇങ്ങനെ കടന്നു പോവും തോറും അച്ഛന് പേടി ആവുകയാണെടാ…. അച്ഛനും അച്ഛമ്മയും ചേർന്നെന്റ്റെ കുട്ടിയുടെ നല്ല പ്രായം വെറുതെ കളയുകയാണല്ലോന്നോർത്തിട്ട് ഒരു സമാധാനവുമില്ല..
ഈ കാത്തിരിപ്പ് വെറുതെ ആയാലോ മോനെ….? നമ്മുക്ക് അമ്മ പറഞ്ഞ ആ പെൺകുട്ടിയെ ഒന്ന് പോയി കണ്ടാലോടാ ….
ഏയ്. …അച്ഛനെന്താണച്ഛാ ഇങ്ങനെ. …
അച്ഛൻ ഇങ്ങട് വന്നേ , ഞാനൊരൂട്ടം കാണിച്ചു തരാം.
ദേ .. ഈ ജനാലയിലൂടെ നമ്മുടെ പൂമുഖത്തേക്ക് അച്ഛൻ ഒന്ന് നോക്കിയേ…..
പ്രായാധിക്യം തളർത്തിയ ശരീരവുമായി ഹരിയുടെ അച്ഛമ്മയാ വീടിന്റെ പൂമുഖത്ത് ദൂരേക്ക് മിഴികൾ പായിച്ചിരിപ്പുണ്ടായിരുന്നപ്പോൾ..
കണ്ടോ കഴിഞ്ഞു പോയ പതിനഞ്ചു വർഷക്കാലവും എന്റ്റെ അച്ഛമ്മ അവിടെയാണ് അധികസമയവും …..
ആ പടി കയറി അവർക്കരികിലേക്കെത്തുന്ന അവരുടെ കൊച്ചു മകളെയും കാത്ത് നീണ്ട പതിനഞ്ചു വർഷമായൊരേ കാത്തിരിപ്പ്…
ആ കാത്തിരിപ്പെങ്ങനെ കണ്ടില്ലാന്ന് നടിക്കും ഞാൻ. ..
അച്ഛമ്മയുടെ കൊച്ചു മകൾ, അച്ഛന്റെ സഹോദരി പുത്രി “”വേദ””യുടെ വരവും കാത്തുളള ഇരിപ്പാണത്
വർഷങ്ങൾക്ക് മുമ്പൊരു സ്വത്ത് തർക്കത്തിന്റെ പേരിൽ അച്ഛമ്മയുടെ അരികിൽ നിന്ന് “വേദ”യെ അവളുടെ അച്ഛനമ്മമാർ പറിച്ചെടുത്തോണ്ട് പോവുമ്പോൾ…
പതിനഞ്ചു വയസ്സുക്കാരനായ ഞാൻ എന്തറിഞ്ഞിട്ടാണ് പത്തു വയസ്സുക്കാരിയായ വേദയോട് അവളുടെ തിരിച്ചു വരവും കാത്തൊരു ജന്മം മുഴുവൻ ഞാനിവിടെ ഉണ്ടാവുമെന്ന് പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല അച്ഛാ..
കൗമാര മനസ്സിൽ തോന്നിയ വെറും ഒരിഷ്ടമായിരുന്നോ വേദയോട് എനിക്ക് എന്നു ചോദിച്ചാൽ അറിയില്ലെനിക്ക്…
പക്ഷേ അന്ന് ഞാനവൾക്ക് കൊടുത്ത ആ വാക്കിന്റെ ബലത്തിലാണെന്റ്റെ അച്ഛമ്മ എന്നും ആ പൂമുഖത്ത് അവളെയും കാത്തിരിക്കുന്നതെന്നറിഞ്ഞ ആ നിമിഷം ഞാൻ തീരുമാനിച്ചതാണച്ഛാ എന്റ്റെ ജീവിതം അത് എങ്ങനെ ആണെന്ന് …..
കാത്തിരിക്കും ഞാനെന്റ്റെ വേദയെ ഇനിയുമെത്ര
കാലം വേണമെങ്കിലും ..
ഒരുപക്ഷേ എന്റെ ആ വാക്കിന്റെ ബലമാവാം എന്റ്റെ അച്ഛമ്മയുടെ പ്രാണൻ പോലും. …ആ വാക്ക് ഞാൻ പിൻവലിച്ചാലൊരു പക്ഷേ എന്റെ അച്ഛമ്മ. …
വേണ്ട മോനെ വേണ്ട.. .
ഒരായുസ്സ് മുഴുവൻ കണ്ണുനീരു കുടിച്ചതാണെന്റ്റെ അമ്മ… ഞാനായിട്ടൊരു സന്തോഷമോ സമാധാനമോ നൽകിയിട്ടില്ല.. നിന്നിലൂടെ എങ്കിലും എന്റെ അമ്മയ്ക്ക് സന്തോഷം ലഭിക്കട്ടെ….
അവരുടെ കാലം കഴിയുന്നതുവരെ എങ്കിലും..
നിറഞ്ഞ കണ്ണുകൾ തുടച്ച് അച്ഛൻ നടന്നു നീങ്ങുന്നതു നോക്കി ഹരി നിന്നപ്പോൾ കാലിൽ വെളളി പാദസരമണിഞ്ഞുകൊണ്ടൊരു പെൺകുട്ടി അവന്റെ മനസ്സിലേക്കോടിയെത്തി…..
നീണ്ട കരിമിഴികളും നെറ്റിയിലേക്ക് വീണു ചിതറിയ മുടിയിഴകളും ചിരിക്കുമ്പോൾ കവിളിൽ നുണകുഴി വിരിയുകയും ചെയ്യുന്നൊരു പെൺകുട്ടി.. ….വേദ…
വേദേ. ..ഞാൻ മനസ്സിൽ വരച്ചിട്ട നിന്റ്റെ ചിത്രത്തിന് ദിവസങ്ങൾ കഴിയുംതോറും മിഴിവേറി കൊണ്ടിരിക്കുകയാണ് ഇപ്പോൾ …..
വരില്ലേ നീ.. എന്നരിക്കിലേക്ക്…
നമ്മുടെ അച്ഛമ്മ ഈ ലോകം വിട്ടു പോവുന്നതിനു മുമ്പായി ഒരിക്കലെങ്കിലും ഒന്നു വന്നൂടെ നിനക്ക്. ….. എന്റെ പ്രാണനും ജീവനും മോഹങ്ങളുമെല്ലാം ഞാൻ നിനക്കായ് നീക്കിവച്ചിവിടെ കാത്തിരിക്കുന്നത് നീ അറിയുന്നില്ലേ വേദേ…..
മനസ്സിലൊരായിരം വട്ടം അവളോടോരോന്നും ചോദിച്ചങ്ങനെ നിൽക്കുമ്പോൾ എന്തിനെന്നറിയാതെ ഹരിയുടെ കണ്ണുകൾ തുളുമ്പി…
അപ്പോൾ അങ്ങ് ദൂരെ കാവുളളി കുന്ന് ഗ്രാമത്തിന്റെ അത്തിർത്തിയിൽ വന്നു നിന്ന ബസ്സിൽ നിന്നവൾ ഇറങ്ങുകയായിരുന്നു…വേദ… …. ഹരിയ്ക്കായ് ദൈവം കാത്തുവച്ച വേദ എന്ന സൗന്ദര്യ ദേവത…
ഹരിയുടെയും അച്ഛമ്മയുടെയും കാത്തിരിപ്പുകൾ അവസാനിപ്പിച്ചു കൊണ്ടവൾ മെല്ലെ ഹരിയുടെ വീടിനു നേർക്ക് ചുവടുകൾ വെച്ചു………..