അല്ലെങ്കിൽ രണ്ടു വിവാഹം കഴിച്ച എനിക്ക് എതെങ്കിലും ഒരു ഭാര്യയിൽ മക്കളുണ്ടാവേണ്ടതല്ലേ, എന്നെ ഉപേക്ഷിച്ച് വേറെ..

മക്കൾ ഇല്ലാത്തവന്റെ മരണം
(രചന: രജിത ജയൻ)

മക്കൾ ഇല്ലാത്ത ഒരുവന്റെ മരണം നിങ്ങൾ നേരിട്ടു കണ്ടിട്ടോ , ഞാൻ കണ്ടിട്ടുണ്ട് ,ദാ ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു .

ആരുടെ മരണമാണെന്നല്ലേ നിങ്ങളുടെ സംശയം ..?

സംശയിക്കണ്ട എന്റെ തന്നെ മരണമാണ് … മക്കളില്ലാതെ മരണപ്പെട്ട മഹാപാപിയായ എന്റെ തന്നെ മരണം.. മക്കളില്ലാതെ മരണപ്പെടുന്നവരെല്ലാം എന്നെ പോലെ അല്ലാട്ടോ, ഭാഗ്യം ചെയ്തവരാണേറെയും

മക്കളില്ലാത്തതിനാൽ ഞാനൊരു മഹാപാപി ആണെന്നാണ് എന്റെ ബന്ധുക്കളും നാട്ടുക്കാരും പറയുന്നത് .

ഈ ജന്മമോ മുൻ ജന്മമോ മഹാപാപങ്ങൾ ഞാൻ ചെയ്തിട്ടാണത്ര എനിക്ക് മക്കൾ ജനിക്കാത്തത് ,ശരിയായിരിക്കും ചിലപ്പോഴത് അല്ലെങ്കിൽ രണ്ടു വിവാഹം കഴിച്ച എനിക്ക് എതെങ്കിലും ഒരു ഭാര്യയിൽ മക്കളുണ്ടാവേണ്ടതല്ലേ ..?

എന്നെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ച അവർക്കെല്ലാം പിന്നീട് മക്കളുമായ് ,അപ്പോ എന്റെ പാപങ്ങളുടെ ഫലമാണ് എനിക്ക് മക്കളുണ്ടാവത്തത് .

പക്ഷെ ഈ ആയുസ്സിൽ ഞാൻ ഇതുവരെ വലിയ പാപങ്ങൾ ഒന്നും ചെയ്തിട്ടില്ലാന്നാണ് എന്റെ തോന്നൽ, മുജന്മത്തിലെ കാര്യം എനിക്ക് അറിയുകയുമില്ലല്ലോ ?

എന്തായാലും ഞാൻ മരിച്ചു അതെനിക്കറിയാം അതും വെറുമൊരു മരണമല്ല, ഒരിറ്റു ദാഹജലം ലഭിക്കാതെ സ്വന്തമെന്ന് കരുതിയ ഒരാളെയും കാണാതെ ഹൃദയം പൊട്ടിയ വേദന സഹിച്ച് അടച്ചു പൂട്ടിയ ഒരു മുറിക്കുള്ളിൽ വെച്ച് ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു..

പ്രായം എഴുപത് കഴിഞ്ഞതുകൊണ്ടാവാം ഇടയ്ക്കിടെ എന്റെ മനസ്സ് ശരീരത്തെ അനുസരിക്കാതെ വേറെ ഏതോ ലോകത്ത് പാറി നടന്നത് അവിടെ എനിക്ക് യൗവ്വനം ആയിരിക്കണം

പ്രായം അതാണല്ലോ ഞാൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ വീടും കടന്ന് പുറത്തു കൂടെ അലഞ്ഞു നടന്നത് ,കൺമുമ്പിൽ കണ്ടവരോടും തനിച്ചുമെല്ലാം സംസാരിച്ചത് ..

കിഴവന് പ്രാന്തായീന്നു പറഞ്ഞാണ് എന്റെ സഹോദര പുത്രൻ എന്നെ തിരികെ പിടിച്ചു കൊണ്ടുവന്നു വീട്ടിലാക്കിയത് .

അവനു പിടിച്ചൊതുക്കിയാൽ കിട്ടാത്ത വിധം ആരോഗ്യവാനായിരുന്നത്ര ഞാനപ്പോൾ .. പ്രാന്തന്മാർക്ക് ആരോഗ്യം കൂടുമത്രേ ..

പ്രായം മൂത്തെനിക്ക് പ്രാന്തായെന്ന് സഹോദരപുത്രൻ പറഞ്ഞപ്പോൾ പ്രാന്തല്ലിത് സന്നിയാണെന്ന് മറു കൂട്ടർ, എന്തായാലും കിഴവൻ ഉടനെ പരലോകം കാണുമെന്ന തോന്നലിലാവാം കുടുംബാംഗങ്ങളെല്ലാം എന്നെ കാണാനായ് വന്നു തുടങ്ങി .

വന്നു പോവുന്ന ഓരോരുത്തരും എന്റെ അവശതകണ്ടെനിക്ക് ആയുസ്സെത്ര എന്നതളന്നതൊഴിച്ചാൽ ഞാനെന്തെങ്കിലും കഴിച്ചിരുന്നോ എന്നന്വേഷിച്ചില്ല ..ഒരു കാലത്ത് ഞാനവർക്കെല്ലാം മനസ്സും വയറും നിറയാൻ മാത്രം കൊടുത്തിട്ടു പോലും …

മക്കളില്ലാത്തവൻ മരണപ്പെട്ടാൽ സ്വത്തെങ്ങനെ വീതം വെക്കണമെന്ന് അവർ തമ്മിൽ പല തവണ ചർച്ചകളും തമ്മിൽ തല്ലുകളും നടന്നു
എന്നതല്ലാതെ എന്റെ മരണം മാത്രം അവർ കരുതിയ സമയത്ത് നടന്നില്ല.

കാത്തിരിപ്പുകൾ ബാക്കിയാക്കി എന്റെ ദേഹത്ത് ദേഹി ബാക്കിയായപ്പോൾ മരണം കാത്തിരുപ്പുക്കാർ ഊഴമനുസരിച്ചായ് കാവൽ ,കഴുകൻ ജീവനുളള ഇരയുടെ മരണം കാത്തിരിക്കുന്നതു പോലെ ..

രാപകലുകളില്ലാതെ എന്റെ തലയിൽ തേനിച്ചകൾ കൂടുകൂട്ടിയതപ്പോഴാണ് … ചുറ്റുമുള്ളതൊന്നും കേൾക്കാൻ പറ്റാത്ത വിധം ഉച്ചത്തിലെപ്പോഴും തേനീച്ചകളുടെ മൂളൽ മാത്രം ..

സഹിക്കെട്ട ഞാൻ വീട്ടിനുള്ളിലാകെ ഓടി നടക്കാൻ തുടങ്ങിയപ്പോൾ അവരെന്നെ ഒരു മുറിക്കുള്ളിലടച്ചിട്ടു എന്റെ സ്വന്തം വീട്ടിലെ ഏറ്റവും വൃത്തി ഇല്ലാത്ത ഒരു മുറിയിൽ.

പണ്ടവരെല്ലാം വിരുന്ന് വരുമ്പോൾ ഞാനവർക്ക് നൽകിയിരുന്നത് ഈ വീട്ടിലെ ഏറ്റവും നല്ല മുറികളായിരുന്നു ..

കഴിക്കാനും കുടിക്കാനും കുളിപ്പിക്കാനും മാത്രം തുറക്കുന്നൊരു മുറിയായിത് മാറിയതെത്ര പെട്ടന്നാണ്…

ഇയ്ക്കിടെ ഞാൻ മലമൂത്ര വിസ്സർജനം നടത്തുന്നതൊരു പരാതിയായ് ആദ്യം പറഞ്ഞത് എന്റെ സഹോദരി പുത്രിയാണ് ,

കുഞ്ഞു പ്രായത്തിൽ അവളെ ഞാനെടുത്തും കൊഞ്ചിച്ചും നടന്നപ്പോൾ അവളെത്ര പ്രാവശ്യം എന്നെയവളുടെ വിസ്സർജ്യങ്ങളാൽ മുക്കിയിരിക്കുന്നു

പക്ഷെ ഞാനൊരു പരാതിയും പറഞ്ഞില്ല കാരണം അതെല്ലാം ഒരമ്മവൻ എന്ന നിലയിൽ ഞാൻ ആസ്വദിച്ചിരുന്നു ,പലതും കടമയായ് കണ്ടിരുന്നു ..കടമകളെല്ലാം വീട്ടാനുള്ളതല്ലല്ലോ ല്ലേ ?

എന്തായാലും സഹോദരീ പുത്രിയുടെ പരാതിക്ക് പരിഹാരം ഉടനെ ഉണ്ടായി .എന്റെ ആകെയുണ്ടായിരുന്ന ഇത്തിരി അന്നത്തിന്റെയും വെള്ളത്തിന്റെയും അളവ് വളരെയധികം ചുരുങ്ങി രാത്രി ഒരു നേരം മാത്രമായ് ..

ഒരു ദിവസം ദാഹം സഹിച്ച്, സഹിച്ച്, സഹിക്കാൻ പറ്റാതെ ഞാൻ അവരെന്നെ കുളിപ്പിക്കാൻ ശ്രമിച്ചപ്പോൾ തലയിലൂടെ ഒഴുകി വന്ന വിസർജ്യവും സോപ്പും ചേർന്ന അഴുകു വെള്ളം കുടിച്ച് ദാഹം മാറ്റിയിട്ടുണ്ട് ..

അതു നോക്കി ചിരിച്ചവർ പറഞ്ഞത് കിഴവന്റെ പ്രാന്ത് നന്നായി കൂടിയിട്ടുണ്ടെന്നാണ് ..

ദൈവ വിശ്വാസി ആയിരുന്നില്ല എന്നു ദൈവത്തിനു തോന്നിയിട്ടാണാവോ എന്റെ ആയുസ്സിന്റെ നീളം കുറച്ചെന്നെ ഈ നരകത്തിൽ രക്ഷിക്കാൻ ആദ്യമൊന്നും ദൈവത്തിനും തോന്നാതിരുന്നത് ..

ശരീരം പൊട്ടി ഒലിച്ചും വിസർജ്യങ്ങളിൽ കിടന്നുറങ്ങിയും ഞാൻ ജീവിച്ച നാളുകളിലാണ് ഞാനാദ്യമായൊരു നിരീശ്വര വാദിയായ് മാറിയത് ..

കാവൽക്കാരോരുത്തരും കാവൽ മടുത്ത് പിൻവാങ്ങിയിട്ട് കുറച്ചു ദിവസ്സമായ് .. ഇന്നലെ രാത്രിയാണ് മരണം എന്നെ തേടി ഈ മുറിയിലെത്തിയത് ..

തൊണ്ടവരണ്ടപ്പോ ദാഹനീരിനു വല്ലാതെ മോഹിച്ചൊടുവിൽ ദേഹി ദേഹം വെടിയുന്നതും നോക്കി ഒരാത്മാവായ് ഞാൻ മാറിയതും ഇന്നലെയാണ്

ഇപ്പഴിതാ അടച്ചിട്ട മുറിയിൽ നിന്നും ഉറുമ്പുകൾ അരിച്ചു തുടങ്ങിയ എന്നെ ഒരു കൂട്ടം ആളുകൾ പുറത്തേക്ക് എടുക്കുന്നു,

ഇക്കണ്ട കാലം ഞാനെന്ന വ്യക്തിയെ തിരിഞ്ഞു നോക്കാത്തവർ എനിക്ക് വേണ്ടി വാദിക്കുന്നു ,മരണാനന്തര ക്രിയകൾ എങ്ങനെ, ആരു ചെയ്യണമെന്ന് തർക്കങ്ങൾ ഉണ്ടാവുന്നു ,

മറുവശത്ത് കുടുംബക്കാർ സ്വത്തുകൾ വീതം വെക്കേണ്ടതെങ്ങനെയെന്ന് മനസ്സിൽ കണക്കുകൂട്ടുന്നു .. ഞാനിതെല്ലാം കണ്ടിവിടെ നിൽക്കുകയാണ് ..

അതെ ഞാനെന്ന ആത്മാവ് ഇപ്പോഴും കാത്തിരിക്കുകയാണ് കർമ്മങ്ങൾ കഴിഞ്ഞ് ഒരു തുള്ളി നീരും പൂവും ലഭിച്ചാൽ ഈ ഭൂമിയിലെ അവസാന ബന്ധനവും ഒഴിവാക്കി ഇവിടെന്ന് മടങ്ങാൻ …. ഇനിയൊരു പുനർജന്മം ഇവിടെ അരുതേ എന്ന പ്രാർത്ഥനയോടെ …