ഇനി ഞങ്ങൾക്ക് പിരിയാൻ പറ്റില്ല, ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധത്തിൽ വരെ ഏർപ്പെട്ടു, ഇനി ഞങ്ങൾ ഒന്നാ…

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സാർ… എന്റെ കൊച്ചിനെ ഇവൻ മയക്കി എടുത്തതാണ്. അല്ലേൽ അവള് ഇവന്റൊപ്പം പോവില്ല.. ദയവു ചെയ്ത് അവളെ തിരിച്ച് ഞങ്ങൾക്ക് തരണം ”

” ഇല്ല സാറേ അച്ഛൻ ചുമ്മാ പറയുവാ… എന്നെ ആരും മയക്കി എടുത്തതൊന്നും അല്ല എനിക്ക് വയസ്സ് ഇരുപത്തി മൂന്ന് ആയി. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ദീപു ചേട്ടനൊപ്പം ഇറങ്ങി പോയതാ.. അഞ്ചു വർഷമായി ഞങ്ങൾ പ്രണയത്തിലാ.. അച്ഛന് അത് അറിയേം ചെയ്യാം എനിക്ക് ദീപു ചേട്ടനൊപ്പം ജീവിച്ചാൽ മതി. ”

” ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല ഒരുമ്പെട്ടോളേ .. കൊ ന്ന് ക ളയും നിന്നെ ഞാൻ ”

അടി ഒരെണ്ണം പൊട്ടി. അതോടെ രാവിലെ തന്നെ പോലീസ് സ്റ്റേഷൻ സജീവമായി. സംഗതി കയ്യാങ്കളിയിലേക്ക് തിരിയവേ ചാടി എഴുന്നേറ്റു എസ് ഐ അൻവർ.

” ദേ നോക്ക് ഇത് പോലീസ് സ്റ്റേഷൻ ആണ് ഇവിടെ കിടന്ന് തമ്മിൽ തല്ലാനൊന്നും പറ്റില്ല. നിങ്ങടെ മോൾക്ക് വയസ്സ് ഇരുപത്തി മൂന്ന് ആയി അവൾക്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്.

സോ നിങ്ങൾ ഒരു അലമ്പിനു നിൽക്കാതെ ഇവരെ പിടിച്ചു കെട്ടിച്ചേക്ക്. അതാ നല്ലത്.. ഒന്നുല്ലേലും അവന് സ്വന്തമായി ഒരു വർക്ക് ഷോപ്പ് ഒക്കെ ഉള്ളതല്ലേ.. അപ്പോ ഒട്ടും മോശക്കാരൻ അല്ലല്ലോ. .”

അൻവറിന്റെ വാക്കുകൾ കേട്ട് ആ വൃദ്ധൻ രോഷമടക്കി.

” പറ്റത്തില്ല സാറേ… ഞാൻ സമ്മതിക്കില്ല ഇതിന്. എന്തുണ്ടായിട്ട് എന്ത് കാര്യം… ഇവൻ താഴ്ന്ന ജാതിയിൽ ഉള്ളതാ.. ”

“അച്ഛാ ചുമ്മാ സീൻ ആക്കല്ലേ.. ഇനി ഞങ്ങൾക്ക് പിരിയാൻ പറ്റില്ല. ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധത്തിൽ വരെ ഏർപ്പെട്ടു. ഇനി ഞങ്ങൾ ഒന്നാ… ”

പെൺകുട്ടിയുടെ മറുപടി കേട്ട് ആ വൃദ്ധൻ അന്ധാളിച്ചു നിന്നു.

“പഷ്ട്… നല്ല മോള്…”

അറിയാതെ പിറുപിറുത്തു പോയി അൻവർ. അപ്പോഴേക്കും എ എസ് ഐ ബാലചന്ദ്രൻ അവിടേക്കെത്തി.

” ബാലേട്ടാ.. കൃത്യ സമയത്ത് തന്നെ നിങ്ങൾ വന്ന്.. ദേ ഈ കേസ് ഒന്ന് ഒത്തു തീർപ്പാക്കി വിട്ടേ.. എനിക്ക് തല പെരുക്കുന്നു ”

ബുദ്ധിപൂർവം ആ കേസ് ബാലചന്ദ്രനെ ഏൽപ്പിച്ചു തടിയൂരി അൻവർ.

” സാറേ.. ഇന്ന് ആ സി. എസ്. യൂ ന്റെ പഠിപ്പ് മുടക്കാണ് കേട്ടോ.. കോളേജിൽ പിള്ളേര് അലമ്പാൻ സാധ്യത ഉണ്ട്.. പ്രിൻസിപ്പൽ ഇച്ചിരി മുന്നേ വിളിച്ചാരുന്നു. ”

കോൺസ്റ്റബിൾ അനീഷ് ഓർമിപ്പിക്കവേ അറിയാതെ തലയിൽ കൈ വച്ചു പോയി അൻവർ.

” പടച്ചോനെ.. ഇനി പിള്ളേര് എന്ത് കാട്ടിക്കൂട്ടുന്നോ എന്തോ.. കഴിഞ്ഞ സമരത്തിന് നമ്മടെ ജീപ്പിനിട്ടും കല്ലെറിഞ്ഞു അവന്മാര്. എന്തായാലും വാ നമുക്കൊന്ന് കറങ്ങീട്ടു വരാം ”

തൊപ്പിയെടുത്ത് തലയിൽ വച്ച് അൻവർ ഓഫീസ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അനീഷ് അന്നേരം നേരെ ജീപ്പിനരികിലേക്കും നടന്നു .

പുറത്ത് ബാലചന്ദ്രന്റെ ക്യാബിനിൽ അപ്പോഴും ഒളിച്ചോട്ടത്തിന്റെ ഒത്തു തീർപ്പു ചർച്ചകൾ നടക്കുകയായിരുന്നു. അതിനു മുഖം കൊടുക്കാതെ അൻവർ വേഗത്തിൽ പുറത്തേക്കിറങ്ങി.

ജീപ്പിനരികിലേക്ക് നടക്കുമ്പോൾ ഒരു കൊച്ചു കുട്ടി സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു വരുന്നത് അവൻ ശ്രദ്ധിച്ചു. കണ്ടിട്ട് അഞ്ചു വയസ്സോളം മാത്രം പ്രായം. നിക്കറും ടി ഷർട്ടുമാണ് വേഷം. ലേശം ഭയം അവന്റെ മുഖത്തു തെളിഞ്ഞിരുന്നു. ഒപ്പം ആകാംഷയും.

” അനീഷേ.. ആ കൊച്ച് ഇങ്ങടാണല്ലോ കേറി വരുന്നേ.. അതും ഒറ്റക്ക്.. എന്താ സംഭവം.. നമുക്കൊന്ന് നോക്കീട്ട് പോകാം ”

ജീപ്പിലേക്ക് കയറി ഇരുന്ന ശേഷം അൻവർ അവനെ തന്നെ നിരീക്ഷിച്ചു. ജീപ്പിന് നേരെ നടന്നെത്തിയെങ്കിലും അവൻ അതിനുള്ളിലേക്ക് നോക്കിയില്ല. സ്റ്റേഷനകത്തേക്ക് ആയിരുന്നു നോട്ടം. അവന്റെ മുഖത്തെ ഭയം ഇരട്ടിച്ചു തുടങ്ങിയിരുന്നു.

അപ്പോഴേക്കും വനിതാ കോൺസ്റ്റബിൾ രമ്യ പുറത്തേക്ക് വന്നു. രമ്യയെ കണ്ടപാടേ ചെറിയ ആശ്വാസത്തോടെ അവൾക്കരികിലേക്ക് പാഞ്ഞു ആ കുഞ്ഞ്. അത് കണ്ടിട്ട് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി അൻവർ. അവനെ കണ്ട് രമ്യയും ഒരു നിമിഷം അതിശയത്തോടെ നോക്കി നിന്നു.

” എന്താ മോനെ എന്താണ് ഇങ്ങട് വന്നേ.. ”

അവളുടെ ചോദ്യം കേട്ടെങ്കിലും അവന്റെ നോട്ടം സ്റ്റേഷന് അകത്തേക്ക് ആയിരുന്നു. അവിടെ ഓരോ പൊലീസുകാരെ കാണുമ്പോഴും ഭയത്തോടെ അവൻ പിന്നിലേക്ക് ചുവട് വച്ചു. അവന്റെ ഉള്ളിലെ ഭയം മനസിലാക്കി പതിയെ പുറത്തേക്കിറങ്ങി ചെന്നു രമ്യ.

” മോൻ പേടിക്കേണ്ട അവരൊന്നും മോനെ ഒന്നും ചെയ്യില്ല.. എന്താ മോൻ ഇങ്ങട് വന്നേ.. എന്തേലും ആവശ്യം ഉണ്ടോ.. ”

ആ ചോദ്യം കേൾക്കെ പ്രതീക്ഷയോടെ അവൻ അവളെ ഒന്ന് നോക്കി.

” ന്റെ അമ്മക്ക് വയ്യ.. വീട്ടിൽ കിടപ്പാ ആശൂത്രീൽ കൊണ്ടോയപ്പോ എന്തോ അസുഖമാ ന്ന് പറഞ്ഞു. അമ്മയ്ക്ക് എന്തോ ചെയ്താലേ രക്ഷപ്പെടു. അതിനു സഹായിക്കാൻ ആരുമില്ല . ന്റെ കൂട്ടുകാരൻ ആനന്ദ് പറഞ്ഞ് ഇവിടെ വന്ന് പോലീസിനോട് പറഞ്ഞാൽ എന്റെ അമ്മയെ രക്ഷിക്കും ന്ന്… ആന്റി ന്റെ അമ്മയെ രക്ഷിക്കോ ”

അവന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് ഒരു നിമിഷം ഒന്ന് അതിശയിച്ചു രമ്യ. അപ്പോഴേക്കും അത് കേട്ടിട്ട് അൻവറും അവർക്കരികിലേക്ക് ചെന്നു. അൻവറിനെ കണ്ട മാത്രയിൽ ഭയത്തിൽ ആ കുട്ടി രമ്യയുടെ പിന്നിലേക്കൊളിച്ചു.

” ഏയ് മോനെ പേടിക്കല്ലേ അങ്കിൾ മോനെ ഒന്നും ചെയ്യില്ല… മോന്റെ അമ്മയെ രക്ഷിക്കേണ്ടേ.. അങ്കിൾ സഹായിക്കാം കേട്ടോ…”

പുഞ്ചിരിയോടെ അൻവർ പതിയെ അവനരികിലായി മുട്ടുകുത്തിയിരുന്നു

” എന്താ മോന്റെ പേര്.. ”

ആ ചോദ്യത്തിന് മറുപടി പറയാൻ അല്പമൊന്ന് പകച്ചു അവൻ. ശേഷം അറച്ചറച്ചു പറഞ്ഞു

” ശ്രീഹരി.. ”

” ആഹാ നല്ല പേരാണല്ലോ… ആട്ടെ അമ്മയ്ക്ക് എന്താണ് അസുഖം. വീട്ടിൽ സഹായത്തിനു ആരും ഇല്ലേ.. ”

ആ ചോദ്യം കേട്ട് ശ്രീഹരി പതിയേ അൻവറിന് അഭിമുഖമായി നിന്നു.

” അമ്മയ്ക്ക് വയറു വേദനയാ.. ഭയങ്കര വേദന വീട്ടിൽ ഞാനും അമ്മയും മാത്രേ ഉള്ളു.. ”

ആ മറുപടിയിൽ നിന്നും അവരുടെ സാഹചര്യം ഊഹിച്ചു അൻവർ. പതിയെ അവൻ രമ്യക്ക് നേരെ തിരിഞ്ഞു.

” രമ്യ താനും വാ നമുക്കൊന്ന് പോയി നോക്കാം എന്താണ് അവസ്ഥ എന്ന് അറിയില്ലല്ലോ ”

” ശെരി സർ പോകാം.. ”

അൻവറിന് മറുപടി നൽകി അവൾ പതിയെ ശ്രീഹരിക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു

” മോന് വീട്ടിലേക്ക് പോകാൻ വഴി അറിയോ.. ”

“ആം… നിച്ച് അറിയാം.. അവിടെ കോവിലിന്റെ മുമ്പത്തെ ആൽമരത്തിനടുത്താ. ”

അവൻ ആവേശത്തോടെ മറുപടി പറയുമ്പോൾ പുഞ്ചിരിച്ചു അൻവർ.

“മിടുക്കൻ.. ”

” സാറേ മഹദേവക്ഷേത്രത്തിനടുത്താ.. അവിടാ ഈ ആൽമരം ”

അനീഷ് ലൊക്കേഷൻ കൃത്യമായി വിവരിച്ചു.

” ഓക്കെ മോനെ ജീപ്പിൽ കയറ്റ് നമുക്ക് ഒന്ന് പോയി നോക്കാം ”

അത്രയും പറഞ്ഞ് അൻവർ ജീപ്പിലേക്ക് കയറി പിന്നാലെ രമ്യയും ശ്രീഹരിയും. അനീഷ് പതിയെ വണ്ടി മുന്നിലേക്കെടുത്തു. ശ്രീഹരിയുടെ വീട് ലക്ഷ്യമാക്കി അവർ നീങ്ങി.

ശ്രീഹരിയുടെ വീട്ടിൽ അവന്റെ അമ്മയ്ക്ക് കൂട്ടായി അയൽക്കാരായ ഒന്ന് രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു.

” പാവത്തിനെ എങ്ങിനാ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവാ… പഞ്ചായത്ത്‌ മെമ്പറെ വിളിച്ചാലോ… ”

” ഒരു കാര്യോം ഇല്ലെടി അവനൊന്നും സമയത്ത് വരത്തില്ല വോട്ട് കിട്ടി ജയിച്ചാൽ പിന്നെ നമ്മളെ ഒന്നും വേണ്ട ”

പരസ്പരം അടക്കം പറഞ്ഞിരിക്കുമ്പോഴാണ് പോലീസ് ജീപ്പ് വന്ന് റോഡരികിൽ നിന്നത് അവർ ശ്രദ്ധിച്ചത്. ജീപ്പിൽ നിന്നിറങ്ങിയ പോലീസുകാർ തങ്ങൾക്ക് നേരെ വരുന്നത് കണ്ട് ആദ്യം അവരൊന്ന് ഭയന്നു എന്നാൽ ഒപ്പം ശ്രീഹരിയെ കാൺകെ അതിശയമായി.

” അതേ ചേച്ചിമാരെ എന്താണ് ഈ മോന്റെ അമ്മയ്ക്ക് പ്രശ്നം. എന്തോ വയറു വേദനയാന്നൊക്കെ മോൻ സ്റ്റേഷനിൽ വന്ന് പറഞ്ഞു. അതാണ് എന്താണെന്ന് തിരക്കാൻ ഞങ്ങളും ഒപ്പം വന്നത്. ”

അൻവർ കാര്യങ്ങൾ അന്യോഷിക്കുമ്പോൾ ഒരു സ്ത്രീ പതിയെ മുന്നിലേക്ക് വന്നു

” സാറേ പാവത്തിന് വേദന സഹിക്കാൻ വയ്യ… കല്ലിന്റെ അസുഖം ആണെന്നാ തോന്നുന്നേ. ഇവിടെ അടുത്തെങ്ങും ഗവണ്മെന്റ് ഹോസ്പിറ്റലും ഇല്ലല്ലോ.. പോണേൽ സിറ്റിയിൽ പോണം. കെട്ട്യോൻ ഇട്ടേച്ചു പോയതാ.. പിന്നെ ബന്ധുക്കളും ആരും ഇല്ല.. ”

അവരുടെ മറുപടി കേട്ട അൻവറിനും അനീഷിനും കാര്യം മനസ്സിലായെങ്കിലും രമ്യ സംശയത്തോടെ അനീഷിനെ നോക്കി

” കല്ലിന്റെ അസുഖമോ.. അതെന്താ… ”

” കിഡ്നി സ്റ്റോൺ.. അതാ അവര് ഉദ്ദേശിച്ചേ ”

അനീഷിന്റെ വിവരണത്തോടെ രമ്യയും കാര്യം മനസിലാക്കി.

” സാറേ ഈ പെൺകൊച്ചു വീട്ടുജോലിക്കൊക്കെ പോയാ ഈ മോനെ വളർത്തുന്നെ. അതിന്റെൽ കാശൊന്നും ഇല്ല… ഞങ്ങളും പാണക്കാരൊന്നും അല്ല.. സഹായിക്കണം ”

അത്രയും പറഞ്ഞ് കൊണ്ട് ആ സ്ത്രീ അൻവറിന്റെ മുഖത്തേക്ക് തന്നെ നോക്കി.

” ചെയ്യാം ചേച്ചി.. വേണ്ടതെല്ലാം ചെയ്യാം.. വേഗം ഹോസ്പിറ്റലിൽ എത്തിക്കാം.. ”

പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു പോലീസ് ജീപ്പിൽ തന്നെ അൻവറിന്റെ നേതൃത്വത്തിൽ ശ്രീഹരിയുടെ അമ്മയെ സിറ്റിയിലെ ഹോസ്പിറ്റലിൽ എത്തിച്ചു . വേഗത്തിൽ സർജ്ജറിയും നടന്നു.

പോലീസിന്റെ കൃത്യ സമയത്തെ ഇടപെടൽ ചാനലുകാർ വാർത്തയാക്കി. അൻവറും അനീഷും രമ്യയുമെല്ലാം അനവധി അനുമോദനങ്ങൾ ഏറ്റ് വാങ്ങി. ഒടുവിൽ അസുഖ വിവരം അറിയാൻ വാർഡിൽ എത്തിയ അൻവർ ശ്രീഹരിയെ ചേർത്തു പിടിച്ചു

“ഇവൻ ആള് കേമനാ കേട്ടോ.. അമ്മയോട് ഭയങ്കര സ്നേഹമാ.. ഒരു ആവശ്യം വന്നപ്പോൾ മടി കൂടാതെ സ്റ്റേഷനിൽ വന്ന് പറയാൻ ധൈര്യം കാട്ടിയില്ലേ.. നിങ്ങടെ കഷ്ടപ്പാടിൽ നിന്നെല്ലാം ഇവൻ നിങ്ങളെ രക്ഷിക്കും ഉറപ്പ്.. ”

ആ വാക്കുകൾ കേട്ട് ശ്രീഹരിയുടെ അമ്മ നിറ കണ്ണുകളോടെ പുഞ്ചിരിച്ചു

“വളരെ നന്ദി സർ.. ഞങ്ങളെ സഹായിക്കാൻ മനസ്സ് കാട്ടിയതിന് ”

അവർക്ക് മുന്നിൽ ഒന്ന് പുഞ്ചിരിച്ചു പതിയെ പുറത്തേക്ക് നടന്നു അൻവർ.

അപ്പോഴേക്കും അവന്റെ മൊബൈൽ റിങ് ചെയ്തു..

” സാറേ.. വീണ്ടും പ്രൈവറ്റ് ബസ്സുകാരുമായി എസ് റ്റി തർക്കം. കോളേജ് ജംഗ്‌ഷനിൽ പിള്ളേര് ബസ്സ്‌ തടഞ്ഞിട്ടേക്കുവാ.. ”

സ്റ്റേഷനിൽ നിന്നുമായിരുന്നു ആ കോൾ.. കേട്ട പാടെ ഓടി ജീപ്പിലേക്ക് കയറി അൻവർ.

“അനീഷേ നിങ്ങൾ വേഗം കോളേജ് ജംഗ്‌ഷനിൽ വാ. ഞാൻ അങ്ങെത്താം.. ഒന്ന് രണ്ട് വടി കൂടി എടുത്തോ.. ആവശ്യം വരും.. ”

നിമിഷങ്ങൾക്കകം ആ പോലീസ് ജീപ്പ് ഹോസ്പിറ്റൽ ഗേറ്റ് കടന്നു പുറത്തേക്ക് പോയി

അടുത്ത ദൗത്യത്തിലേക്ക്.