ഇതെന്താ ഞാൻ ഹോസ്പിറ്റലിൽ.. എന്റെ കൊച്ച് എവിടേ.. അവള് ഒന്നും കഴിച്ചു കാണില്ല അവൾക്ക് വിശപ്പ് അടക്കി പിടിച്ചിരിക്കാൻ പറ്റില്ല..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഞാനിതെവിടാ.. എന്റെ മോളെവിടെ അവളെ വിളിക്ക്.. എന്നെ കാണാതിരുന്നാൽ അവള് പേടിക്കും ഒന്നും കഴിച്ചു കാണില്ല പാവം .. ”

അബോധാവസ്ഥയിൽ നിന്നും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ നന്ദൻ വെപ്രാളത്തിൽ ചുറ്റും പരതവെ നിരമിഴികളോടെ അവന്റെ അരികിലായിരുന്നു ചേട്ടൻ അനന്തൻ.

” നന്ദാ.. നീ ഒന്ന് അടങ്ങ്.. ഇപ്പോ കിടക്ക് നല്ല ക്ഷീണമുണ്ട് നിനക്ക് ”

ബലമായി അവനെ വീണ്ടും ബെഡിലേക്ക് പിടിച്ചു കിടത്തി അയാൾ. അപ്പോഴാണ് താൻ ഒരു ഹോസ്പിറ്റൽ വാർഡിൽ ആണെന്ന കാര്യം നന്ദൻ തിരിച്ചറിഞ്ഞത്. ചുറ്റുമുള്ളവർ തങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് സംശയത്തോടെ വീണ്ടും അവൻ അനന്തന് നേരെ തിരിഞ്ഞു.

” ചേട്ടാ.. ഇതെന്താ ഞാൻ ഹോസ്പിറ്റലിൽ.. എന്റെ കൊച്ച് എവിടേ.. അവള് ഒന്നും കഴിച്ചു കാണില്ല അവൾക്ക് വിശപ്പ് അടക്കി പിടിച്ചിരിക്കാൻ പറ്റില്ല. ഇപ്പോ സമയം എത്രയായി ”

വീണ്ടും ചാടി എഴുന്നേൽക്കുവാൻ തുനിഞ്ഞ നന്ദനെ ബലമായി തന്നെ പിടിച്ചു കിടത്തി അനന്തൻ.

അപ്പോഴേക്കും നേഴ്സ് ഓടിയെത്തിയിരുന്നു. പിന്നാലെ ഡോക്ടറും.

” നന്ദൻ റിലാക്സ്… താൻ ഒന്ന് റസ്റ്റ്‌ എടുക്ക് മോളുടെ കാര്യം ഒക്കെ സേഫ് ആണ് ഞങ്ങൾ നോക്കിക്കൊള്ളാം.. ”

ആശ്വാസ വാക്കുകൾക്കൊപ്പം ഒരു ഇൻജക്ഷൻ കൂടി ബലമായി നന്ദന് നൽകി ഡോക്ടർ.. അതോടെ അല്പസമയം കൂടി ബഹളമുണ്ടാക്കി പതിയെ ഉറക്കത്തിലേക്കാണ്ടു അവൻ.

ശേഷം അനന്തന് നേരെ തിരിഞ്ഞു ഡോക്ടർ.

“പ്രതിയെ പിടിച്ചു അല്ലെ.. ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ട് ”

ആ വാക്കുകൾ കേട്ട് നിരമിഴികൾ തുടച്ചു അനന്തൻ.

” ഉവ്വ് പിടിച്ചു.. അയൽവാസിയാണ്… വളരെ അടുപ്പമുള്ള വീട്.
.ഇത്രേമൊക്കെ അടുത്ത് അറിയാഞ്ഞിട്ടും എങ്ങിനെ മനസ്സ് വന്നു അവന് പാവം മോളോട് ഇങ്ങനൊക്കെ ചെയ്യാൻ.. ”

അറിയാതെ വിതുമ്പി അയാൾ. അത് കണ്ട് ഡോക്ടറും ധർമ്മ സങ്കടത്തിലായി.

” പറഞ്ഞിട്ട് കാര്യമില്ല. ഓരോരോ വിഷങ്ങൾ.. എന്തായാലും നന്ദൻ ഉണരുമ്പോൾ പറയണം..”

അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ നടന്നകലുമ്പോൾ നന്ദനെ ഒന്ന് നോക്കി മിഴി നീര് തുടച്ചു കൊണ്ട് ബെഡിന്റെ ഓരത്തേക്ക് ഇരുന്നു അനന്തൻ.

” എന്താ സംഭവം.. ആള് ഭയങ്കര അക്രമം ആണല്ലോ.. ”

” താൻ ന്യൂസ്‌ കണ്ടില്ലേ.. ഇവിടെ വട്ടപ്പാറയിൽ ഒരു അഞ്ചു വയസുകാരി പെങ്കൊച്ചിനെ അയൽവാസി പീഡിപ്പിച്ചു കൊന്നുന്നു വാർത്ത ഉണ്ടായിരുന്നു ആ കിടക്കുന്ന ആളുടെ മോളാണ് ആ കുട്ടി ”

“ദൈവമേ.. കൊച്ചു കുഞ്ഞിനെയോ..കഷ്ടം ആയി പോയല്ലോ ”

അടുത്ത ബെഡിലുള്ളവർ അടക്കം പറയുന്നത് കൂടി കേൾക്കെ അനന്തന്റെ ഉള്ള് പിടഞ്ഞു. ശാന്തനായി ഉറങ്ങുന്ന നന്ദന്റെ മുടിയിഴകളിൽ തലോടുമ്പോൾ അറിയാതെ അയാളുടെ മിഴികൾ വീണ്ടും തുളുമ്പി.

“മോനെ.. ഒറ്റ മോള് ആയിരുന്നു അല്ലെ.. ”

അടുത്ത ബെഡിലെ വൃദ്ധയുടെ ചോദ്യം കേട്ട് ആദ്യം ശാന്തനായി ‘അതേ’ എന്ന് തലയാട്ടി അനന്തൻ.

” ഒറ്റ മോള് ന്ന് മാത്രമല്ല.. ഇവന് മോള് മാത്രമേ ഉണ്ടായിരുന്നുള്ളു. ഭാര്യ മുന്നേ ഒരു അപകടത്തിൽ മരിച്ചതാ.. ഇപ്പോ ദേ മോളും.. അവളില്ലാതെ ഇവന് ജീവിക്കാൻ പറ്റില്ല.. അത്രക്ക് ജീവനാണ് മോള്… അവള് പോയി ന്ന് അറിഞ്ഞപ്പോ സമനില തെറ്റിയത് പോലെ ആയതാ ഇപ്പോഴും ശരിയായിട്ടില്ല.. അവന്റെ ഉള്ളിൽ മോളിനി ഇല്ലാ എന്നൊരു തോന്നൽ ഉണ്ട്. പക്ഷെ ഉൾക്കൊള്ളാൻ പറ്റുന്നില്ല പാവത്തിന്.”

പറഞ്ഞു നിർത്തുമ്പോൾ സങ്കടം അടക്കുവാൻ ഏറെ പണിപ്പെട്ടു അനന്തൻ. ആ വൃദ്ധ മാത്രമല്ല കേട്ടു നിന്ന എല്ലാവരുടെയും ഉള്ളിൽ നോവ് പടർന്നു. അപ്പോഴേക്കും അനന്തന്റെ ഭാര്യ ഇന്ദുവും അവിടേക്കെത്തി.

” ഏ… ഏട്ടാ .. മോളുടെ.. പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇനീപ്പോ വീട്ടിലേക്ക്.. ”

പൂർണ്ണമായി പറയുവാൻ അവൾക്കും കഴിയുമായിരുന്നില്ല. നിറഞ്ഞു തുളുമ്പിയ മിഴികൾ സാരി തുമ്പിനാൾ തുടച്ചു ഇന്ദു.

” ഇവന്റെ ഈ അവസ്ഥയിൽ എങ്ങിനാ ഇന്ദു.. എനിക്ക് അറിയില്ല എന്ത് ചെയ്യണം ന്ന്… ”

അനന്തൻ വീണ്ടും മുഖം പൊത്തി കരയവേ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ന്ന് അറിയാതെ കുഴഞ്ഞു ഇന്ദുവും.

” ഏട്ടാ.. ഇങ്ങനെ വിഷമിക്കാതെ നന്ദന് ആശ്വാസം പകരേണ്ടത് ഏട്ടനാണ്. ശെരിയാണ് മോള് നമുക്ക് ജീവനായിരുന്നു പക്ഷെ എന്ത് ചെയ്യാനാ.. വിധി.. അതിങ്ങനെ ആയിപോയി. അല്ലാതെ ഇനീപ്പോ എന്ത് പറയാൻ ”

ആശ്വാസ വാക്കുകളായിരുന്നു എങ്കിലും നോവിൽ മുങ്ങി പോയി അത്. അപ്പോഴേക്കും ഒന്ന് രണ്ട് ബന്ധുക്കളും കൂടി എത്തി.

” അനന്തേട്ടാ.. മോളുടെ ബോഡി നമുക്ക് വീട്ടിലേക്ക് കൊണ്ട് പോകാം ഇനീം ഇവിടിങ്ങനെ വയ്ക്കാൻ പറ്റില്ലന്നാ ഹോസ്പിറ്റലുകാര് പറയുന്നേ…. നന്ദൻ ഓക്കേ ആകുമ്പോൾ നിങ്ങൾ അവനുമായി വീട്ടിലേക്ക് വാ… അതാകും നല്ലത് ”

അടുത്ത ബന്ധുവായ സന്തോഷ്‌ പറഞ്ഞത് കേട്ട് വീണ്ടും തലയാട്ടി അനന്തൻ.

” അങ്ങിനെ ചെയ്യ് സന്തോഷേ.. ഞങ്ങൾ എത്തിക്കോളാം ”

ഇന്ദു ഇടയ്ക്ക് കയറി പറഞ്ഞതോടെ മൗനമായി തിരിഞ്ഞു നടന്നു സന്തോഷ്‌.. എന്നാൽ അല്പം മുന്നിലേക്ക് ചെന്ന് വീണ്ടും ഒന്ന് നിന്നു അവൻ. ശേഷം പതിയെ തിരിഞ്ഞു.

” ആ നാറിക്കിട്ട് നല്ലത് കൊടുത്തിട്ടുണ്ട് നാട്ടുകാര്.. പോലീസുകാരും ചെറുതായൊന്നു കണ്ണടച്ചു.. ഇതുകൊണ്ട് ഒന്നും തീരില്ല. ഒത്തു കിട്ടിയാൽ തീർത്തു കളയും നാറിയെ.!”

ആ വാക്കുകളിൽ എരിഞ്ഞ പക മനസിലാക്കവേ പതിയെ മുന്നിലേക്ക് ചെന്നു ഇന്ദു.

” സന്തോഷേ.. ഇപ്പോ ഒന്നും വേണ്ട.. നമ്മുടെ മോള്.. അവള് അവിടെ കിടക്കുവാ.. ചടങ്ങുകൾ. തീർത്തു വേഗം അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിടണം കുഞ്ഞിനെ… ”

ആ വാക്കുകളിലെ നോവ് തിരിച്ചറിയവേ പിന്നെ ഒന്നും മിണ്ടാതെ പതിയെ നടന്നകന്നു സന്തോഷ്‌. ഒക്കെയും കേട്ട് മൗനമായി അങ്ങിനിരുന്നു അനന്തൻ.
അവൻ തകർന്നിരിക്കുന്നത് കൊണ്ട് തന്നെ ഉള്ളിലെ വേദന മറച്ചു ധൈര്യം സംഭരിച്ചു കാര്യങ്ങൾ എല്ലാം നോക്കിയത് ഇന്ദുവാണ്. ഇടയ്ക്ക് സങ്കടം സഹിക്കാൻ വയ്യാണ്ടാകുമ്പോൾ ആരും കാണാതെ മാറി നിന്ന് കരഞ്ഞു അവൾ.

നന്ദന്റെ മകൾ വീട്ടിൽ മാത്രമല്ല നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു. ഭാര്യ മരിച്ചതിൽ പിന്നേ നന്ദൻ ജീവിച്ചതും തന്റെ മകൾക്ക് വേണ്ടിയായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അയൽ വീട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു അവൾ.. പലപ്പോഴും നന്ദൻ ജോലി കഴിഞ്ഞു എത്താൻ ലേറ്റ് ആകുമ്പോഴും എവിടേലും ദൂരെയാത്ര പോകുമ്പോഴുമെല്ലാം മോളെ സധൈര്യം അയൽ വീട്ടിൽ ആക്കി പോകുമായിരുന്നു. അതിനിടയിലാണ് ഈ ചതി സംഭവിച്ചത്..

സമയം പിന്നെയും നീങ്ങി. മോളുടെ ബോഡി വീട്ടിലേക്ക് കൊണ്ട് പോയി. പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ നന്ദൻ ഉണരും എന്ന് ഡോക്ടർ പറഞ്ഞതിനാൽ തന്നെ അവനെയും കൊണ്ട് വീട്ടിലേക്ക് പോകാമെന്നു തീരുമാനിച്ചു അനന്തനും ഇന്ദുവും ഒപ്പം തന്നെ ഇരുന്നു. എന്നാൽ രണ്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും നന്ദന് അനക്കമൊന്നുമുണ്ടായില്ല. അതോടെ അനന്തന് തെല്ലൊരു പരിഭ്രമമായി.

” ഏയ് പേടിക്കേണ്ട.. ഡോക്ടർ ഇപ്പോ വരും. ചിലർക്ക് ഇതുപോലെ കുറച്ചൂടെ സമയം എടുക്കും. അത് ഓരോരുത്തരുടെ ആരോഗ്യ സ്ഥിതി വച്ചിട്ട് ആണ്.. ”

നഴ്സിന്റെ ആശ്വാസവാക്കുകൾക്കും അയാളെ തണുപ്പിക്കുവാൻ കഴിക്കില്ല. അതിനോടകം ഡോക്ടറും എത്തി.

” ഡോക്ടർ മൂന്ന് മണിക്കൂറോളം ആകുന്നു എന്താ നന്ദൻ ഉണരാത്തത്..”

ഡോക്ടർ നെ കണ്ട പാടെ ഓടി അടുത്തു അനന്തൻ .

” ഞാൻ നോക്കട്ടെ ഒന്ന് ക്ഷമിക്കു.. ”

നിശ്ചലനായി കിടക്കുകയായിരുന്നു നന്ദൻ അപ്പോഴും.
വിശദമായി പരിശോധിച്ച് നിൽക്കവേ പെട്ടെന്ന് ഡോക്ടറുടെ മുഖം കുറുകുന്നത് ശ്രദ്ധിച്ച ഇന്ദു സംശയത്തോടെ പതിയെ മുന്നിലേക്ക് ചെന്നു.

” എ .. എന്താ ഡോക്ടർ.. എന്തേലും പ്രശ്നം ഉണ്ടോ.. ”

ചോദ്യം കേട്ടെങ്കിലും ഡോക്ടർ മൗനമായി. ശേഷം നന്ദന്റെ കൈത്തണ്ടയിൽ പതിയെ കൈ വച്ച് പരിശോധിച്ചു. അത് കണ്ട് കാര്യം മനസിലാകവേ അനന്തനും ഇന്ദുവും കൂടുതൽ വെപ്രാളപെട്ടു.

” എന്താ ഡോക്ടർ.. എന്താ നന്ദന്.. എന്തേലും പ്രശ്നം ഉണ്ടോ ഒന്ന് പറയ് ”

സഹികെട്ടു അനന്തൻ വീണ്ടും ചോദിക്കവേ പതിയെ അവന്റെ ചുമലിലേക്ക് കൈ വച്ചു ആ ഡോക്ടർ.

” അനന്തൻ.. ആം സോറി.. ആള് പോയി.. സൈലന്റ് അറ്റാക്ക് ആയിരുന്നു ”

” ങേ! ”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ പിന്നിലേക്ക് വേച്ചു പോയി അനന്തൻ.
ഞെട്ടലോടെ തന്നെ നോക്കി നിന്നു ഇന്ദുവും.

” ഏ.. മരിച്ചോ.. ”

അടുത്ത ബെഡിൽ ഉള്ളവരും അറിയാതെ മൂക്കത്ത് വിരൽ വച്ചു പോയി..

” ഡോ.. ഡോക്ടർ.. എന്താ ഈ പറയുന്നേ.. ഒ.. ഒന്നുടൊന്ന് നോക്കോ.. ”

അനന്തന്റെ ആ ദയനീയമായ ചോദ്യത്തിന് മുന്നിൽ ഡോക്ടറും ഒന്ന് പതറി.

” എത്ര നോക്കീട്ടും കാര്യമില്ല അനന്തൻ. നന്ദൻ മോൾക്കൊപ്പം തന്നെ പോയി.. ”

ഡോക്ടർ ടെ ആ വാക്കുകൾ തന്റെ കാതുകളിൽ തുളഞ്ഞു കയറുന്നത് പോലെ തോന്നി അനന്തന്. ചലനമറ്റു കിടക്കുന്ന നന്ദനെ കാൺകെ അവന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടു പോയി. അത്രയും സമയം ധൈര്യം സംഭരിച്ചു നിന്ന ഇന്ദുവും ഇത്തവണ തളർന്നു പോയി.

” നന്ദാ… ഒന്ന് കണ്ണ് തുറക്കെടാ.. ദേ മോളെ കാണണ്ടേ നിനക്ക് അവളെ അവസാനമായി ഒന്ന് യാത്രയയക്കേണ്ടേ.. എഴുന്നേൽക്ക് ടാ..”

അലറി കരഞ്ഞു കൊണ്ട് നിലത്തേക്ക് വീണുപോയ അനന്തനെ ആരൊക്കെയോ ചേർന്ന് താങ്ങിയെടുത്തു. പൊട്ടിക്കരഞ്ഞു കൊണ്ട് ഇന്ദുവും ബെഡിലേക്കിരുന്നു. ഡോക്ടർ ഉൾപ്പെടെ കണ്ട് നിന്നവരുടെ മിഴികൾ അറിയാതെ തുളുമ്പി.

” അയ്യോ.. ഇത് വല്ലാത്ത കഷ്ടമായി പോയല്ലോ.”

അടക്കം പറച്ചിലുകളിൽ നോവ് പടർന്നിരുന്നു.

തന്റെ മകളില്ലാത്ത ലോകത്ത് ജീവിക്കുവാൻ ഒട്ടും ഇഷ്ടപ്പെടാത്ത നന്ദൻ ഒടുവിൽ മകൾക്കൊപ്പം തന്നെ യാത്രയായപ്പോൾ പരിചയമില്ലാത്തവർ പോലും അവരെ ഓർത്തു മിഴി നീര് പൊഴിച്ചു .’