ആ ചെറുക്കന് അവിടുള്ള ഏതോ പെണ്ണുമായി അടുപ്പം ഉണ്ടത്രേ.. അവരെ ഒന്നിച്ചു എവിടൊക്കെയോ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ചന്ദ്രേട്ടാ.. എന്താ വീട്ടിൽ വിശേഷം നിറയെ ബന്ധുക്കൾ ഒക്കെ ഉണ്ടല്ലോ ”

ചന്ദ്രൻ വൈകുന്നേരം പാല് വാങ്ങി വരുന്ന വഴിയിൽ ആണ് കവലയിൽ വച്ച് സതീശന്റെ ചോദ്യം.

” വിശേഷം.. കൊച്ച് മോളുടെ രണ്ടാം ബർത്ത് ഡേ ആണ്. അവര് ഇപ്പോ ഇവിടെ ആയെ പിന്നെ ആദ്യത്തെ ആഘോഷം അല്ലെ അത് ഗംഭീരം ആക്കാമെന്ന് കരുതി. ഞാനിപ്പോ കുറച്ചു പാല് കൂടി വാങ്ങീട്ട് വീട്ടിലേക്ക് പോകുവാ. ”

ആ മറുപടി കേൾക്കെ വെളുക്കെ ഒന്ന് ചിരിച്ചു സതീശൻ.

” അപ്പോ ബർത്ത് ഡേ ക്ക് കൊച്ചിന്റെ അച്ഛനും ബന്ധുക്കളും വരോ.. ”

മുഖത്തെ പുഞ്ചിരി ഒറ്റ ചോദ്യത്തിൽ മാഞ്ഞു പോയെങ്കിലും ഉള്ളിലെ പതർച്ച പുറത്ത് അറിയിക്കാതെ വീണ്ടും ഒന്ന് ചിരിച്ചു ചന്ദ്രൻ.

” വരുമായിരിക്കും.. മോള് വിളിച്ചിട്ടുണ്ട്.. ഞാൻ എന്നാ പോട്ടെ… ഇനീം നിന്നാൽ. ലേറ്റ് ആകും ”

ചന്ദ്രൻ നടന്നകലുന്നത് കുറച്ചു സമയം നോക്കി നിന്നു സതീശൻ

” ആ ചെറുക്കൻ വരത്തില്ല.. ഇങ്ങേരുടെ മോളും അവനും ഏതാണ്ട് അടിച്ചു പിരിഞ്ഞ മട്ടാണ് ”

തിരിഞ്ഞു ബെഞ്ചിലേക്ക് ചെന്നിരിക്കവേ അയാൾ പറഞ്ഞത് കേട്ട് എല്ലാരും സംശയത്തോടെ നോക്കി

” ങേ.. അങ്ങനേം പ്രശ്നങ്ങൾ ഒക്കെ ഉണ്ടായോ.. ഏത് മോള് മൂത്തതോ അതോ ഇളയതോ.. ഞങ്ങൾ ആരും അറിഞ്ഞില്ലാലോ..”

ആകാംഷയോടെ ഒരാൾ ചോദിക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു സതീശൻ

” ഇളയത്.. രമ്യ.. അതിപ്പോ എല്ലാരോടും പറഞ്ഞു നടക്കോ അവര്.. ഇതിപ്പോ ഞാൻ അറിഞ്ഞത് എന്റെ മോളുടെ കൂട്ടുകാരി ആണ് ഈ ചന്ദ്രേട്ടന്റെ മോള്. ആ വഴിക്ക് ആണ്.. അവൻ ഒരു ഫ്രോഡ് ആണെന്ന്.. കള്ളുകുടീം നാട്ടുകാരുമായി അടീം ബഹളോം ഒരു ജോലിക്കും പോകേമില്ല ”

” ആഹാ കൊള്ളാലോ വിരുതൻ.. നല്ല തങ്കം പോലത്തെ ഒരു കുഞ്ഞാ അവർക്ക്.. എന്നിട്ടും അവൻ ഇങ്ങനെ അലമ്പ് കാണിച്ചു നടക്കുവാണോ..”

കേട്ടവർക്ക് അതിശയമായിരുന്നു.

” ഇത്രേമൊന്നുമല്ല.. വേറൊരു കേസു കൂടി വന്നു. അന്നേരം ആണ് തള്ളേം കൊച്ചും ഇങ്ങ് വന്നത്. ആ ചെറുക്കന് അവിടുള്ള ഏതോ പെണ്ണുമായി അടുപ്പം ഉണ്ടത്രേ.. അവരെ ഒന്നിച്ചു എവിടൊക്കെയോ കണ്ടിട്ട് ആരൊക്കെയോ ഈ കൊച്ചിനെ വിവരം അറിയിച്ചു.. അങ്ങിനെ ആകെ പ്രശ്നം ആയി.”

” അടിപൊളി. അപ്പോ അവൻ പക്കാ ഫ്രോഡ് തന്നെ ”

കേട്ടു നിന്ന ഒരാളുടെ ആ അഭിപ്രായം എല്ലാവരും ശെരി വച്ചു.

ആ സമയം ചന്ദ്രൻ നടന്നു വീട്ടിൽ എത്തിയിരുന്നു.

” അച്ഛൻ എന്താ ലേറ്റ് ആയെ.. ”

രമ്യയുടെ ചോദ്യം കേട്ട് കൊണ്ടാണ് അയാള് വീട്ടിലേക്ക് കയറിയത്.

” നാട്ടുകാർക്ക് അറിയേണ്ടത് നല്ലതൊന്നുമല്ല… വരുന്ന വഴിക്ക് ആ സതീശന്റെ കുത്തിയുള്ള ഒരു ചോദ്യം. നിന്റെ കെട്ട്യോനും വീട്ടുകാരും വരില്ലേ ന്ന്.. ”

“ആഹാ.. എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു.. ”

വളരെ സൗമ്യമായി തന്നെയാണ് രമ്യ അത് ചോദിച്ചത്

” എന്ത് പറയാൻ നീ വിളിച്ചിട്ടുണ്ട് ചിലപ്പോ വരും ന്ന് പറഞ്ഞു ”

മറുപടി പറഞ്ഞു കൊണ്ട് ചന്ദ്രൻ അവളെ ഒന്ന് നോക്കി

” വരും.. അത് ഉറപ്പാണ്. ഞാൻ ഇട്ടിട്ട് പോയാൽ പിന്നെ വേറെ പെണ്ണ് കിട്ടില്ല ന്ന് ആൾക്ക് അറിയാം.. അല്ലേലും ഒരു പണിക്കും പോകാതെ വീട്ടിൽ കുത്തി ഇരിക്കുന്ന ആളിന് വേറെ ആര് പെണ്ണ് കൊടുക്കാൻ. ”

ആ മറുപടി തനിക്കിട്ടൊരു കുത്തായിട്ട് ആണ് ചന്ദ്രന് തോന്നിയത്.

” മോള് അച്ഛനെ കുറ്റപ്പെടുത്തുകയായോ.. അവൻ അന്ന് ഗൾഫിൽ ആയിരുന്നു ന്ന് അറിഞ്ഞിട്ട് ആണ് അച്ഛൻ ഈ ബന്ധം ഉറപ്പിച്ചത്. പക്ഷെ കല്യാണം കഴിഞ്ഞിട്ട് അവൻ തിരിച്ചു പോകാതെ നാട്ടിൽ തന്നെ കൂടും ന്ന് സ്വപ്നത്തിൽ പോലും കരുതീല. ”

ചന്ദ്രന്റെ മറുപടി കേൾക്കെയാണ് താൻ പറഞ്ഞത് അച്ഛന് വിഷമമായി എന്ന് രമ്യ മനസിലാക്കിയത്.

” അച്ഛാ.. അങ്ങിനൊന്നും കരുതീട്ടില്ല ഞാൻ.. വെറുതെ അച്ഛൻ വിഷമിക്കേണ്ട.. ഇത് എന്റെ വിധിയാണ്. പിന്നെ ദൈവമായിട്ട് ഇപ്പോ ഒരു വെളിച്ചം കാണിച്ചു തന്നു ഇനി അതിൽ പിടിച്ചു കയറാം ഞാൻ ”

ആ മറുപടി കേട്ട് മൗനമായി പതിയെ ഉള്ളിലേക്ക് പോയി ചന്ദ്രൻ.

സമയം പിന്നെയും നീങ്ങി. വൈകുന്നേരത്തോടെ കേക്ക് കട്ടിങ് കഴിഞ്ഞു. ആ സമയവും രമ്യയുടെ ഭർത്താവ് സുധീഷ് വന്നിരുന്നില്ല. എന്നാൽ ചടങ്ങുകൾ ഒക്കെയും കഴിഞ്ഞു ബന്ധുക്കൾ ഒക്കെ പിരിഞ്ഞു തുടങ്ങിയപ്പോഴേക്കും സുധീഷും അച്ഛൻ ബാലനും കൂടി അവിടേക്ക് എത്തി.

ബാലനെ കൂടി കാൺകെ ഒരു ഒത്തുതീർപ്പ് ചർച്ചയാണ് ആ വരവിന്റെ ലക്ഷ്യം എന്നത് രമ്യ മനസിലാക്കിയിരുന്നു. വീട്ടിലേക്ക് എത്തിയ അഥിതികളായതിനാൽ തന്നെ ചന്ദ്രൻ അവരെ സ്വീകരിച്ചിരുത്തി.

വന്ന പാടെ മോളെ വാരിയെടുത്തു അവൾക്കൊരു ഗിഫ്റ്റ് കൊടുത്തിട്ട് തുരു തുരെ മുത്തമൊക്കെ നൽകി വലിയൊരു സ്നേഹ പ്രകടനം നടത്തി സുധീഷ്. എന്നാൽ അത് കാൺകെ പുച്ഛമാണ് രമ്യയ്ക്ക് തോന്നിയത്. കാരണം ഒപ്പമുണ്ടായിരുന്ന സമയങ്ങളിൽ ഇത്തരമൊരു സ്നേഹ പ്രകടനം സുധീഷിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

” ആഘോഷം ഒക്കെ കഴിഞ്ഞു ല്ലേ. ബന്ധുക്കൾ ഒക്കെ പോകട്ടെ ന്ന് കരുതി ഞങ്ങൾ ഇച്ചിരി വൈകി ഇറങ്ങിയതാണ്. ഇവരുടെ കാര്യം നമുക്ക് സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തണ്ടേ.. ”

ബാലൻ ചന്ദ്രനോടായി അത് പറയുമ്പോൾ ഒന്ന് പാളി രമ്യയെ നോക്കി സുധീഷ്. അവളുടെ മുഖത്ത് അപ്പോൾ പുച്ഛമായിരുന്നു.

” അതിപ്പോ നമ്മൾ എന്ത് സംസാരിക്കാനാ ബാലാ.. സംസാരിക്കേണ്ടത് മോളും സുധീഷും അല്ലെ. അവർക്ക് പറയാൻ ഉള്ളത് എന്തായാലും അത് കേൾക്കാൻ മാത്രമേ നമുക്ക് പറ്റുള്ളൂ. ”

മറുപടി പറഞ്ഞു കൊണ്ട് ചന്ദ്രൻ രമ്യയെ ഒന്ന് നോക്കി. തന്റെ ഊഴമായി എന്ന് അതോടെ അവൾക്ക് മനസിലായി.

” എന്ത് സംസാരിക്കാൻ ആണ് അച്ഛാ. അതൊക്കെ മുന്നേ കഴിഞ്ഞതല്ലേ.. ഇനി ആ കാര്യത്തിൽ പ്രത്യേകിച്ചൊന്നും എനിക്ക് പറയാൻ ഇല്ല.. ”

ആ മറുപടി കേട്ട് ഒന്ന് പരുങ്ങി സുധീഷ്.

” രമ്യ പ്ലീസ്.. എനിക്കൊരു തെറ്റ് പറ്റിപ്പോയി.. ഇനി ഞാൻ ആവർത്തിക്കില്ല.. ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല. ഒരു ചാൻസ് കൂടി തരണം എനിക്ക് ”

അപേക്ഷ പോലെയാണ് അവൻ പറഞ്ഞു നിർത്തിയത്.

” മോളെ.. നീ ഒരു വട്ടം കൂടി അവനോട് ഒന്ന് ക്ഷമിക്ക്. ”

ബാലനും സപ്പോർട്ടിനായെത്തിയപ്പോൾ പ്രതീക്ഷയോടെ വീണ്ടും രമ്യയെ നോക്കി സുധീഷ്.

” അച്ഛാ എന്നോട് ക്ഷമിക്കണം…. ഇനി ഒരിക്കലും ഇയാളുമായി ഒന്നിച്ചു പോകാൻ കഴിയില്ല എനിക്ക്. കുറെ ശ്രമിച്ചു. ജോലിക്ക് ഇയാള് പോകാത്തതോ കുടുംബം നോക്കാത്തതോ മാത്രമല്ല.. ഞാൻ കൂടെ ഉള്ളപ്പോൾ മറ്റൊരു പെണ്ണുമായി.. അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല. അതുകൊണ്ട് ആ സംസാരം ഒഴിവാക്കാം നിങ്ങൾ മോളുടെ ബർത്ത് ഡേ ക്ക് വന്നതാണേൽ അതിൽ പങ്കെടുത്തു മടങ്ങിക്കോളൂ.. മറ്റൊന്നും സംസാരിക്കാൻ നിൽക്കേണ്ട. ”

അറുത്തു മുറിച്ചവൾ പറയുമ്പോൾ ബാലന്റെയും വായടഞ്ഞു പോയി.

” രമ്യാ.. അതെല്ലാം ഞാൻ ഉപേക്ഷിച്ചു ഇപ്പോ എനിക്ക് അങ്ങനൊരു ബന്ധം ഇല്ല ഒക്കെയും എന്റെ തെറ്റ് ആയിരുന്നു. നീ ഒന്ന് പ്രാക്റ്റിക്കൽ ആയി ചിന്തിക്ക്. മോളെയും കൊണ്ട് ഒറ്റയ്ക്ക് നീ എങ്ങിനാ ജീവിക്കുക… നിനക്ക് ഒരു തുണ വേണ്ടേ… എന്നോട് ഒന്ന് ക്ഷമിക്ക് ”

അവസാന ശ്രമമെന്നോണം വീണ്ടും കെഞ്ചി സുധീഷ്.

” നിങ്ങൾ അറിയാത്ത ഒരു കാര്യം ഞാൻ പറയാം.. ഞാൻ എഴുതിയ പി എസ് സി ടെസ്റ്റിന്റെ റിസൾട്ട്‌ വന്നു. രണ്ടാം റാങ്ക് ഉണ്ട് എനിക്ക്.. ചിലപ്പോൾ ഒരു മാസത്തിനകം തന്നെ എനിക്ക് സർക്കാർ ജോലി ആയേക്കും.. മോളെ എങ്ങിനെ ഒറ്റയ്ക്ക് പോറ്റും എന്ന ടെൻഷൻ ഇനി എനിക്കില്ല. ആ ഒരു കാരണം പറഞ്ഞിട്ട് എന്നെ വീണ്ടും വരുതിയിൽ ആക്കാമെന്നും നിങ്ങൾ ചിന്തിക്കേണ്ട. ”

ഇത്തവണ സുധീഷ് വാ പൊളിച്ചു പോയി. ഇത്രയും വലിയൊരു സൗഭാഗ്യം ഉണ്ടാകുമെന്ന് ഒരിക്കലും അവൻ പ്രതീക്ഷിച്ചില്ല. ഒരു നിമിഷം രമ്യയുമായി പിണങ്ങിയ ആ ഒരു സന്ദർഭമോർത്ത് പശ്ചാത്തപിച്ചു അവൻ. അവന്റെ ഭാവം കാൺകെ രമ്യയ്ക്കും ഉള്ളിൽ ഒരു സംതൃപ്തി തോന്നി.

” നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിച്ചു.. വിശ്വസിച്ചു.. പക്ഷെ ആ എന്നെ നിങ്ങൾ വേദനിപ്പിച്ചു. മനസ്സ് കൊണ്ട് വല്ലാണ്ട് വെറുത്തു പോയി. ഇനി മറ്റൊരു കാര്യം ഞാൻ ഒറ്റയ്ക്ക് ജീവിക്കും ന്ന് നിങ്ങളോട് ആരാ പറഞ്ഞെ… ഭാവിയിൽ എന്നെയും മോളെയും ഒരുപോലെ സ്നേഹിച്ചു പോറ്റാൻ മനസുള്ള ആരേലും വന്നാൽ ഉറപ്പായും ഞാൻ മറ്റൊരു വിവാഹം കഴിക്കും… അതെന്റെ ഒരു വാശിയാണ്. ”

അത് കൂടി കേൾക്കെ ഇനി പ്രതീക്ഷക്ക് വകയില്ല എന്ന് ഉറപ്പിച്ചു സുധീഷും ബാലനും. ദയനീയമായി സുധീഷ് തനിക്ക് നേരെ നോക്കുമ്പോൾ പുഞ്ചിരിയോടെ കൈ മലർത്തി ചന്ദ്രനും.

” എന്നെ നോക്കീട്ട് കാര്യമില്ല. നീയുമായുള്ള കല്യാണം എന്റെ തീരുമാനം ആയിരുന്നു. അത് തെറ്റായി പോയി എന്ന് നീ തന്നെ തെളിയിച്ചു. ഇനി അവളുടെ ജീവിതം അവളുടെ തീരുമാനങ്ങൾ.. അതെന്തായാലും ഞാൻ ഒപ്പമുണ്ടാകും.. ”

ആ മറുപടി കൂടി കേൾക്കെ പതിയെ എഴുന്നേറ്റു ബാലൻ.

” ഞങ്ങൾ എന്നാൽ ഇറങ്ങുവാ.. ഇനി നിന്നിട്ട് കാര്യമില്ലല്ലോ.. ”

തിരിഞ്ഞു നോക്കാതെ അയാള് പുറത്തേക്ക് പോകുമ്പോൾ പതിയെ എഴുന്നേറ്റു സുധീഷും. രമ്യയുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി പതിയെ പുറത്തേക്ക് ഇറങ്ങി അവനും…

” അതേ വന്നു കേറിയപ്പോൾ മോളോട് കാണിച്ച ആ പ്രകടനം ഉണ്ടല്ലോ.. അത് ആത്മാർത്ഥമാണേൽ എപ്പോ വേണേലും നിങ്ങൾക്ക് അവളെ വന്നു കാണാം.. അതിനു ഞാൻ ഒരിക്കലും എതിര് പറയില്ല.. ”

പിന്നാലെ ചെന്ന് രമ്യ ഓർമിപ്പിക്കുമ്പോൾ മോളെ ഒന്ന് നോക്കി പുഞ്ചിരിച്ചു പതിയെ കാറിനരികിലേക്ക് ചെന്നു സുധീഷ്.

” പൊട്ടൻ.. കണ്ടില്ലേ അവൾക്ക് സൗഭാഗ്യം വന്നത്. എന്നിട്ട് ആ സമയം എല്ലാം കൊണ്ട് തുലച്ചേക്കുന്നു കെഴങ്ങൻ”

രോഷത്തിൽ പിറുപിറുത്തു കൊണ്ടാണ് ബാലൻ കാറിലേക്ക് കയറിയത്. അവരുടെ കാർ ഗേറ്റ് കടന്നു പുറത്തേക്ക് പോകുമ്പോൾ പതിയെ രമ്യയുടെ ചുമലിൽ ഒന്ന് തട്ടി ചന്ദ്രൻ.

” അച്ഛൻ ഉണ്ട് നിന്റെ ഒപ്പം എന്തിനും.. വിഷമിക്കേണ്ട.. ”

ഉള്ളിൽ എവിടെയോ തോന്നിയൊരു നൊമ്പരം മറയ്ക്കാൻ ആ വാക്കുകൾ മാത്രം മതിയാരുന്നു രമ്യയ്ക്ക്. അച്ഛനെ നോക്കി പുഞ്ചിരിച്ചു മോളുമായി അവൾ പതിയെ ഉള്ളിലേക്ക് പോയി. സധൈര്യം പുതിയൊരു ജീവിതം ആരംഭിച്ചു കൊണ്ട്…