(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“അനീഷ് എങ്ങനേലും ഒരു ഇരുപത്തയ്യായിരം രൂപ ഒന്ന് റെഡിയാക്കി തരാമോ.. പ്ലീസ് ഞാൻ ആകെ പ്രശ്നത്തിൽ ആണ്. കാശിനു വലിയ അത്യാവശ്യം ഉണ്ട്. മാസാമാസമായി ഞാൻ കൊടുത്തു തീർത്തോളാം ”
അശ്വതിയുടെ ആവശ്യം കേട്ട് അല്പസമയം മൗനമായി അനീഷ്.
‘ തന്റെ കയ്യിൽ കാശുണ്ട്. അത് വെറുതെ എടുത്ത് കൊടുത്താൽ വെറും നന്ദി മാത്രം കിട്ടും.. പക്ഷെ ഈ അവസരം മുതലെടുത്താൽ ഒരു പക്ഷെ അശ്വതിയുമായി ഒരു ബന്ധം സ്ഥാപിക്കാൻ പറ്റിയേക്കും.. ‘
ഈ ചിന്തയായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ. ഒരു മോഹമായി അവൾ അനീഷിന്റെ മനസ്സിൽ കയറി കൂടിയിട്ട് നാളുകൾ കുറെയായി. വിവാഹബന്ധം വേർപെടുത്തി ജീവിക്കുന്ന അശ്വതിയ്ക്ക് ഒരു കുഞ്ഞ് കൂടി ഉണ്ട്. പണ്ട് ഹയർസെക്കണ്ടറി സ്കൂളിൽ ഒന്നിച്ചു പഠിച്ച നാൾ തൊട്ട് ഉള്ളിൽ ആഗ്രഹവുമായി അവളുടെ പിന്നാലെ നടന്നിട്ടുള്ളതാണ് അനീഷ്. ഇന്നിപ്പോൾ തനിക്ക് വന്നു കിട്ടിയേക്കുന്നത് ഒരു സുവർണ്ണാവസരമാണെന്ന് അവൻ ഓർത്തു.
” അശ്വതി ക്യാഷ് റെഡിയാക്കാൻ ഇച്ചിരി പാടാണ്. ഞാൻ ഒന്ന് നോക്കട്ടെ.. പരമാവധി ശ്രമിക്കാം. ”
അവൾക്ക് ചെറിയൊരു പ്രതീക്ഷ കൊടുത്ത് മറുപടി നൽകി അനീഷ്.
” ടാ നീ ഒന്ന് റെഡിയാക്കി തന്നാൽ വലിയ ഉപകാരം ആകും.. ഞാൻ അത്രയ്ക്ക് പ്രശ്നത്തിൽ ആണ്. ”
അവനിൽ ഒരു പ്രതീക്ഷ തോന്നിയതിനാൽ തന്നെ വീണ്ടും റിക്വസ്റ്റ് ചെയ്തു അശ്വതി. എന്നാൽ അവസരം മുതലെടുത്തു തന്റെ ആവശ്യം നേടിയെടുക്കുവാനുള്ള ശ്രമം പതിയെ ആരംഭിച്ചു അവൻ.
” എടോ.. ക്യാഷ് എങ്ങനേലും ഞാൻ റെഡിയാക്കാം പക്ഷെ എനിക്ക് എന്ത് കിട്ടും നന്ദി മാത്രം ആണോ.. അതോ… ”
വാക്കുകൾ പാതി മുറിക്കവേ സംശയത്തോടെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി അശ്വതി.
” എന്താടാ നീ ഉദ്ദേശിച്ചേ.. പലിശ ആണോ.. അത് സാരമില്ല എത്രയാ ന്ന് നീ പറഞ്ഞാൽ മതി ഞാൻ തന്നോളാം ”
ആ മറുപടിക്ക് മുന്നിൽ ഒരു നിമിഷം മൗനമായി അനീഷ്. ശേഷം പതിയെ തുടർന്നു.
” എടീ.. പലിശ ഒന്നും വേണ്ട.. പക്ഷെ.. പക്ഷെ നീ എന്നോട് ഇച്ചിരി ഫ്രണ്ട്‌ലി ആകണം. ഫ്രണ്ട്‌ലി എന്ന് വച്ചാൽ.. ”
വാക്കുകൾ മുറിച്ചു ഒന്ന് നോക്കവേ സംശയത്തോടെ അവനിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു അശ്വതി.
” എടാ എന്താ നീ ഉദ്ദേശിക്കുന്നത്.. ”
” അത്.. നമ്മൾ എപ്പോഴും നല്ല ഫ്രണ്ട്സ് ആയിരിക്കും. ഇതുപോലെ എന്ത് ആവശ്യവും നിനക്ക് എന്നോട് പറയാം.. ഇടയ്ക്കൊക്കെ വല്ലപ്പോഴും അല്പം ഫ്രീ ആയി ഓപ്പൺ ആയും സംസാരിക്കണം.. ഐ മീൻ.. സെക്സ് ഒക്കെ ”
ഒരുവിധം പറഞ്ഞൊപ്പിക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കാൻ അല്പം ചളിപ്പ് തോന്നി അനീഷിന്. എന്നാൽ ഒക്കെയും കേട്ട് അല്പസമയം മൗനമായി തന്നെ നിന്നു അശ്വതി.
” എടാ.. ഈ ഡിവോഴ്സ് ആയ സ്ത്രീകളോട് പൊതുവെ എല്ലാർക്കും ഇതേ മനോഭാവം തന്നെയാണല്ലേ.. എന്തും പറയാൻ ലൈസൻസ് ഉള്ള പോലെ… ”
ആ ചോദ്യം അനീഷിനെ അല്പം പരുങ്ങലിൽ ആക്കി.
” എടീ.. ഞാൻ അങ്ങനല്ല ഉദ്ദേശിച്ചേ.. ”
തന്റെ ഭാഗം അവൻ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും മുഖത്തേക്ക് നോക്കി അശ്വതി പുഞ്ചിരിച്ചതോടെ വാക്കുകൾ പാതി മുറിഞ്ഞു.
” എടാ… എന്റെ കെട്ട്യോന്റെ കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. ഞങ്ങടെ ബന്ധം നല്ലത് പോലെ ആയിരുന്നപ്പോ അവരും വല്യ സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ബന്ധം വേർപെടുത്തിയെ പിന്നെയാണ് ഇവന്മാരുടെയൊക്കെ തനി നിറം പുറത്തേക്ക് വന്നത്… ഞാൻ അതൊക്കെയും കണ്ടില്ല ന്ന് നടിച്ചു ഒഴിവാക്കി. പക്ഷെ നീ ഇപ്പോൾ…. ”
ബാക്കി പറഞ്ഞില്ല അവൾ. ഒക്കെയും കേട്ട് നിന്ന അനീഷ് ആകട്ടെ ആകെ വിളറി പോയി.
” എടീ.. അവസരം മുതലെടുത്തതല്ല.. എനിക്ക് പണ്ടേ തോന്നിയ ഒരു ആഗ്രഹം പറഞ്ഞതാണ്.. ”
അവന്റെ വാക്കുകൾ പതറി.
” അനീഷ് എന്റെ കൺസപ്റ്റ് നീ പറഞ്ഞതുമായി യോജിക്കില്ല.. ഒരു ബെസ്റ്റ് ഫ്രണ്ടിന് ഒരിക്കലും ഇങ്ങനെ പറയാൻ പറ്റില്ല.. ഒരു ബെസ്റ്റ് ഫ്രണ്ടിനോട് എനിക്കും അങ്ങിനെ പെരുമാറാൻ പറ്റില്ല.. എന്റെ മനസ്സിൽ ഇപ്പോൾ മുന്നോട്ടുള്ള ജീവിതത്തെ പറ്റിയുള്ള വേവലാതികൾ മാത്രമേ ഉള്ളു.. ക്യാഷ് ഞാൻ വേറെ ശ്രമിക്കാം ”
ഇത്തവണ അശ്വതി പറഞ്ഞു നിർത്തുമ്പോൾ തന്റെ തെറ്റ് പൂർണ്ണമായും മനസിലാക്കി അനീഷ്. വല്ലാത്ത കുറ്റബോധം അവന്റെ മനസിനെ കുഴച്ചു.
” അശ്വതി സോറി ടീ.. ഞാൻ അറിയാതെ പറഞ്ഞു പോയതാ.. ക്യാഷ് ഞാൻ റെഡിയാക്കാം.. നീ ടെൻഷൻ ആകേണ്ട.. നീ എന്നോട് ക്ഷമിക്കണം ”
ക്ഷമാപണത്തോടെ അവൻ നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു അശ്വതി.
” ടാ ബുദ്ധിമുട്ട് ആണേൽ വേണ്ടാ.. ഞാൻ വേറെ നോക്കാം.. നീ പറഞ്ഞ രീതി എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അതുകൊണ്ടാണ്. എന്റെ വിവാഹബന്ധം പിരിഞ്ഞതിന്റെ കാരണം തന്നെ അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നത് കൊണ്ടാണ്.”
” ഏയ് അത് വിട്ടേക്ക് അശ്വതി.. നീ ക്യാഷ് വേറെ നോക്കേണ്ട.. ഞാൻ വൈകിട്ട് നിന്റെ അകൗണ്ടിൽ ഇട്ടേക്കാം..”
അത്രയും പറഞ്ഞു അനീഷ് തന്റെ ബൈക്കിലേക്ക് കയറി.
” ഞാൻ പോവാ.. ഇച്ചിരി പണിയുണ്ട്.. നീ ഒന്നും മനസ്സിൽ വച്ചേക്കരുതേ.. ഞാൻ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാണ്.”
അല്പം ജാള്യതയോടെ തന്നെ അത് പറഞ്ഞു മറുപടിക്ക് കാക്കാതെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ അവിടെ നിന്നും പോയി.മൗനമായി അത് നോക്കി നിൽക്കെ അശ്വതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അപ്പോഴേക്കും അവളുടെ മൊബൈൽ ശബ്ദിച്ചു. ഡിസ്പ്ലേയിലേക്ക് നോക്കുമ്പോൾ ഫ്രണ്ടിന്റെ നമ്പർ കണ്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ടാണവൾ കോൾ അറ്റന്റ് ചെയ്തത്…
” എന്തായി ടീ കാര്യം… ”
മറുതലയ്ക്കലെ ചോദ്യം കേട്ട് പതിയെ മുന്നിലേക്ക് നടന്നു അശ്വതി.
” എന്താകാൻ അവൻ നേരെ കമ്പി ലൈനുമായി തന്നെ വന്നു. പെട്ടെന്ന് അങ്ങ് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ ഞാൻ പറഞ്ഞു തല തിരിച്ചു വിട്ടിട്ടുണ്ട്. എന്തായാലും ക്യാഷ് വൈകിട്ട് കിട്ടും.”
ആ മറുപടി കേൾക്കേ മറു തലയ്ക്കൽ ഒരു പൊട്ടിച്ചിരി കേട്ടു.
” എടീ നിനക്ക് അവനെ വളച്ചു പിടിച്ചു വച്ചൂടായിരുന്നോ.. ക്യാഷ് ഉള്ള ചെക്കൻ ആണേൽ ഭാവിയിൽ കൂടുതൽ ഉപകാരം ആയേനേലോ ”
” ഓ … അതൊന്നും ഉറപ്പിക്കാൻ പറ്റില്ല ടാ.. അവനൊപ്പം ഒരു സീക്രട്ട് റിലേഷൻ അത്ര സേഫ് അല്ല. ആള് പൊട്ടൻ ആണ്. ചിലപ്പോ അത് പാടിക്കൊണ്ട് നടന്നേക്കും.. അവസാനം എനിക്ക് തന്നെ പണി ആകും. പണ്ട് പഠിക്കുന്ന കാലത്ത് അങ്ങിനൊരു സ്വഭാവം ഉണ്ടായിരുന്നു അവന്.. പിന്നെ നോക്കട്ടെ മുന്നോട്ട് പോകുമ്പോൾ ചെക്കൻ ഓക്കേ ആണേൽ ഒന്ന് ചൂണ്ടയിട്ടു വയ്ക്കാം… എന്തായാലും ഞാൻ എപ്പോ യെസ് മൂളിയാലും ആള് റെഡിയാണ് ”
വഷളൻ ചിരിയോടെയാണ് അശ്വതി മറുപടി നൽകിയത്. അല്പസമയം കൂടി സംസാരിച്ച ശേഷം അവൾ ആ കോൾ കട്ട് ആക്കി.
‘ മോനെ അനീഷേ.. നീ എന്റെ വരുതിയിൽ ആകുന്നത് വരെ നിന്നെ ഞാനിട്ട് കറക്കും മാക്സിമം കാശും നിന്റേന്ന് വലിപ്പിച്ചെടുക്കും. അതിനുള്ള ഐഡിയ ഒക്കെ എനിക്ക് അറിയാം’
ആത്മഗതത്തോടെ അവൾ പതിയെ തിരിഞ്ഞു നടന്നു.
ഇതൊന്നുമറിയാതെ അനീഷ് ആകട്ടെ ഉള്ളിലെ കുറ്റബോധത്തിനിടയിലും അശ്വതി എന്നേലും യെസ് മൂളുമെന്ന പ്രതീക്ഷയിൽ തന്നെ ബൈക്ക് ഓടിച്ചു പോയി