ഞാൻ പറഞ്ഞില്ലേ നിന്നോട് എനിക്ക് കൊതിയായി പോയി. നീ സഹകരിച്ചില്ലേൽ ഇനിയും ഞാൻ കഥകൾ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ചന്ദ്രേട്ടാ… ആ മാളവിക ടീച്ചറിന്റെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ വരുന്ന പിള്ളേരെ ശ്രദ്ധിച്ചിട്ടുണ്ടോ.. ഒരൊറ്റ പെങ്കൊച്ച് ഇല്ല ഫുൾ ചെക്കന്മാരാ ”

രമേശൻ പറഞ്ഞത് കേട്ട് അവന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി ചന്ദ്രൻ.

” അതിനെന്താ രമേശാ.. വരുന്നത് ആണായാലും പെണ്ണായാലും പഠിപ്പിച്ചാൽ പോരെ.. ”

” അങ്ങിനല്ല ചന്ദ്രേട്ടാ.. അവളുടെ കെട്ട്യോൻ ഒരുത്തൻ ഉള്ളത് അങ്ങ് ദുബായിലോ മറ്റോ അല്ലെ.. അവനാണേൽ വർഷത്തിൽ ഒരു മാസമോ മറ്റോ ആണ് നാട്ടിൽ വരുന്നേ ഇവൾ ആണേൽ മുപ്പത്തഞ്ചിനകത്ത് പ്രായവും.. അപ്പോ പിന്നെ ഈ ചെക്കന്മാരെ മാത്രം പഠിപ്പിക്കുന്നതിൽ എന്തോ ഒരിത് ഇല്ലേ.. അതും പത്തും പ്ലസ് വണ്ണും പ്ലസ് ടുവും മാത്രം.. മനുഷ്യർ അല്ലെ മനസ്സിൽ ആഗ്രഹങ്ങൾ കാണാതിരിക്കില്ല.. ”

അകലെ കൂട്ടി രമേശൻ പറഞ്ഞു നിർത്തിയതിന്റെ അർത്ഥം വേഗത്തിൽ മനസിലാക്കി ചന്ദ്രൻ.

” എന്താ രമേശാ ഇത്.. ആ ടീച്ചർ നല്ലൊരു സ്ത്രീയാണ് അവരെ പറ്റി ഇങ്ങനൊന്നും പറയല്ലേ.. ”

അത് പറയുമ്പോൾ ചന്ദ്രന്റെ മുഖത്ത് പുച്ഛമായിരുന്നു. പിന്നെ അധികം ഒന്നും പറഞ്ഞില്ല രമേശൻ. പതിയെ അവിടെ നിന്നും പോയി.

രമേശൻ മാളവികയെ പറ്റി ഇങ്ങനൊക്കെ പറയാൻ ഒരു കാരണം ഉണ്ട്. മറ്റൊന്നുമല്ല പൊതുവെ ഞരമ്പ് രോഗികൾക്കുള്ള ഒരു ചിന്താഗതിയാണല്ലോ ഗൾഫുകാരുടെ ഭാര്യമാർക്ക് ഭർത്താവ് കൂടെ ഇല്ലാത്തതിനാൽ തന്നെ ദാമ്പത്യത്തിൽ സംതൃപ്തിക്കുറവ് ഉണ്ടാകും എന്നത്. അത്തരം ഒരു ചിന്താ ഗതിയോടെ മാളവികയ്ക്ക് അരികിലും ഒന്ന് പോയിരുന്നു അവൻ. അന്ന് നാണം കെടുത്തി വിട്ടതിന്റെ പ്രതികാരമാണ് ഇപ്പോൾ ഈ പറഞ്ഞോണ്ട് നടക്കുന്ന കഥകൾ.

ചന്ദ്രനോട് മാത്രമല്ല നാട്ടിൽ നാലാള് കൂടുന്നിടത്തെല്ലാം രമേശൻ മാളവികയെ പറ്റി ഓരോന്ന് പറഞ്ഞു നടന്നിരുന്നു. അതിൽ ചിലരൊക്കെ കേട്ടത് വിശ്വസിച്ചു രമേശനൊപ്പം കൂടിയതോടെ ആ കഥ നാട്ടിൽ ചെറിയ രീതിയിൽ പരന്നു തുടങ്ങി. ഒക്കെയും അറിഞ്ഞ പാടെ ആകെ വിഷമത്തിലായി മാളവികയും.

” മോളെ നീ ഇങ്ങനെ വിഷമിക്കാതെ.. ആളുകൾ എന്തേലും പറഞ്ഞെന്ന് വച്ചിട്ട് അത് കാര്യമാക്കാൻ നിന്നാൽ അതിനേ സമയം ഉണ്ടാകുള്ളൂ.. ”

അമ്മയുടെ ആശ്വാസ വാക്കുകൾക്ക് അവളെ ആശ്വസിപ്പിക്കുവാൻ കഴിഞ്ഞില്ല.. അതിനിടയിൽ ട്യൂഷന് വന്നിരുന്ന വിദ്യാർത്ഥികളെയും തത്കാലം ഇനി വിടുന്നില്ല എന്ന് രക്ഷാകർത്താക്കൾ അറിയിച്ചതോടെ ആകെ തകർന്നു മാളവിക.

” അമ്മേ ഞാൻ ഇത് എന്ത് ചെയ്തിട്ടാ എല്ലാരും എന്നോട് ഇങ്ങനെ.. സ്കൂളിൽ പോലും പോകാൻ വയ്യാണ്ടായി പിള്ളേരൊക്കെ ഓരോന്ന് പറഞ്ഞു കളിയാക്കുവാ..”

അവളുടെ സങ്കടത്തിനു മുന്നിൽ അമ്മയും നിശബ്ദയായി.

പിറ്റേന്ന് അവൾ സ്കൂളിൽ പോയി തിരികെ വരുന്ന സമയം വഴിയിൽ ആളൊഴിഞ്ഞ ഒരു ഭാഗത്ത് കാത്തു നിന്നിരുന്നു രമേശൻ. അവന്റെ കണ്ട പാടെ അറപ്പോടെ മുഖം തിരിച്ചു മാളവിക.

” ടീച്ചർ ഇങ്ങനെ എന്നെ കണ്ട പാടെ മുഖം തിരിക്കേണ്ട. കാര്യം മര്യാദയ്ക്ക് ആദ്യമേ പറഞ്ഞു ഞാൻ. ഒന്ന് മനസ്സ് വച്ചാൽ നമുക്ക് രണ്ട് പേർക്കും ഒരുപോലെ സുഖിക്കാം.. ഇല്ലേൽ അറിയാലോ. ഇപ്പോ നിന്നെ പറ്റി ഈ കഥകൾ ഒക്കെ പറഞ്ഞുണ്ടാക്കിയത് ഞാൻ തന്നെയാ.. ഇനീം നീ സമ്മതിച്ചില്ലേൽ ഞാൻ പോസ്റ്റർ അടിക്കും.. ”

അത് കേട്ട് പെട്ടെന്ന് നിന്നു അവൾ ശേഷം രമേശന് നേരെ തിരിഞ്ഞു.

” എന്താ നിങ്ങൾ ഇപ്പോ പറഞ്ഞെ… ഒന്നുടെ പറയാവോ.. നിങ്ങൾ ആണോ അപ്പൊ എന്നെപ്പറ്റി ഈ കഥകൾ പറഞ്ഞുണ്ടാക്കിയത്.. ”

ആ ചോദ്യം കേട്ട് ഒരു വഷളൻ ചിരിയുമായി മാളവികയ്ക്ക് മുന്നിലേക്ക് ചെന്നു രമേശൻ.

” അതേ ടീച്ചറേ.. നിങ്ങളെ പറ്റി ഇപ്പോ നാട്ടിൽ പ്രചരിക്കുന്ന കഥ ഉണ്ടാക്കിയത് ഞാൻ ആണ്. ഞാൻ പറഞ്ഞില്ലേ നിന്നോട് എനിക്ക് കൊതിയായി പോയി. നീ സഹകരിച്ചില്ലേൽ ഇനിയും ഞാൻ കഥകൾ ഉണ്ടാക്കും പോസ്റ്റർ അടിക്കും നിന്നെ ഈ നാട്ടിൽ നാണം കെടുത്തും ഞാൻ.. ”

” ഇങ്ങനൊക്കെ ചെയ്യുമ്പോ തനിക്ക് എന്ത് സംതൃപ്തിയാണ് കിട്ടുന്നത്.. ഞാൻ എന്ത് ദ്രോഹമാണ് നിങ്ങളോട് ചെയ്തത് ”

അത് ചോദിക്കുമ്പോൾ ശെരിക്കും അവളുടെ ശബ്ദമിടറി.

” ഞാൻ പറഞ്ഞില്ലേ പെണ്ണെ നീ ഒന്ന് സഹകരിക്ക്.. അതോടെ എല്ലാം ശെരിയാകും ആരും ഒന്നും അറിയാൻ പോകുന്നില്ല. ”

പറഞ്ഞു നിർത്തി ഒരു തുണ്ട് പേപ്പർ ബലമായി മാളവികയുടെ കയ്യിലേക്ക് വച്ചു കൊടുത്തു രമേശൻ.

” എന്റെ നമ്പർ ആണ്. നല്ലോണം ഒന്ന് ആലോചിക്ക്.. എന്നിട്ട് ഓക്കേ ആണേൽ. രാത്രി വിളിക്ക് വീട്ടിൽ അമ്മ മാത്രം അല്ലെ ഉള്ളു അവര് ഉറങ്ങീട്ട് വിളിച്ചാൽ മതി ഞാൻ വന്നോളാം… ആരും ഒന്നും അറിയില്ല… പിന്നെ നിനക്ക് എന്നെ കൊണ്ട് ഒരു ശല്യവും ഉണ്ടാവുകയും ഇല്ല.. അറിയാലോ കഥകൾ കൂടുതൽ പരന്നു തുടങ്ങിയാൽ നിന്റെ കെട്ട്യോൻ അറിയും പിന്നെ ആകെ സീൻ ആകും..”

ചെറിയൊരു ഭീക്ഷണിയോടെ രമേശൻ നടന്നകലുമ്പോൾ നടുക്കത്തോടെ അങ്ങിനെ നിന്നു മാളവിക. ആ പേപ്പറിലേക്ക് നോക്കുമ്പോൾ അവളുടെ മിഴികൾ തുളുമ്പി..

നല്ലത് പോലെ പേടിപ്പിച്ചത് കൊണ്ട് തന്നെ അന്ന് രാത്രി ചിലപ്പോൾ മാളവിക വിളിച്ചേക്കും എന്ന് രമേശൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. നിരാശ തോന്നിയെങ്കിലും പ്രതീക്ഷ കൈവിടാതെ ഉറങ്ങാൻ കിടന്നു അവൻ. മാളവികയും ഏറെ അസ്വസ്ഥയായിരുന്നു. ഈ പ്രശ്നം എങ്ങിനെയും ഒഴിവാക്കണം അതായിരുന്നു അവളുടെ മനസ്സിൽ.. ആ ചിന്തയിൽ ഒടുക്കം അവൾ ഒരു തീരുമാനം എടുത്തു.

പിറ്റേന്ന് ഉച്ച കഴിയവേയാണ് രമേശന്റെ ഫോണിലേക്ക് ആ കോൾ വന്നത്.

” ഹലോ.. ഞാൻ മാളവികയാണ്. പ്രശ്നങ്ങൾ തീരണം ഇനിയും പഴി കേൾക്കാൻ വയ്യ എനിക്ക്..നിങ്ങൾ പറഞ്ഞ കാര്യത്തിന് എനിക്ക് സമ്മതം. രാത്രി പതിനൊന്നു മണി കഴിഞ്ഞു വീടിന്റെ പിൻവശത്ത് എത്തിട്ട് എന്നെ ഈ നമ്പറിൽ വിളിക്കണം. ഞാൻ വാതിൽ തുറന്ന് തരാം.. പിന്നെ ആരോടും ഒന്നും പറയരുത്. ”

ഒറ്റ വാക്കിൽ അവൾ പറഞ്ഞു നിർത്തി മറുപടി ക്ക് പോലും കാക്കാതെ കോൾ കട്ട്‌ ചെയ്‌തു. എന്നാൽ ഒക്കെയും കേട്ട രമേശൻ ആകട്ടെ.. ആകെ കോരി തരിച്ചു നിന്നു.

” ദൈവമേ.. ഈ കേട്ടത് സത്യമാണോ.. ”

സന്തോഷത്തിൽ അറിയാതെ തുള്ളിചാടി അവൻ. ആ നമ്പർ സേവ് ചെയ്യവേ മാളവികയുടെ വാട്ട്സപ് അകൗണ്ടും കിട്ടി അവന്

” പൊന്നേ.. നീ സമ്മതിച്ചു അല്ലെ.. പൊളിച്ചു. ഇന്ന് നൈറ്റ് നമുക്ക് അടിച്ചു പൊളിക്കാം… ഞാൻ രാത്രി വിളിക്കാം ”

ഒരു വോയിസ്‌ മെസേജ് അയച്ചു സന്തോഷത്താൽ വീണ്ടും തുള്ളി ചാടി പോയി രമേശൻ.

സമയം പിന്നെയും നീങ്ങി. രാത്രിയിലേക്കുള്ള തയ്യാറെടുപ്പിൽ നേരെ സലൂണിൽ പോയി മുടിയും താടിയും ഒക്കെ മിനുക്കി ഒന്ന് കുട്ടപ്പനായി അവൻ .

” എന്താ രമേശാ.. പെണ്ണുകാണൽ വല്ലതുമുണ്ടോ.. ”

കവലയിലൂടെ പോകവേ ചന്ദ്രന്റെ കമന്റ് കേട്ട് ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട് വീട്ടിലേക്ക് പോയി അവൻ.

സമയം പിന്നെയും നീങ്ങി.ഒടുവിൽ രാത്രി പതിനൊന്ന് ആയി. മാളവിക പറഞ്ഞ പ്രകാരം വീടിനു പിൻവശത്ത് എത്തി അവളുടെ നമ്പറിലേക്ക് വിളിച്ചു രമേശൻ.

” ഞാൻ ഇപ്പോ വാതിൽ തുറക്കാം ”

അവളുടെ മറുപടി കിട്ടിയതോടെ ആകെ ആവേശത്തിലായി രമേശൻ. വൈകാതെ തന്നെ പിൻ വശത്തെ വാതിൽ തുറക്കപ്പെട്ടു. അരണ്ട വെളിച്ചത്തിൽ അവളെ ഒന്ന് കണ്ട പാടെ ആക്രാന്തത്തോടെ ഓടി വീടിനുള്ളിലേക്ക് കയറി രമേശൻ.

” എന്റെ പൊന്നേ.. ഈ നൈറ്റ് ഡ്രെസ്സിൽ നീ എന്ത് സുന്ദരിയാണ്.”

അക്ഷമനായി മാളവികയെ ഒന്ന് പുണരാൻ അടുത്തപ്പോഴേക്കും പിന്നിൽ നിന്നും വാതിൽ പെട്ടെന്ന് അടഞ്ഞു. ഞെട്ടലോടെ തിരിയവേ ചെക്കിടടക്കം ഒരു അടികിട്ടി നിലത്തേക്ക് വേച്ചു വീണു പോയി രമേശൻ.

അല്പസമയത്തേക്ക് ഒന്നും മനസിലാകാതെ പകച്ചു പോയി അവൻ. കണ്ണിൽ ഇരുട്ട് കയറവേ തലയിൽ മൊത്തത്തിൽ ഒരു മരവിപ്പ് ആയിരുന്നു. കണ്ണുകൾ അല്പസമയം ഇറുകെ അടച്ച ശേഷം വീണ്ടും തുറക്കവേ ഇരുളിൽ കണ്മുന്നിൽ ഒരാൾരൂപം കണ്ട് ഒന്ന് നടുങ്ങി രമേശൻ.

” എന്താ രമേശാ.. ആവേശം ഒക്കെ കെട്ടടങ്ങി പോയോ.. ഇന്ന് തകർക്കണ്ടേ നിനക്ക് ”

ഒരു പുരുഷ ശബ്ദം കൂടി കേൾക്കവേ തനിക്കുള്ള കെണിയായിരുന്നു മാളവികയുടെ കോൾ എന്ന് മനസിലാക്കി അവൻ.

പിറ്റേന്ന് രാവിലെ ആ ചൂടുള്ള വാർത്ത നാട്ടിൽ വേഗത്തിൽ പരന്നു.

” അറിഞ്ഞില്ലേ… ആ രമേശൻ ഇന്നലെ രാത്രി മാളവിക ടീച്ചറുടെ വീട്ടിൽ ചെന്ന് കേറി. അവരുടെ കെട്ട്യോൻ പെട്ടെന്ന് ലീവിന് വന്നാരുന്നു. അയാള് ഇവനെ ചുരുട്ടി കൂട്ടി പോലീസിൽ എല്പിച്ചെന്ന് ”

” അവര് വിളിച്ചിട്ട് ആണോ പോയെ.. ”

” ഏയ് അതൊന്നും അല്ല. അവൻ കുറെ നാളായി ആ ടീച്ചറേ പറ്റി ഓരോന്ന് പറഞ്ഞു നടക്കുവാ.. ശല്യം സഹിക്കാതെ അവര് കെട്ട്യോനെ വിളിച്ചു വരുത്തി ഇവനിട്ട് പണി കൊടുത്തതാ.. ”

” എന്തായാലും നല്ല ഇടി കിട്ടി ന്ന് കേൾക്കുന്നു. കേസ് രെജിസ്റ്റർ ചെയ്തു റിമാൻഡിൽ പോകും അത് ഉറപ്പ്. ആ പാവം ടീച്ചറെ പറ്റി അപവാദങ്ങൾ പറഞ്ഞു പരത്തിയതും ഇവനാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ”

ചോദ്യങ്ങളും അഭിപ്രായങ്ങളും പലതുയർന്നു. ദിവസങ്ങളായി മാളവികയെ പറ്റി നാട്ടിൽ പടർന്ന കഥകൾ ഒറ്റ ദിവസം കൊണ്ട് കെട്ടുകഥകൾ ആയിരുന്നു എന്ന് എല്ലാവരും മനസിലാക്കി.

” ആ കൊച്ചിന്റെ കെട്ട്യോൻ ആണ് തങ്കം. ഒരു പ്രശ്നം വന്നപ്പോ അവൾക്കൊപ്പം നിന്നില്ലേ.. ഓടി എത്തി പരിഹാരം കണ്ടില്ലേ… അതാണ് സ്നേഹം.. ”

ചന്ദ്രനും ഉള്ളിൽ. സംതൃപ്തി തോന്നി. കേസ് കോടതിയിൽ എത്തവെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറൽ ഉൾപ്പെടെ മൂന്നോളം കേസുകൾ രമേശന്റെ തലയിൽ വീണു. അതോടെ റിമാൻഡിലും ആയി.

എല്ലാം ഓക്കേ ആയതോടെ കുട്ടികളുടെ രക്ഷകർത്താക്കൾ ക്ഷമപറഞ്ഞു വീണ്ടും മാളവികയെ സമീപിച്ചു എന്നാൽ ഇനി ട്യൂഷൻ പഠിപ്പിക്കാൻ താനില്ല എന്ന് തീരുമാനമെടുത്തിരുന്നു അവൾ.

അങ്ങിനെ തനിക്കെതിരെ വന്ന ആരോപണങ്ങൾ സധൈര്യം തന്റെ കുടുംബത്തിന്റെ പിന്തുണയോടെ തന്നെ മാളവിക നേരിട്ടു വിജയിച്ചു.