ഇതിപ്പോൾ.. ഞാൻ എന്ത് ചെയ്യണം.. വിവാഹം കഴിഞ്ഞ അന്ന് രാത്രി തന്നെ എന്നോട് ഇങ്ങനൊക്കെ താൻ പറഞ്ഞാൽ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“അകത്തേക്ക് കേറി വാടോ.. ആദ്യ രാത്രി ന്ന് വച്ചിട്ട് വല്യ ഫോർമാലിറ്റി ഒന്നും വേണ്ട.. ”

വിവാഹ ദിവസം രാത്രി കയ്യിൽ ഒരു ഗ്ലാസ് പാലുമായി മുറിയുടെ വാതിൽക്കൽ എത്തിയ നിത്യയെ സന്തോഷത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു വിജീഷ്.

മൗനമായി മുറിയിലേക്ക് കയറി പതിയെ കയ്യിൽ ഇരുന്ന പാല് ഗ്ലാസ് ബെഡിനോട് ചേർന്ന ടേബിളിലേക്ക് വച്ചു തിരിയുമ്പോൾ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു അവൾ. ആ സമയം പതിയെ എഴുന്നേറ്റു മുറിയുടെ വാതിൽ അടച്ചു ലോക്ക് ചെയ്തു വിജീഷ്. അതോടെ നിത്യയുടെ വിറയിൽ ഇരട്ടിയായി. അവളുടെ ഭാവം കാൺകെ അറിയാതെ ചിരിച്ചു പോയി വിജീഷ്.

” ഇതെന്തുവാ ടോ ആകെ വിയർത്തു വിറച്ചിട്ട് ഒക്കെ .. തനിക്കെന്താ അത്രയ്ക്ക് പേടി ആണോ എന്നെ.. ”

” ഏയ്.. ”

ഒറ്റവാക്കിൽ മറുപടി ഒതുക്കി അവൾ തല കുമ്പിടുമ്പോൾ പതിയെ ബെഡിലേക്ക് ചെന്നിരുന്നു വിജീഷ്.

” ശെരിയാണ്. നമ്മൾ പരിചയപെട്ടു ഒരു മാസത്തിനുള്ളിൽ അല്ലെ ഈ വിവാഹം.. നേരെ ഒന്ന് സംസാരിക്കാൻ പോലും പറ്റീട്ടില്ല. അതിന്റെ ഒരു പതർച്ച ഉറപ്പായും ഉണ്ടാകും… എനിക്കും അതുണ്ട്… കുറച്ചേറെ സംസാരിക്കാനുണ്ട് എനിക്കും…”

അപ്പോഴും മൗനമായി തന്നെ നിന്നു നിത്യ. എന്നാൽ ഒഴിഞ്ഞു മാറിയുള്ള അവളുടെ നിൽപ്പിലും പതർച്ചയിലും വിജീഷിന് ചെറിയ സംശയം തോന്നി തുടങ്ങിയിരുന്നു.

” നിത്യാ.. എന്താണ്. നീ ആകെ സൈലന്റ് ആണല്ലോ മാത്രല്ല എന്തിനാ ഇങ്ങനെ പേടിച്ചു ഒഴിഞ്ഞു മാറി നിൽക്കുന്നെ.. എന്തേലും പ്രശ്നം ഉണ്ടോ… ”

ആ ചോദ്യം കേട്ട പാടെ പെട്ടെന്ന് തലയുയർത്തി അവൾ.. ആ മിഴികളിൽ അപ്പോൾ ചെറിയ നനവ് പടർന്നിരുന്നു.

” ചേട്ടാ.. അത്.. ”

ആ പതർച്ച വിജീഷിന്റെ സംശയത്തെ ഇരട്ടിപ്പിച്ചു. പതിയെ എഴുന്നേറ്റവൻ അവൾക്ക് മുന്നിലായി ചെന്ന് നിന്നു.

” എന്താണ്.. എന്താണ് പ്രശ്നം എന്തായാലും താൻ പറയ്.. എന്തെ ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നോ നിനക്ക്.. ”

ആ ചോദ്യം പ്രതീക്ഷിച്ചത് കൊണ്ട് തന്നെ ഉത്തരവും നിത്യയുടെ പക്കൽ റെഡിയായിരുന്നു.

” അ..അതേ.. എനിക്ക് ഇഷ്ടമല്ലായിരുന്നു.. വീട്ടുകാരുടെ നിർബന്ധമാണ്.ചേട്ടനെ ഒരിക്കലും എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ല കാരണം ആ സ്ഥാനം പണ്ടേ ഞാൻ ഒരാൾക്ക് കൊടുത്തു കഴിഞ്ഞു… ”

കേട്ടത് ഞെട്ടിപ്പിക്കുന്ന കാര്യമായതിനാൽ അല്പസമയം മൗനമായി വിജീഷ്. അത് കണ്ട് തുടർന്നു നിത്യ.

” ചേട്ടൻ ക്ഷമിക്കണം… എനിക്ക് ഒരാളെ. ഇഷ്ടമാണ് ആനന്ദ്. പത്തു വർഷത്തോളമായുള്ള ബന്ധമാണ്.അവനെ അല്ലാതെ മറ്റൊരാളെ എന്റെ പങ്കാളിയായി എനിക്ക് കാണുവാൻ കഴിയില്ല.. ജാതിയിൽ താഴ്ന്നവൻ ആയത് കൊണ്ട് ഒരിക്കലും അച്ഛൻ ആ ബന്ധത്തിന് സമ്മതിച്ചില്ല മാത്രമല്ല ആത്മഹത്യ ഭീക്ഷണി മുഴക്കിയാണ് എന്നെ ഈ വിവാഹത്തിനായി സമ്മതിപ്പിച്ചതും. ഇപ്പോ ഞാൻ ഇവിടെ വന്നു നിൽക്കുന്നതും.”

അവൾ പറഞ്ഞു നിർത്തുമ്പോൾ നടുക്കത്തോടെ തിരികെ ബെഡിലേക്ക് ചെന്നിരുന്നു വിജീഷ്.

” ഇതിപ്പോൾ.. ഞാൻ എന്ത് ചെയ്യണം.. വിവാഹം കഴിഞ്ഞ അന്ന് രാത്രി തന്നെ എന്നോട് ഇങ്ങനൊക്കെ താൻ പറഞ്ഞാൽ.. ”

അവന്റെ ചോദ്യം കേട്ട് പതിയെ അരികിലേക്ക് ചെന്നിരുന്നു നിത്യ..

” ഇനി ചേട്ടനെ എന്തേലും ചെയ്യാൻ പറ്റുള്ളൂ.. ഞാൻ ഈ പറയുന്നത് ആർക്കും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല എന്ന് അറിയാം.. എന്നാലും ചോദിക്കുവാ എന്നെയും ആനന്ദിനെയും ഒരുമിച്ചു ജീവിക്കുവാൻ വിട്ടു കൂടെ ചേട്ടന്… ഈ നാട് വിട്ട് മറ്റെവിടേലും പോയി ജീവിച്ചോളാം ഞങ്ങൾ.. ചേട്ടൻ ദയ കാണിക്കണം..”

തൊഴുകയ്യോടെയാണ് അവൾ പറഞ്ഞു നിർത്തിയത്. പ്രതീക്ഷയോടെ തന്നേ നോക്കിയിരിക്കുന്ന നിത്യയോട്‌ എന്ത് പറയണമെന്നത് അറിയില്ലായിരുന്നു വിജീഷിന്. പതിയെ എഴുന്നേറ്റു അവൻ.

” നിത്യ താൻ ചെയ്തത് വലിയൊരു തെറ്റാണ്.. താൻ ഇപ്പോൾ ഈ ചോദിക്കുന്ന കാര്യം എവിടേലും നടക്കുന്നത് ആണോ.. ആരേലും അതിനു സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ.. അതും വിവാഹം കഴിഞ്ഞ അന്ന് രാത്രി തന്നെ.. ”

മറുപടിയില്ലായിരുന്നു നിത്യയ്ക്ക്. അവളുടെ മൗനം കണ്ട് പതിയെ മുഖാമുഖം തിരിഞ്ഞിരുന്നു വിജീഷ്.

” എടോ ടെൻഷൻ ആകേണ്ട.. ഞാൻ സഹായിക്കാം നിങ്ങളെ.. എനിക്ക് അതിനു കഴിയും.. ഒരു പക്ഷെ ദൈവഹിതം ആകും നമ്മൾ രണ്ടാളും തന്നെ വിവാഹം കഴിച്ചത്…”

ആ കേട്ടത് വലിയ പ്രതീക്ഷ നൽകി നിത്യയ്ക്ക്.

” ചേട്ടാ… സത്യാണോ.. ”

” അതേ ടോ.. സത്യത്തിൽ ഞാനും ഈ വിവാഹത്തിന് സമ്മതത്തോടെ അല്ല നിന്ന് തന്നത്… താൻ ഈ പറഞ്ഞത് പോലൊരു ഇഷ്ടം എനിക്കും ഉണ്ട്. താൻ പറഞ്ഞത് പോലെ തന്നെ എന്റെ പങ്കാളിയുടെ സ്ഥാനവും ഞാൻ മുന്നേ തന്നെ ആൾക്ക് കൊടുത്തിട്ടുള്ളതാണ്… ഈ കാര്യം എങ്ങിനെ തന്നോട് അവതരിപ്പിക്കും എന്ന ടെൻഷനിൽ ആയിരുന്നു ഞാൻ.. ”

ഇത്തവണ ഞെട്ടിയത് നിത്യയാണ്.

” ങേ..! ”

അവൾ തുറിച്ചു നോക്കവേ പുഞ്ചിരിയോടെ എഴുന്നേറ്റു വിജീഷ് .

“ഞാൻ പറയുന്ന കാര്യം താൻ ശ്രദ്ധിച്ചു കേൾക്കണം… തന്റേത് പോലെ തന്നെ എന്റെ പങ്കാളിയും ഒരു ആണാണ്… ഞാൻ… ഞാൻ ഗേ ആണ്. ”

ആ വാക്കുകൾ കേൾക്കെ വാ പൊളിച്ചിരുന്നു പോയി നിത്യ.

” ഗേ.. യോ… എന്ന് വച്ചാൽ ഈ ആണും ആണും… തമ്മിൽ.. ”

” അതേടോ.. അത് തന്നെ.. അരുൺ. അതാ അവന്റെ പേര്. ”

അത്രയും പറഞ്ഞു കൊണ്ട് തന്റെ ഫോണിലെ അരുണിന്റെ ഒരു ചിത്രം നിത്യയ്ക്ക് കാട്ടി കൊടുത്തു വിജീഷ്.

” എന്റെ വീട്ടിൽ അറിയാം ഇത്. പക്ഷെ അവരൊക്കെ ഇപ്പോഴും പഴഞ്ചൻ ആണ്. നാണക്കേട് അന്തസ്സ് എന്നൊക്കെ പറഞ്ഞു മെന്റലി എന്നെ ബ്ലാക് മെയിൽ ചെയ്താണ് താനുമായുള്ള ഈ വിവാഹം നടത്തിയത്. പക്ഷെ ഈ കാര്യം എങ്ങനെ തന്നോട് അവതരിപ്പിക്കും എന്നതറിയാതെ ഞാൻ ആകെ വിഷമിച്ചിരിക്കുമ്പോൾ തന്റെ ഏറ്റു പറച്ചിൽ.. ”

ആദ്യം കേട്ടപ്പോ ഉള്ള ഞെട്ടൽ വിട്ടന്നിരുന്നു നിത്യയ്ക്ക്.

” ചേട്ടാ… എനിക്ക് മനസിലാകും. പക്ഷെ ഈ കാര്യം ഇപ്പോഴും അംഗീകരിക്കുവാൻ പലർക്കും ബുദ്ധിമുട്ട് ആണ്.. ”

” അതേ ടോ… നമ്മുടെ നാട് ഇപ്പോഴും പഴഞ്ചൻ ആണ്.. ഇതൊന്നും അവർക്ക് ദഹിക്കില്ല… ”

വിജീഷിന്റെ വാക്കുകളിൽ നിരാശ നിഴലിച്ചു. എന്നാൽ. അപ്പോഴേക്കും ഏറെ ആശ്വാസമായി നിത്യയ്ക്ക്.

“ചേട്ടാ… ഒരുപാട് തീ തിന്നാണ് ഞാൻ ഈ മുറിയിലേക്ക് വന്നു കയറിയത് എന്നാൽ എനിക്കിപ്പോ നല്ല ആശ്വാസം തോന്നുന്നു. ഒന്നിച്ചു നിന്നാൽ നമ്മുടെ രണ്ടാളുടെയും ഇഷ്ടങ്ങൾ നേടി എടുക്കുവാൻ കഴിയും.”

“തീർച്ചയായും അത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്. ഞാനും അരുണും ഈ നാട് വിടുവാ.. ആദ്യം വിസിറ്റ് എടുത്ത് ദുബായ്ക്ക് എന്നിട്ട് അവിടുന്ന് ഏതേലും യൂറോപ്യൻ കൺഡ്രിയിലേക്ക്. അതാ പ്ലാൻ. ഒരുമാസം കൊണ്ട് എല്ലാം ശെരിയാകും.. അതിനിടയിൽ നിങ്ങളുടെ കാര്യം നമുക്ക് സെറ്റ് ആക്കാം.. ”

വിജീഷും ഏറെ സന്തോഷവാനായിരുന്നു.

” ശെരിയാണ് ചേട്ടാ.. നമ്മുടെ നാട്ടുകാരുടെ ചിന്താഗതി ഒരിക്കലും മാറില്ല അത് കൊണ്ട് നിങ്ങൾ ഇവിടുന്ന് പോകുന്നത് തന്നെയാണ് നല്ലത്… ഞങ്ങൾക്കും പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല. ആനന്ദ് വർക്ക്‌ ചെയ്യുന്നത് ചെന്നൈയിൽ ആണ്. ആദ്യം അവിടേക്ക് പോണം പിന്നെ വരുന്നത് വരുന്നിടത്ത് വച്ച് കാണാം”

ഉള്ളിലേ ടെൻഷൻ ഒക്കെ അകന്നപ്പോൾ നിത്യയും അല്പം ഫ്രീ ആയി.

” എല്ലാം ഓക്കേ ആകും .. എന്തായാലും കല്യാണം ക്ഷേത്രത്തിൽ വച്ച് ആയത് കൊണ്ട് ഇനീപ്പോ പഞ്ചായത്തിൽ പോയി വേണം രജിസ്റ്റർ ചെയ്യാൻ. അത് നമുക്ക് ലേറ്റ് ആക്കാം. ആ സമയം കൊണ്ട് രണ്ടാളുടേം കാര്യങ്ങൾ സെറ്റ് ചെയ്യാം.. തന്റെയും ആനന്ദിന്റെയും വിവാഹം നമുക്ക് രജിസ്റ്റർ ചെയ്യാം.. ആരും അറിയാതെ അത് ഡീൽ ചെയ്യാൻ എനിക്ക് കഴിയും… രെജിസ്റ്റർ ചെയ്താൽ പിന്നെ നിങ്ങൾക്കും പേടിക്കാൻ ഇല്ല…”

വിജീഷിന് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. അത് നിത്യയും ശെരി വച്ചു.

” അപ്പോ ഇനിയുള്ള. ഒരു മാസം നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ്….”

ഷേക്ക് ഹാൻഡിനായി അവൾ കൈ നീട്ടവേ സന്തോഷത്തോടെ ആ കരം കവർന്നു വിജീഷ്.

ശേഷം രണ്ടാളും ഒരുമിച്ചു ആനന്ദിനെയും അരുണിനെയും വിളിച്ചു കാര്യങ്ങൾ അറിയിച്ചു അതോടെ അവരും ഹാപ്പി ആയി.

” അപ്പോ എന്താ ചേട്ടാ അടുത്ത പരിപാടി… ”

നിത്യയുടെ ചോദ്യം കേട്ട് പതിയെ എഴുന്നേറ്റ് മുറിയിലെ അലമാരയ്ക്ക് അരികിലേക്ക് നടന്നു വിജീഷ്.

” താൻ ഹോസ്റ്റലിൽ ഒക്കെ നിന്നിട്ടുള്ളതല്ലേ.. അപ്പോ എങ്ങിനാ അടിക്കോ.. ”

ഉദ്ദേശിച്ചത് എന്താണെന്ന് വേഗത്തിൽ മനസിലാക്കി അവൾ.

” അങ്ങിനെ ചോദിച്ചാൽ ചെറുതായൊക്കെ അടിക്കും.. പിന്നെ ഇന്നത്തെ സന്തോഷത്തിനു ചേട്ടനുമായി ഒരു ചിയേർസ് പറയുക തന്നെ വേണം.. ”

മറുപടി കേട്ട പാടെ പുഞ്ചിരിയോടെ അലമാരയിൽ നിന്നും ബോട്ടിൽ പുറത്തേക്കെടുത്തു വിജീഷ്.

” അപ്പോ പിന്നേ ആ പാലെടുത്ത് ജന്നലു വഴി പുറത്തേക്ക് കളഞ്ഞേക്ക് വെറുതെ രണ്ടും കൂടി മിക്സ് ആക്കി വയറു കേടാക്കേണ്ട.. ”

ആ വാക്കുകൾ നിത്യയെ ചിരിപ്പിച്ചു.

അങ്ങിനെ പരസ്പരം മനസ്സ് തുറന്നു ടെൻഷനുകൾ ഒഴിവാക്കി പുതിയ ജീവിതം സ്വപ്നം കണ്ട് രണ്ടാളും ചിയേഴ്സ് പറഞ്ഞു.