(രചന: Nithinlal Nithi)
” ഒന്നു പ്രസവിച്ചു കഴിയുമ്പോൾ ഈ പിരീഡ്സ് ടൈമിലുള്ള വേദനയൊക്കെ അങ്ങ് മാറിക്കോളും കൊച്ചേ ” ഷീല ചേച്ചി വയറിൽ വന്ന് തൊട്ട് പറഞ്ഞപ്പോഴാ അടുത്തുതന്നെ ഒരാൾ വന്നു നിൽക്കുന്നത് തന്നെ കണ്ടത്…
ഇതിപ്പോ രണ്ട് ദിവസമായിട്ട് ഭയങ്കരമായ വേദന… അല്ലെങ്കിലും തന്റെ കാര്യത്തിൽ ആർക്കാണ് ആകുലതയുള്ളതെന്ന് ശ്രീക്കുട്ടി ഓർത്തു…
കല്യാണം കഴിഞ്ഞ കുറച്ച് നാളുകളിൽ തന്റെ കൂടെ വെറുതെ ഒരു ഭർത്താവായി മാറിയ ഹരിയോ…. എന്തിനും ഏതിനും കുറ്റം പറയുന്ന ഹരിയേട്ടന്റെ അമ്മയോ…
ഇത്തിരിയെങ്കിലും സ്നേഹം കിട്ടിയത് അപ്പച്ചനിൽ നിന്നും ഹരിയേട്ടന്റെ അനിയൻ സുധിയിൽ നിന്നുമാണ്…. അതും ഇവിടെ വരുന്നതിനു മുമ്പ്… ജീവിതത്തിന്റെ തിരക്കിൽ പ്രവാസ ലോകത്ത് എത്തിപ്പെട്ടപ്പോൾ വീണ്ടും വലിയ ശൂന്യതയായിരുന്നു…
ഷീല ചേച്ചിയും മുനീർക്കയും പിന്നെ കണ്ണട വച്ച കോന്തൻ ഡോക്ടറും ഞങ്ങൾ മൂന്നു നഴ്സ്മാരും ചേർന്ന ക്ലിനിക്… അതായിരിക്കുന്നു ലോകം… ഇടയ്ക്കെപ്പോഴും നാട്ടിലെ ഓർമ്മകൾ മിന്നിമറയും..
തന്നെ തനിച്ച് വിട്ട് എങ്ങോ മറഞ്ഞ് പോയ അച്ഛനും ഒപ്പം വളർന്ന് തന്നോളമെത്തിയപ്പോ പറന്ന് വേറൊരാളുടെ കൂടെ പോയ അനിയത്തിക്കുട്ടിയും പിന്നെ എപ്പോഴും എന്തിനും വാക് ശരങ്ങൾ കൊണ്ട് നോവിക്കുന്ന അമ്മയും… എങ്ങനെയാണ് വീണ്യം വീണ്ടും എനിക്ക് ജീവിക്കാൻ തോന്നുന്നത്….
“ശ്രീ… ഇതാ ചൂടുവെള്ളം ഇത് കുടിക്ക് ” ഷീല ചേച്ചി വീണ്ടും വന്ന് വെള്ളം തന്നപ്പോഴാണ് ശ്രീക്കുട്ടി ഓർമ്മയുടെ ചില്ല പാത്രം വീണ്ടും പൊട്ടിയത്….
ഒന്നു പ്രസവിച്ചാൽ വേദന മാറുമെന്ന ആ വാക്ക് വീണ്ടും ചെവിയിലെത്തി… അമ്മയാകണം പിറക്കുന്ന കുഞ്ഞിനെ പൊന്നുപോലെ നോക്കി വളർത്തി മിടുക്കിക്കുട്ടിയാക്കണം…
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു പണ്ട് നിറം ചാർത്തിയിരുന്നത്… അതിന് ഇത്രയും ചെറിയ സമയത്തിനിടയിൽ പൊട്ടിത്തകർന്ന് തരിപ്പണമാകുമെന്ന് തനിക്ക് പോലും വിശ്വാസമാകുന്നില്ല…
ഹരിയേട്ടന്റെ ഫോണിൽ നിന്നും ഒരു പെന്നിന്റെ നമ്പറിലേക്ക് എപ്പോഴും വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മിണ്ടാതിരുന്നു സഹിച്ചത് ഞാൻ എത്രമാത്രം ഹരിയേട്ടനെ ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമായിരുന്നില്ലേ…
എന്നിട്ടും എനിക്ക് മാത്രം എല്ലാം നിഷേധിച്ചു… സ്നേഹവും കരുതലും ലാളനയും കൊഞ്ചിക്കാൻ ഒരു കുഞ്ഞിനെ വേണമെന്നു പറഞ്ഞപ്പോഴും ” ഒന്നു സെറ്റാവട്ടെ ” എന്ന് പറഞ്ഞ് മാറ്റിനിർത്തി…..
അതെ സെറ്റാവാൻ വേണ്ടിയുള്ള ഒരു പറിച്ച് നടൽ… അതായിരുന്നോ തനിക്ക് ഈ പ്രവാസം… നെഞ്ചിലെ നെരിപ്പോടിൽ അണയുന്ന തീയുടെ ശക്തി കുറയാനുള്ള ഒളിച്ചോട്ടമായിരുന്നില്ലേ അത്….
എയർപോർട്ടിലേക്ക് കൊണ്ടു വിട്ടു പിരിഞ്ഞ് പോകുമ്പോൾ തന്റെ കണ്ണിൽ നിന്നു പൊഴിഞ്ഞ കണ്ണീർ കണ്ടെങ്കിലും ഒരു തുള്ളി ഹരിയേട്ടന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനോർത്തു….
അത് ഉണ്ടാവുമെന്ന് ആഗഹിച്ചത് തന്നെ തെറ്റാണ്… ഒരു കട്ടിലിന്റെ രണ്ട് അറ്റങ്ങളിൽ രണ്ട് ലോകത്ത് ജീവിച്ചവർക്ക് എങ്ങനെ കരയാനാകും…
ഒരിക്കലെങ്കിലും ഹരിയേട്ടന് പറയാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്… കല്യാണത്തിനു മുന്നേ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞു മാറി എന്റെ ലോകത്ത് തനിച്ചായിരുന്നാലും പാറി നടന്നേനെ… ഒരു കൂട്ട് കിട്ടുന്നു എന്ന് അറിഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു…
താൻ അനുഭവിച്ച എല്ലാ നിർഭാഗ്യങ്ങളും മാറാൻ പോവുകയാണല്ലോ എന്നോർത്ത് എത്ര സന്തോഷിച്ചു…. അതൊക്കെയും ഒരു സ്ഫടിക പാത്രം വീണുടഞ്ഞ പോലെ എത്ര പെട്ടെന്നാണ് വീണുടഞ്ഞത്….
” ശ്രീക്കുട്ടീ പഞ്ച് ചെയ്യുന്നില്ലേ…. വണ്ടി പുറപ്പെടാറായിട്ടാ “
മുനീർക്കയാണ്… സൗദിയിൽ വന്നിറങ്ങിയപ്പോ ആദ്യം കണ്ട മുഖമാണ്… എപ്പോഴും സ്നേഹത്തിൽ സംസാരിക്കുന്ന ഒരു തനി തൃശൂർക്കാരൻ… ഷീല ചേച്ചിയും തൃശൂരാണ്…പിന്നെ ഒരു അറബി ഡോക്ടറും രണ്ട് ഫിലിപ്പൈൻസ് നഴ്സ്മാരും…
ശരിക്കും ഇപ്പോ തന്റെ ലോകം ഈ അഞ്ച് പേരെയും ചുറ്റി പറ്റിയാണ്…. വയറു വേദനിക്കുന്നുണ്ടെങ്കിലും വേച്ച് വേച്ച് വണ്ടിയുടെ പിറകിലെ സീറ്റിൽ ചാഞ്ഞ് കിടന്നു… നിദ്രയെ പുൽകുന്നത് അവളറിഞ്ഞില്ല.
” ഡീ… പരട്ട പെണ്ണേ… എണീക്ക്”
” വയ്യ കുഞ്ഞേ… ഇത്തിരി കൂടി ഉറങ്ങിക്കോട്ടെ”
“ആഹാ കൊള്ളാലോ”
എന്നാൽ ഞാനുമുണ്ട് നിന്റെ കൂടെ കിടക്കാൻ…
“ഡീ പെണ്ണേ…നിനക്ക് എന്തൊരു മണമാണ്… നീ ഇന്നലെ കുളിച്ചില്ലാരുന്നോ….”
“അയ്യോ…. ഒന്നു പോയേ…. കളിയാക്കല്ലേ… വാ… അടുത്ത് വന്നെ…ദേ… ഇവിടെ ഈ ചുണ്ടിൽ മാത്രം ഒരുമ്മ തരുമോ….”
” ചുണ്ടിൽ മാത്രായിട്ട് തരില്ല ട്ടോ പെണ്ണേ””
“യ്യോ… എങ്കിൽ വേണ്ട കേട്ടോ”
“അങ്ങനെ പറയല്ല…. ശരിയാക്കാമെന്നേ”…. മുടികൾ പിന്നിലേക്ക് ചായ്ച് വച്ച് അവൻ തന്റെ മേലേക്ക് ചാഞ്ഞ് വരുന്നത് അവളറിഞ്ഞു….
” ഒരു മിനുട്ട്… ഒരു മിനുട്ട്””
” എന്തോന്നാ “
” എനിക്ക്…. എനിക്ക്….
” പറയ്…നിനക്ക്”
“പിന്നില്ലേടാ കൊച്ചേ…. എനിക്ക് നിന്നെ പോലെ ഒരു കുഞ്ഞാവയെ തര്വോടാ….”
” ടീ പെണ്ണേ കൊള്ളാലോ പൂതി…. ഞാനല്ലാതെ ആരാണ് നിനക്ക് കുഞ്ഞുവാവയെ തരിക…. പക്ഷേ ഇപ്പോഴല്ലകേട്ടോ….”
“മ് ….. മ്…. പിന്നേ”
” തരാമെന്നേയ്… ഈ മരങ്ങളൊക്കെ പൂത്ത് തളിർത്ത് മഞ്ഞ് പെയ്യുന്ന സമയത്ത് മതിയോ”
“ഡാ പിന്നില്ലേ… നീ എന്നെ പറ്റിച്ച് പോവുമോ??”
“ശ്ശെടാ ഇല്ലെന്നേ…നിന്റെ ലോകം എന്റേത് കൂടിയല്ലേ നിന്നെ ഒറ്റയ്ക്ക് വിട്ട് ഞാൻ എങ്ങോട്ട് പോകാൻ…”
“വാടീ…. ഇങ്ങട്ത്ത് വന്നേ എന്റെ ദേഹത്ത് നിനക്ക് ഒട്ടിയിരിക്ക്…”
അവൻ അവൾടെ നെഞ്ചിലേക്ക് ചാരി…. ചുണ്ടുകൾ ചുണ്ടിലേക്കും….
“ശ്രീക്കുട്ടീ…. ബാക്കി റൂമിലെത്തിയിട്ട് ഉറങ്ങിക്കോ”
” ങേ “
“എന്താടീ നിന്ന് പേടിപ്പിക്കുന്നോ ” ഷീല ചേച്ചിയാണ്… അപ്പോ സ്വപ്നമായിരുന്നോ കണ്ടത്…. അപ്പോ അതിൽ കണ്ടത് ആരെയാണ്…. ശ്രീക്കുട്ടി… ഒന്നു നെടു വീർപ്പിട്ടു… മെല്ലെ ബസ്സിന്റെ പടികൾ ഇറങ്ങി… കൈകൾ പിടിക്കാൻ ഷീല ചേച്ചി കൂടെയുണ്ട്….
“പിന്നേയ് ഞാൻ പറഞ്ഞ കാര്യം മറക്കണ്ടട്ടോ”
“എന്ത് കാര്യം”
” ഒരു പ്രസവമൊക്കെ കഴിഞ്ഞാൽ ഈ പീരിഡ് സ് ടൈമിലുള്ള വേദനയൊക്കെ മാറുമെന്ന് കെട്ട്യോനൊടൊന്ന് പറ”
ശ്രീക്കുട്ടി ഒന്നു ചിരിച്ചു…. “പറയാം… പോയിട്ട് ബാക്കി സ്വപ്നം കാണുവാണെങ്കിൽ”