മരുമോളുടെ ഉറക്കെയുള്ള ശകാരം കേട്ടു ഞാൻ ഞെട്ടിയെണീറ്റു, മോളെ ഞാൻ അറിയാതെ ഇവിടിരുന്നു ഉറങ്ങി..

സുകൃതം
(രചന: അച്ചു വിപിൻ)

അതേയ് ഈ കണ്ണട മാറാൻ നേരായിട്ടോ….. വന്നു വന്ന് തല കീഴായിട്ടാണോ പത്രം വായിക്കുന്നത്..

ഭാനു അത് പറയുമ്പോൾ അവളുടെ നേരെ നോക്കി ഉള്ളിലുള്ള സങ്കടം മറച്ചു വെച്ചു മുഖത്തൊരു ചിരി വരുത്തി ഞാൻ….

അല്ലെങ്കിലും കണ്ണട മാറാറായിട്ടു മാസം കുറെയായി ആരോടും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം അഥവാ പറഞ്ഞാലും ഭർത്താവിന്റെ കാശ് കളഞ്ഞുവെന്ന മരുമോൾടെ കുറ്റം പറച്ചിൽ കേൾക്കേണ്ടി വരും … എന്തിനാ വെറുതെ….

നിങ്ങളെന്താ മാധവേട്ട  ഇരുന്നീ ആലോചിക്കുന്നേ ഞാൻ പറഞ്ഞത് കേട്ടില്ലന്നുണ്ടോ?

ഒക്കെ ഞാൻ കേട്ടു ഭാനു..എനിക്കിപ്പോ ഒരു  കണ്ണടയുടെ ആവശ്യം ഒന്നും ഇല്ല ..ഇനിപ്പൊ ഞാൻ പൊട്ടക്കണ്ണൻ ആയാൽ തന്നെ കാഴ്ച പകരാൻ നി അടുത്തുള്ളപ്പോൾ എന്തിനാടി പെണ്ണെ എനിക്കൊരു കണ്ണട… ഞാൻ ഉറക്കെ ചിരിച്ചു….

ഹോ എന്ത് പറഞ്ഞാലും ഇതുപോലെയുള്ള മറുപടി കാണും ….ഞാൻ ഒന്നും പറയുന്നില്ല പൊന്നെ….
അവളുടെ മുഖത്ത് നാണം….

ഞാൻ എന്നാ ചെല്ലട്ടെ… അടുക്കളയിൽ ബാക്കി  പണി കിടക്കുവാ…

ഹ അങ്ങനെ അങ്ങു പോകാതേടി കുറച്ച് നേരം നി ഇവിടെയിരിക്കു….. നിന്നെ ശരിക്കൊന്നു കാണട്ടെ ഞാൻ ….

മ്മ്…ഇത്രേം നാളും കണ്ടത് പോരെ…. ഇവിടിരുന്നു കിന്നാരം പറഞ്ഞിരിക്കാനൊന്നും എനിക്കിപ്പൊ നേരമില്ല.. കുട്യോൾ സ്കൂളിൽ നിന്നും വരാറായി നൂറു കൂട്ടം പണിയാ ബാക്കി, ഇത്രയും പറഞ്ഞുകൊണ്ടവൾ അകത്തേക്ക് കയറി പോയി…

നേരത്തെ ഉണ്ടായിരുന്ന വേലക്കാരിയെ മരുമോൾ പറഞ്ഞു വിട്ടു…..

ഇവിട ഇപ്പൊ അമ്മയുണ്ടല്ലലോ? ഇനിയെന്തിന ഒരു വേലക്കാരി?

ഞാനും പ്രവീണും കഷ്ടപെട്ടുണ്ടാക്കണ കാശു കണ്ടവർ കൊണ്ടോയി തിന്നണോ അമ്മേ എന്നവൾ ചോദിച്ചപ്പോൾ ഭാനു തന്നാ പറഞ്ഞത് വീട്ടിൽ വെറുതെ ഇരിക്കുവല്ലേ ഒക്കെ ചെയ്‌തോളാം മോളെന്നു….

ഇതിപ്പോ കുറച്ചായി അവളുടെ ഈ കഷ്ടപ്പാട് തുടങ്ങിയിട്ട്…ഉള്ളതൊക്കെ മോനെഴുതിക്കൊടുതേക്കു നമുക്കെന്തിനാ ഇതൊക്കെ……

ചാകുമ്പോ വല്ലോം മേപ്പോട്ടു  കൊണ്ടുപോകണ്ടോ എന്നവൾ ചോദിച്ചപ്പോ കൂടുതലൊന്നും നോക്കിയില്ല ഒരേ ഒരു മോനല്ലേ വയസ്സാം കാലത്തു നോക്കും എന്ന് കരുതി..ഇതിപ്പോ അവനു ഭാര്യ പറയുന്നതാ വേദവാക്യം…..

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നും കാർന്നോമ്മാര്  പറയും അതിലൊക്കെ ഒരുപാട് സത്യോണ്ടെന്നു ജീവിതം പഠിപ്പിച്ചു….

അങ്ങനെ ഓരോന്നോലോലോചിരുന്നു അവിടിരുന്നു ഉറങ്ങി പോയി…

ഓ….കിടന്നുറങ്ങാൻ കണ്ട സ്ഥലം അച്ഛനാകതെങ്ങാനും പോയി കിടന്നുറങ്ങികൂടെ
പ്രവീണിന്റെ പേഷ്യന്സ്  ആരേലും വന്ന് കണ്ട എന്താ വിചാരിക്കാ….. വെറുതെ മനുഷ്യനെ നാണം കെടുത്താൻ….

അച്ഛാ……..

മരുമോളുടെ ഉറക്കെയുള്ള ശകാരം കേട്ടു ഞാൻ ഞെട്ടിയെണീറ്റു ….

മോളെ ഞാൻ അറിയാതെ ഇവിടിരുന്നു ഉറങ്ങി പോയതാ…..

അറിയാതെ ഒന്നുമല്ല അറിഞ്ഞോണ്ട് തന്നാ ഈ  കാട്ടിക്കൂട്ടുന്നതൊക്കെ… പറ്റില്ലെങ്കിൽ മുറിക്കകത്തു പോയി കിടക്കണം അല്ലാതെ ഉമ്മറത്ത് പ്രതിഷ്ടിച്ചിരിക്കുവല്ല വേണ്ടത്  നാശം…

ഇത്രയും പറഞ്ഞവൾ ചാടി തുള്ളി അകത്തേക്ക് പോയി ….

മനസ്സിലെ വല്ലായ്ക മറച്ചു പിടിച്ചകത്തേക്ക് കയറിയപ്പോൾ കണ്ടു അടുക്കള വാതിലിന്റെ മറവു പറ്റി ന്റെ ഭാനു…ഒന്നേ നോക്കിയുള്ളൂ ന്റെ കണ്ണുനീർ കാഴ്‌ചയെ മറച്ചിരുന്നു….

രാത്രി ഇറയത്തു പാത്രം കഴുകി കൊണ്ടിരുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു….

ഭാനു…..

എന്തോ……..

അവൾ കൈ കഴുകി എന്റെ നേരെ തിരിഞ്ഞു നിന്നു….

നിനക്കു വിഷമയോടി…

ആയില്ല എന്നു ഞാൻ കള്ളം പറയുന്നില്ല മാധവേട്ട….നിങ്ങക്കും വിഷമമായെന്നെനിക്കറിയാം….. അവൾ സാരിയുടെ തുമ്പു കൊണ്ട് കണ്ണുനീർ തുടച്ചു….

പോട്ടെടി സാരോല്ല …..മ്മടെ മോളല്ലേ അവളും…. മരുമോളായല്ല  മോളായ കണ്ടേക്കണത്….വിട്ടു കളയു….

നമ്മടെ മോൻ ഒരു ഡോക്ടർ ആണെന്ന് ഞാനും ഓർക്കണമായിരുന്നു. വൈകിട്ടു അവനെ കാണാൻ ഒത്തിരി രോഗികൾ വരണതല്ലേ ആ അവസ്ഥയിൽ ഞാൻ അവിടെ ഇരിക്കുന്നത് അവനു കുറച്ചിലാകും…അല്ലേലും വയസ്സായ ഏതേലും മൂലയിൽ ഇരുന്നോണം …..

മാധവേട്ട ….

സങ്കടം സഹിക്ക വയ്യാതെ അവൾ എന്നെ കെട്ടിപിടിച്ചു…

ഓഹോ അപ്പൊ ഇതാണ് പരിപാടി .. നാണമില്ലല്ലോ ഇങ്ങനെ അടുക്കള വശത്തു നിന്നും കെട്ടിപ്പിടിച്ചോണ്ട് നിക്കാൻ .അപ്പുറത്തൊക്കെ ആൾക്കാരുള്ളതാ…

വയസ്സായിട്ടും ഈ വക സൂക്കേട് മാറിയിട്ടില്ലല്ലേ രണ്ടാൾക്കും ? അത്രയ്ക്ക് മുട്ടി നിക്കാണേൽ വീടിനകത്തു  കയറി കതകടച്ചു എന്താണെന്നു വെച്ചാൽ ആയിക്കൂടെ?. ഇവിടെ വളർന്നു വരുന്ന രണ്ടു പിള്ളേർ ഉണ്ടെന്നു ഓർത്തോ നിങ്ങൾ  …

ദീപേ…..കുറച്ച് കൂടുന്നുണ്ട്  ഞങ്ങൾ എന്ത് ചെയ്തതാ നീ കണ്ടത് പറ… സത്യമറിയാതെ ആക്രോശിക്കുന്ന ദീപയോട് ഭാനു ചോദിച്ചു  …..

ചെയ്‌തതെന്താണെന്നു എന്നെ കൊണ്ട് പറയിപ്പിക്കണോ?

എന്താ ഇവിടെ ബഹളം…… പ്രവീൺ അങ്ങോട്ടു കടന്നു വന്നു …

അച്ഛനും അമ്മയ്ക്കും വയസ്സാം കാലത്ത് ഓരോ പൂതിയാ പ്രവി…ജാക്കിയെ കൂടു തുറന്നു വിടാൻ ഇറങ്ങി വന്നതാ ഞാൻ അപ്പൊ ദേണ്ടെ രണ്ടാളും ഇവിടെ കെട്ടിപ്പിടിച്ചോണ്ടു നിൽക്കുന്നു..ആളുകൾ കാണില്ലേ അകത്തുപോയി ആയിക്കൂടെന്നു ഞാൻ ചോദിച്ചു അത്രേ ഉള്ളു അതമ്മക്കു ഇഷ്ടപ്പെട്ടില്ല…

മോനെ ഞാൻ പറയട്ടെ …..

അച്ഛൻ ഒന്നും പറയണ്ട കുറെയായി സഹിക്കുന്നു… എന്തിനാ അച്ഛാ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് വയസ്സായ വല്ലിടത്തും അടങ്ങി ഒതുങ്ങി ഇരുന്നൂടെ….ഇതൊരുമാതിരി…

അവനോടു മറുപടി പറയാൻ ഒരുങ്ങി മുന്നോട്ടു നീങ്ങിയ എന്റെ കയ്യിൽ ഭാനു മുറുക്കെ പിടിച്ചു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…അരുതേ എന്നവൾ പറയാതെ പറയുന്നുണ്ടായിരുന്നു….

രാത്രി കിടന്നിട്ടുറക്കം വരുന്നില്ല…അടുത്ത് കിടന്നുറങ്ങുന്ന ഭാനുവിന്റെ മുടിയിൽ ഞാൻ പതിയെ  തലോടി..എങ്ങനെ കൈവെള്ളയിൽ കൊണ്ട് നടന്നതാ ഞാൻ…പാവം വേലക്കാരിയെക്കാൾ താഴെയാണ് ഈ വീട്ടിൽ അവളുടെ സ്ഥാനം…

തൊണ്ട വരളുന്ന പോലെ തോന്നിയെനിക്ക് അല്പം വെള്ളമെടുക്കാൻ ഹോളിലേക്കു ചെന്നു ..
മോനും മരുമോളും ഉറങ്ങിയിട്ടില്ല അവരുടെ മുറിയിൽ ലൈറ്റ് ഉണ്ട്…

അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. ചിലപ്പോൾ വൈകിട്ട് അങ്ങനെ പറഞ്ഞതിൽ ദീപക്ക് വിഷമം കാണും അതാകും അവർ പറയുന്നതെന്ന് ഞാൻ കരുതി…പക്ഷെ എന്റെ കണക്കുകൂട്ടലുകൾ പാടെ  തെറ്റി…

ഇനി എനിക്ക് പറ്റില്ല പ്രവി  .I cant tollerate them …this is too much…നമുക്ക് അവരെ വല്ല ഓൾഡേജ് ഹോമിലുമാക്കാം  അതാവുമ്പോ നമുക്ക് വല്യ തലവേദനയില്ല…രണ്ടാളും അവിടെ കിടന്ന് എന്താന്ന് വെച്ച ചെയ്‌തോട്ടെ….എന്താ പ്രവിയുടെ  അഭിപ്രായം.

ദൈവമേ ഇതും കേൾക്കേണ്ടി വന്നല്ലോ? നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താണ് പോയെങ്കിൽ എന്ന് ഞാൻ ആശിച്ചു…

വേണ്ട ……..എന്റെ അച്ചനും അമ്മയും എങ്ങോട്ടും പോകണ്ട ഇവിടെ നിന്നാൽ മതിയെന്ന് എന്റെ മകൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു …ആ പ്രതീക്ഷയും തെറ്റിപ്പോയി…

നീ പറഞ്ഞത് ശരിയാണ് ദീപ ഞാനും ഇതു കുറെയായി കരുതുന്നു…നാളെ വൈകുന്നേരം ആവട്ടെ ഇതിനെ പറ്റി ഞാൻ അവരോടു സംസാരിക്കാം….

എന്റെ ചെവി പൊട്ടി പോയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി…സ്നേഹിച്ചു പോന്നു പോലെ വളർത്തിയ മകൻ ആണീ പറയുന്നത്.. ഇത്തിരിയതികം വെള്ളം കുടിച്ചു ഞാൻ മുറിയിലേക്ക് ചെന്നു…. വാതിൽക്കൽ കരച്ചിലടക്കി ഭാനു നിൽക്കുന്നുണ്ടായിരുന്നു….

നീ…നീ വല്ലതും കേട്ടോ?

മ്മ് ..,,, കേട്ടു   ന്റെ കണ്ണിനെ കാഴ്ചക്കുറവുള്ളൂ ചെവി ഇപ്പഴും നല്ലോണം കേൾക്കാം മാധവേട്ട…അവൾ വിതുമ്പി….

കരയാതെ ഭാനു ഒക്കെ ശരിയാകും….വാ നമുക്ക് കിടക്കാം..ഇത് ഈ വീട്ടിലെ നമ്മുടെ അവസാന രാത്രി ആണ് നന്നായി ഉറങ്ങിക്കോടി….

അവരൊക്കെ പോയോ ഭാനു….

മ്മ് എല്ലാരും പോയി…

എന്നാൽ അത്യാവശ്യം എന്ന് നിനക്ക് തോന്നുന്ന കുറച്ച് വസ്ത്രങ്ങൾ എടുത്തോളൂ…ഞാൻ നിനക്ക് മേടിച്ചു തന്നത് മാത്രം എടുത്താൽ മതി….

നമ്മൾ എങ്ങോട്ടാ പോണത്….

32 വർഷങ്ങൾക്കു മുൻപ് എല്ലാം ഉപേക്ഷിച്ചു നീ എന്റെ കൂടെ വന്നപ്പോ ഈ ചോദ്യം നീഎന്നോട് ചോദിച്ചോ?

ഇല്ല എന്നവൾ തലയാട്ടി….

എന്നാൽ ഇപ്പഴും ചോദിക്കണ്ട….

നമ്മള് പോയാൽ മക്കൾക്കാരാ ഉള്ളത് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു  …

അവർക്കു  ഇപ്പൊ നമ്മടെ ആവശ്യമില്ല ഭാനു …അടക്ക ആയാൽ മടിയിൽ വെക്കാം അടക്കമരം ആയാലോ ?

ചോദ്യങ്ങൾ ഒന്നും വേണ്ട എന്റെ കൂടെ വരുന്നേൽ  നീ തയ്യാറായിക്കോളു…

അവൾ ഒന്നും മിണ്ടാതെ ഒരു ബാഗെടുത്തു ഞങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ മാത്രം എടുത്തു പുറത്തേക്കു  വന്നു….

വാതിൽ പൂട്ടി താക്കോലും, മകനുള്ള ഒരു കത്തും ചവിട്ടിക്കടിയിൽ വെച്ചു….

പ്രിയപ്പെട്ട മോന് ,

ഞാൻ ഭാനുവിനേം കൊണ്ട് ഇവിടെ നിന്നും പോകുന്നു….. ഇനിയുള്ള കാലം എന്റെ ഭാര്യയെ നോക്കാൻ എനിക്കറിയാം…മോനെ ഞങ്ങൾക്കായി നീ വൃദ്ധസദനത്തിൽ കാശ്മുടക്കി ബുദ്ധിമുട്ടണ്ട…ആരുടെയും കാരുണ്യത്തിൽ കഴിയേണ്ട ഗതികേട് മനയംപിള്ളി മാധവനില്ല ….

അച്ഛൻ മോന്  ചെറിയ ഒരു ഉപദേശം തരാം ആ കാശ് ഇപ്പോൾ തന്നെ നീ നിന്റെ പേരിൽ ബാങ്കിൽ ഇട്ടോളൂ…ഭാവിയിൽ സ്വന്തം മക്കൾ നിന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടാലും  ഒരു നേരത്തെ അന്നത്തിനുപകരിക്കും..കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ വയ്പ്പ്….

ഇനി ഇങ്ങനെ ഒരച്ഛനും അമ്മയും നിനക്കില്ല ഞങ്ങൾ  മരിച്ചു പോയി എന്ന് തന്നെ കരുതിക്കോളൂ…ദയവു ചെയ്തു അന്വേഷിച്ചു വരരുത്..

നല്ലത് വരട്ടെ…

എന്ന്  മാധവൻ….

ഭാനുവിന്റെ കൈപിടിച്ച് ചോര നീരാക്കി ഉണ്ടാക്കിയ ആ വീടിന്റെ പടികളിറങ്ങുമ്പോൾ ചങ്കു കത്തുന്നുണ്ടായിരുന്നു….

പറഞ്ഞ പ്രകാരം അടുത്ത സുഹൃത്തായ ദിവാകരൻ ഏർപ്പാടാക്കിയ ഒരോട്ടോ അൽപ സമയത്തിനകം  ഗേറ്റിനു മുന്നിൽ വന്നു നിന്നു…

കയറിക്കോളു നമുക്ക് പോകാനുള്ളത ഞാൻ അവളെ നോക്കി പറഞ്ഞു…

അവൾ കയറിയ ശേഷം ഞാൻ പുറകെ കയറി… ഭാനു ഇനി നീ കണ്ണുകൾ അടച്ചോളു നിനക്കായി ഒരത്ഭുതം കാത്തിരിപ്പുണ്ട്…

എന്താ എന്നൊന്നും ചോദിക്കാതെ അവൾ മെല്ലെ കണ്ണുകൾ അടച്ചു…

ഓട്ടോയിൽ നിന്നും ഇറങ്ങിയപ്പോ തൊട്ടു ചോദിക്കണതാ ഇതേതു കുന്നിന്റെ മോളിലോട്ടാ മാധവേട്ട  നമ്മളീ  പോകുന്നത്…

ഹോ വയ്യ ….നമ്മളെപ്പഴാ എത്താ?

മ്മ്… ഇപ്പൊ എത്തും….നീ എന്റെ കയ്യിൽ വീഴാതെ മുറുക്കി പിടിച്ചോട്ടോ …

സത്യം പറ  നമ്മള് വല്ല കൊക്കയിലും ചാടി മരിക്കാൻ പോകുവാണോ?

ഹ ഹ അത് കൊള്ളാം നിന്റെയൊപ്പം ജീവിച്ചു മതിയായിട്ടില്ല അപ്പഴാണോ  മരിക്കണതിനെ പറ്റി ചിന്തിക്കുന്നത്…സംസാരം നിർത്തി നടക്കു മുന്നോട്ടു…..

ആ മതി ഇവിടെ നിൽക്കു… നമ്മൾ എത്തി.

ആ ഇനി കണ്ണുകൾ തുറന്നോ….

അവൾ കണ്ണുകൾ തുറന്നു നോക്കി …

മാധവേട്ട…..എന്താ ഞാൻ ഈ കാണുന്നത് ഇത്  …ഇത് ….

അതേടി…. നീ വലതു കാല് വെച്ചു കയറിയ നമ്മടെ പഴയ  വീട് തന്നെ ആണിത് …ഇത് കൈ വിട്ടു പോയെന്നല്ലേ നീ കരുതിയിരുന്നത്….

ഒക്കെ വിറ്റിട്ടും ഇത് മാത്രം  ഞാൻ ആർക്കും കൊടുത്തില്ല… ഈ വീട്ടിൽ നമ്മൾ  രണ്ടാളും അധ്വാനിച്ചതിന്റെ  വിയർപ്പുണ്ട്, സന്തോഷവും സങ്കടവും നമ്മൾ പങ്കിട്ടത് ആ ഉമ്മറത്തിരുന്നാണ്… നമ്മടെ മോൻ ആദ്യമായി പിച്ചവെച്ചത് ഈ മുറ്റത്തുകൂടിയാണ് ..

ഒരുപാടു സ്വപ്നങ്ങൾ നമ്മൾ ഒരുമിച്ചിരുന്നു കണ്ട വീടാണിത്…ഇത് ഞാൻ വിട്ടുകളയുന്നതെങ്ങിനെ…..

എല്ലാം നമ്മടെ മോന് കൊടുത്തിരുന്നേൽ നമ്മൾ ഇപ്പൊ ആരായേനെ….. ഒക്കെ ഞാൻ മുൻകൂട്ടി കണ്ടിരുന്നു ഭാനു …

ഇനി നിന്നെ പോറ്റാൻ ഈ മാധവൻ  മതി…. നിന്നെ നല്ലോണം  നോക്കിക്കോളാം എന്ന് നീ എന്റെ കൂടെ ഇറങ്ങി പോന്നപ്പോൾ ഞാൻ നിനക്ക് തന്ന വാക്കാണ്…

പൊന്നു  വിളയുന്ന ഈ പറമ്പിൽ നിന്നും കിട്ടൂടി പെണ്ണെ  നമ്മുക്ക് ജീവിക്കാൻ ഉള്ള വക…

ദിവാകര ആ വിളക്കിങ്ങടെടുത്തോളൂ…

അകത്തു നിന്നും ദിവാകരൻ വിളക്കുമായി ഇറങ്ങി വന്നു….

വലതു കാൽ വെച്ചു തന്നെ കയറിക്കോളൂ ഭാനുവേടത്തി….

അവൾ എന്റെ നേരെ നോക്കി…..

മ്മ്… എന്ന് ഞാൻ ചിരിച്ചു കൊണ്ട് മൂളി…

വലതു കാൽ വെച്ചു വിളക്കും പിടിച്ചു  നിറകണ്ണുകളോടെ അകത്തേക്ക് കയറിയത് പതിനെട്ടുകാരിയായ ആ പഴയ ഭാനുമതി തന്നെയാണന്നെനിക്കു ഒരു നിമിഷം തോന്നിപ്പോയി….

NB:ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്… പ്രതീക്ഷകൾ ചിലപ്പോൾ തെറ്റിപ്പോയേക്കാം… ആയകാലത്തു ഭാവിയെ മുന്നിൽ കണ്ടു ഓരോന്ന്  കരുതി വെക്കുന്നത് വയസ്സുകാലത്തു ഉപകരിക്കും….

Leave a Reply

Your email address will not be published. Required fields are marked *