അമ്മേ ഞാൻ പെണ്ണല്ല, കല പറഞ്ഞത് കേട്ട് ഉമ ഒന്ന് ഞെട്ടി എങ്കിലും ശാന്തമായി അവളോട്‌ ചോദിച്ചു..

(രചന: Nisha L)

“അമ്മേ.. ഞാൻ പെണ്ണല്ല.. ” കല പറഞ്ഞത് കേട്ട് ഉമ ഒന്ന് ഞെട്ടി.. എങ്കിലും ശാന്തമായി അവളോട്‌ ചോദിച്ചു..

“അല്ല എന്റെ കൊച്ചിന് ഇപ്പോൾ എന്താ അങ്ങനെ തോന്നാൻ കാരണം..?? “”

“എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം വയസറിയിച്ചു.  എല്ലാവർക്കും ശരീരത്തിന് തുടിപ്പും നെഞ്ചിനു മുഴപ്പും വന്നു.. പതിനാലു വയസ്സ് ആയിട്ടും എനിക്ക് ഇതൊന്നും ഇല്ലല്ലോ.. ഞാൻ പെണ്ണല്ല അമ്മാ.. “

അവൾ സങ്കടത്തോടെ പറഞ്ഞു.

“മോളേ.. അതൊക്കെ ചിലർക്ക് താമസിച്ചേ വയസ്സ് അറിയിക്കൂ.. ശരീരത്തിൽ മാറ്റങ്ങൾ അപ്പോൾ ഉണ്ടാകും. അതിന് നീ ഇങ്ങനെ വിഷമിക്കണ്ട കാര്യമില്ല കേട്ടോ.. “

“അങ്ങനെ അല്ല അമ്മേ.. എനിക്ക്.. എനിക്ക് മറ്റെന്തെക്കെയോ മാറ്റങ്ങൾ..

ആൺകുട്ടികളോടൊപ്പം ക്രിക്കറ്റും ഫുട്ബോളും കളിക്കാനും,,, എപ്പോഴും ആൺകുട്ടികളോടൊന്നിച് ഇരിക്കാനും ഒക്കെ തോന്നുന്നു.. ഞാൻ.. ഞാൻ ആണാണോ എന്ന് സംശയം തോന്നുന്നു അമ്മേ.. “

ഉമ ആകെ വിറങ്ങലിച്ചു പോയി..

“മോളേ.. നീ.. നിനക്ക് എന്താ പറ്റിയത്.. ഇങ്ങനെ ഒക്കെ പറഞ്ഞു അമ്മയെ കൂടി പേടിപ്പിക്കല്ലേ.. “

“അമ്മ എന്തിനാ പേടിക്കുന്നത്.. ഇനിയിപ്പോൾ ഞാൻ പെണ്ണല്ല എങ്കിൽ അമ്മയും അച്ഛനും എന്നെ ഉപേക്ഷിക്കുമോ.. “??  അവൾ കണ്ണീരോടെ ചോദിച്ചു.

“അയ്യോ.. അങ്ങനെ ഒന്നും പറയല്ലേ മോളെ.. നീ എങ്ങനെ ആയാലും എന്റെ വയറ്റിൽ പിറന്നതല്ലേ.. അങ്ങനെ ഉപേക്ഷിച്ചു കളയാൻ പറ്റുമോ. അങ്ങനെ ഒന്നുമില്ല.. മോൾക്ക് വെറുതെ തോന്നുന്നതാ.. “

“അല്ല.. ഞാൻ സീരിയസ് ആയി പറഞ്ഞതാ.. എന്നെ വേണ്ടെന്നു പറഞ്ഞാലും ഞാൻ എങ്ങും പോവില്ല..എനിക്ക് പേടിയാകുന്നു..  എന്റെ ശരീരം ഇങ്ങനെ മാറുന്നത് എന്റെ തെറ്റ് അല്ലല്ലോ.. .

അമ്മയ്ക്കും അച്ഛനും നല്ല വിദ്യാഭ്യാസമുണ്ടല്ലോ.. ഞാൻ പറയുന്നത് മനസിലാക്കൂ.. കുറച്ചു നാളുകളായി ഇങ്ങനെ ഉള്ള മാറ്റങ്ങൾ തോന്നി തുടങ്ങിയിട്ട്..

ആദ്യമൊക്കെ അമ്മ പറഞ്ഞത് പോലെ തോന്നൽ ആകുമെന്ന് ഞാനും കരുതി.. പക്ഷേ.. ഇപ്പോൾ.. അല്ല അമ്മേ ഞാൻ ട്രാൻസ്‍ജൻഡർ ആണ്.. എനിക്ക് അറിയാം… “

അവൾ വെപ്രാളത്തോടെ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.

ഉമ പതിയെ ഞെട്ടലിൽ നിന്ന് മുക്തയായി,, സംയമനം പാലിച്ചു പറഞ്ഞു..

“നമുക്ക് ആദ്യം ഒരു ഡോക്ടറെ കണ്ടു നോക്കാം.. അതിനു ശേഷം തീരുമാനിക്കാം ബാക്കിയൊക്കെ… അതുവരെ എന്റെ കുട്ടി വിഷമിക്കാതെയിരിക്ക്.. ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ… മോള് വല്ലതും കഴിച്ചു ഉറങ്ങാൻ നോക്ക്.. “

ഡോക്ടർ അവളുടെ സംശയം ശരിയായിരുന്നു  എന്ന് സ്ഥിതീകരിച്ചു..

“ഒരു സർജറി കൊണ്ട് ആണായി മാറാം.. പിന്നെ പ്രതുൽപ്പാദന ശേഷി ഉണ്ടാകില്ല എന്നൊരു പ്രശ്നമേയുള്ളു.. കുട്ടിക്ക് വീട്ടിൽ നിന്ന് മാനസിക പിന്തുണ കൊടുക്കണം… “”

ഉമയും കലയും ഡോക്ടറുടെ വാക്കുകൾ കണ്ണീരോടെ കേട്ടു..

ശേഷം..

ഉമ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..
” ഞാൻ അച്ഛനോട് പറയാം  ലീവ് എടുത്തു വരാൻ.. നിന്റെ ചേട്ടനെയും വിളിക്കാം. അവർ കൂടി വരട്ടെ.. എന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് തീരുമാനിക്കാം.. “

കലയുടെ അച്ഛൻ രഘുനാഥ്‌  മധുരയിൽ കച്ചവടം നടത്തുകയാണ് .. ചേട്ടൻ കാർത്തിക് ബാംഗ്ലൂർ ഒരു കമ്പനിയിൽ എലെക്ട്രിക്കൽ എഞ്ചിനീയർ..

രണ്ടു പേരും നാട്ടിൽ എത്തി.. ശേഷം..

വിവരങ്ങൾ അറിഞ്ഞ രഘുവിന്റേയും കാർത്തിയുടെയും മൗനം ഉമയെയും കലയെയും ആശങ്കയിലാക്കി..

ഒന്നും മിണ്ടാതെ രഘു റൂമിലേക്ക് പോയി. ജയസൂര്യ അഭിനയിച്ച ഏതോ സിനിമ അയാളുടെ മനസിലൂടെ കടന്നു പോയി. അന്ന് ആ സിനിമ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.

“പാവം ആ കുട്ടി എന്ത് തെറ്റ് ചെയ്തു,?? എന്തിനാണ് അതിനെ ഒറ്റപ്പെടുത്തിയത്,,??  ആദ്യം മാതാപിതാക്കൾ അല്ലെ തെറ്റുകാർ ആകുന്നത്,,,  അങ്ങനെ ഒരു കുട്ടിക്ക് ജന്മം കൊടുത്തത് അവരല്ലേ,, കുട്ടി എന്തു പിഴച്ചു??? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അന്ന് മനസിലൂടെ കടന്നു പോയി..

ആ അച്ഛനോട് വല്ലാത്ത വെറുപ്പും ദേഷ്യവും തോന്നിയിരുന്നു. പക്ഷേ ഒരിക്കൽ പോലും തന്റെ ജീവിതത്തിൽ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുമെന്ന് വിചാരിച്ചില്ല..

ഇല്ല എനിക്കൊരിക്കലും ആ അച്ഛനെ പോലെ ആകാൻ കഴിയില്ല. എന്റെ കുഞ്ഞിനെ ഞാൻ ഉപേക്ഷിക്കില്ല.. ഏത് അവസ്ഥയിലും താങ്ങായി തണലായി കൂടെ നിൽക്കും.. അയാൾ ഒരു ഉറച്ച തീരുമാനത്തിലെത്തി..

ഉമയും കലയും കാർത്തിക്കും രഘു വിളിച്ചത് അനുസരിച്ചു ഹാളിൽ എത്തി..

“ഇത്ര നാളും മോളായി കണ്ട്,, മോളേ പോലെ വളർത്തിയ എന്റെ കൊച്ചിനെ ഈയൊരു പ്രശ്നത്തിന്റെ പേരിൽ എനിക്കോ ഉമക്കോ കൈ വിടാൻ കഴിയില്ല. എനിക്ക് കാർത്തിയുടെ അഭിപ്രായം ആണ് അറിയേണ്ടത്.. “

കലയെ ഒന്ന് നോക്കി കാർത്തി പറഞ്ഞു..

“ഞാൻ എന്റെ കുഞ്ഞനുജത്തിയായി കണ്ടു വളർത്തിയ എന്റെ മോളെ ഇനി കുഞ്ഞനിയനായി കാണാൻ എനിക്ക് വിഷമം ഒന്നുമില്ല.. “

“പിന്നെ.. ചിലപ്പോൾ ഈ കാരണം കൊണ്ട് ഒരു കല്യാണം നടക്കാൻ എനിക്ക് ചിലപ്പോൾ വിഷമം ഉണ്ടായേക്കും. പക്ഷേ എനിക്കതിൽ ഒരു വിഷമവുമില്ല..

എല്ലാം അറിഞ്ഞു കൊണ്ടു ഏതെങ്കിലും ഒരു പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് വരുവാണെങ്കിൽ മതി എനിക്കൊരു വിവാഹം..

കാലം പുരോഗമിച്ചില്ലേ അച്ഛാ.. ഇതൊക്കെ മനസിലാക്കാൻ സാധിക്കുന്ന ഏതെങ്കിലും പെൺകുട്ടി വരാതിരിക്കില്ല… അല്ലെടി മോളെ.. ” ചിരിയോടെ കലയെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു..

അവൾ സ്നേഹത്തോടെ തന്റെ കുടുംബത്തെ നോക്കി..  ഉമ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

ഒരു സർജറിയിലൂടെ അവൾ ആണായി മാറി… ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ..

“അല്ല.. അമ്മേ.. നമുക്ക് ഇവന് ഒരു പേരിടണ്ടെ..?? “. കാർത്തി ചോദിച്ചു..

“ആഹ്ഹ്… നമുക്ക് കല ഒന്ന് പരിഷ്കരിച്ചു കലേഷ് എന്നാക്കിയാലോ..?? എന്താടാ ഇഷ്ടമായോ ഈ പേര്..?? “”

“ഹ്മ്മ്…. “

ലീവ് തീർന്ന്… അച്ഛനും ചേട്ടനും തിരികെ പോയി..

അതിനു ശേഷം  ആദ്യമായി സ്കൂളിലേക്ക് പോയ ദിവസം..

ആളുകളുടെ തുറിച്ചു നോട്ടവും അടക്കം പറച്ചിലുകളും കേട്ട് ഉമക്ക് തല പെരുക്കുന്നത് പോലെ തോന്നി.. അവർ തല കുമ്പിട്ടു നടന്നു.

“അമ്മക്ക് എന്റെ കൂടെ വരാൻ നാണക്കേട് തോന്നുന്നുണ്ടോ..?

“ഇല്ലടാ… ആളുകൾ ഓരോന്ന് പറയുന്നത് കേട്ടിട്ട് എന്തോ പോലെ..?? “

“അമ്മയോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?? “

“ഹ്മ്മ്.. എന്താ..? “

“എനിക്ക് ചിലവിനു തരുന്നതും എന്റെ കാര്യങ്ങൾ നോക്കുന്നതും എന്നെ സംരക്ഷിക്കുന്നതും ആരാ..? “

“നിന്റെ അച്ഛൻ.. ” ഉമ സംശയത്തോടെ അവനെ നോക്കി.

“ആണല്ലോ… അല്ലാതെ ഈ നാട്ടുകാർ ഒന്നുമല്ലല്ലോ.. “

ഉമയുടെ മുഖം പതിയെ തെളിഞ്ഞു..

“ഞാൻ ആരെയും കൊന്നിട്ടില്ല,, ആരുടെയും മുതൽ പിടിച്ചു പറിച്ചില്ല,, ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല.. പിന്നെ എന്തിനാ അമ്മ എന്നെയോർത്തു തല താഴ്ത്തുന്നത്..?? “

“അതേ… ശരിയാണ്.. നീ പറഞ്ഞത് ഒക്കെ ശരിയാണ്… “

ഉമയുടെ മുഖത്തു ആത്മവിശ്വാസം തെളിഞ്ഞു വന്നു..

“അമ്മ തല ഉയർത്തി നടക്കു… എന്നിട്ട് പരിഹസിക്കുന്നവരോട് ഉറക്കെ വിളിച്ചു പറയ്… എനിക്ക് രണ്ടു ആൺകുട്ടികൾ ആണെന്ന്.. കൗൺസിലിങ് തന്ന ഡോക്ടർ പറഞ്ഞത് അമ്മയും കേട്ടതല്ലേ..

ആളുകൾ പലതും പറയും.. അതിനൊന്നും ചെവി കൊടുക്കരുതെന്ന്.. പിന്നെ സ്കൂളിൽ കുട്ടികളും ചിലപ്പോൾ അകലം കാണിക്കും അതിലൊന്നും തളരരുത് എന്ന്.. “

“ഞാൻ തോൽക്കില്ലമ്മേ.. നന്നായി പഠിച്ചു നല്ല ജോലി വാങ്ങി എന്റെ അച്ഛനെയും അമ്മയേയും ഞാൻ സംരക്ഷിക്കും.. നിങ്ങൾ ഇപ്പോൾ എന്നെ സംരക്ഷിക്കുന്നത് പോലെ.. “

ഒന്നാലോചിച്ചു അവൻ വീണ്ടും തുടർന്നു.

“കാലില്ലാത്തവനും,,  കൈ ഇല്ലാത്തവനും,, മുടന്തനും, കണ്ണു പൊട്ടനും,, ഭ്രാന്തനും,,  ഊരുതെണ്ടിക്കും ഒക്കെ ഇവിടെ ജീവിക്കാമെങ്കിൽ എന്നെപോലെയുള്ളവർക്ക് എന്തിനാണമ്മേ വിലക്ക്..

ഈ ഭൂമി ഞങ്ങളുടേതും കൂടിയാണ്. ഞങ്ങൾക്കും ഇവിടെ ജീവിക്കണം,, തല ഉയർത്തി പിടിച്ചു തന്നെ.. അതിന് അമ്മ ഇങ്ങനെ തല താഴ്ത്തി നടക്കാതെ എന്നെ ചേർത്ത് പിടിച്ചു തല ഉയർത്തി നടക്കുക തന്നെ വേണം… “

ഉമ ആത്മവിശ്വാസം സ്പുരിക്കുന്ന കണ്ണുകളോടെ അവനെ നോക്കി.. ശേഷം അവന്റെ  കൈ കോർത്തു പിടിച്ചു തല ഉയർത്തി നടന്നു തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *