നീയും എന്റെ മകനാണ്, എനിക്കും ഏലികുട്ടിക്കും ശോശന്നക്കും മാത്രമറിയുന്ന രഹസ്യം ഇനിയെല്ലാരും അറിയേണ്ടത്..

വിൽപ്പത്രം
(രചന: നിഷ പിള്ള)

“ശോശന്നേ……”

കൊച്ചൗസേപ്പ് ഉമ്മറത്തിരുന്നു എത്തി നോക്കി . ചട്ടയും മുണ്ടും ധരിച്ച ഒരു അറുപത്തഞ്ചുകാരി അടുക്കളയിൽ നിന്നും വന്നു. കയ്യിൽ സ്റ്റീലിന്റെ ഒരു തവി പിടിച്ചിരുന്നു.

അവർ കൊച്ചൗസേപ്പിന് ഊണിനു മുൻപ് കുടിക്കാനുള്ള ആട്ടിൻ സൂപ്പ് ഉണ്ടാക്കുകയായിരുന്നു .അയാൾക്കതു വർഷങ്ങളായുള്ള ശീലമാണ്.

“എന്താ അച്ചായാ ”

“ജോസഫ്‌കുട്ടി വന്നോടി,രാവിലെ പോയതാണല്ലോ ജീപ്പും കൊണ്ട്, റബർ ഷീറ്റെല്ലാം കൊണ്ടു പോയോ.എനിക്കങ്ങു മേലാതായി. അവൻ വരുമ്പോൾ എന്നെ കണ്ടേച്ചും പോയാൽ മതിയെന്ന് പറയണം.”

”ഉം”

”നീ ഒന്ന് നിന്നെ ഞാൻ പറയട്ടെ, എന്റെ ശവമടക്കിനെങ്കിലും അവന്മാര് വരുമോടി. ഇളയപുത്രിയെയാണ് ഞാൻ കൂടുതൽ സ്നേഹിച്ചത്. അവൾക്കും എന്നെ വേണ്ടല്ലോ”

ശോശന്ന മൗനം പാലിച്ചു. അയാളെ ചാരുകസേരയിൽ നിന്നും എണീയ്ക്കാൻ സഹായിച്ചു. അയാൾ അവളെയും കൂട്ടി സഹധർമിണിയായിരുന്ന ഏലികുട്ടിയുടെ വലിയ രേഖാചിത്രത്തിനു മുന്നിൽ വന്നു നിന്നു.

”ഏലികുട്ടി നല്ലവളാ, അതുകൊണ്ടല്ലേ എനിക്കു പറ്റിയ അബദ്ധം പൊറുത്തു തന്നത്. നിറ ഗർഭിണിയായ നീ ഈ വീട്ടിൽ കയറിവന്നപ്പോൾ മൂത്ത സഹോദരിയെ പോലെ നിന്നെ പരിചരിച്ചത്.

നിനക്കും നിന്റെ കുട്ടിക്കും ഈ വീട്ടിൽ ഉണ്ണാനും ഉറങ്ങാനുമുള്ള സൗകര്യം തന്നത്. എന്നെയും നിന്നെയും രൂപകൂട്ടിനു മുന്നിൽ നിർത്തി, ചെയ്തു പോയ അപരാധത്തിന് മാപ്പു പറയിപ്പിച്ചത്.

മദ്യപിച്ചപ്പോൾ പറ്റിയൊരു തെറ്റ്. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സത്യം ചെയ്യിച്ചത്. ഈ സത്യം നമ്മൾ മൂവരുമല്ലാതെ വേറാരുമറിയാതെന്നു പറഞ്ഞത്.”

ശോശന്ന മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചു, മൂക്ക് പിഴിഞ്ഞു.

”ഏലിക്കുട്ടി അമ്മാമ്മ ഉണ്ടായിരുന്നെങ്കിൽ ”

”അവൾക്കു ദീർഘവീക്ഷണം ഉണ്ടായിരുന്നു . അവൾക്കറിയാമായിരുന്നു. മക്കൾ അമേരിക്കയില്ലേക്ക് കുടിയേറുമ്പോൾ ഞാൻ തനിച്ചാകുമെന്ന്.എനിയ്ക്ക് തുണയായിട്ടു കൂടിയാണ് അവള് നിന്നെ ഇവിടെ താമസിപ്പിച്ചത് .

ജോസഫ് കുട്ടിയോട് അവൾക്കെന്നാ സ്നേഹമായിരുന്നു. ചെറിയാൻ, ചാക്കോച്ചൻ, ജോസ് കുട്ടി , ജോളിയമ്മ, ഇവർക്കാർക്കും കൊടുക്കാത്തൊരു പ്രത്യേക കരുതൽ ഏലിക്കുട്ടി ജോസഫ് കുട്ടിക്ക് കൊടുത്തു.

അവനും അങ്ങനെ തന്നെയാണ്,മറ്റു മക്കൾക്കാർക്കുമില്ലാത്ത സ്നേഹമാണ് അവനെന്നോടും ഏലികുട്ടിയോടും. പാവം ! അവനിന്നുമറിയില്ല അവന്റപ്പൻ ഞാനാണെന്ന് , അവനെന്റെ ഇളയ പുത്രനാണെന്ന്.ഒരിക്കലും എനിക്കെന്റെ പുത്രവാത്സല്യം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല.”

അയാൾ പൊട്ടിക്കരഞ്ഞു

“ശോശന്നേ ,എനിക്കൊരു വില്പത്രമെഴുതണം . ഇനി ഞാൻ അധിക കാലമുണ്ടാകില്ല . നിനക്കും ജോസഫ് കുട്ടിക്കും കുറച്ചു വസ്തു വകകളും പണവും മാറ്റി വയ്ക്കണം.എന്റെ കാലശേഷം നിങ്ങൾ അനാഥരാകാൻ പാടില്ല .

അവനു മൂന്നു പെൺകുഞ്ഞുങ്ങളല്ലേ.ജോസഫ് കുട്ടിയും കുടുംബവും ഇപ്പോൾ താമസിക്കുന്ന വീടും മുപ്പതു സെന്റ് സ്ഥലവും അവന്റെ പേരിൽ ഞാൻ നേരത്തെ എഴുതി വച്ചു. എസ്റ്റേറ്റിന്റെ എതിർവശത്തുള്ള അരയേക്കർ പുരയിടം കൂടി അവനു കൊടുക്കണം.

പിന്നെ ഒരു അഞ്ചാറ് ലക്ഷം രൂപ നിന്റെ പേരിൽ ഏലിക്കുട്ടി മാറ്റി വയ്‌പിച്ചിട്ടുണ്ട്. നിന്റെ വാർദ്ധക്യകാല ജീവിതത്തിന്. നീയും മോനും ഒരു കാരണവശാലും ബുദ്ധിമുട്ടരുത്. ഞാൻ പോയാൽ നീ ഈ വീട്ടിൽ ജോലിക്കാരിയായ തുടരരുത്.”

ജീപ്പിന്റെ ശബ്ദം ,ജോസഫ്‌കുട്ടി തിരികെ വന്നു .

“നീ ചോറ് വിളമ്പിക്കോ,ഇവിടെ എന്റെ അടുത്ത് അവനും കൂടി വയ്ക്കൂ ഒരു പാത്രം.”

“അത് വേണ്ട അച്ചായാ ,അവൻ അടുക്കളയിൽ ഇരുന്നോളും,അതാണവന് ശീലം.”

“നീ അവനെ ഇങ്ങോട്ടു വിളിക്കു.”

ആദ്യമായി ആ വലിയ തറവാട് വീടിന്റെ വലിയ ഡൈനിങ്ങ് ഹാളിൽ ഇരുന്നു കഴിക്കാനുള്ള ഭാഗ്യം അന്ന് ജോസഫ് കുട്ടിക്ക് ലഭിച്ചു. അവനു കൊച്ചൗസേപ്പിനെ വലിയ പേടിയും സ്നേഹവും ബഹുമാനവുമാണ്. ആദ്യമായാണ് അവൻ അദ്ദേഹത്തിന്റെ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നത്.

അവൻ ചോറ് കഴിക്കാൻ തുടങ്ങിയപ്പോൾ കൊച്ചൗസേപ്പ് തന്റെ സൂപ്പിൽ കുരുമുളക് പൊടി ചേർത്തിളക്കി , സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു .അതിന്റെ അങ്കലാപ്പ് ആ മുഖത്ത് തെളിഞ്ഞു കണ്ടു.

“ജോസെഫേ,നല്ലയിനം ഈട്ടിയിൽ പണിഞ്ഞ ഒരു നല്ല ശവപ്പെട്ടി വേണമല്ലോടോ , കൊത്തുപണിയൊക്കെ ചെയ്തത്. അഞ്ചടി ഒൻപതിഞ്ചു നീളം വേണം ,നല്ല വീതിയുള്ള ശരീരത്തിന് വേണ്ടി.”

ചിക്കന്റെ ചാറും ചോറും കൂട്ടി ഉരുട്ടി വായിലേയ്ക്ക് കൊണ്ട് വന്ന ഒരുരുള ചോറ് ജോസെഫിന്റെ കയ്യിൽ നിന്നും തിരികെ പാത്രത്തിലേക്ക് വീണു.

“എന്നതാ അച്ചായാ ,ഈ പറയുന്നത്?”

അവൻ അങ്ങനെയാണ് അയാളെ ഇതുവരെ വിളിച്ചിരുന്നത്.ഒരു സുപ്രഭാതത്തിൽ അത് മാറുമെന്നവൻ വിചാരിച്ചിരുന്നില്ല.

“ജോസഫേ,അപ്പന്റെ ആഗ്രഹം മക്കളോടല്ലേ പറയേണ്ടത്.എനിക്ക് ഉശിരുള്ള നാലു മക്കളെ ഏലിക്കുട്ടി സമ്മാനിച്ചു.

ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ എനിക്ക് പറ്റിയൊരു തെറ്റ്, ദൈവമെനിക്ക് സമ്മാനിച്ച അഞ്ചാമത്തെ കുഞ്ഞ് ,അത് നീയാണ്,എന്റെ ഇളയമകൻ .

നീയും എന്റെ മകനാണ് .എനിക്കും ഏലികുട്ടിക്കും ശോശന്നക്കും മാത്രമറിയുന്ന രഹസ്യം.ഇനിയെല്ലാരും അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.”

അവൻ ശോശന്നയെ പകച്ചു നോക്കി.

“ആണോ അമ്മച്ചി,എന്നിട്ടാണോ ഈ വീട്ടിൽ ഞാനൊരു വേലക്കാരനെ പോലെ വളർന്നത്.അച്ചായന്മാരുടെ തല്ലും കളിയാക്കലും അനുഭവിച്ചു”

“അതൊന്നും സാരമില്ല മോനെ,അന്നത്തെ കാലമല്ലേ ,ഏലിക്കുട്ടി അമ്മാമ്മ എനിക്കീ വീട്ടിൽ അഭയം തന്നു.നിന്നെ ഇവിടത്തെ കുട്ടികളെ പോലെ തന്നെ മികച്ച സ്കൂളിലാക്കി.പക്ഷെ നിനക്ക് പഠിക്കാനൊന്നും താല്പര്യമില്ലായിരുന്നു.

നിനക്കും കൃഷിയും ഡ്രൈവിങ്ങും ഒക്കെയായിരുന്നു താല്പര്യം .അമ്മാമ്മയുടെ കാരുണ്യമാണ് നമ്മുടെ ജീവിതം.തെറ്റുകൾ തിരുത്താൻ നിന്റെ അപ്പൻ അന്നേ തയാറായിരുന്നു.ആ വലിയ മനസ്സ് എനിയ്ക്കറിയാം. പക്ഷെ…”

“നിനക്ക് അർഹതപ്പെട്ട സ്നേഹം പ്രകടിപ്പിക്കാൻ കുടുംബ മഹിമയും നാട്ടിലെ പ്രമാണിത്തവും സമ്മതിച്ചില്ല.പക്ഷെ അതേറ്റു പറഞ്ഞു കർത്താവിനോടു കുമ്പസാരിക്കാത്ത രാത്രികൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

നീ ലോഡും കൊണ്ട് മലയിറങ്ങുന്ന ദിവസങ്ങളിൽ നീ തിരിച്ചു വരുന്നത് വരെ എന്റെ നെഞ്ചിനുള്ളിൽ കനലാണ്,നീ വരാതെ ഞാൻ ഉറങ്ങാറില്ല. ഇപ്പോൾ എനിക്കൊരു ആഗ്രഹമേയുള്ളു, എൻ്റെ മക്കളെല്ലാവരുമൊത്ത് കുറച്ച് ദിവസം…. പിന്നെ നിന്റെ മടിയിൽ കിടന്നു കണ്ണടക്കണമെന്ന് .”

ആദ്യമായി അപ്പന്റെ ചുക്കി ചുളിഞ്ഞ കരങ്ങൾ തന്റെ ശിരസ്സിൽ തലോടിയതിന്റെ ആർദ്രതയിൽ ലയിച്ചു ജോസഫ് കുട്ടി അവിടെയിരുന്നു പോയി.

അത് കണ്ടു ശോശന്നയുടെ കണ്ണുകൾ നിറഞ്ഞു .പെട്ടെന്ന് ജോസഫ് കുട്ടിയുടെ മൊബൈലിൽ നിന്ന് “നന്മയുള്ള ലോകമേ ” എന്ന റിങ്ടോൺ കേൾക്കാൻ തുടങ്ങി.

അയാൾ മൊബൈലിന്റെ ഒരു വശത്തു ഞെക്കി അതിനെ നിശബ്ദമാക്കി .മുറിയിലെ ക്രൂശിത രൂപത്തിനും ഏലിക്കുട്ടി അമ്മാമ്മയുടെ രൂപത്തിനും തന്നോട് എന്തൊക്കെയോ പറയാനും ആശ്വസിപ്പിക്കാനും ഉണ്ടെന്നു ജോസഫ് കുട്ടിക്ക് തോന്നി.

ജേസഫ് കുട്ടി ജീപ്പ് പാർക്ക് ചെയ്തു വീടിന്റെ ഉമ്മറത്തേക്ക് വന്നു. ഇപ്പോൾ അവന്റെ വീടിനുള്ളിലേയ്ക്കുള്ള പ്രവേശനം ഉമ്മറവാതിലിലൂടെയാണ്. ചാരു കസേരയിൽ മൂളി പാട്ടുപാടി കൊച്ചൗസേപ്പ് കിടക്കുന്നുണ്ടായിരുന്നു.

“അപ്പച്ചൻ വളരെ സന്തോഷത്തിലാണല്ലോ?”

“അതേടാ,ഞാനവരെയൊക്കെ വിളിച്ചു,എൻ്റെ മൂത്ത മക്കളെ, ഇതെന്റെ അവസാന ക്രിസ്മസ് ആണെന്ന് അങ്ങ് കാച്ചി. ആദ്യ പ്രതികരണം ആശാവഹമല്ലായിരുന്നു.

വിൽപ്പത്രത്തിൻ്റെ കാര്യം സൂചിപ്പിച്ചപ്പോൾ മരുമക്കളൊക്കെ ഉഷാറായി.ഈ ക്രിസ്തുമസിന് എല്ലാവരും കുടുംബസമേതം എത്തും.

നീയും മോളികുട്ടിയും കുഞ്ഞുങ്ങളും ഒരാഴ്ച മുൻപേ ഇങ്ങെത്തണം. ഇപ്രാവശ്യത്തെ ഒരുക്കങ്ങളൊക്കെ നിനക്കങ്ങു വിട്ടു തന്നിരിക്കുവാ . നിന്റെ കുഞ്ഞുങ്ങൾക്കും കൂടി അർഹതപ്പെട്ടതാണ് ഈ തറവാട്.

തറയിലിരുന്ന ജോസഫ് കുട്ടി,തന്റെ തല അപ്പന്റെ മടിയിൽ വച്ച് കിടന്നു,അയാൾക്ക്‌ സങ്കടം വന്നു.അവന്റെ തലയിൽ തലോടുന്ന അപ്പന്റെ കരങ്ങൾക്ക് പഴയ ബലമില്ലെന്നയാൾ മനസിലാക്കി.

“എടാ മക്കളെ,നീ ആ കാറൊന്നു സെർവീസിങ്ങിനു കൊടുക്ക് ,നാളെ രാവിലെ നമുക്കൊരു യാത്രയുണ്ട്.ആദ്യം വക്കീലിന്റെയടുത്ത്,പിന്നെ ഇടവക പള്ളിയിൽ .

വിൽപത്രത്തിന്റെ ഒരു കോപ്പി അച്ചനെ ഏൽപ്പിക്കണം . എനിക്കൊന്നു കുമ്പസാരിക്കണം. അതോടെ കൊച്ചൗസേപ്പ് ഇതുവരെ കെട്ടിപ്പൊക്കിയ മാന്യതയുടെ കപട മുഖം തകർന്നടിയുമായിരിക്കും .എന്നാലും സാരമില്ല .

നിന്റെ കുഞ്ഞുങ്ങളെ കൂടെ സുരക്ഷിതമാക്കിയാൽ എനിക്ക് സമാധാനത്തോടെ, സന്തോഷത്തോടെ മരിക്കാം. ആരെയും വിശ്വസിക്കാൻ കഴിയില്ല. എന്റെ വക്കീലിനെ പോലും,പണത്തിന് അവരെയൊക്കെ സ്വാധീനിക്കാൻ കഴിയും.ക്

രിസ്തുമസിന് മുൻപ്, ഒരു പക്ഷെ സത്യം ഞാനെല്ലാവരോടും വെളിപ്പെടുത്തുന്നതിനു മുൻപ് എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീയും ശോശന്നയും തറവാട്ടിൽ നിന്ന് പുറത്താക്കപെടും.അതിനു മുൻപ് എനിക്ക് എന്തേലും ചെയ്തേ മതിയാകൂ..”

ക്രിസ്തുമസിന്റെ തലേദിവസം,ജോളിയമ്മയും കുടുംബവും മാത്രമേ വരാൻ ബാക്കിയുള്ളു, രാവിലത്തെ ഫ്ലൈറ്റാണ്, കൂട്ടികൊണ്ടു വരാൻ ജോസഫ് കുട്ടി കാറുമായി വെളുപ്പിനെ തിരിച്ചു.

“ജോളി എയർപോർട്ടിൽ കാത്ത് നിൽക്കുകയാണ് , ആ ജോസഫ് കുട്ടിയങ്ങെത്തിയില്ല.”

“ഈ കൂട്ടങ്ങളൊക്കെ അങ്ങനെയാ അച്ചായാ , ഒരാത്മാർത്ഥതയില്ല,പിരിച്ചു വിടണം,കള്ള കൂട്ടങ്ങൾ. അപ്പച്ചന്റെയൊരു സെന്റിമെന്റ്സ്, നമ്മളെക്കാൾ അടുപ്പം അവനോടാണല്ലോ.”

തന്റെ മകനെ കുറ്റം പറയുന്നത് കേട്ട്,ഒന്നും കേൾക്കാത്ത മട്ടിൽ ശോശന്ന അടുക്കളയിൽ പോയി.അത് കണ്ടു കൊണ്ടാണ് കൊച്ചൗസേപ്പ് അങ്ങോട്ട് വന്നത്.

“എന്നതാടാ ചാക്കോച്ചാ ഇവിടെ ഒരു ബഹളം.ജോസഫ് കുട്ടി എന്നെ വിളിച്ചായിരുന്നു. ഏതോ ഒരു തലതെറിച്ചവൻ കഞ്ചാവടിച്ചു വെളിവില്ലാതെ ബൈക്ക് കൊണ്ട് വന്നു നമ്മുടെ വണ്ടിയിൽ ഇടിച്ചു ,അവനെ പോലീസ് പൊക്കിയിട്ടുണ്ട്.

ഞാനാ അവനോടു പറഞ്ഞത് പോലീസ് സ്റ്റേഷനിൽ ഒന്ന് റിപ്പോർട്ട് ചെയ്യാൻ ,അവള് അരമണിക്കൂർ അവിടെ ഒന്ന് നിൽക്കട്ടെ . നാടൊക്കെ ഒന്ന് കണ്ടിട്ട് വർഷങ്ങളായല്ലോ.”

“അല്ലെങ്കിലും അപ്പച്ചന് അപ്പച്ചന്റേതായ ശരികൾ മാത്രമേയുള്ളു. എന്തിനും ഏതിനും ജോസഫ് കുട്ടിയെ ന്യായീകരിക്കും.സ്വന്തം മക്കൾക്ക് എന്ത് വിലയാണ് ഈ വീട്ടിൽ .”

ചെറിയാൻ ദേഷ്യപ്പെട്ടു.അവരോടൊപ്പം അപ്പച്ചൻ ഇരുന്നു. ഇത് തന്നെ തുടങ്ങിവയ്ക്കാൻ പറ്റിയ സമയം എന്ന് കരുതി.

“അവനും എന്റെ മകനാകുമ്പോൾ എനിക്കവനെ തള്ളിക്കളയാൻ കഴിയുമോ? അപ്പന് മക്കളെ സ്ഥാനം നോക്കി വേർതിരിക്കാൻ കഴിയില്ലല്ലോ. മാത്രമല്ല ഇപ്പോൾ എന്റെ കൂടെ നിന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താൻ അവൻ മാത്രമല്ലേയുള്ളു.

നിങ്ങൾ മൂന്നോ നാലോ വർഷങ്ങൾ കൂടുമ്പോൾ കുറച്ചു ചോക്ലേറ്റും പെർഫ്യൂമും സ്‌കോച്ച് വിസ്കിയുമായി എത്തുമ്പോൾ കാര്യങ്ങൾ നടക്കുമോ? നിങ്ങൾക്കെല്ലാം സ്വന്തം കാര്യങ്ങൾ അല്ലെ വലുത്.”

ചാക്കോച്ചൻ ചാടി എഴുന്നേറ്റു,കസേര തള്ളി താഴെയിട്ടു.

“അപ്പന്റെ മകനോ,ഏത് വകയിൽ,സ്വത്തും പണവും കണ്ടു ശോശന്ന വയസു കാലത്തിറക്കിയ കള്ള കഥകൾ കേട്ട്.അമ്മച്ചി ഉണ്ടായിരുന്നേൽ അപ്പൻ ഇങ്ങനെയൊക്കെ പറയുമായിരുന്നോ.”

“കള്ള കഥകൾ അല്ല.അറിയേണ്ടവൾ പണ്ടേയറിഞ്ഞു ക്ഷമിച്ചതാ എന്നോട്, നിന്നെയൊക്കെ ബോധിപ്പിക്കാൻ ഞാൻ വയസ്സ് കാലത്തു ഡി എൻ എ ടെസ്റ്റ് ചെയ്യേണ്ടി വരുമോ ?എന്റെ ഏലിക്കുട്ടി, കർത്താവു തമ്പുരാൻ, സ്ഥലത്തെ വികാരിയച്ചൻ, കുടുംബ വക്കീൽ ,എന്റെ സഹോദരങ്ങൾ ,ഇത്രയും പേർക്കറിയാം .

അത് പോരെ .ഇനിയിപ്പോൾ നിങ്ങളവനെ അംഗീകരിച്ചാലും ഇല്ലെങ്കിലും കഥയുടെ ക്ലൈമാക്സിനു മാറ്റമൊന്നും വരില്ലെടാ ഉവ്വേ .”

മക്കളെല്ലാം എഴുന്നേറ്റു അവരവരുടെ മുറികളിലേയ്ക്കു പോയി.ജോളിയമ്മ വന്നത് മുതൽ സഹോദരങ്ങൾ ഗൂഡാലോചനയിലാണ്.

ശോശന്നയും മോളിക്കുട്ടിയും അപ്പൻ്റേയും മക്കളുടേയും കലഹത്തിനിടയിൽ ,ആ വീട്ടിൽ ശ്വാസം മുട്ടിയ അവസ്ഥയിലാണ്.കുടുംബത്തിൽ വികാരിയച്ചൻ്റെ ഇടപെടലുണ്ടായി. ക്രിസ്തുമസിൻ്റെ ദിനം എല്ലാവരും അപ്പനോട് സ്നേഹം കാണിച്ചു തുടങ്ങി.

എല്ലാ മക്കളും മരുമക്കളും കൊച്ചുമക്കളും ഒന്നിക്കുന്ന ആദ്യത്തെ ക്രിസ്മസ് ആഘോഷമായി മാറി. അന്ന് രാത്രിയിൽ ഉറങ്ങാൻ പിരിയുന്നതിന് മുൻപ് സ്വത്ത് വിഭജനത്തിന്റെ വിശദാംശങ്ങൾ അപ്പൻ വെളിപ്പെടുത്തി.

എല്ലാവരും സംതൃപ്തരായിരുന്നു. ഒരേയൊരു മകളായതിനാൽ ജോളിയമ്മയ്ക്ക് കൂടുതൽ ഓഹരി നൽകി. അവരുടെ ആഗ്രഹം നാട്ടിലെ വിശ്രമജീവിതവും മക്കൾക്ക് അമേരിക്കൻ സ്ഥിരതാമസവും. തൻ്റെ വാർദ്ധക്യം അപ്പൻ്റേത് പോലെ ഒറ്റപ്പെട്ടതാകുമെന്ന ഭയം അവർക്ക് ഉണ്ടായി.

തൻ്റെ ഓഹരിയായ കടമുറികൾ ജോസഫ് കുട്ടിയ്ക്ക് നൽകാനും പകരം ജോളിയമ്മയുടെ വാർദ്ധക്യകാല സംരക്ഷണം അയാളേറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

“നീ ആവശ്യപ്പെട്ടില്ലെങ്കിലും അവനത് ചെയ്യും ജോളി,അവനെൻ്റെ മകനാ”

അപ്പൻ ഉറങ്ങാൻ പോയതും ആങ്ങളമാർ അവരുമായി തർക്കമായി.

അപ്പൻ്റെയടുത്തേയ്ക്ക് കരഞ്ഞുകൊണ്ട് പോയ കുഞ്ഞുപെങ്ങളോടൊപ്പം മുറിയിലെത്തിയ സഹോദരങ്ങൾ കണ്ടത് കട്ടിലിൽ വശം ചരിഞ്ഞു കിടക്കുന്ന അപ്പനെയാണ്.ചുരുട്ടിപിടിച്ച കടലാസ് കയ്യിൽ നിന്നും താഴെ വീണു.

“ലോകം പോരാഞ്ഞവന് ഇപ്പോൾ ഒരു ശവകുടീരം മതി” എന്നതിൽ എഴുതിയിരുന്നു.

തലചുറ്റി വീണ ജോളിയമ്മയെ ജോസഫ് കുട്ടി താങ്ങിയെടുത്തു.നെഞ്ചുവേദന വന്ന ശോശന്നയെ ചാക്കോച്ചൻ ആശുപത്രിയിലാക്കി. അപ്പൻ്റെ ആഗ്രഹപ്രകാരം മരണസമയത്ത് എല്ലാവരുടെയും സാമീപ്യവും സഹകരണവും ഉണ്ടായി.

ചിത്രപണികൾ ചെയ്ത പെട്ടിയിൽ അപ്പൻ രാജകീയമായി കിടന്നുറങ്ങി.ഏത് രാജാവിനും ആറടി മണ്ണിൽ കൂടുതൽ ആവശ്യമില്ലെന്ന് തിരിച്ചറിവ് മതിയായിരുന്നു അവരുടെ ഐക്യത്തിന്.

Leave a Reply

Your email address will not be published. Required fields are marked *