അപ്പോഴാണ് അവൾക്ക് സ്വന്തം ശരീരം അത്ര പോരാ എന്ന തോന്നൽ വന്നത്, അത്യാവശ്യം നല്ല തടിയും..

പ്ലിംഗ്
(രചന: Nisha L)

എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ ഡിപ്പാർട്മെന്റിൽ ഗസ്റ്റ് ലെക്ചർ ആയി ദേവിക ജോലിക്ക് കയറിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു.

അധ്യയന വർഷം ഏറെക്കുറെ അവസാനിക്കാറായ സമയത്താണ് ഈ ഒഴിവ് വന്നതും അവൾക്ക് അവസരം കിട്ടിയതും. ഇപ്പോൾ കയറിയാൽ അടുത്ത വർഷവും ഇവിടെ തന്നെ വരാൻ പറ്റിയാലോ എന്ന ചിന്തയിൽ അവൾ കൂടുതൽ ആലോചിക്കാതെ ഈ ജോലിക്ക് കയറിയതാണ്.

ആദ്യ ദിവസം തന്നെ ഡിപ്പാർട്മെന്റിലെ ചുള്ളൻ,,  ഋഷി സാറിനെ അവൾക്ക് വല്ലാതങ്ങു ബോധിച്ചു. അത്യാവശ്യം സുന്ദരൻ. നല്ല പൊക്കം. കണ്ടാൽ ആരും “അയ്യേ “എന്ന് പറയില്ല.

അവൾ ഒളിഞ്ഞും തെളിഞ്ഞും ഋഷിയെ വായിനോക്കി ആത്മഹർഷം പൂണ്ടു പോന്നു.

അപ്പോഴാണ് അവൾക്ക് സ്വന്തം ശരീരം “അത്ര പോരാ ” എന്ന തോന്നൽ വന്നത്.

അത്യാവശ്യം നല്ല തടിയും വയറും ഉണ്ട് അവൾക്ക്. ഋഷി ഒരു മാതിരി സീറോ സൈസ്.

ആഹാരം ഉണ്ടാക്കാൻ അറിയില്ലെങ്കിലും അമ്മച്ചി വച്ചു കൊടുക്കുന്നത് വളരെ നന്നായി തന്നെ വെട്ടി വിഴുങ്ങാറുണ്ട്.

അതിന്റെ പരിണിതഫലം എന്ന രീതിയിൽ ശരീരം വീർത്തു വീർത്തു വന്നു. ശരീരം വീർത്തത്തോടൊപ്പം വിളിക്കാതെ തന്നെ കുടവയറും കൂടെ പോന്നു. ഇതുവരെ അവൾക്ക് അതൊരു പ്രശ്നമായി തോന്നിയിരുന്നില്ല.

പക്ഷേ.. ഇപ്പോൾ… ഋഷിയെ കണ്ടപ്പോൾ മുതൽ ഒരു വൈക്ളബ്യം..

പൊതുവെ സാരി ഉടുക്കാൻ ഇഷ്ടമല്ല. കോളേജിൽ സാരി നിർബന്ധവും. എങ്ങനെയെങ്കിലും ഉടുത്തു കെട്ടി വന്നാലും സേഫ്റ്റിപിൻ കൊണ്ട് എത്രയൊക്കെ ബന്ധിച്ചു വച്ചാലും ഇടയ്ക്കിടെ “കാറ്റുകൊള്ളാൻ” എന്ന പോലെ വയറിന്റെ ചില ഭാഗങ്ങൾ പുറത്തേക്ക് എത്തി നോക്കും.

അതവൾക്ക് തീരെ ഇഷ്ടമല്ല. വലിയ തന്റേടിയാണ് ധൈര്യശാലിയാണ് ഒക്കെയാണ്.. എന്നാലും വയറിന്റെ ഈ പരാക്രമം അവൾക്ക് വലിയ തല വേദനയാണ്…

അപ്പോഴാണ് വേനലവധി വന്നത്..

എങ്ങനെയെങ്കിലും തടി കുറയ്ക്കണം.. ഋഷിയെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ അവൾക്ക് ഈ ഒരു വിചാരം മാത്രമായി.

തടി കുറയ്ക്കാൻ പ്രിയപ്പെട്ട പല ഭക്ഷണങ്ങളും മനസില്ലാ മനസോടെ അവൾ ഉപേക്ഷിച്ചു. പട്ടിണി കിടന്നും കസർത്തു കാണിച്ചും മൂന്നാല് കിലോ കുറച്ചു. ഇപ്പോൾ തുടുത്തിരുന്ന കവിളൊക്കെ സോമാലിയക്കാരുടേത് പോലെയായെന്നു  അവൾക്ക് സ്വയം തോന്നി.

“ഇതെന്തൊരു കോലമാ പെണ്ണെ… “

“നിന്റെ വീട്ടിലെന്താ പട്ടിണിയാണോ..”

” ഹോ.. മുൻപ് എന്തൊരു സുന്ദരിയായിരുന്നു നീ.. “

“എന്താടി നിന്നെ ആരെങ്കിലും തേച്ചോ… “

കൂട്ടുകാരും നാട്ടുകാരും അവളെ കളിയാക്കി…

അവൾ ആകെ മ്ലാനമുഖിയായി വ്രണിതഹൃദയയായി അവധിക്ക് ശേഷം കോളേജിൽ എത്തി…

അവളുടെ കണ്ണുകൾ ഋഷിക്കായി പരതി. ഇല്ല.. അവൻ വന്നിട്ടില്ല.. ഡിപ്പാർട്മെന്റലെ പഴയ ടീച്ചേർസ് അവളെ കണ്ട് അത്ഭുതപ്പെട്ടു..

“അയ്യോ ദേവികയ്ക്ക് എന്തു പറ്റി… “??

“ഒന്നും പറ്റിയില്ല ടീച്ചറെ.. ഞാൻ വണ്ണം കുറച്ചതാ.. “!!

“ശോ.. വേണ്ടായിരുന്നു.. എങ്ങനെ ഇരുന്ന കൊച്ചാ.. “

വേണി ടീച്ചർ മൂക്കിൽ വിരൽ വച്ച് പറഞ്ഞു.

അപ്പോഴാണ് സ്ഥലം മാറി വന്ന പുതിയ ടീച്ചർ ശ്രീലത ഓഫീസ് റൂമിലേക്ക് കയറി വന്നത്.

നന്നായി തടിച്ചുരുണ്ട ഒരു ടീച്ചർ. എല്ലാവരും പുതിയ ടീച്ചറെ പരിചയപ്പെടുന്ന തിരക്കിലായി…

ശ്രീലത ടീച്ചറിന് ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. രണ്ടു പ്രസവിച്ചത്തിന്റെ അനന്തരഫലമാണോ എന്തോ ടീച്ചറിന് നല്ലൊന്തന്തരം  കുടവയറുമുണ്ട്. വയറിന്റെ മുക്കാൽ ഭാഗവും വെളിയിൽ സ്വതന്ത്രമായി കിടക്കുന്നു. ദേവികയ്ക്കു അതു കണ്ടപ്പോൾ തന്നെ നാണം തോന്നി..

അവൾ ഒതുക്കത്തിൽ ആരും കേൾക്കാതെ ടീച്ചറിന്റെ കാതിൽ പറഞ്ഞു..

“ടീച്ചർ.. വയറു മുഴുവൻ വെളിയിൽ കാണാം.. ആ തുമ്പ് കൊണ്ട് മറച്ചു പിടിക്ക്.. “

“എന്തിന്.. “??

“അയ്യേ.. എല്ലാരും കാണില്ലേ.. “

“അതിനെന്താ.. കണ്ടോട്ടെ.. “

“ങ്‌ഹേ… “

“എന്റെ പൊന്നു മോളെ നമ്മുടെ സൗന്ദര്യം മറ്റുള്ളവർ കാണുന്നതിനെന്താ കുഴപ്പം.. “??

“ങേ… അപ്പോൾ ഈ സൗന്ദര്യം എന്ന് പറയുന്നത് കുടവയറാണോ… “

“ആ അതും സൗന്ദര്യം തന്നെയാ.. ” ചിറി കോട്ടി പറഞ്ഞു കൊണ്ട് അവർ അവരുടെ സീറ്റിലേക്ക് പോയി.

ദേവിക അന്തം വിട്ട് വാ പൊളിച്ചു നിൽക്കുന്ന ഈ സമയത്താണ് ഋഷി കയറി വന്നത്.

“അയ്യോ… ദേവിക.. തനിക്കെന്ത് പറ്റി… വല്ലാതെ മെലിഞ്ഞു പോയല്ലോ.. “?? വെക്കേഷന് പട്ടിണി ആയിരുന്നോ..??? “”

അവൻ ആശ്ചര്യത്തോടെ ചോദിച്ചു..

“അല്ല… ഋഷി സാർ ഞാൻ വണ്ണം കുറച്ചതാ.. “

“ശോ.. വേണ്ടായിരുന്നു… മുൻപ് തന്നെ കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.. ഇപ്പോൾ ഒരുമാതിരി പട്ടിണിക്കോലം പോലെ… “

അവൻ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

‘ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു’.. എന്ന അവസ്ഥയായി ദേവികയ്ക്കു..

ഇത് തനിക്ക് കുറച്ചു നേരത്തെ പറഞ്ഞു കൂടായിരുന്നോടോ… ഛെ… നല്ലൊരു അവധിക്കാലം മുഴുവൻ വെറുതെ പട്ടിണി കിടന്നും യോഗ ചെയ്തും കളഞ്ഞു…

ശോ.. എത്ര ഇഷ്ടമുള്ള ആഹാരമൊക്കെയാ വേണ്ടാന്നു വച്ചത്.. ഒന്നും വേണ്ടായിരുന്നു..
അവൾ മനസ്സിലോർത്തു കൊണ്ട് ആകെ മൊത്തം പ്ലിങ്ങിയ അവസ്ഥയിൽ തന്റെ കസേരയിലേക്ക് ചാരി വിഷാദവദനയായി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *