തന്റെ ജീവിതത്തിൽ ആദ്യമായി അനുവിൽ നിന്നും അഖിലിന് നേരിടുന്ന ഏതെങ്കിലും..

ദാമ്പത്യം
(രചന: Kannan Saju)

അവളുടെ കൈകളിൽ മെല്ലെ തലോടിക്കൊണ്ട് കുറച്ചു കൂടി ചേർന്ന് കിടന്നുകൊണ്ട് നെറ്റിയിൽ ഉമ്മ കൊടുക്കുവാനുള്ള അവന്റെ ശ്രമം മനപ്പൂർവം ഒഴിവാക്കിക്കൊണ്ടെന്നവണ്ണം അവൾ കണ്ണുകൾ തുറക്കാതെ തന്നെ മെല്ലെ തിരിഞ്ഞു കിടന്നു.

തന്റെ ജീവിതത്തിൽ ആദ്യമായി അനുവിൽ നിന്നും അഖിലിന് നേരിടുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു റീജെക്ഷൻ ആയിരുന്നു അത്.. അക്ഷരാർത്ഥത്തിൽ അവനെ അത് ഞെട്ടിച്ചു കളഞ്ഞു.

ഇരുപത്തേഴിലേക്ക് കടക്കുന്ന അനുവിന്റെ സുന്ദരമായ ശരീര സൗന്ദര്യത്തിലേക്കു നോക്കി അന്നാദ്യമായി ഒന്നും ചെയ്യാനാവാതെ കൊതിയോടെ അവൻ കിടന്നു.

എന്തു കൊണ്ടായിരിക്കും അവൾ തിരിഞ്ഞു കിടന്നതു എന്ന ചോദ്യം അവനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.

അപ്പോഴാണ് അവനാ കാര്യം ശ്രദ്ധിച്ചത്. കുറച്ചു ദിവസങ്ങളായി ഇവിട പലതിലും മാറ്റങ്ങൾ വന്നിരിക്കുന്നു.

അതെ, എന്നും വിളമ്പി തന്നു താൻ കഴിക്കുന്നതും നോക്കി നിന്നിരുന്ന അവൾ കുറച്ചായി താൻ റെഡി ആയി ഇറങ്ങുമ്പോഴേക്കും എല്ലാം ടേബിളിൽ എടുത്തു വെച്ചു അടുത്ത പണിയിൽ മുഴുകി ഇരിക്കും.

ഈയിടെയായി കണ്ണുകൾ എഴുതി കണ്ടിട്ടില്ല.. അത് ചോദിക്കണം എന്ന് എന്നോ കരുതിയതാണ്. പക്ഷെ എപ്പോഴോ മറന്നു.

രാത്രി മടങ്ങി വരുന്നതും കാത്തു അവൾ സിറ്റൗട്ടിൽ വന്നു ഇരിക്കുമായിരുന്നു. ഇപ്പോ അതും ഇല്ല. നോക്കിയാൽ സോഫയിലോ അടുക്കളയിലോ ഫോണും പിടിച്ചു ഇരിക്കുന്നത് കാണാം.

ഒരുപക്ഷെ ഇനി മറ്റാരെങ്കിലും ആയി അടുപ്പം ഉണ്ടായി കാണുവോ? ചിന്തകൾ കാട് കടന്നു.. തന്റെ ഭാര്യയെ നഷ്ടമാവുമോ എന്ന് വരെ അയ്യാൾ ഭയന്നു. ഉറങ്ങാതെ തിരിഞ്ഞും മറഞ്ഞും കിടന്നു അയ്യാൾ നേരം വെളുപ്പിച്ചു.

” ഏട്ടാ, ഞാൻ കുറച്ചു ദിവസം എന്റെ വീട്ടിൽ പോയി നിക്കുവാണ് “

പിറ്റേന്ന് രാവിലെ കഴിച്ചു കൊണ്ടിരിക്കവേ അവൾ പിന്നിൽ വന്നു പറഞ്ഞു. താൻ പ്രതീക്ഷിച്ച കാര്യം സംഭവിക്കാൻ പോവാണോ..?

അയ്യാൾ ഭയന്നു. സാധാരണ ആയി വീട്ടിൽ പൊയ്ക്കോട്ടേ എന്ന് ചോദിക്കാറുള്ള ആൾ പോവാണ് എന്ന് പറയുന്നു. അപേക്ഷ അധികാരത്തിൽ എത്തിയിരിക്കുന്നു. മാറ്റം സംഭവിച്ചിരിക്കുന്നു.

” എന്താ പെട്ടന്ന്? “

” എന്തെ എനിക്കെന്റെ വീട്ടിൽ പോവാൻ നിങ്ങടെ അനുവാദം വേണോ? “

ഇഡലി തൊണ്ടയിൽ കുടുങ്ങി.. വെള്ളം കുടിച്ചിറക്കി കലിയോടെ അവളെ നോക്കിയ അയ്യാൾ ഒരു നിമിഷം ഓഫീസിൽ താനും ബോസ്സുമായി നടന്ന സംഭവം ഓർമിച്ചു

” എനിക്ക് ഒരു കോപ്പും കേക്കണ്ട അഖിൽ.. മാസാ മാസം ശമ്പളം വാങ്ങി ഞണ്ണുന്നതല്ലേ? പറഞ്ഞ പണി പറഞ്ഞാൽ പറഞ സമയത്തു തീർക്കണം.. പറ്റില്ലെങ്കിൽ കളഞ്ഞിട്ടു വേറെ വെല്ല പണിക്കും പോടോ…

ഓരോ തോൽവികൾ ” ബോസ് മുഴുവൻ സ്റ്റാഫുകളുടേയും മുന്നിൽ വെച്ചു തന്നോട് ദേഷ്യത്തോടെ അത് പറയുമ്പോൾ അവർക്കു മുന്നിൽ നാണം കെട്ടു നിന്നതും

ആ വാക്കുകൾ ഉള്ളിൽ തന്ന വേദനയും അഖിൽ ഓർത്തു.

ഫ്രണ്ടിന് ആക്സിഡന്റ് പറ്റി ആ വഴി പോയതുകൊണ്ടാണ് വർക്ക് തീർക്കാൻ പറ്റാഞ്ഞത്. അത് പറയാനുള്ള അവസരം ബോസ് തന്നില്ല. അറിയണ്ട ആവശ്യവും അയ്യാൾക്കില്ല.

അല്ലെങ്കിൽ താൻ ലീവ് എടുക്കണം ആയിരുന്നു. തെറ്റ് തന്റെ ഭാഗത്താണെങ്കിലും അതിന്റെ റീസൺ ചോദിക്കാൻ പോലും അയ്യാൾ തയ്യാറാവാതെ ചൂടായതു തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു…

ആ അനുഭവം ഉൾക്കൊണ്ടു കൊണ്ടു അഖിൽ അവളോടുള്ള ദേഷ്യം നിയന്ത്രിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു ” ശരി, പോകുന്നത് നാളത്തേക്ക് മാറ്റി വെക്കാമോ? ഇന്ന് എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് “

അനുവാദം പോലെ അവളോട് അത് ചോദിച്ചപ്പോൾ അനു ഒന്ന് അഴഞ്ഞു.

പാർക്ക്.

തന്റെ എക്സ് ലവ്വറിനെയും അവളുടെ ഭർത്താവിനെയും വിളിച്ചു ഉപദേശം തേടുന്ന അഖിൽ.

” താൻ വിചാരിക്കുന്ന പോലെ ആരോടെങ്കിലും ഉള്ള അടുപ്പമോ അവിഹിതമോ ഒന്നും ആവണം കാരണം എന്നില്ല.. ദാമ്പത്യത്തിൽ ആദ്യം വേണ്ടത് ഒരു പരസ്പര ധാരണയും സ്നേഹവും ഒക്കെ ആണ്.

അതിനെല്ലാം ശേഷമേ ബാക്കി വരുന്നുള്ളു. നിങ്ങളുടെ കല്ല്യാണം കഴിഞ്ഞു ആറേഴു മാസങ്ങൾ അല്ലേ ആയുള്ളൂ.. സോ ആ പൊരുത്തക്കേടാവാനെ സാധ്യത ഉള്ളൂ. ” അവൾ പറഞ്ഞു…

അഖിൽ എന്തോ ആലോചിച്ചു… അവളുടെ ഭർത്താവ് അഖിലിന്റെ അരികിലേക്ക് വന്നിരുന്നു.

” എനിക്ക് തോന്നുന്നത് താൻ അവളെ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലാവും കാരണം.. പഠിത്തം കഴിഞ്ഞു രണ്ട് വര്ഷം വീട്ടിൽ നിന്ന കുട്ടിയല്ലേ? അവളുടെ വീടെന്നു പറയുമ്പോൾ കൂട്ടു കുടുംബം അല്ലേ..

അച്ഛനും കൊച്ചച്ഛനും കുറെ പിള്ളേരും പറമ്പും കൃഷിയും അങ്ങനെ അങ്ങനെ.. എപ്പോഴും ആളും അനക്കവും പ്രകൃതിയും എല്ലാം ഉള്ള സ്ഥലം.

അവിടെ നിന്നും പെട്ടന്ന് ടൗണിലേക്കും തന്നിലേക്കും ഒതുങ്ങുമ്പോൾ ഉള്ള ഒരു മനപ്രയാസം ആയിരിക്കണം അഖി ഇതിനു കാരണം. അല്ലാതെ താൻ വിചാരിക്കുന്ന പോലെ ആനയും കുതിരയും ഒന്നും ഇല്ല! “

” പക്ഷെ അവൾ അതിനെ പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല “

അഖി നിഷ്കളങ്കമായി പറഞ്ഞു.

” അതിനു നീ എപ്പോഴെങ്കിലും അവളെ കേൾക്കാൻ സമയം കൊടുത്തിട്ടുണ്ടോ? ഒന്ന് ശരിക്കും ആലോചിച്ചു നോക്ക്.. പണ്ടും ഇത് തന്നെ ആയിരുന്നല്ലോ നിന്റെ പ്രശ്നം ! ജോലി ജോലി ജോലി “

ഭർത്താവ് അവളെ ഒന്ന് നോക്കി… അവൾ നോട്ടം വെട്ടിച്ചു…

” അഖി, നീ രാവിലെ പോയതിനു ശേഷം രാത്രി വരുന്നത് വരെ അവളാ ഫ്ലാറ്റിൽ ഒറ്റക്കാണ്. മണ്ണിൽ കളിച്ചു വളർന്നവൾ കാൽപാദത്തിൽ മണ്ണേ തൊടാത്ത ഒരിടത്തു ജീവിക്കുന്ന ബുദ്ധിമുട്ട് ഓർത്തു നോക്ക്.

നീ അവൾക്കു ഡ്രസ്സ് വാങ്ങി കൊടുക്കുന്നുണ്ടാവാം ഫുഡ് വാങ്ങി കൊടുക്കുന്നുണ്ടാവാം എല്ലാം ഉണ്ടാവാം..

പക്ഷെ അവൾ ചെയ്യുന്ന ചെറിയ കാര്യങളിൽ അവളെ സഹായിക്കാറുണ്ടോ? അവൾക്കൊപ്പം അല്പ സമയം പാചകം ചെയ്യാൻ കൂടാറുണ്ടോ? വേണ്ട, അവൾ കുക്ക് ചെയ്യുമ്പോ അടുത്തു അവളോട് സംസാരിച്ചെങ്കിലും നിക്കാറുണ്ടോ? “

പഴയ കാമുകിയുടെ ഭർത്താവിന്റെ ചോദ്യത്തിന് അഖിലിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു ” ഇല്ല “

” അത് തന്നെയാണ് പ്രശ്നം… ഇന്ന് കുറച്ചു നേരത്തെ പോ… അവൾക്കു ഇഷ്ടമുള്ള വില കുറഞ്ഞ എന്നാൽ ഏറ്റവും ഇഷ്ടമുള്ള എന്തെങ്കിലും വാങ്ങിക്കൊണ്ടു പോ..

വീട്ടിൽ ചെല്ലുമ്പോൾ എന്ത് പണിയിലാണോ ഏർപ്പെട്ടിരിക്കുന്നത് അതിൽ ലളിതമായി സഹായിച്ചുകൊണ്ട് അവളോട് സന്തോഷത്തോടെ സംസാരിക്കു…

കൂടുതൽ അവളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കു.. ഭക്ഷണം തരുമ്പോൾ അതിന്റെ രുചിയെ ആത്മാർത്ഥമായി അഭിനന്ദിക്കു.. ഒഴിവു കിട്ടുമ്പോൾ സ്വന്തം കൈകൊണ്ടു അവൾക്കും എന്തെങ്കിലും ഉണ്ടാക്കി കൊടുക്ക്…

പതിയെ വീട്ടിലെ ജോലികളിൽ അവൾക്കൊരു സഹായം ആകു.. ഇടയ്ക്കു എപ്പോഴെങ്കിലും അവളോട് ജോലിക്കു പോകാൻ ആഗ്രഹിക്കുന്നോ എന്ന് ചോദിച്ചു മനസ്സിലാക്കു… എല്ലാം മാറും അഖി.. എനിക്കുറപ്പാണ് ” അയ്യാൾ പറഞ്ഞു നിർത്തി.

വീട്.

അഖി ചെല്ലുമ്പോൾ അനു തുണി മടക്കികൊണ്ടിരിക്കുവായിരുന്നു. അവൻ മെല്ലെ അവളുടെ അരികിലേക്ക് വന്നു.

” ഇതെന്ന കയ്യിൽ? ” കയ്യിലെ വലിയ കവർ കണ്ടു ഞെട്ടലോടെ അവൾ ചോദിച്ചു

” നാളെ നീ പോവല്ലേ.. എന്റെ വക അച്ഛനും അമ്മയ്ക്കും ഡ്രസ്സ്, പിന്ന അവനൊരു മൊബൈലും “

എന്ത് പറയണം എന്നറിയാതെ അവൾ നിന്നു…

” പിന്നെ നിനക്കു വേണ്ടി ഒരു അക്കൗണ്ട് എടുത്തിട്ടുണ്ട്.. എടിഎം കാർഡും പാസ്സ് ബുക്കും എല്ലാം ഈ കവറിൽ തന്നെ ഉണ്ട്.. പോകുന്ന വഴിക്കു എന്തേലും ആവശ്യം വന്നാലോ.. നീ ഇതൊക്കെ അകത്തു കൊണ്ടു വെക്ക് “

അവൻ കവർ അവൾക്കു നേരെ നീട്ടി…

” അല്ല ഏട്ടാ.. തുണി… ” ബാക്കി ഇരിക്കുന്ന തുണി നോക്കി കൊണ്ടു അവൾ പറഞ്ഞു..

” അത് ഞാൻ മടക്കി വെച്ചോളാം.. നീ ഇതെടുത്തു വെച്ചിട്ടു തുണിമാറു “

” എവിടെ പോവാ? ” അവൾ ആകാംഷയോടെ ചോദിച്ചു

” നാളെ പോയാൽ നീ കുറച്ചു ദിവസം കഴിഞ്ഞല്ലേ വരു? നമുക്കൊന്ന് കറങ്ങാം “

” എന്നാലും എവിടെക്കാ? “

” നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോവാന്നെ “

” എന്നാ ബീച്ചിൽ പോയാലോ? “

” ആയിക്കോട്ടെ ” അവൻ ചിരിച്ചു.

സന്ധ്യസമയം.

ബീച്ചിൽ ഓടിക്കളിച്ചും ആർത്തുല്ലസിച്ചും മടുത്തു ഇരുവരും മണലിൽ ഇരുന്നു.. തിരമാലകൾ അവരുടെ കാലുകൾ തലോടി വന്നും പോയും ഇരുന്നു.. അനു മെല്ലെ അവന്റെ കണ്ണുകളിലേക്കു നോക്കി…

” എന്താടി ഒരു കള്ള നോട്ടം? “

” ഒന്നുല്ല ” അവൾ മെല്ലെ ചേർന്നിരുന്നു അഖിയുടെ തോളുകളിലേക്കു ചാഞ്ഞു കൈകളിൽ വട്ടം പിടിച്ചു.

” എന്റെ മനസ്സിൽ നിന്നും എന്തോ ഒരു ഭാരം ഇറക്കി വെച്ച പോലെ തോന്നുന്നു അഖിയേട്ട “

” അപ്പൊ മനസ്സിൽ ഭാരം ഉണ്ടായിരുന്നു അല്ലേ? “

” ഉം.. അറിയില്ല.. ഒറ്റക്കായ പോലെ “

” സോറി അനു… തിരക്കിനിടയിൽ എപ്പോഴോ നിന്നെ ഞാൻ മറന്നു ” അവൾ മുഖമുയർത്തി അയ്യാളെ നോക്കി…

” എന്ത് തിരക്കുണ്ടായാലും എന്നും കുറച്ചു സമയം ഞാൻ നിനക്ക് വേണ്ടി മാറ്റി വെക്കും.. “

” എന്ത് പറ്റി പെട്ടന്നൊരു മാറ്റം? ഞാൻ ഇന്നലെ തിരിഞ്ഞു കിടന്നോണ്ടാണോ? ” അവനു ഒരു ചമ്മൽ വന്നു.. എങ്കിലും പിടിച്ചു നിക്കാൻ എന്ന വണ്ണം ” അപ്പൊ മനഃപൂർവം തിരിഞ്ഞു കിടന്നതാണല്ലെടി ദുഷ്ടി “

” പിന്നല്ലാതെ… നിങ്ങളെ ചിന്തിപ്പിക്കാൻ ഞാൻ നോക്കിയിട്ടു അതെ വഴി ഉണ്ടായിരുന്നുള്ളു “

” എന്നിട്ടു ഞാൻ ചിന്തിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ? “

” മുഴുവനും നിങ്ങടെ ബുദ്ധി അല്ലാന്നറിയാം.. എന്നാലും ചിന്തിച്ചിട്ടുണ്ട് “

” പിന്നെ എന്റെ ബുദ്ധി അല്ലാതെ… ആരുടേയ? “

” സത്യം പറ..എന്നെ വീഴ്ത്താനുള്ള നമ്പരൊക്കെ ആരാ പറഞ്ഞു തന്നെ? “

” ആരും പറഞ്ഞു തന്നില്ല! “

” നുണ പറയരുതു “

” അയ്യേ ഞാനെന്തിനാ നുണ പറയുന്നേ? “

” അപ്പൊ എക്സ് ലവ്വരോ ? ” അവൻ ഞെട്ടലോടെ അവളെ നോക്കി…

” അവൾ ആണെന്ന് എങ്ങനെ മനസ്സിലായി “

” എന്റെ പൊന്നു കെട്ട്യോനെ എനിക്ക് തിരിഞ്ഞു കിടക്കാനുള്ള ഐഡിയ പറഞ്ഞു തന്നതും അവളാ” കവിളിൽ പിടിച്ചു വലിച്ചു കൊണ്ടു അനു അത് പറയുമ്പോൾ അഖിൽ നാണം കൊണ്ടു തല താഴ്ത്തി..

“ഇന്നലെ ഞാനിരുന്നു എണ്ണി പറക്കിയപ്പോ അവൾ ഒപ്പിച്ച നമ്പറാണ്.. എന്തായാലും സംഗതി വർക്ക്‌ ഔട്ട്‌ ആയല്ലോ.. അത് മതി “

അഖി പിണക്കത്തോടെ അവളെ നോക്കി

” അച്ചോടാ.. എന്തിനാ മുഖം വീർപ്പിച്ചേക്കുന്നേ? വിചാരിച്ചാൽ മാറ്റി വെക്കാവുന്ന തിരക്കുകൾ ഒക്കെ ജീവിതത്തിൽ ഉള്ളൂ എന്ന് എന്റെ കുട്ടിക്ക് ഇപ്പോ മനസ്സിലായില്ലേ? “

അഖിലിന് ചിരി വന്നു…

” അയ്യടാ.. എന്താ ചിരി “

അവൻ അവളെ സീരിയസായി നോക്കി…

” അനു “

” ഉം “

” നീ സന്ധ്യ സമയത്തു കടലീന്നു എണീറ്റു വന്നിട്ടുണ്ടോ? “

” എന്തോന്ന്? ” അവന്റെ നോട്ടം കണ്ടു അവളെ വെള്ളത്തിലേക്ക് എടുത്തിടാൻ ഉള്ള പ്ലാൻ ആണെന്ന് മനസ്സിലാക്കിയ അവൾ എണീറ്റു ഓടാൻ തുടങ്ങി.. പിന്നാലെ അഖിയും…

” ഇന്നത്തോടെ നിന്റെ എല്ലാ പരാതിയും ഞാൻ തീർക്കൂടി “

” ആ ചുണയുണ്ടേൽ തീർക്ക്‌ ” അങ്ങനെ പരസ്പരം ഓരോന്നും വിളിച്ചു പറഞ്ഞു അവർ മിന്ന പുറകെ കടൽ തീരത്തൂടെ ഓടി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *