മോൻ ഇനി തിരിച്ചു പോകുന്നുണ്ടോ വീട്ടിൽ അമ്മയൊറ്റയ്ക്കല്ലേ ഇനി, വേലായുധേട്ടൻ..

യാത്ര
(രചന: Rivin Lal)

ഫ്ലാറ്റിന്റെ റൂം പൂട്ടി ചെറിയ ട്രോളി ബാഗുമെടുത്തു അരുൺ ലിഫ്റ്റിൽ കയറുമ്പോൾ റോബിനും കൂടെയുണ്ടായിരുന്നു. ഫ്ലാറ്റിന്റെ താഴെയെത്തി റോബിൻ നേരെ പാർക്കിങ്ങിൽ നിന്നും കാറെടുത്തു സ്റ്റാർട്ടാക്കി. ട്രോളി ബാഗ് പിന്നിലെ സീറ്റിൽ വെച്ച് മുന്നിൽ കയറിയിരിക്കുമ്പോൾ  അരുണിന്റെ മനസ് ശാന്തമായിരുന്നു.

എയർപോർട്ടിലേക്കുള്ള മെയിൻ റോഡിലേക്ക് കാർ കയറ്റുമ്പോൾ റോബിൻ ചോദിച്ചു, “നീ പാസ്പോർട്ടും ടിക്കറ്റുമൊക്കെ എടുത്തില്ലേ.? ഒന്നും മറന്നിട്ടില്ലല്ലോ. രാത്രി പത്തു മണിക്കല്ലേ ഫ്ലൈറ്റ്.?”

“ഹ്മ്മ്മ്.. അതെ. ഒക്കെ എടുത്തിട്ടുണ്ട്..” അരുൺ മറുപടി പറഞ്ഞു.

അരമണിക്കൂറിനുള്ളിൽ അവർ ദുബായി എയർ പോർട്ടിലെത്തി. കാറിൽ നിന്നും അരുൺ ഇറങ്ങുമ്പോൾ റോബിൻ പറഞ്ഞു,

“നീ നാട്ടിലെത്തീട്ട് മെസ്സേജ് അയക്കൂ. വേറെ പൈസയെന്തേലും അത്യാവശ്യമായി വേണേൽ പറഞ്ഞാൽ മതി. ഞാൻ അയച്ചേക്കാം. എന്നാൽ ശരിയെടാ. സേഫ് ആയി പോയി വാ. ബൈ..”

റോബിനോട് ബൈ പറഞ്ഞു അരുൺ ചെക്ക് ഇൻ ചെയ്തു. ഇമിഗ്രേഷനും കഴിഞ്ഞ് ഫ്ലൈറ്റിൽ കയറുമ്പോൾ എങ്ങിനെയെങ്കിലും വേഗമൊന്നു നാട്ടിൽ എത്തിയാൽ മതി എന്ന് മാത്രമായിരുന്നു ചിന്ത.

ദുബായിൽ നിന്നും രാത്രി പത്തു മണിക്ക് വിമാനം പറന്നുയരുമ്പോൾ അരുൺ കണ്ണുകളടച്ചിരുന്നു.
അന്ന് രാവിലെ ഓഫിസിലിരിക്കുമ്പോളാണ് വല്യച്ഛന്റെ മകൻ അഭിയേട്ടന്റെ വാട്ട്‌സ് ആപ്പ് കാൾ കണ്ടത്. എടുക്കുമ്പോളേക്കും കട്ട്‌ ആയി. പിന്നെ കണ്ടത് ഒരു മെസ്സേജാണ് “അരുൺ..  ഗോപൻ പാപ്പൻ നമ്മളെ വിട്ടു പോയെടാ..”

ആ മെസ്സേജ് വായിച്ചതും ഫോൺ കയ്യിൽ നിന്നും വഴുതി വീഴാതിരിക്കാൻ അരുൺ ശ്രമിച്ചിരുന്നു.  അപ്പോൾ തന്നെ എമർജൻസി ലീവ് കൊടുത്തു അടുത്ത ഫ്ലൈറ്റും ഓൺലൈൻ ബുക്ക്‌ ചെയ്ത് പാസ്സ്പോർട്ടുമായി ഫ്ലാറ്റിലേക്ക് പോയതാണ്.

റൂമിൽ ചെന്ന് കതകടച്ചു മതിവരുവോളം കരഞ്ഞു. രണ്ടു മൂന്ന് ദിവസമായി അച്ഛൻ ഹോസ്പിറ്റലിൽ ഐ.സി.യുവിലായിരുന്നു. രണ്ടാമത്തെ ഹൃദയ സ്തംഭനമാണ്. ലീവ് ചോദിക്കാൻ തുടങ്ങീട്ടു രണ്ടു കൊല്ലമായി. കൊറോണ കാരണം എല്ലായ്പ്പോളും ഫ്ലൈറ്റുമില്ലായിരുന്നു..

കമ്പനി ലീവും തരാത്ത അവസ്ഥ. അപ്പോളാണ് ഇങ്ങിനെയൊരു സാഹചര്യം നേരിടേണ്ടി വന്നത്. എല്ലാമോർത്തപ്പോൾ ഫ്ലൈറ്റിൽ നിന്നും ആരുമറിയാതെ അരുണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകി.

അടുത്ത ദിവസം രാവിലെ തന്നെ അരുൺ നാട്ടിലെത്തി. രവി മാമനും മകൻ കിച്ചുവും എയർപോർട്ടിൽ വന്നിരുന്നു കൂട്ടാൻ. അവരോടൊപ്പം കാറിൽ വീട്ടിലേക്കു പോകുമ്പോൾ ഒരു മരവിപ്പായിരുന്നു മനസ്സിൽ.

വീടിന്റെ ഗേറ്റിന്റെ മുന്നിൽ കിച്ചു കാർ നിർത്തി. അരുൺ ഇറങ്ങി വീട്ടിലേക്കു മെല്ലെ നടക്കുമ്പോൾ രവി മാമൻ ഇടതു കൈ പിടിച്ചിരുന്നു ഒരു ധൈര്യത്തിന്.

കൊറോണ കാലമൊക്കെ കുറഞ്ഞത് കൊണ്ടാവണം നാട്ടിലെ നിയമമൊക്കെ മാറി, മുറ്റത്തു ഒരുപാട് പേരുണ്ട്.

അകത്തു നിന്നും അമ്മയുടെ കരച്ചിൽ മുറ്റം വരെ കേൾക്കാം. അവിടെ നിന്ന എല്ലാവരുടേയും കണ്ണുകൾ അരുണിലേക്ക് പതിഞ്ഞു.

ഉമ്മറത്തേക്കു കേറുമ്പോൾ അരുൺ കണ്ടു വെള്ള പുതപ്പിപ്പിച്ചു കിടത്തിയ തന്റെ അച്ഛനെ.

അരുണിനെ കണ്ടതും അമ്മ എണീറ്റു വന്ന് അവനെ കെട്ടി പിടിച്ചു കരഞ്ഞു. “പോയെടാ അരൂ…. നമ്മളെ എല്ലാവരെയും വിട്ടു നിന്റച്ഛൻ പോയെടാ…

അമ്മക്കിനി ആരാടാ ഉള്ളത്… ഒന്ന് വിളിച്ചു നോക്കെടാ…. നീ അച്ഛനെ കാണാൻ വന്നെന്നു പറയെടാ അരൂ…. അയ്യോ….” അമ്മ അലറി വിളിച്ചു കരഞ്ഞു. അപ്പോളേക്കും അമ്മായിമാരും അപ്പുറത്തെ വീട്ടിലെ ചേച്ചിമാരും അമ്മയെ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി.

അഭിയേട്ടൻ വന്ന് ഒരു മുണ്ട് തന്നു.
“വേഗം കുളിച്ചു മാറ്റി ഉടുക്കൂ അരുൺ. ചടങ്ങുകൾക്കു സമയമായി. വൈകിക്കാൻ പറ്റില്ല”.

അരുൺ കുളിച്ചു മുണ്ടുടുത്തു വന്നു. അവസാനമായി എല്ലാവരും അച്ഛന്റെ വായിൽ വെള്ളം ഒഴിച്ച് കൊടുത്തു മരണനാനന്തര ചടങ്ങുകൾ തുടർന്നു. അച്ഛന്റെ നെറ്റിയിൽ അവസാനമായി ചുംബിക്കുമ്പോൾ അരുൺ അറിയാതെ പൊട്ടി കരഞ്ഞു പോയി.

പിന്നീട് കുറച്ചു പേർക്കൊപ്പം ബോഡിയെടുത്തു തെക്കോട്ടു ചിതക്കരികിലേക്ക് കൊണ്ട് വെച്ചു.

അരുൺ ചിതക്കു ചുറ്റും മൂന്ന് വട്ടം ചുറ്റി തോളിലെ കലം പിന്നോട്ടിട്ടു. അവസാനത്തെ വിറകു കൊള്ളി മുഖത്തു വെച്ചു മൂടി, വിങ്ങുന്ന മനസുമായി അച്ഛന്റെ ചിതക്കു തീ വെക്കുമ്പോൾ, പച്ചയോടെ തന്റെ ശരീരം കത്തിക്കുന്ന വേദനയാണ് അവനു അനുഭവപ്പെട്ടത്.

ആ ചിത കത്തിത്തീരുന്ന വരെ അവനവിടെത്തന്നെ നോക്കി നിന്നു. തന്റെ അച്ഛൻ ഇപ്പോൾ വെറും ഭസ്‌മം ആയിരിക്കുന്നു. അതോർത്തപ്പോൾ മുന്നിൽ ഒരു ശൂന്യത മാത്രം.

രാത്രിയാവുമ്പോളേക്കും വന്നവർ പലരും പോയി തുടങ്ങി. അമ്മക്ക് കൂട്ടായി ഏറ്റവും വേണ്ടപ്പെട്ട നാലഞ്ചു ആന്റിമാർ മാത്രമേ വീട്ടിലുള്ളു ഇപ്പോൾ.

മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവരും പോയി. പിന്നെ അമ്മയും അരുണും മാത്രം ആ വീട്ടിൽ. രാത്രിയായാൽ അവിടം മുഴുവൻ നിശബ്ദതയാണ്.

അച്ഛൻ പോയ ഷോക്ക് വിട്ടു മാറാത്തത് കൊണ്ട് അമ്മ ഇടയ്ക്കു മയക്കത്തിൽ പേടിച്ചു നില വിളിക്കും, ആ സമയം അരുൺ അടുത്ത് പോയി ചേർത്ത് പിടിക്കും. അപ്പോളമ്മയൊരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചോടു ചേർന്ന് കരയും.

അടുത്ത കുറച്ചു ദിവസങ്ങൾ കൂടി വീണ്ടും അങ്ങിനെ കടന്നു പോയി. ഏകാന്തത വീട്ടിലിരുന്നു അലട്ടി തുടങ്ങിയപ്പോൾ വൈകുന്നേരം അരുണൊന്നു കവലയിലേക്ക് നടക്കാൻ ഇറങ്ങി.

പോകുന്ന വഴിക്കു അച്ഛന്റെ കൂട്ടുകാരൻ വേലായുധേട്ടനെ കണ്ടു. അരുണിനെ കണ്ടപ്പോൾ വേലായുധേട്ടൻ അടുത്തേക്ക് വന്നു സംസാരിച്ചു.
“ആഹ്.. അരുൺ മോനോ..നീ വന്നു അല്ലേ.. വരാൻ കഴിഞ്ഞത് നന്നായി.. ഒക്കെ ഞാനറിഞ്ഞു.

അവൻ പോയല്ലേ… എന്റെ ഗോപൻ.. എല്ലാം പെട്ടെന്നായിരുന്നു എന്നു കേട്ടു. ഞാൻ അതിന്റെ തലേന്ന് കോയമ്പത്തൂരിൽ പോയതായിരുന്നു. തിരിച്ചു വന്നിട്ടു ആശുപത്രിയിൽ പോയി കാണാം എന്നൊക്കെ വിചാരിച്ചിരുന്നതാ. തിരിച്ചു വന്നപ്പോളേക്കും അവൻ… എല്ലാം കഴിഞ്ഞിരുന്നു…

എന്നാലും അവന്റെ മുഖം എനിക്കൊന്നു അവസാനമായി കാണാൻ കഴിഞ്ഞില്ല. ആ സങ്കടമേ ഉള്ളൂ. എന്തായാലും മോനെങ്കിലും ആ ഭാഗ്യം കിട്ടിയല്ലോ. അത് മതി വേലായുധേട്ടന്. അത് പറയുമ്പോൾ വേലായുധേട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“മോൻ ഇനി തിരിച്ചു പോകുന്നുണ്ടോ.? വീട്ടിൽ അമ്മയൊറ്റയ്ക്കല്ലേ ഇനി..?” വേലായുധേട്ടൻ ചോദിച്ചു.

“തിരിച്ചു പോണം വേലായുധേട്ടാ.. പതിനഞ്ചു ദിവസത്തെ എമർജൻസി ലീവ് എടുത്തു പോന്നതാണ്.”

അപ്പോളാണ് കൂട്ടുകാരൻ രാഹുൽ ബൈക്കുമായി ആ വഴി വരുമ്പോൾ അരുണിനെ കണ്ടു നിർത്തിയത്.

“ടാ.. വന്നു വണ്ടിയിൽ  കേറ്.. ഒരു സ്ഥലത്തു പോകാം.. ” രാഹുൽ പറഞ്ഞു.

“എന്നാൽ ശരി വേലായുധേട്ടാ.. ഞാനൊന്നു അവന്റെ കൂടെ പോയി വരാം. തിരിച്ചു പോണതിനു മുൻപേ പറ്റുകയാണേൽ കാണാം കേട്ടോ.” അരുൺ യാത്ര പറഞ്ഞു രാഹുലിനോപ്പം ബൈക്കിൽ കയറി.

അവർ നേരെ പോയത് ബീച്ചിലേക്കാണ്. അവിടെയിരുന്നു കടൽ കാറ്റ് കൊണ്ടിരിക്കുമ്പോൾ രാഹുൽ ചോദിച്ചു “നീ എന്നാ ഇനി തിരിച്ചു പോണേ.? വന്നിട്ട് ആര്യയെ കണ്ടിരുന്നോ.?”

“അടുത്ത ആഴ്ച പോണം. അച്ഛൻ മരിച്ച ദിവസമവൾ വീട്ടിൽ വന്നിരുന്നു. ആൾകൂട്ടത്തിലെവിടയോ ഒരു നോട്ടം കണ്ടു. ഇത്തവണ ലീവിന് വന്നിട്ടു ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാം എന്നൊക്കെ ഞാൻ വിചാരിച്ചതായിരുന്നു. ഇനിയിപ്പോൾ തൽക്കാലം അത് നടക്കില്ല. നോക്കാം, ഇനിയും സമയമുണ്ടല്ലോ. എനിക്ക് അമ്മയെ കുറിച്ച് മാത്രമാണ് ആധി.

വിഷമങ്ങളൊക്കെ മാറാൻ അല്പം കൂടി സമയമെടുക്കും. ചിലപ്പോൾ തോന്നും മരുഭൂമിയിൽ പോയി കുറേ പൈസയൊന്നും ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന്.

അച്ഛനമ്മമാരുടെ കൂടെയുള്ള നിമിഷങ്ങൾ,  അവരോടൊത്തുള്ള ജീവിതം, അവരുമായി ഒരുമിച്ചിച്ചിരുന്നു ഒരു നേരത്തെ ഭക്ഷണം, സ്വന്തം വീട്ടിൽ സന്തോഷത്തോടെ സമാധാനത്തോടെ ഒരു രാത്രിയിലെ ഉറക്കം ഇതിനേക്കാളൊന്നും വലുതല്ലെടാ മറ്റൊന്നും എന്ന് ജീവിതം പലപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

നമ്മൾക്ക് ഉണ്ടായിരുന്നതൊക്കെ നഷ്ടപെടുമ്പോളേ നമ്മൾക്കതിന്റെയൊക്കെ വിലയറിയൂ. ആ വില ഞാനിപ്പോൾ അനുഭവിക്കുകയാണ്” അരുൺ പറഞ്ഞു നിർത്തി.

“ഒക്കെ മാറുമെടാ. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല. ഞാൻ അല്ലേ പറയുന്നേ. ആരൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും പോയാലും നമ്മൾ മുന്നോട്ടു പോയെ പറ്റൂ” രാഹുൽ അരുണിന്റെ തോളിൽ തട്ടി സമാദാനിപ്പിച്ചു.

ദിവസങ്ങൾ വീണ്ടും കടന്നു പോയി. അരുണിന് തിരിച്ചു പോകാനുള്ള ദിവസം വന്നെത്തി. പോകുന്നതിന്റെ തലേന്ന് രാത്രി അരുൺ ഉമ്മറത്തെ ചാരു കസേര കണ്ടപ്പോൾ അതിലിരുന്നു ചിരിക്കുന്ന അച്ഛന്റെ മുഖം ഓർമ വന്നു.

അരുൺ ആ കസേരയിലിയിരുന്നു കൈപിടിയിലൂടെ മെല്ലെ കൈകളോടിച്ചു. അതിനപ്പോളും അച്ഛന്റെ ചൂട് ഉണ്ടെന്നു തോന്നി അവന്. പിന്നോട്ടു തല ചായ്ച്ചു കിടന്നപ്പോൾ അവനു ഓർമ്മകൾ ഓരോന്നായി മനസിലേക്ക് വന്നു.

കുട്ടിക്കാലത്തു ഈ കസേരയിലിരുന്നു അച്ഛൻ തന്നെ മടിയിലിരുത്തി എത്രയോ തവണ ലാളിച്ചിരിക്കുന്നു. അന്നൊക്കെ അച്ഛൻ വീട്ടിലില്ലാത്തപ്പോൾ സ്കൂൾ വിട്ടു വന്നാൽ ഈ കസേരയിൽ താൻ ചാടിക്കേറി ഇരിക്കുമായിരുന്നു.

അത് കണ്ടെങ്ങാനും അച്ഛൻ വന്നാൽ അപ്പോൾ ചീത്ത വിളിയുറപ്പാണ്. “കാരണവർ ചമയാതെ പോയിരുന്നു പഠിക്കെടാ” എന്നു പറഞ്ഞു അച്ഛൻ ഓടിക്കുമായിരുന്നു.

ഇപ്പോൾ ആ കാരണവർ സ്ഥാനം ജീവിതം തന്നിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. ഓർമ്മകൾ ഓരോന്നായി ചികയുമ്പോൾ അമ്മ വന്നു ചോദിച്ചു “നാളെ പോകുമ്പോൾ കൊണ്ട് പോവാനുള്ളതൊക്കെ എടുത്തു വെച്ചോ മോനെ..?”

“എടുത്തു വെച്ചു അമ്മാ.. കൊണ്ട് പോവാനൊന്നും അധികമില്ല.” അരുൺ പറഞ്ഞു.
“എന്നാൽ നീ എന്തേലും കഴിച്ചു കിടന്നോ വേഗം. നാളെ പോകേണ്ടതല്ലേ.” അമ്മ വിഷമത്തോടെ പറഞ്ഞു.

അമ്മയുടെ വിഷമം ഓർത്തത്‌ കൊണ്ട് തന്നെ അന്ന് കിടക്കുമ്പോൾ അരുണിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. എങ്കിലും അവൻ എങ്ങിനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടന്നു രാവിലെയാക്കി.

അടുത്ത ദിവസം രാത്രിയായിരുന്നു തിരിച്ചു പോകാനുള്ള ഫ്ലൈറ്റിന്റെ സമയം. വൈകിട്ടു എട്ടു മണിക്ക് അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ പൊട്ടി കരയുകയായിരുന്നു.

“എല്ലാം ശരിയാവും അമ്മേ” എന്നു പറഞ്ഞു അമ്മയെ അരുൺ ചേർത്തു പിടിച്ചു. വീടിന്റെ ഗേറ്റ് കഴിഞ്ഞു ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കാനുള്ള ശക്തിയില്ലായിരുന്നു അവന്.

രാഹുലാണ് എയർപോർട്ടിലേക്കു കൊണ്ട് വിടുന്നത്. എയർ പോർട്ടിലേക്കുള്ള യാത്രയിലും അരുണിന്റെ മനസ്സ് മുഴുവൻ വീട്ടിൽ തന്നെയായിരുന്നു. “അമ്മ.. താൻ ഇപ്പോൾ ഫ്ലൈറ്റ് കേറി കഴിഞ്ഞാൽ പിന്നെ അമ്മയ്ക്ക് ആ വീട്ടിൽ ഒന്നു മിണ്ടാനോ പറയാനോ വേറെ ആരുമില്ല…

അമ്മയ്ക്ക് ഇരുട്ടിനെ പേടിയാണ്. രാത്രി കാറ്റിലും മഴയിലും ഒന്ന് കറന്റ് പോയാൽ പോലും ടോർച്ച് കിട്ടുന്ന വരെ പാവം പേടിച്ചു ബഹളമാണ്.

പുറത്തൊരു നായ ഓരിയിട്ടാലോ വല്ല കള്ളൻമാർ നടക്കുന്ന പോലെ ശബ്ദം കേട്ടാലോ പിന്നെ ബോധം കെടുന്ന ആളാണ്. ആ അമ്മയെ ഒറ്റക്കാക്കിയിട്ടാണ് താൻ ഇപ്പോൾ തിരിച്ചു പോകുന്നത്.

പണം കൊള്ളയടിക്കാൻ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരെ കൊല്ലുന്ന കാലമാണ്. അല്ലേൽ ഒന്ന് തല കറങ്ങി വീണാൽ പോലും വേറെ ആരറിയാനാണ്..!”. എല്ലാം കൂടി ഓർത്തപ്പോൾ അരുണിന് ദുബായിലേക്ക് തിരിച്ചു പോകണ്ട എന്നു തോന്നി പോയി…

എയർപോർട്ടിന്റെ മെയിൻ ഗേറ്റ് എത്താനായപ്പോൾ പെട്ടെന്നാണ് അരുണത് പറഞ്ഞത്. “രാഹുൽ.. വണ്ടി തിരിക്ക്”

“എന്താടാ.. നമ്മളിതാ എയർപോർട്ട് എത്തി..” രാഹുൽ പറഞ്ഞു.

“നിന്നോട് വണ്ടി തിരിക്കാനാ പറഞ്ഞത്.” അരുണിന്റെ ശബ്ദം അല്പം കനപ്പിച്ചതായിരുന്നു.

എയർപോർട്ട് കവാടത്തിന്റെ മുന്നിൽ വെച്ചു രാഹുൽ വണ്ടി യു ടേണിൽ തിരിച്ചു നിർത്തി.
“നീ ഇറങ്ങൂ.. ഞാൻ ഓടിക്കാം..” അരുൺ രാഹുലിനെ സീറ്റിൽ നിന്നും മാറ്റി ഡ്രൈവർ സീറ്റിൽ കേറിയിരുന്നു.

കണ്ണുകൾ നിറഞ്ഞ്  നല്ല വേഗതയിലാണ് അരുൺ തിരിച്ചു കാറോടിച്ചിരുന്നത്. രാഹുൽ ഇടക്കിടെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖ ഭാവം കണ്ടതോടെ രാഹുൽ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കിയിരുന്നു.

അവർ തിരിച്ചു വീട്ടിലെത്തിയപ്പോൾ ഉമ്മറത്തെ പടിയിലിരുന്നു അച്ഛനെ ദഹിപ്പിച്ച സ്ഥലത്തേക്ക് നോക്കി കണ്ണും നട്ടു വിഷമത്തോടെ ചുമരും ചാരി ഇരിക്കുകയായിരുന്നു അമ്മ.

അരുണിന്റെ കണ്ടതും അമ്മ ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അരുൺ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു എന്നിട്ടു ആ കണ്ണിൽ നോക്കി പറഞ്ഞു “എന്റെ മീനാക്ഷിയമ്മയെ തനിച്ചാക്കി എങ്ങോട്ടും പോവില്ല ഞാൻ.

എന്റെ അമ്മയേക്കാൾ വലുതല്ല എനിക്ക്  വലിയ ജോലിയും ദുബായ് ദിർഹവുമൊന്നും. അമ്മയിനി  വിഷമിക്കരുത്. എന്നും ഈ കാൽക്കൽ അമ്മയുടെ കൂടെ ഞാനുണ്ടാകും.”

അരുണിന്റെ ആ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെ മുഖത്തു അറിയാതെ ചെറിയൊരു സന്തോഷം വിടർന്നു. മുറ്റത്തു നിന്നു അമ്മയെ കെട്ടിപ്പിടിച്ചു കരയുമ്പോൾ  അരുണിന്റെ നിറഞ്ഞ കണ്ണുകൾ ഉമ്മറത്തെ ചാരു കസേരയിലിരിന്നു തന്നെ നോക്കുന്ന അച്ഛന്റെ മുഖം തിരഞ്ഞു…

നിലാവുള്ള ആ തണുത്ത രാത്രിയിലും അവർ രണ്ടു പേരെയും നോക്കിക്കൊണ്ട്  ആകാശത്തു നിന്നും ചെറിയൊരു നക്ഷത്രമപ്പോൾ തിളങ്ങി ശോഭിക്കുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *