മോളെ അവരിപ്പോൾ ഇങ്ങെത്തും, ഒരുങ്ങുന്നില്ലേ വിഷമിക്കാതെ കണ്ണാ മോൾക്ക്‌ ഇഷ്ടമില്ലാത്ത..

(രചന: Nisha L)

“നിലാവേ… പെണ്ണേ… എന്താ ഒന്നും മിണ്ടാത്തെ…? “

“അരവിന്ദേട്ടാ.. ഞാൻ ഈ ചെയ്യുന്നത് തെറ്റല്ലേ..?  പാവം എന്റെ അപ്പാ… എന്നിൽ പൂർണ്ണ വിശ്വാസം ഉള്ളത് കൊണ്ടല്ലേ എനിക്ക് ഈ ഫോൺ പോലും അപ്പാ വാങ്ങി തന്നത്…

എന്നിട്ട് ഞാൻ… ഒന്നും അറിയാത്ത എന്റെ അപ്പായെ പറ്റിക്കുവല്ലേ അരവിന്ദേട്ടാ. എന്റെ അമ്മ മരിച്ചിട്ടും ഒരു കുറവും അറിയിക്കാതെ എന്നെ വളത്തിയ എന്റെ അപ്പാ… ” അവൾ തേങ്ങി..

“എന്റെ നിലാ പെണ്ണെ നീയിങ്ങനെ ഒക്കെ ചിന്തിക്കുന്നത് എന്തിനാ..? നീയിങ്ങനെ വിഷമിക്കുന്നത് കാണാനാണോ ഞാൻ വിളിക്കുന്നത്.. ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി വിളിക്കില്ല.. “

“അയ്യോ.. അരവിന്ദേട്ടാ അങ്ങനെ ഒന്നും പറയല്ലേ.. “

“എങ്കിൽ സന്തോഷമായി സംസാരിക്ക് പെണ്ണേ… “

“എന്നാ അരവിന്ദേട്ടാ നമ്മൾ നേരിൽ കാണുക… ഒരു ഫോട്ടോ എങ്കിലും കാണിക്ക് ഏട്ടാ… “

“നമ്മൾ ആദ്യം കാണുമ്പോൾ എന്തെങ്കിലും പുതുമ വേണ്ടേ നിലാവേ… “

“എങ്കിൽ എത്രയും പെട്ടെന്ന് എന്റെ മുന്നിൽ വാ.. എനിക്ക്.. കാണാൻ കൊതിയാവുന്നു..”

“കാണാം… പെട്ടെന്ന് തന്നെ കാണാം.. ട്ടോ..”

മെസഞ്ചറിൽ ഒരു “ഹായ് ” ഇൽ തുടങ്ങിയ ബന്ധമാണ് നിലായും  അരവിന്ദനും തമ്മിൽ..
ഒരു മാസം കൊണ്ട് തന്നെ പിരിയാൻ വയ്യാത്ത വിധം അവർ പരസ്പരം അടുത്തു.. അവളുടെ പ്രൊഫൈൽ ഫോട്ടോ കണ്ടിട്ട് അവനാണ് ഈ ബന്ധം തുടങ്ങി വച്ചത്…

പക്ഷേ അവൾ ഒരിക്കൽ പോലും അവന്റെ ഫോട്ടോ പോലും കണ്ടിട്ടില്ല… ഐ. റ്റി പ്രൊഫഷണൽ ആണെന്നാണ് അവൻ പറഞ്ഞിരിക്കുന്നത്..

അവന്റെ വാക് ചാതുരിയിൽ അവൾ വീണു പോയതാണ്.. ഇന്ന് വരെ മോശമായ പെരുമാറ്റം അവനിൽ നിന്ന് ഉണ്ടായിട്ടില്ല.. അതുകൊണ്ട് തന്നെ അവൾക്കു അവനെ വല്ലാത്ത വിശ്വാസമാണ്.. ഒരു പാവം ഗ്രാമീണ പെൺകൊടി..

“കുഞ്ഞി… മോളിങ്‌ വന്നേ.. അപ്പാ ഒരു കാര്യം പറയട്ടെ.. “

“എന്താ അപ്പായെ…? “

“മോളെ.. മോളെ കാണാൻ ഞായറാഴ്ച ഒരു കൂട്ടർ വരുന്നു.. “

“എന്തിന്…? “

“പെണ്ണുകാണാൻ.. “

“അയ്യോ.. അപ്പാ.. എനിക്ക്.. എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട.. എനിക്ക് എന്റെ അപ്പായുടെ ഒപ്പം ഇവിടെ കഴിഞ്ഞാൽ മതി.. “

“അവർ വന്ന് കണ്ടിട്ട് പോട്ടെ മോളെ.. എന്റെ മോൾക്ക് ഇഷ്ടപെടുന്നെങ്കിൽ മാത്രമേ അപ്പാ ആലോചിക്കുന്നുള്ളു… “

“വേണ്ട അപ്പാ.. എനിക്ക് കല്യാണം വേണ്ട…” അവൾ കരയാൻ തുടങ്ങി..

“അയ്യേ… എന്താ ഇത്.. അപ്പായുടെ കുഞ്ഞിക്ക് ഇതെന്തു പറ്റി..? വേണ്ടെങ്കിൽ വേണ്ട… അപ്പാ അവരോടു വരാൻ പറഞ്ഞു പോയി.. അതുകൊണ്ട് അവർ വന്നിട്ട് പോട്ടെ..

നമുക്ക് എന്തെങ്കിലും കാരണം പറഞ്ഞു അത് ഒഴിയാം… എന്റെ കുഞ്ഞ് ഇങ്ങനെ വിഷമിക്കാതെ.. പോട്ടെ.. സാരല്ല്യ.. എന്റെ കുഞ്ഞിയുടെ ഇഷ്ടം പോലെ മാത്രമേ അപ്പാ ചെയ്യൂ… കരയാതെ… “

അപ്പാ അവളെ ആശ്വസിപ്പിച്ചു…

രാത്രിയിൽ അപ്പാ ഉറങ്ങി എന്ന് ഉറപ്പു വരുത്തി അവൾ അരവിന്ദനെ വിളിച്ചു..

“നിലാ പെണ്ണേ.. എന്താ ഉറക്കം വരുന്നില്ലേ..? “

“അരവിന്ദേട്ടാ… അപ്പാ എനിക്ക് ഒരു വിവാഹ ആലോചന കൊണ്ടു വന്നു.. ഞായറാഴ്ച അവർ കാണാൻ വരും പോലും.. “

മറുവശത്തു കുറച്ചു നേരത്തെ നിശബ്ദത ഉണ്ടായി..

“എന്നിട്ട് നീ എന്തു പറഞ്ഞു..? “

“ഞാൻ.. ഞാൻ എന്തു പറയണം… എനിക്ക് അരവിന്ദേട്ടനെ മറക്കാൻ പറ്റില്ല… എനിക്ക് കാണണം… ഇല്ലെങ്കിൽ ഞാൻ എന്റെ അപ്പായെ പോലും ഓർക്കാതെ എന്തെങ്കിലും ചെയ്തു പോകും അരവിന്ദേട്ടാ… പ്ലീസ്… ഒന്നെന്റെ മുന്നിൽ വാ.. പ്ലീസ്.. അരവിന്ദേട്ടാ… “

“ഹാ… നീയിങ്ങനെ കരയാതെ… നമുക്ക് കാണാം.. തിങ്കളാഴ്ച ഞാൻ ലീവാ… അന്ന് കാണാം.. നീ ബ്ലൂ മൂൺ കോഫി ഷോപ്പിൽ വന്നാൽ മതി… “

“അപ്പോൾ ഞായറാഴ്ച… അവർ വരുമ്പോൾ…? “

“അത് സാരമില്ല… ആ ചടങ്ങ് നടന്നോട്ടെ… അന്ന് തന്നെ നിന്നെ അവർ കെട്ടിക്കൊണ്ട് പോകുക ഒന്നും ഇല്ലല്ലോ.. ” അവൻ ദേഷ്യത്തോടെ പറഞ്ഞു..

“അരവിന്ദേട്ടൻ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നെ…? “

“ഞാൻ കുറച്ചു ബിസിയാണ്… പിന്നീട് സംസാരിക്കാം.. “

അവൻ ഫോൺ വച്ചു.. അവൾ ആകെ വിഷമത്തിലായി..

അരവിന്ദേട്ടൻ എന്തിനാ ദേഷ്യപെടുന്നത്… അപ്പയോടു എല്ലാം പറഞ്ഞാലോ… അല്ലെങ്കിൽ വേണ്ട… തിങ്കളാഴ്ച്ച കാണാമെന്നല്ലേ പറഞ്ഞത്… എല്ലാത്തിനും അന്നൊരു തീരുമാനം ആക്കാം.. എന്തായാലും രണ്ട് ദിവസം കൂടിയല്ലേ ഉള്ളൂ… പല വിധ ചിന്തകൾക്ക് ഒടുവിൽ അവൾ ഒരു തീരുമാനത്തിൽ എത്തി…

ഞായറാഴ്ച രാവിലെ….

“മോളെ അവരിപ്പോൾ ഇങ്ങെത്തും… ഒരുങ്ങുന്നില്ലേ.. വിഷമിക്കാതെ കണ്ണാ… മോൾക്ക്‌ ഇഷ്ടമില്ലാത്തതൊന്നും അപ്പാ ചെയ്യില്ല… ”
മങ്ങിയ മുഖത്തോടെ നിന്ന അവളോട് അയാൾ പറഞ്ഞു..

ഒട്ടും സന്തോഷമില്ലാതെ,  അപ്പായ്ക് വേണ്ടി അവൾ ഒരുങ്ങി നിന്നു..

“മോളെ അവരെത്തി… ചായ കൊണ്ടു വാ.. “അടുക്കളയിൽ എത്തി അയാൾ അവളെയും കൂട്ടി ഹാളിലേക്ക് നടന്നു…

“മോളെ ചായ കൊടുക്ക്.. ഇതാണ് ചെക്കൻ.. ഇത് അമ്മ… “

അവൾ മുഖം ഉയർത്തി നിർജീവമായ ഒരു നോട്ടം കൊടുത്തു..

ആദ്യം കണ്ടത് അമ്മയുടെ മുഖമാണ്.. നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ.. അവൾക്കായി വാത്സല്യം നിറഞ്ഞ ഒരു പുഞ്ചിരി ആ അമ്മ നൽകി…

പയ്യനും അമ്മയും ബ്രോക്കറും മാത്രമേ വന്നിട്ടുള്ളൂ..

വെട്ടി ഒതുക്കിയ താടിയും കട്ടി മീശയും  തിളക്കമുള്ള കണ്ണുകൾ ഉള്ള ഒരു ചെറുപ്പക്കാരൻ. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപെടുന്ന രൂപം..

പക്ഷേ അവളുടെ മനസ്സിൽ അരവിന്ദൻ മാത്രമായിരുന്നു…

“മോളുടെ പേരെന്താ..? “ആ അമ്മ ചോദിച്ചു..

“നിലാ.. “

“ആഹാ… നല്ല പേരാണല്ലോ… ഡിഗ്രി സെക്കൻഡ് ഇയർ അല്ലെ മോൾ.. “

“അതെ… “

“മോൾക്ക്‌ ഇഷ്ടായോ എന്റെ മോനെ… വിവാഹം കഴിഞ്ഞാലും പഠിക്കുന്നതിൽ അമ്മക്ക് എതിർപ്പില്ല.. പെൺകുട്ടികൾ ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന എന്റെ അഭിപ്രായം.. മോളെന്തു പറയുന്നു..? “

“അത്.. ഞാൻ… എനിക്ക്…”

എന്നാൽ കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആയിക്കോട്ടെ ദേവു അമ്മേ.. ബ്രോക്കർ പറഞ്ഞത് കേട്ട് അവളൊന്നു ഞെട്ടി… അപ്പായെ നോക്കി.. സാരമില്ല.. എന്ന് അയാൾ കണ്ണ് കൊണ്ടു കാണിച്ചു..

ഇത് തന്നെയാണ് അവസരം… ഈ വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് ഇയാളോട് കാല് പിടിച്ചു പറയണം…

അവൾ നേരെ അവളുടെ റൂമിലേക്കാണ് പോയത്. അവൻ പിന്നാലെ ചെന്നു.

“തനിക്കു എന്നെ ഇഷ്ടായില്ലെടോ..? മുഖത്തു ഒരു തെളിച്ചം ഇല്ലല്ലോ.. “

“എനിക്ക്… ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…. ഞാൻ… ഞാൻ… ഒരാളുമായി ഇഷ്ടത്തിലാണ്…. ഞാൻ അയാളെ മാത്രമേ വിവാഹം കഴിക്കു.. നിങ്ങൾ ഇതിൽ നിന്ന് ഒഴിയണം പ്ലീസ്.. “

അവന്റെ മുഖം വാടി..

“തനിക്കു ഇഷ്ടമല്ലെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ.. ശരിയെടോ.. തനിക്കു ഇഷ്ടപെട്ട ആളെ തന്നെ കല്യാണം കഴിക്കാൻ ഉള്ള ഭാഗ്യം കിട്ടട്ടെ.. പാവം എന്റെ അമ്മക്ക് തന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായതാ.. ആ പോട്ടെ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ…. “

വിഷമത്തോടെ പറഞ്ഞു അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. വാതിലിൽ എത്തിയ അവൻ തിരിഞ്ഞു നിന്ന് ചോദിച്ചു..

“നാളെ കോഫീ ഹൌസിൽ വച്ചു കണ്ടാൽ എന്നെ ഇഷ്ടപെടുമോ…? ” അവൾ ഞെട്ടി അവനെ തിരിഞ്ഞു നോക്കി. കുസൃതി ചിരിയോടെ നിൽക്കുന്ന അവനെ അവൾ വിശ്വാസം വരാതെ നോക്കി നിന്നു.

“അരവിന്ദേട്ടൻ…?… “

“എന്റെ നിലാവേ… പെണ്ണുകാണാൻ വന്ന ചെക്കന്റെ പേരെങ്കിലും ചോദിചിരുന്നെങ്കിൽ ഇങ്ങനെ അന്തം വിട്ട് നിൽക്കേണ്ടി വരുമായിരുന്നോ പെണ്ണേ…”

“എങ്ങനെ ഉണ്ട് നമ്മുടെ ഫസ്റ്റ് മീറ്റിംഗ്.. ഇഷ്ടായോ..? “

അവൾക്കു സന്തോഷവും സങ്കടവും ഒക്കെ ഒരുമിച്ചു വന്നു…

“പോ.. ദുഷ്ടാ.. എന്നെ പറ്റിച്ചു.. ല്ലേ… പോ.. ഞാൻ പിണക്കമാ… “

അവൾ അവനെ പിച്ചാനും മാന്താനും ഒക്കെ തുടങ്ങി..

“ഹാ.. നിർത്തു പെണ്ണേ…””അവൻ ചിരിയോടെ പറഞ്ഞു.

“എങ്ങനെ.. എങ്ങനെ.. ഇവിടെ എത്തി..? “

“അതോ.. അത് ബ്രോക്കറിന്റെ കൈവശം നിന്റെ ഫോട്ടോ കൊടുത്തു, അയാളെ പറഞ്ഞ് എന്റെ അമ്മയുടെ അടുത്ത് വിട്ടു. ഫോട്ടോ കണ്ടപ്പോഴേ അമ്മക്ക് ഇഷ്ടായി..

“ഇത് നോക്കിക്കോ… “എന്ന് അമ്മ അയാളോട് പറഞ്ഞു. അങ്ങനെ ഈ ആലോചന ഇവിടെ എത്തിച്ചു.. എങ്ങനെയുണ്ട് എന്റെ ബുദ്ധി.. “?

“എന്റെ നിലാവിനു നിന്റെ അപ്പായെയും വിഷമിപ്പിക്കണ്ട,,, എനിക്ക് എന്റെ അമ്മയേയും വിഷമിപ്പിക്കേണ്ടി വന്നില്ല… പുലിയല്ലേ ഞാൻ.. “

“മ്മ്… പുലിയാണ്… പുലി തന്നെയാണ്. ” അവൾ സ്നേഹത്തോടെ അതിലുപരി ബഹുമാനത്തോടെ അവനെ നോക്കി പറഞ്ഞു.

സംസാരിക്കാൻ പോയിട്ട് കുറച്ചു സമയം ആയിട്ടും അവരെ കാണാതെ,,  അവളുടെ  അപ്പാ റൂമിൽ എത്തിയപ്പോൾ അവനോടു ചിരിച്ചു സന്തോഷത്തോടെ സംസാരിക്കുന്ന മകളെ കണ്ട് ആ വൃദ്ധന്റെ മനസും സന്തോഷത്താൽ നിറഞ്ഞു.

N b : ഭാവനയാണ്… വെറും ഭാവന… ഇങ്ങനെ ഒക്കെ നടക്കുമോന്നു ചോദിച്ചാൽ എനിക്ക് അറിയില്ല മക്കളെ.

Leave a Reply

Your email address will not be published. Required fields are marked *