ആയുസ്സിന്റെ കണക്കുപുസ്തകം
(രചന: സൗമ്യ മുഹമ്മദ്)
ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നപ്പോഴേ ഞാൻ നോക്കിയത് മുറ്റത്തെ ബൊഗൈൻവില്ല ചെടിയിലേക്കായിരുന്നു.
ദിവസങ്ങൾക്കിടയിൽ ഞാനറിയാതെ ഒരു വസന്തം വന്നു പോയപോലെ ഒട്ടേറെ പൂക്കളും ഇലകളും കൊഴിഞ്ഞ് നനവാർന്ന മണ്ണിൽ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.
കാറിൽ നിന്നും ഇറങ്ങി ക്ഷീണത്തോടെ എങ്കിലും ചുറ്റുമൊന്നു കണ്ണോടിക്കുമ്പോൾ കണ്ടു അപ്പുറം ഇപ്പുറം മതിൽകെട്ടുകൾക്കപ്പുറത്ത് ഏന്തിയും വലിഞ്ഞും നോക്കുന്ന കുറച്ചു തലകൾ.
“ഓ എങ്ങനെ ഓടി നടന്നോണ്ടിരുന്ന പെണ്ണാണ്, കണ്ടാൽ എന്തേലും കുഴപ്പമുണ്ടോ..” എന്നായിരിക്കും അവരിപ്പോൾ അടക്കം പറയുന്നത് എന്നോർത്തപ്പോൾ ചിരിക്കാൻ തോന്നി.
ഇതെങ്ങാനും ഞാനിപ്പോൾ ഹരിയോട് പറഞ്ഞാൽ….
“നിനക്കെങ്ങനെ കഴിയുന്നു ഗീതേ ഈ സമയത്തും ഇങ്ങനൊക്കെ ചിന്തിക്കാൻ..” എന്നായിരിക്കും മറുപടി.
ഇല്ല ചിലപ്പോൾ ഈ അവസ്ഥയിൽ അയാൾ എന്നെ ദയനീയമായി ഒന്ന് നോക്കുക മാത്രമേ ചെയ്യൂ..
അത്രയും ക്ഷീണിതനാണ് ഹരി, ഒരു പക്ഷേ എന്നേക്കാൾ.
തീരെ വയ്യെങ്കിലും പതിവുപോലെ നേരേ പോയത് അടുക്കളയിലേക്ക് ആയിരുന്നു.
ബന്ധുക്കളിൽ ചിലർ വന്നു വീടാകെ വൃത്തിയാക്കിയിട്ടുണ്ട്.
അതെ… ഞാൻ പലവട്ടം സന്ദർശിക്കണം എന്നോർത്ത് കഴിച്ചു കൂട്ടിയ ബന്ധുക്കൾ. ഒടുവിൽ എനിക്കായി അവർ സമയം മാറ്റിവച്ചിരിക്കുന്നു.
വൃത്തിയാണെങ്കിലും അവിടമാകെ ഒരു പൂപ്പൽ മണം… അല്ല ഒരു ജീവനില്ലായ്മയുടെ മണം.
മല്ലിപ്പൊടി ടിന്നിൽ കട്ടപ്പിടിച്ചു തുടങ്ങിയിരിക്കുന്നു, സവാളയുടെയും ഉള്ളിയുടെയും എന്ന പോലെ ഒരു പഴകിയ മണം.
അലമാരയിൽ ഞാൻ ഉപയോഗിക്കാതെ കാത്തു കാത്തു വച്ച പാത്രങ്ങൾ പൊടി പിടിച്ച് മങ്ങിയിരിക്കിന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് എന്റെ കരസ്പർശമേൽക്കാതെ എന്റെ സാമ്രാജ്യം ആകെ നിറം കെട്ടു പോയിരിക്കുന്നു.
ഞാൻ മുറിയിലേക്ക് വന്ന് ജനൽ വിരികൾ ഒതുക്കി പാളികൾ തുറക്കാനായി കൈ ഉയർത്തി.
“ഹാവൂ… “പിടയുന്ന വേദനയോടെ ഞാൻ ഇടംകൈ കൊണ്ട് ശൂന്യമായ എന്റെ വലത്തേ മാ റിടത്തിൽ തടവി.
വയ്യ.. കിടക്കണം.
“ദാ.. ഈ മരുന്ന് കഴിച്ചിട്ട് കിടക്കൂ..”.
ക്ഷൗരം ചെയ്യാത്ത അദ്ദേഹത്തിന്റെ മുഖം എന്നെ അസ്വസ്ഥമാക്കി.
അദ്ദേഹത്തെ സ്നേഹിക്കാൻ മറന്നുപോയ അല്ലെങ്കിൽ സ്നേഹിക്കാൻ ഞാൻ പിശുക്ക് കാണിച്ച ഒരായിരം ഓർമ്മകൾ എന്നുള്ളിൽ ആർത്തിരമ്പി.
മരുന്നിന്റെ ക്ഷീണം എനിക്ക് സഹിക്കാം… ഈ സ്നേഹത്തിന്റെ കരുതലിന്റെ അല്ലെങ്കിൽ സഹതാപത്തിന്റെ സ്പർശനങ്ങൾ എനിക്കിപ്പോൾ വല്ലാത്ത ഭാരമായി തോന്നുന്നു.
കട്ടിലിലേക്ക് കിടന്നുകൊണ്ട് ഞാൻ മുന്നിലെ അലമാരയിലേക്ക് നോക്കി. അവിടെ നിറയെ ഞാൻ സൂക്ഷിച്ചുപയോഗിച്ച വസ്ത്രങ്ങൾ, ഒരിക്കലും വിരിക്കാത്ത കിടക്ക വിരികൾ, നിറം മങ്ങാതെ കാത്തു കാത്തു വച്ച ആഭരണങ്ങൾ.
എന്നാണ്… ഇനി..
എന്നാണ് ഞാൻ ഇതെല്ലാം അണിയുന്നത്. ഒരു കുഞ്ഞു നിലവിളി എന്റെ തൊണ്ടയിൽ പിടഞ്ഞമർന്നു.
രണ്ടാഴ്ച മുൻപ് വലത്തേ മാ റിടത്തിൽ ഒരു തടിപ്പുമായി ഡോക്ടറുടെ അടുത്ത് പോയതാണ്. തിരിച്ചു വന്നത് ഒഴിഞ്ഞ മാറും, കൊഴിഞ്ഞ മുടിയും തളർന്ന ശരീരവും മരവിച്ച മനസ്സുമായിട്ടാണ്.
ആശുപത്രിയിൽ ഇരുളും വെളിച്ചവും ഇടവിട്ട് ചിത്രം വരയ്ക്കുന്ന നീളൻ ഇടനാഴിയിലൂടെ ഒരുവട്ടം ഞാൻ വെറുതേ നടന്നു.
മരുന്നിന്റെയും വൃണങ്ങളുടെയും മുഷിവിന്റെയും മണമുള്ള വാർഡിൽ ആയുസ്സിന്റെ ദിനങ്ങൾ വിരലിൽ എണ്ണി തീർക്കുന്ന കുറച്ചു നിഴൽ രൂപങ്ങൾ,
കത്തുന്ന വിശപ്പുണ്ടായിട്ടും തൊണ്ടയിൽ നിന്നും ഒരു നുള്ള് കഞ്ഞി ഇറങ്ങാതെ വിശപ്പാറ്റിയകറ്റുന്നവർ, മരണം ദാ ആ നിഴലിനപ്പുറം ഉണ്ടെന്നുറപ്പിച്ച് കാലൊച്ച കാതോർത്തിരിക്കുന്നവർ.
“വരൂ പോകാം… “
എന്ന് പറഞ്ഞ് ഹരി എന്നെ അവിടുന്ന് തിരിച്ചു കൊണ്ടു വന്നു.
ഹരി എന്തെ ഇത്ര മാത്രം തകർന്നുപോകാൻ. ഒരു പക്ഷേ എന്നോട് പറയാത്ത പലതും ഡോക്ടർ പറഞ്ഞിട്ടുണ്ടാകും.
“ഗീതലക്ഷ്മി …. ഇന്ന് വീട്ടിലേക്കു പൊയ്ക്കോളൂ “എന്ന് ഡോക്ടർ പറയുമ്പോൾ ഞാൻ നോക്കിയത് കണ്ണടചില്ലിനുള്ളിലെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കായിരുന്നു.
മാ റിടത്തിൽ മാത്രമല്ല സ്പോഞ്ചു പോലുള്ള എന്റെ ശ്വാസകോശത്തിലും അവൻ വല്ലാതെ ആഴ്ന്നിറങ്ങിയതായും, എന്റെ ആയുസ്സിന്റ കണക്കുപുസ്തകം അദ്ദേഹം അടച്ചു വച്ചതായും ആ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്തു.
മരണത്തിന്റെ തണുപ്പ് എന്നുടലാകെ പൊതിയുന്നതായി എനിക്ക് തോന്നി.
ഇല്ല.. എനിക്ക് ജീവിക്കണം….
സ്നേഹിക്കാതെയും, ഉമ്മവക്കാതെയും എന്റെ ഭർത്താവിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഞാൻ മറച്ചു വച്ചതെല്ലാം എനിക്ക് പ്രകടിപ്പിക്കണം.
പിന്നീട് മിണ്ടാനും കാണാനും മാറ്റിവച്ചവരോടെല്ലാം എനിക്ക് മിണ്ടണം, അവരെ കാണണം.
ചിരിക്കാൻ മറന്നവരോടെല്ലാം എനിക്ക് പുഞ്ചിരിക്കണം, അണിയാതെ ഞാൻ സൂക്ഷിച്ച ആഭരണങ്ങളും ചേലകളും എനിക്ക് അണിയണം, രുചിക്കാൻ കൊതിച്ച വിഭവങ്ങൾ എനിക്ക് ഉണ്ണണം… അതും ഞാൻ സൂക്ഷിച്ച പളുങ്ക് പാത്രങ്ങളിൽ തന്നെ.
ശ്വാസം മുട്ടലോടെ ഞെട്ടി പിടഞ്ഞു വിയർത്തൊലിച്ചു ഞാനെന്റെ മെത്തയിൽ എഴുന്നേറ്റിരുന്നു. അങ്കലാപ്പോടെ ഞാൻ വലത്തേ മാറിടത്തിൽ തൊട്ടു നോക്കി.
ജനൽ വിരികൾക്കിടയിലൂടെയുള്ള നിലാവെളിച്ചതിൽ ഞാൻ കണ്ടു… കിടക്കയിൽ ശാന്തമായി ഉറങ്ങുന്ന ഭർത്താവിനെയും മക്കളെയും.
കണ്ടത് ഒരു ദുസ്വപ്നം ആണെന്നുള്ള ആശ്വാസത്തിൽ പതിയെ എഴുന്നേറ്റ് ഒരിറുക്ക് വെള്ളം കുടിച്ച് എന്റെ ജാലകങ്ങൾ രാവിലേക്ക് തുറന്നിടുമ്പോൾ പ്രാർത്ഥനയോടെ ഞാനൊരു ഉറച്ച തീരുമാനം എടുത്തിരുന്നു…
“രോഗത്തിന് മുന്നേ എന്റെ ആരോഗ്യത്തെയും, വാർദ്ധക്യത്തിനു മുന്നേ എന്റെ യൗവനത്തെയും ഞാൻ പ്രയോജനപ്പെടുത്തും എന്ന്”.