(രചന: Nisha L)
“ആരെടാ അവിടെ നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേടാ…. ” മധുവിന്റെ അലർച്ച കേട്ട് ലേഖ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. എന്താ സംഭവിച്ചത് എന്ന് അവൾക്കു ഒരു പിടിയും കിട്ടിയില്ല…
അപ്പോഴാണ് മധുവിന്റെ അലർച്ച വീണ്ടും കേട്ടത്.. അവൾ ചാടി എണീറ്റ് ലൈറ്റ് ഇട്ടു.
“എന്താ എന്താ മധുവേട്ട.. എന്ത് പറ്റി..? ” അവൾ അവനെ പിടിച്ചു കുലുക്കി ചോദിച്ചു..
“ങ്‌ഹേ… എന്താ..? ” അവൻ പകച്ചു അവളെ നോക്കി..
“എന്തിനാ മധുവേട്ട ബഹളം വച്ചത്..? “
“ആഹ്ഹ്.. അത്.. അതൊരു സ്വപ്നം കണ്ടതാ…”
“എന്ത് സ്വപ്നം..? “
“ആരോ നമ്മുടെ റൂമിൽ ഒളിക്യാമറ വച്ചെന്ന്…”
“അയ്യേ… സ്വപ്നം കാണുമ്പോൾ എങ്കിലും ഇത്തിരി മെനയുള്ള സ്വപ്നം കണ്ടൂടെ മനുഷ്യ..” ആ വന്നു കിടന്നു ഉറങ്ങാൻ നോക്ക്.. “
വീണ്ടും പല ദിവസങ്ങളിലും മധു സ്വപ്നം കണ്ട് ചാടി എണീറ്റു..
ചുരുക്കി പറഞ്ഞാൽ ലേഖയുടെ ഉറക്കം നഷ്ടപെട്ടു കൊണ്ടിരുന്നു.. ഇപ്പോൾ മധുവും ലേഖയും ഒരുപോലെ രാത്രിയെ ഭയപ്പെടുന്നു..
രണ്ടാഴ്ചക്ക് ശേഷം ഒരു രാത്രി..
“ആരാടാ എന്റെ റൂമിൽ ഒളി ക്യാമറ വച്ചത്.. “
മധുവിന്റെ അലർച്ചയും എന്തൊക്കെയോ തകരുന്ന ശബ്ദവും കേട്ട് ലേഖ ഞെട്ടി ഉണർന്നു ലൈറ്റ് തെളിച്ചു.. മുന്നിൽ കണ്ട കാഴ്ച അവളെ കോപാകുലയാക്കി..
തിരിഞ്ഞു നിന്ന് ഭിത്തിയെ നോക്കി ചീത്ത വിളിക്കുന്ന മധു..
അവൾ അടുക്കളയിലേക്ക് പാഞ്ഞു.. കൈയിൽ കിട്ടിയത് ചപ്പാത്തി കോലായിരുന്നു.. ഒട്ടും അമാന്തിച്ചില്ല. അവൾ അതുമായി പാഞ്ഞു വന്നു അവന്റെ തലക്ക് നേരെ ആഞ്ഞു വീശി..
മധു ഒന്ന് കറങ്ങി നേരെ നിന്നു..
എന്താ ഇപ്പൊ സംഭവിച്ചത്.. അവൻ ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി.. പതിയെ പതിയെ അവന്റെ ഓർമ്മകൾ തെളിഞ്ഞു വന്നു..
ഇന്നും ആരോ ക്യാമറ വച്ച സ്വപ്നം കണ്ടു… അവനെ ചീത്തയും വിളിച്ചു കൈയിൽ കിട്ടിയത് കൊണ്ട് അവനെ എറിയുകയും ചെയ്തു…
ഈശ്വര… എങ്ങോട്ടാ എറിഞ്ഞത്.. എന്റെ ലേഖ… അവൾക്കു വല്ലതും പറ്റി കാണുമോ?
അവൻ തിരിഞ്ഞു നിന്ന് അവളെ അടിമുടി നോക്കി..
ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി നിക്കുന്നു. ഒറ്റ നോട്ടത്തിൽ പരിക്കൊന്നും കാണുന്നില്ല.. ഭാഗ്യം…
കാൽ ചുവട്ടിൽ എന്തോ നനവ് അനുഭവപ്പെട്ട അവൻ താഴേക്ക് നോക്കി..
പല കഷ്ണങ്ങൾ ആയി ചിതറി കിടക്കുന്ന ജഗ്.. രാത്രിയിൽ വെള്ളം കുടിക്കുന്ന സ്വഭാവമുണ്ട്. അതിനു അവൾ എന്നും ജഗ്ഗിൽ വെള്ളം എടുത്തു വയ്ക്കും. അപ്പോൾ അതെടുത്താണ് ഞാൻ ക്യാമറ വയ്ക്കാൻ വന്നവനെ എറിഞ്ഞത്..
തലയ്ക്കു ആകെ ഒരു പെരുപ്പും മന്ദതയും.. പെട്ടെന്ന് അവന്റെ തലച്ചോറിൽ ഓർമയുടെ ഓളം വെട്ടി. ചപ്പാത്തി കോൽ ആഞ്ഞു വീശുന്ന ലേഖയുടെ മുഖം അവന്റെ ഓർമയിൽ തിളങ്ങി… കൃത്യമായി തലക്കിട്ടു കിട്ടിയിട്ടുണ്ട്.. ചുമ്മാതല്ല പെരുപ്പ്..
അവൻ അവളെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു..
“ചിരിക്കുന്നോ.. ഇപ്പൊ ഈ നിമിഷം ഇറങ്ങിക്കോണം ഈ മുറിയിൽ നിന്ന്.. വെളിയിൽ എവിടേലും പോയി കിടന്നോ.. “
ലേഖ കോപം കൊണ്ട് അലറി പറഞ്ഞു..
“അയ്യോ… എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ.. നിന്റെ ബലത്തിലാ ഞാൻ ഉറങ്ങുന്നത് തന്നെ.. ഞാൻ ഇനി സ്വപ്നം കാണില്ല.. ഇവിടെ എവിടേലും കിടന്നോളാം നിന്നെ ശല്യപെടുത്താതെ.. ” അവൻ തല ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി പറഞ്ഞു..
“അയ്യേ.. ഇതെന്തൊരു മനുഷ്യൻ.. “
ദൈവമേ നിനക്ക് ബോർ അടിച്ചപ്പോൾ ആണോ ഇതിയാനെ സൃഷ്ടിച്ചത്. എന്നിട്ട് അത് കറക്റ്റ് ആയി എന്റെ തലയിലും കൊണ്ട് വച്ചല്ലോ.. അവൾ ദൈവത്തിനോടും പരിഭവം പറഞ്ഞു.എന്ത് ചെയ്യാനാ സഹിച്ചല്ലേ പറ്റു..
“ആ കിടക്കുന്നത് ഒക്കെ കൊള്ളാം. ഇനി സ്വപ്നം,, ക്യാമറ എന്നൊക്കെ പറഞ്ഞു വിളിച്ചു കൂവിയാൽ ഉണ്ടല്ലോ.. ദേ നോക്ക്.. ഈ ചപ്പാത്തി കോൽ ഇനി എന്നും എന്റെ തലയിണക്കടിയിൽ ഉണ്ടാകും അത് മറക്കണ്ട കേട്ടല്ലോ.. “
അവൻ ഭയത്തോടെ അവളെയും ചപ്പാത്തി കോലിനെയും നോക്കി..
“ഇനി ഇങ്ങനെ ഉണ്ടാവില്ല “എന്ന് ഉറപ്പ് പറഞ്ഞു കട്ടിലിന്റെ ഒരു കോണിൽ ചുരുണ്ടു കൂടി കിടന്നു.. പിന്നെ ഇന്നു വരെ അയാൾ ദിവാസ്വപ്നം പോലും കണ്ടിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.