മനസ്സാകെ അസ്വസ്ഥമായി വൈകുന്നേരം ഏട്ടൻ വന്നപ്പോൾ ഒന്ന് എണീറ്റ് ചെല്ലാൻ പോലും തോന്നിയില്ല..

സ്നേഹതീരം
(രചന: Raju Pk)

ഉച്ചയൂണും കഴിഞ്ഞ് പൂമുഖത്തിരിക്കുമ്പോഴാണ് വടക്കേതിലെ സുമേച്ചി പതിവില്ലാതെ വീട്ടിലെത്തുന്നത്.

എന്താ സുമേച്ചി പതിവില്ലാതെ.

ഞാൻ ചുമ്മാ വന്നതാ മോളേ കുഞ്ഞിനെ ഒന്ന് കാണാം എന്ന് കരുതി.

മോള് ഉറങ്ങുവാണല്ലോ ചേച്ചി.

അത് സാരമില്ല കൊച്ചുറങ്ങട്ടെ മോളൊരു കാര്യം അറിഞ്ഞോ നമ്മുടെ ഇടയത്തെ ചന്ദ്രൻ ഭാര്യയേയും രണ്ട് മക്കളേയും കളഞ്ഞിട്ട് പഴയ കാമുകിയുടെ കൂടെ ഒളിച്ചോടി.

അയ്യോ ഞാനറിഞ്ഞില്ല ചേച്ചി.

ചന്ദ്രൻ ചേട്ടന് നല്ല പ്രായമുണ്ടല്ലോ കുട്ടികൾ പത്തിലോ മറ്റോ ആണെന്ന് തോന്നുന്നു. എന്തായാലും കഷ്ടമായല്ലോ ആ ചേച്ചിയുടെ കാര്യം.

അതെ ഞാൻ മോളോട് ഒരു കാര്യം പറയട്ടെ എന്നോട് ദേഷ്യം ഒന്നും തോന്നരുത് നമ്മൾ കരുതുന്നതു പോലെ അല്ല പല ആണുങ്ങളും കുഞ്ഞിനറിയാമോ ഇവിടത്തെ രവിക്കുഞ്ഞിനും ഉണ്ടായിരുന്നു ഒരു പ്രണയം.

നമ്മുടെ ശാരദേച്ചിയുടെ ഇളയ മകൾ സൗമ്യയുമായി. ഒളിച്ചോടാൻ വരെ പരിപാടിയിട്ടതാ രവി വിളിച്ചപ്പോൾ അവൾ ഇറങ്ങിവരാൻ തയ്യാറായില്ല.

ഈശ്വരാ മനസ്സിൻ്റെ അകത്തൊരു ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന ഏട്ടൻ്റെ ചിത്രം ഒരു നിമിഷം കൊണ്ട് തകർന്ന് വീണു.

മോള് പേടിക്കുകയൊന്നും വേണ്ട രവി നല്ല പയ്യനാണ് എങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ. ജീവിതം ഒന്നല്ലേ ഉള്ളു. ശരി എന്നാൽ ഞാൻ ഇറങ്ങുവാണേ…

മനസ്സാകെ അസ്വസ്ഥമായി വൈകുന്നേരം ഏട്ടൻ വന്നപ്പോൾ ഒന്ന് എണീറ്റ് ചെല്ലാൻ പോലും തോന്നിയില്ല. പതിവായി കൊടുക്കാറുള്ള ചായയും കൊടുത്തില്ല.

എന്താ പെണ്ണേ തലവേദനിക്കുന്നോ.

എനിക്കൊരു വേദനയുമില്ല നിങ്ങളാണ് ഇപ്പോൾ എൻ്റെ വേദന എന്ന് മനസ്സിൽ പറഞ്ഞു. പതിയെ ഏട്ടൻകട്ടിലിൽ ചേർന്നിരുന്നു മകളെ എടുത്ത് മടിയിൽ ഇരുത്തി.

വാ എണീക്ക് വയ്യെങ്കിൽ നമുക്ക് ആശുപത്രിയിൽ പോകാം..

വേണ്ട തനിയെ മാറിക്കോളും.

വൈകിട്ട് ഊണ് കഴിച്ചെന്നു വരുത്തി എന്നും ആ നെഞ്ചിൻ്റെ ചൂടേറ്റാണ് ഉറങ്ങാറുള്ളത്.പതിവിന് വിപരീതമായി കുഞ്ഞിനെ നടുക്ക് കിടത്തി.

ആമീ എന്താ നിൻ്റെ പ്രശ്നം.

എനിക്കൊരു പ്രശ്നവുമില്ല ഏട്ടൻ ഉറങ്ങാൻ നോക്ക് ദിവസങ്ങൾ കഴിയുന്തോറും എനിക്ക് ഏട്ടനോടുള്ള അകൽച്ചയും കൂടിക്കൊണ്ടിരുന്നു.

സാധാരണ ആറ് മണിക്ക് വീട്ടിലെത്താറുള്ള ഏട്ടൻ എട്ട് മണിയായിട്ടും എത്തിയില്ല വരുമ്പോൾ ഒൻപത് മണിയായി നല്ല പോലെ കുടിച്ചിട്ടുമുണ്ട്.

ഇതും തുടങ്ങിയോ..?

നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനായിരുന്നെങ്കിൽ എന്തിന് എന്നെ ചതിച്ചു എൻ്റെ ജീവിതം തകർത്തു. ആ സൗമ്യയേയും കെട്ടി ജീവിക്കാമായിരുന്നല്ലോ..?

പറഞ്ഞ് തീർന്നതും കിട്ടി നല്ലൊരടി.

അതേടി നിന്നേക്കാൾ എന്തുകൊണ്ടും അവൾ തന്നെയായിരുന്നു എനിക്ക് ചേരുക പക്ഷെ അവൾ ഏട്ടനേയും അമ്മയേയും എന്നേക്കാൾ സ്നേഹിച്ചിരുന്നു.

ഇപ്പോൾ എനിക്ക് മനസ്സിലായി എന്തായിരുന്നു നിൻ്റെ പ്രശ്നമെന്ന്. എത്ര വട്ടം തിരക്കി ഞാൻ എന്താണ് നിൻ്റെ പ്രശ്നമെന്ന്.

മറുത്തൊന്നും പറയാതെ കയറി കിടന്നു മോൾ ഉറങ്ങിയിരുന്നു. അതുകൊണ്ട് പാവം പേടിച്ചില്ല. രാവിലെ ഏട്ടൻ പോയതും  ബാഗിൽ അത്യാവശ്യം സാധനങ്ങൾ എടുത്ത് വീട്ടിലേക്കിറങ്ങി.

അച്ഛൻ പതിവ് പണികളുമായി പറമ്പിൽ ഉണ്ടായിരുന്നു കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ചെന്ന എന്നെക്കണ്ട് അച്ഛൻ ആകെ വല്ലാതായി.

എന്തു പറ്റി മോളേ നിനക്ക്.

കരഞ്ഞുകൊണ്ട് ഞാൻ എല്ലാം അച്ഛനോട് പറഞ്ഞു. കുഞ്ഞിനെ മാറോടടക്കി എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.

ഇതാണോ ഇത്ര വലിയ കാര്യം ഇന്നത്തെ കാലത്ത് ആർക്കാ മോളേ ഒരു പൊട്ടിപ്പൊളിഞ്ഞ പ്രണയത്തിൻ്റെ കഥ പറയാൻ ഇല്ലാതിരിക്കുക എൻ്റെ മോളേപ്പോലെ അപൂർവ്വം പേരേ കാണൂ.

ഈ കാര്യമെല്ലാം വിവാഹത്തിന് മുൻപ് രവി എന്നോട് പറഞ്ഞതാണ് നിന്നോട് പറയണം എന്നും പറഞ്ഞിരുന്നു. ഞാൻ അവനെപ്പറ്റി തിരക്കിയപ്പോൾ ആരും മോശമായി ഒന്നും പറഞ്ഞുമില്ല.

പിന്നെ ഈ ചെറിയ കാര്യം മോളോട് പറയെണ്ടന്ന് ഞാനും കരുതി. മേളേ വിവാഹശേഷം അവൻ നിന്നെ നല്ല പോലെയല്ലേ നോക്കുന്നത് ഒരു കുറവും വരുത്തിയിട്ടില്ലല്ലോ.

വിവാഹത്തിന് മുൻപുള്ള കാര്യങ്ങൾ ചിക്കിച്ചിരഞ്ഞ് വെറുതെ നല്ലൊരു ജീവിതം എൻ്റെ മോൾ കളയരുത് പുറത്ത് നിന്നുള്ളവർ പലതും പറയും അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല ജീവിതം നമ്മുടെയാണ് നമ്മുടെ മാത്രം.

വൈകുന്നേരം ജോലിയും കഴിഞ്ഞ് ഏട്ടൻ തിരിച്ചെത്തുമ്പോൾ പതിവുള്ള പുഞ്ചിരിയുമായി ഞാനുണ്ട്. കൈയ്യിൽ പതിവുള്ളചായയും.

രാത്രിയിൽ ഓരമായി കിടക്കാറുള്ള ഞാൻ നടുവിൽ സ്ഥാനം പിടിച്ചപ്പോൾ ഏട്ടൻ തിരക്കി കഴിഞ്ഞോ നിൻ്റെ പിണക്കവും പരിഭവവും. പകരം ആ നെഞ്ചിൽ ഒരുമ്മയും നൽകി ഒന്നുകൂടി ചേർന്ന് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *