ആങ്ങള കല്യാണം കഴിച്ചു കൊണ്ട വന്ന പെണ്ണ് എല്ലാവരോടും സ്നേഹമായി ഇടപെടണം എന്ന..

നാത്തൂൻ
(രചന: Ammu Santhosh)

ആങ്ങള കല്യാണം കഴിച്ചു കൊണ്ട വന്ന പെണ്ണ് എല്ലാവരോടും സ്നേഹമായി ഇടപെടണം എന്ന ഒറ്റ ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളു.

പക്ഷെ ആരു വീട്ടിൽ വന്നാലും പുറത്തേക്ക് വരാതെ, ഒരു കപ്പ് കാപ്പി പോലും കൊടുക്കാതെയും ഉള്ള അവളുടെ സ്വഭാവം കണ്ട് ഞാൻ അധികം അങ്ങോട്ട് പോകാതെയായി.

അമ്മയെ കാണാൻ തോന്നുമ്പോൾ ഫോൺ ചെയ്ത് പറയും. അമ്മ റെഡി ആയി നിൽക്കും. ഞാൻ കൂട്ടിക്കൊണ്ട് പോരും. പക്ഷെ രണ്ടു ദിവസം കഴിയുമ്പോൾ തൊട്ട് അമ്മ തുടങ്ങും.

“മോളെ എനിക്ക് പോകണം. അവൾക്ക് ജോലിക്ക് വലിയ സ്പീഡ് ഒന്നുമില്ല. ഒരു തോരൻ വെയ്ക്കാൻ ഒരു മണിക്കൂർ ആണ് കണക്കു. കുഞ്ഞുങ്ങൾ ക്കു സ്കൂളിൽ പോകണം അവന് ഓഫീസിൽ പോകണം.. “

“അപ്പൊ അടുക്കളപ്പണി ചെയ്യാൻ ആണോ പോകുന്നത്? ‘ ഞാൻ ലേശം കുറുമ്പോടെ ചോദിക്കും.

“ഓ  എന്റെ വീടല്ലേ.? . എന്റെ അടുക്കള പിന്നെ എന്നാ? “

ഞാൻ പിന്നെ ഒന്നും പറയില്ല പറഞ്ഞാലും അമ്മ നിൽക്കുകയുമില്ല.

കൂട്ടുകാരികൾ അവരുടെ  നാത്തൂന്മാരുടെ സ്നേഹം പറയുമ്പോൾ കൂട്ടുകാരെ പോലെ അവർ ഒന്നിച്ചു നടക്കുന്നത് കാണുമ്പോൾ ഒക്കെ ഞാൻ ഓർക്കും വല്ലപ്പോഴും പോലും ഒന്ന് ഫോൺ വിളിക്കാത്ത എന്റെ നാത്തൂനേ.

വീട്ടിൽ  ഞാൻ ചെന്നാലും അടുക്കളയുടെ വാതിലിൽ പിടിച്ചു എന്നെ നോക്കി നിൽക്കുകയല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യില്ല. ഒന്നും ചോദിക്കില്ല. കുറെ ദൂരം യാത്ര ചെയ്തതിനെ കുറിച്ച് പോലും

“നിന്നോടും ഇങ്ങനെ ആണോ മിണ്ടൂലെ? “ഞാൻ ആങ്ങളയോട് ചോദിച്ചു

“ഇങ്ങനെ ഒക്കെ തന്നെ “അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു. ഒരു പ്രണയനഷ്ടം അനുഭവിച്ചതിന്റെ ഓർമ്മകൾ അവനിലുള്ളത് കൊണ്ട് ഞാൻ അധികം  ഒന്നും ചോദിച്ചില്ല.

ചില ദിവസം അമ്മയുടെ സ്വരം ദുഃഖം നിറഞ്ഞതാവും. എന്താ അമ്മേ എന്ന് ചോദിച്ചാൽ പറയും. ഓ ഒന്നുമില്ല കുഞ്ഞേ ഇന്ന് അവളുടെ മനസ്സ്  അത്ര ശരിയല്ല എന്ന് തോന്നുന്നു. ഓരോന്ന് പറഞ്ഞു ദേഷ്യപ്പെട്ടു എന്ന്.

എന്റെ ദേഹം കത്തും പോലെ തോന്നും. അച്ഛൻ പോലും അമ്മയോട് ദേഷ്യപ്പെട്ടു ഞങ്ങൾ കെട്ടിട്ടില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാലോ എന്ന് വിചാരിച്ചു പെട്ടെന്ന് അമ്മ കൂട്ടിച്ചേർക്കും അവൾക്ക് പീരിയഡ് ഡേറ്റ് അടുക്കാറായി എന്ന് തോന്നുന്നു അതാവും എന്ന്.

ഉള്ളിൽ അവളോട്‌ എനിക്ക് ദേഷ്യം മാത്രം ആയി. അവൾക്ക് എന്തെങ്കിലും അസുഖം ആണെന്ന് കേട്ടാൽ കൂടി ഞാൻ വിളിച്ചു ചോദിക്കാതെയായി.

ആങ്ങള ഒരു ആക്‌സിഡന്റിൽ പെട്ട് അരയ്ക്ക് താഴെ ചലനശേഷി കുറഞ്ഞത് ആയിടയ്ക്കാണ്. ഞങ്ങളൊക്കെയും തളർന്നു പോയ ആ നിമിഷത്തിൽ അവൾ അതിനെ അതിജീവിക്കുന്നത് ഞാൻ കണ്ടു നിന്നു. .

ചിലവുകൾ കൂടിയപ്പോൾ അവൾ സ്വയം ചുരുങ്ങുന്നത് ഞാൻ കണ്ടു. എന്നിട്ടും ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി തുടങ്ങി.

അത് വരെ കടയിൽ പോയി സാധനം വാങ്ങിക്കാത്തവൾ ഒരു മാസത്തെ പലചരക്കു സാധനങ്ങൾ കയ്യിൽ തൂക്കി നടന്നു അഞ്ചു കിലോമീറ്റർ ദൂരം നടന്നത്രെ.

ആങ്ങളയെ  കുളിപ്പിച്ചു ഭക്ഷണം കൊടുത്തു അവൾ ജോലിക്ക് ഇറങ്ങുമ്പോൾ അമ്മ എന്നോട് പറയും അവൾ ഒരു പാട് മാറിപ്പോയി മോളെ എന്ന്. എന്നിട്ടും അവളോട് ഒരു സ്നേഹം എനിക്ക് തോന്നി തുടങ്ങിയില്ല.

വീട്ടിൽ ചെല്ലുമ്പോൾ അവന്റെയും കുഞ്ഞുങ്ങളുടെയും കയ്യിൽ നോട്ടുകൾ വെച്ചു കൊടുക്കുമ്പോളും അവൾക്ക് നേരെ നീട്ടാൻ എനിക്ക് തോന്നിയില്ല. പെട്ടെന്ന് മാറാൻ നമ്മൾ യന്ത്രം ഒന്നുമല്ലല്ലോ.

ആങ്ങള ഒരു വിധം സുഖം ആയെങ്കിലും അവൾ ജോലിക്ക് പോകുന്നത് തുടർന്നു. കുടുംബശ്രീ വഴി ലോൺ എടുത്തു അച്ചാർ ബിസിനസ് ചെറുതായ് തുടങ്ങിയപ്പോൾ ഇവൾക്ക് ഇതൊക്കെ അറിയുമായിരുന്നോ എന്നാണ് ഞാൻ ചിന്തിച്ചത്.

അമ്മയ്ക്ക് കണ്ണിന്റെ ഒരു സർജറി പറഞ്ഞത് വളരെ പെട്ടന്നായിരുന്നു. മോളു വന്നു നിൽക്കുമോ എന്ന് അമ്മ എന്നോട് ചോദിച്ചില്ല എങ്കിലും കുറച്ചു ദിവസം അമ്മയ്‌ക്കൊപ്പം നിൽക്കാൻ ഞാൻ വസ്ത്രങ്ങൾ അടുക്കി വെച്ചു.

അമ്മയുടെ സർജറിയുടെ തലേ ദിവസം ഭർത്താവിന്റെ ഓഫീസിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്. ഭർത്താവ് ഉൾപ്പെടെ എല്ലാവർക്കും കോറെന്റീനായി. എന്റെ യാത്ര മുടങ്ങി.

സർജറി കഴിഞ്ഞപ്പോഴും അമ്മ വീട്ടിൽ വന്നപ്പോഴും ഞാൻ അവളെ വിളിച്ചില്ല. പക്ഷെ ആദ്യമായി അവൾ എന്നെ വിളിച്ചു.

“ചേച്ചി ഞാനാണ്. അനിത. “

എനിക്ക് അവളുടെ നമ്പർ പോലും അറിയുമായിരുന്നില്ല..

എന്താ  എന്നോ മറ്റൊ ഞാൻ ചോദിച്ചു എന്ന് തോന്നുന്നു.

“ഞാൻ എന്റെ അമ്മയോടും അച്ഛനോടും വന്നു നിൽക്കാൻ പറഞ്ഞിട്ടുണ്ട്. ചേച്ചിക്ക് അറിയാമല്ലോ എനിക്ക് ജോലിയിൽ വലിയ സ്പീഡ് ഒന്നുമില്ല. അമ്മയ്ക്ക് സമയത്ത് ഭക്ഷണം കൊടുക്കണം.

മരുന്ന് കണ്ണിൽ ഒഴിച്ച് കൊടുക്കണം. പ്രൈവറ്റ് സ്ഥാപനം ആയത് കൊണ്ട് ലീവിന് ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ ചേച്ചി വിഷമിക്കണ്ട. അമ്മയുടെ കാര്യങ്ങൾ നോക്കിയിട്ടേ ഞാൻ ജോലിക്ക് പോവു”

ഞാൻ ഒരു നിമിഷം മിണ്ടാതെ നിന്നു..

“ചേച്ചി സൗകര്യം പോലെ വന്നാൽ മതി. അമ്മയെ ഞാൻ നോക്കിക്കൊള്ളാം “

ഞാൻ ഒന്ന് മൂളി വല്ലതും പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ കരഞ്ഞു പോയേനെ.. ആ സമയം എന്റെ മനസ്സിൽ അവളോട്‌ തോന്നിയിരുന്ന  സകല ദേഷ്യവും ഒലിച്ചു പോയി..

ഓരോ ദിവസം വിളിക്കുമ്പോഴും അമ്മ അവളെ കുറിച്ച് പറയും.. സമയത്ത് ഭക്ഷണവുമായി കട്ടിൽ തലയ്ക്കൽ കാത്ത് നിൽക്കുന്നത്, വസ്ത്രം മാറ്റി മറ്റൊന്നു ധരിപ്പിക്കുന്നത്, മരുന്ന് ഒഴിച്ച് കൊടുക്കുന്നത് ഒക്കെ…

ഞാൻ ചെയ്യേണ്ടത്, ഞാൻ ചെയ്യാനിരുന്നത് എന്നേക്കാൾ ഭംഗി ആയി അവൾ ചെയ്യുമ്പോ,  എന്റെ അമ്മയെ പൊന്നു പോലെ നോക്കുമ്പോൾ അവൾ എന്റെ നാത്തൂൻ എന്ന പദവിയിൽ നിന്നും അനിയത്തി എന്ന പദവിയിലേക്ക് ഉയർന്നു..

അവൾ മിടുക്കിയാണ്. മിടുമിടുക്കി.

അല്ലെങ്കിലും കാലം എന്ന മഹാമന്ത്രികനു കഴിയാത്തത് എന്തുണ്ട്?

Leave a Reply

Your email address will not be published. Required fields are marked *