ഇനിയൊരു വിവാഹം തന്റെ ജീവിതത്തിൽ ഇല്ലന്ന് പറഞ്ഞൊഴിവാകാൻ നോക്കിയെങ്കിലും ഷീന മുന്നോട്ട്..

മെഴുകുതിരിപോൽ
(രചന: Sebin Boss J)

“‘അമ്മേ .. ഒന്നിങ്ങോട്ട് വന്നേ “”

“‘ നിഷേ ..നീയൊന്ന് പെട്ടന്ന് റെഡിയാവ് . ഞാൻ വരണോ ഇപ്പഴും ഓരോന്നിനും ?”’ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി പിന്നിക്കെട്ടി മുഖത്തെ പൌഡർ സാരിയുടെ തുമ്പ് കൊണ്ടൊന്ന് തുടച്ചിട്ട് ശാലിനി മോളോട് ദേഷ്യപ്പെട്ടപ്പോൾ ഫോൺ ബെല്ലടിച്ചു .

‘ സതീശേട്ടൻ കോളിംഗ് . ‘

“‘സതീശേട്ടാ ..ദാ ഇറങ്ങുവായി . സതീശേട്ടൻ ഇറങ്ങിയോ ? .ഹമ് ശെരി . ഷീനയും സെലിനും വരും കേട്ടോ അവരോട് അവിടെ നില്ക്കാൻ പറയണെ . പിന്നെ അനിയത്തിയൊക്കെ വന്നോ …”’

“‘.ഹ്മ്മ് സാരമില്ലന്നെ . എനിക്ക് കുഴപ്പമൊന്നുമില്ല സതീശേട്ടൻ വെറുതെ വിഷമിക്കണ്ട.

ഹമ് ..എന്നാൽ വെച്ചോ ..മോളവിടെ മുടി കെട്ടാൻ ആണെന്ന് തോന്നുന്നു വിളിച്ചുകൂവുന്നുണ്ട് “”

””ഹ്മ്മ്… എന്നാൽ ശെരി .. പ്രായം കഴിഞ്ഞെങ്കിലും മുഹൂർത്തം മാറിയെന്ന കാരണത്താൽ നമ്മുടെ ലൈഫിനൊന്നും സംഭവിക്കേണ്ട . വെക്കുവാ കേട്ടോ സതീശേട്ടാ , അരമണിക്കൂറിനുള്ളിൽ എത്തും ഞങ്ങൾ “‘

പാവം …സതീശേട്ടൻ , ഇപ്പോഴും പേടിയുണ്ട് കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും പറഞ്ഞതെ ഉള്ളൂ , ഈ പ്രായത്തിൽ സ്നേഹിക്കാൻ ഒരു ഭാര്യയും മകളും ഒക്കെ … ഒന്നും വിശ്വസിക്കാനാവുന്നില്ലെന്ന് .

കല്യാണം കഴിയുന്നത് വരെ ടെൻഷൻ ആണെന്ന് . തന്നെക്കാൾ പത്തു പന്ത്രണ്ട് വയസ് കൂടുതലാണെന്നേ ഉള്ളൂ . പാവമാണ് ആൾ .. കുടുംബത്തിനുവേണ്ടി പ്രവാസ ജീവിതം ഉഴിഞ്ഞുവെച്ചപ്പോൾ സമയം ക ഴിഞ്ഞുപോയി .

കൂടെ ജോലി ചെയ്യുന്ന ഷീനയുടെ അടുത്തുള്ള ആളാണെന്നും നല്ല സ്വഭാവമാണെന്നും പറഞ്ഞവൾ തന്നെയാണ് സതീശേട്ടന്റെ ആലോചന കൊണ്ട് വന്നത് . ഇനിയൊരു വിവാഹം തന്റെ ജീവിതത്തിൽ ഇല്ലന്ന് പറഞ്ഞൊഴിവാകാൻ നോക്കിയെങ്കിലും ഷീന മുന്നോട്ട് തന്നെ പോയി . ,

താത്കാലികമാണെങ്കിലും ഇപ്പോഴൊരു ജോലിയുണ്ട് . മോളുമായി ഒറ്റക്കിങ്ങനെ എത്ര നാൾ ഒരു തുണയില്ലാതെ ജീവിക്കുമെന്ന് കൂട്ടുകാരികൾ പറഞ്ഞപ്പോൾ താനും സമ്മതിച്ചു . സതീശേട്ടൻ മൂന്നാല് തവണ വന്നു കണ്ട് സംസാരിച്ചതിനാൽ മോൾക്കായിരുന്നു ഏറ്റവും സന്തോഷം .

തന്റെ ജീവിതവും എല്ലാം അറിഞ്ഞ് , മറ്റൊന്നും ആവശ്യപ്പെടാതെ തന്നെയും മോളെയും നോക്കിക്കോളാമെന്ന് പറഞ്ഞപ്പോൾ പിന്നെ തനിക്കും താത്പര്യമായി

”അമ്മെ …ഒന്നിങ്ങോട്ട് വരാൻ ..ആണ്ടെ ഒരു ചേട്ടൻ””

”’ ‘ദേ വരുന്നെടി “” നിഷ മോൾ പിന്നെയും ഉറക്കെ വിളിച്ചപ്പോൾ ശാലിനി ഒന്ന് കൂടി കണ്ണാടിയിൽ നോക്കിയിട്ട് ധൃതിയിൽ വെളിയിലേക്ക് നടന്നു .

ആരായിരിക്കും ? ആരെയും വിവാഹം ക്ഷണിച്ചിട്ടില്ല , അടുത്ത രണ്ട് കൂട്ടുകാരികളെയല്ലാതെ. സതീശേട്ടനും ആരെയും ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞു .

ആലോചന നടന്നതേ സ്വത്തിനൊരവകാശി ഉണ്ടാകും എന്നത് കൊണ്ടാണെന്ന് തോന്നുന്നു സതീശേട്ടന്റെ അനിയത്തിയും അനിയനുമൊക്കെ എതിർപ്പായിരുന്നു . അമ്പലത്തിൽ തൊഴുത് , താലികെട്ടി പിന്നെ രജിസ്ട്രാർ ഓഫീസിൽ പോയി വിവാഹം രെജിസ്റ്റർ ചെയ്യാനാണ് പ്ലാൻ .

”ആരാടീ ?” വാതിൽ പടിയിൽ നിന്ന് നോക്കിയ ശാലിനി നിറം മങ്ങിയ ഒരു യൂണിഫോം ഷർട്ട് ധരിച്ചു മുട്ടുകാലിൽ മുഖം അമർത്തിയിരിക്കുന്ന ഒരു പയ്യനെ കണ്ടു . നിഷമോളേക്കാൾ ഒന്നോ രണ്ടോ വയസ് കൂടുതൽ കാണും

”’ ആരാ മോനെ ..എന്താ ? ””

എന്തായിത് ?

ഒന്നും മിണ്ടാതെ നിർവികാരനായി നിന്ന് പോക്കറ്റിൽ നിന്ന് ആ പയ്യൻ എടുത്തു നീട്ടിയ കവർ തുറക്കുമ്പോൾ ശാലിനിയുടെ ഹൃദയം എന്തെന്നറിയാതെ ശക്തമായി മിടിക്കാൻ തുടങ്ങിയിരുന്നു .

” പ്രിയപ്പെട്ട ശാലിനിക്കും നിഷമോൾക്കും ,

അങ്ങനെ വിളിക്കാൻ പറ്റുമോയെന്നറിയില്ല . നിന്നെയും മോളെയുമെന്നും വിഷമിപ്പിച്ചിട്ടേയുള്ളൂ ഞാൻ . എന്റെയീ നശിച്ച കുടി കാരണം നിന്റെ ജീവിതവും തുലഞ്ഞു .

ഞാനിന്നലെ നിന്നെ കാണാൻ വന്നപ്പോൾ ഒരു തുള്ളി കഴിച്ചിരുന്നില്ല . ഇന്നലെയെന്നല്ല, നീതു മരിച്ചതിൽ പിന്നെ ഞാൻ കഴിച്ചിട്ടില്ല .

ഓർമവെച്ചനാൾ മുതലേ നീതുവെന്റെ മുറപ്പെണ്ണാണന്നു പറഞ്ഞും കേട്ടുമാണ് ഞാൻ വളർന്നത് . പക്ഷെ എന്റെ ആഗ്രഹം അവൾ മനസ്സിലാക്കാതെ ഒരാളെ സ്നേഹിച്ചു കൂടെയിറങ്ങി .നീതുവിനെയല്ലാതെ മറ്റൊരു വിവാഹം ആഗ്രഹിച്ചിട്ടില്ലാത്ത ഞാൻ വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് നിന്നെ വിവാഹം ചെയ്‍തത് .

ഉള്ളിലൊരാളെ സ്നേഹിച്ചിട്ട് ഒരു ദിവസം മറ്റൊരാളോടുത്തുള്ള ജീവിതമെനിക്ക് സാധിക്കുമായിരുന്നില്ല .എന്നിട്ടും ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു . . അപ്പോഴാണ് അവൻ മരിച്ചപ്പോൾ ഒരു കുഞ്ഞുമായി നീതു തിരികെ വീട്ടിൽ എത്തിയത് .

കണ്മുന്നിൽ ഞാൻ ജീവന് തുല്യം സ്നേഹിച്ചവൾ ആരുമില്ലാതെ ജീവിച്ചപ്പോൾ എനിക്ക് താങ്ങാനായില്ല . മദ്യപാനത്തിലേക്ക് ഞാൻ വീണ്ടും തിരിഞ്ഞു .എനിക്കുറപ്പാണ് ഞാൻ നന്നാവട്ടെയെന്ന് കരുതിയാണ് നീയെന്നെ ഉപേക്ഷിച്ചു പോയതെന്ന് . . .

നീയുപേക്ഷിച്ചു പോയതിന്റെ വാശി തീർക്കാനല്ല ഞാനുടനെ നീതുവിനെ കെട്ടിയത് . നീതുവിനെ അത്രമാത്രമെനിക്ക് ഇഷ്ടമായിരുന്നുവെന്നത് കൊണ്ട് മാത്രമാണ് ഞാൻ അവളെ വിവാഹം കഴിച്ചത് . എന്നിട്ടും ഞാൻ ജീവിച്ചില്ല  .

നമ്മൾ തമ്മിൽ പിരിയുമ്പോൾ നീ നിഷമോളെ ആറുമാസം ഗർഭിണിയായിരുന്നുവെന്നറിഞ്ഞപ്പോൾ മുതൽ നീ എനിക്ക് വേണ്ടി പാഴാക്കിയ നിന്റെ ജീവിതമോർത്തുരുകിയുരുകി ഓരോ നിമിഷവും ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു .

എന്റെ മകൻ അല്ലായിരുന്നിട്ട് കൂടി നിഷമോൾക്ക് എനിക്ക് കൊടുക്കാനാവാത്ത സ്നേഹം ഞാൻ നീതുവിന്റെ മകന് കൊടുത്തു .

ജീവിക്കാൻ ഒരു കൊതി തോന്നി തുടങ്ങിയത് നീതുവിന്റെ മരണശേഷം കുട്ടികളുടെ കാര്യമോർത്തപ്പോഴാണ് . അപ്പോഴേക്കും സ്ഥിരം മദ്യപാനിയുടെ കിഡ്‌നി പണിമുടക്കി തുടങ്ങിയിരുന്നു .

ജോലിയൊന്നും ചെയ്യാൻ എനിക്കിപ്പോൾ വയ്യാതായി . മോൾക്ക് നല്ല പനിയും ശ്വാസംമുട്ടലും ആയത് കൊണ്ടാണ് നിന്നോട് അല്പം പൈസ ചോദിക്കാനായി വന്നത് . എന്നോടുള്ള കരുണയുടെ അംശം വറ്റാത്തത് ആയി നീയല്ലേ ഈ ഭൂമുഖത്തുള്ളൂ .

മറ്റുള്ളവരെയെല്ലാം ഞാൻ വെറുപ്പിച്ചിട്ടേയുള്ളൂ . നിന്നെയൊന്ന് വന്നു കണ്ട ഏല്ലാറ്റിനും മാപ്പ് പറയണമെന്നാഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല .നിന്നെ അഭിമുഖീകരിക്കാൻ എനിക്ക് ആവുന്നില്ലായിരുന്നു ഇന്നെനിക്ക് സന്തോഷമായി നീ പിന്നെയും വിവാഹം കഴിക്കുന്നെന്നറിഞ്ഞപ്പോൾ

സതീശനെ കുറിച്ച് ഞാൻ അന്വേഷിച്ചു . നിനക്ക് ചേരുന്ന ബന്ധമാണ് അത് ..കൂടുതൽ പറഞ്ഞു നിന്നെ മുഷിപ്പിക്കുന്നില്ല .

ഈ കത്ത് എഴുതി ഞാൻ മോനെ ഏൽപ്പിക്കും . എന്നെങ്കിലും ഈ കത്തുമായി അവൻ വന്നാൽ ഒരുപകാരം കൂടി ചെയ്യണം . എന്റെ മക്കളെ നീ ഒരനാഥാലയത്തിൽ ഏൽപ്പിക്കണം ..”’

“‘മോനെ ..അച്ഛൻ ..””ബാക്കിവായിക്കാനാവാതെ കണ്ണുനീർ കടലാസിനെ നനയിച്ചപ്പോൾ ശാലിനി മുന്നിലിരുന്ന കുട്ടിയെ നോക്കി .

‘അച്ഛനിന്നലെ മരിച്ചു “”’

“‘അമ്മെ … സതീശച്ഛൻ അമ്പലത്തിലെത്തിയെന്ന്. പോകാം ..ദേ ഓട്ടോ വന്നു … “” നിഷമോൾ അകത്തു നിന്നും ഫോണുമായി വന്നപ്പോൾ ശാലിനി യാന്ത്രികമായി വണ്ടിയിലേക്ക് കയറി .

”’ശാലിനി .. രമേശ് താഴത്തെ പെട്ടികടയുടെ മുന്നിൽ നിൽപ്പുണ്ട്. നീ വന്നിട്ടുണ്ടോന്ന് ചോദിച്ചു.”’

ഷീന പറഞ്ഞതും ശാലിനിയുടെ മുഖം ഇരുണ്ടു.

അവൾ ഒന്നും മിണ്ടാതെ കസ്റ്റമർ എടുത്ത സാരിയുമെടുത്തു ബില്ലിംഗിലേക്ക് നടന്നു.ക്യാഷ് കൗണ്ടറിൽ കസ്റ്റമറിന് പാക്കറ്റ് കൈമാറുമ്പോൾ റോഡിനെതിരെയുള്ള പെട്ടിക്കടയിൽ നിന്ന് തന്റെ നേരെ നീളുന്ന ദയനീയത തുളുമ്പുന്ന കണ്ണുകൾ അവൾ കണ്ടു.

”’ഒരു മിനിറ്റ് കേട്ടോ. ”’

സൂപ്പർ വൈസറോട് പറഞ്ഞിട്ടവൾ റോഡ് ക്രോസ് ചെയ്തതും രമേശ് തിടുക്കപ്പെട്ടവളുടെ അടുത്തേക്ക് വന്നു.

”’എന്താ രമേശ് കാര്യം ? എന്നെ തിരക്കിയെന്നു പറഞ്ഞു. ?””

ക്ഷീണിച്ചവശനായ അയാളുടെ മുഷിഞ്ഞ കോലത്തിലേക്ക് നോക്കാതെ അവൾ മറ്റെന്തിലോ കണ്ണ് നട്ടു ചോദിച്ചു.

“‘എനിക്കൊരു ആയിരം രൂപ തരാമോ ?”’

“‘ രമേശ് ..നിങ്ങൾക്ക് നാണമില്ലേ ? എന്റെ കയ്യിൽ പൈസയില്ല .ഉണ്ടേലും പത്തുപൈസാ നിങ്ങൾക്ക് ഞാൻ തരില്ല . തരില്ല “‘

“‘ശാലിനി … എനിക്ക് വേറെയാരുമില്ല ചോദിക്കാൻ ….എനിക്ക് വേറെയാരും തരില്ല ,”” അയാളുടെ കണ്ണുകൾ നിറയുന്നത് ശ്രദ്ധിച്ചപ്പോൾ ശാലിനി പിന്നെയും ദൃഷ്ടികൾ മാറ്റി

“‘ കരയുവോന്നും വേണ്ട . ഇതുപോലെ കുറെ കണ്ണീര് ഞാൻ കണ്ടിട്ടുള്ളതാ നിങ്ങടെ . അതിനനുസരിച്ചു ഞാൻ കണ്ണീര് കുടിച്ചിട്ടുമുണ്ട് . ഇനിയെങ്കിലും നന്നാവാൻ നോക്ക് . നീതുവിന്റേം പിള്ളേരുടേം ജീവിതം കൂടെ നശിപ്പിക്കല്ലേ . “”

” രമേശ് … ഇനിയെന്നെ കാണാൻ വരരുത് . ജീവിച്ചിട്ടില്ല ഞാനിത് വരെ . നിങ്ങടെ മോൾ .,… സോറി എന്റെ മോൾക്ക് വേണ്ടിയായിരുന്നു ജീവിതമിതുവരെ .

ഇപ്പോൾ എന്നെ മറ്റൊന്നുമാഗ്രഹിക്കാതൊരാൾ വന്നിട്ടുണ്ട് . നാളെ കഴിഞ്ഞെന്റെ വിവാഹമാണ് “”” തിരിഞ്ഞു നടന്ന ശാലിനി വീണ്ടും പിന്തിരിഞ്ഞയാളെ നോക്കി പറഞ്ഞിട്ട് വേഗത്തിൽ റോഡ് മുറിച്ചു നടന്നു .

മനപൂർവ്വമാണ് കൊടുക്കാത്തത് , പലരുടെയും കയ്യിൽ നിന്ന് പൈസ വാങ്ങി മദ്യപാനം ആണെന്ന് കേട്ടിരുന്നു . പിരിഞ്ഞിട്ടും താൻ രമേശേട്ടനെ സ്നേഹിച്ചിരുന്നോ? പല സ്ഥലത്തും വെച്ച് നിഷമോളെയും തന്നെയും നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട് .

ഒന്ന് രണ്ട് പ്രാവശ്യം നേരെ മുന്നിൽ കണ്ടപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു താൻ . പക്ഷെ അവസാനമായിട്ടാണ് തന്നെ കാണാൻ അന്ന് വന്നതെന്ന് താനറിഞ്ഞിലല്ലോ തമ്പുരാനെ .

ശാലിനിയുടെ നെഞ്ച് കുറ്റബോധത്താൽ നീറി

”” അമ്മേ … വീടെത്തി . ”” നിഷമോളുടെ വിളിയാണ് ശാലിനിയെ ചിന്തയിൽ നിന്നുണർത്തിയത് .

“‘വലത് കാൽ വെച്ചകത്തേക്ക് കയറിക്കോ . ഇനി മുതൽ ഇതാ മോളുടെ വീട് “”

നിഷമോളുടെയും ചേട്ടന്റെയും നടുവിൽ , അകത്തേക്ക് കയറാൻ മടിച്ചു നിന്ന നാല് വയസുകാരിയുടെ കൈ പിടിച്ചു അകത്തേക്ക് കയറ്റുമ്പോൾ ശാലിനിയുടെ മെസേജ് അമ്പലത്തിൽ അവളെയും കാത്തു നിന്ന സതീശന്റെ ഫോണിൽ ഡെലിവേർഡ് ആകാതെ കിടപ്പുണ്ടായിരുന്നു .

“‘ ആരും ഇച്ഛിക്കുന്ന ജീവിതമല്ല സതീശേട്ടാ ലഭിക്കുന്നത് . . എനിക്ക് രണ്ട് മക്കളെ കൂടി കിട്ടി. ജീവിക്കാൻ മറന്ന സതീശേട്ടനെ ഇനിയും എന്റെ ജീവിതത്തിലേക്ക് ഞാൻ ക്ഷണിക്കുന്നില്ല . സതീശേട്ടന് നല്ലൊരു പെണ്ണിനെ കിട്ടും , നല്ലൊരു ജീവിതവും . സ്നേഹപൂർവ്വം ശാലിനി . ”’

Leave a Reply

Your email address will not be published. Required fields are marked *