ഷാജിയേട്ടന്റെ വിവാഹം ആണല്ലേ, ഏട്ടനെ ഞാൻ മറന്നെന്നു കരുതിയോ അതോ ഞാൻ..

കാത്തിരിപ്പിനൊടുവിൽ
(രചന: Nishad Mannarkkad)

ഏതാ അമ്മേ ഈ കല്യാണക്കുറി.. മേശമേൽ കണ്ട കല്യാണക്കുറി എടുത്ത് “ഹേമ” ചെറിയ സംശയത്തോടെ ചോദിച്ചു.

അത് നമ്മുടെ രാഘവേട്ടന്റെ മോന്റെതാ “ഷാജി”യുടെ.അതു കേട്ടതും ഹേമ  ഷോക്കടിച്ചപോലെ ഒന്നു പിടഞ്ഞു.മെല്ലെ അവൾ ആ കല്യാണക്കുറിയൊന്ന് തുറന്നു നോക്കി..

അതിൽ ഷാജി weds രമ്യ…എന്ന് എഴുതിയത് കണ്ടപ്പോൾ ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്ന് താഴേക്ക് പതിച്ചു. നിശ്ചയം കഴിഞ്ഞിട്ട് 2 മാസം ആയിന്ന്.അത് ആരെയും അറിയിച്ചില്ല.

പെണ്ണ് അവന്റെ കൂടെ ജോലി ചെയ്യുന്നതാത്രെ.ഇന്ന് ഉച്ച കഴിഞ്ഞപ്പോഴാ രാഘവേട്ടനും സുമതിയേചിം വന്നത്. എല്ലാരോടും പോകാൻ പറഞ്ഞിട്ടുണ്ട്.അമ്മ പറഞ്ഞതിന് ഒന്ന് മൂളികൊടുത്തു ഹേമ മുറിയിൽ കയറി വാതിലടച്ചു.

ഒരുപാട് നേരം അവൾ പോലുമറിയാതെ അവളുടെ മിഴികൾ തോർന്നു കൊണ്ടിരുന്നു. ഫോൺ എടുത്ത് ഷാജിഏട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു.

എനിക്ക് നാളെ കാണണം രാവിലെ 10 മണിക്ക് ഞാൻ ഉണ്ടാകും നമ്മൾ എല്ലാം പറഞ്ഞു അവസാനിപ്പിച്ച പുഴയോരത്ത്…അവസാനമായിട്ടു  ഒന്നൂടെ വരില്ലേ…?

അന്ന് രാത്രി കരഞ്ഞു തളർന്നുറങ്ങാൻ നേരത്ത് ഹേമ മൂന്നു വർഷംമുമ്പ് ആ പുഴയോരത്ത് വെച്ചു അവസാനമായി ഷാജിയോടൊത്തുള്ള ദിവസം ഓർത്തെടുത്തു..

ഷാജിയേട്ടാ അച്ഛനും അമ്മയും എങ്ങനെയോ എല്ലാം അറിഞ്ഞു.ചിലപ്പോൾ ഞാൻ ഷാജിയേട്ടന് മാത്രമായി എഴുതിയ വരികൾ കണ്ടാകാം. പക്ഷെ അത് ഷാജിയേട്ടൻ ആണെന്ന് അവർക്ക് മനസ്സിലായിട്ടില്ല.

ഇനിയത് അവരിപ്പോൾ അറിയണ്ട..അറിഞ്ഞാൽ ചിലപ്പോൾ രാഘവേട്ടനുമായുള്ള അടുപ്പം പോലും എന്റെ അച്ഛൻ വേണ്ടാന്ന് വെക്കും.

ഇപ്പോൾ എനിക്ക് ഒരു റിലേഷൻ ഉണ്ടെന്ന് മാത്രേ വീട്ടിൽ അറിഞ്ഞിട്ടുള്ളൂ.ഇനി ഇതുപോലെ എന്തെങ്കിലും അറിഞ്ഞാൽ എന്നെ കൊല്ലും.

അങ്ങനെ ആണെങ്കിൽ എനിക്ക് വിഷമം ഇല്ലായിരുന്നു. എന്നാൽ എന്റെ അനിയത്തിയെയും കൂടെ കൂട്ടി അവർ ജീവിതം അവസാനിപ്പിക്കും എന്നാ പറഞ്ഞത്.

ജനിച്ചു വീണപ്പോൾ തൊട്ട് ഇതുവരെ വളർത്തിയ അവരെ വെറും മൂന്ന് വർഷം കൊണ്ടറിയാവുന്ന  ഷാജിയേട്ടന് വേണ്ടി ധിക്കരിക്കാൻ എനിക്ക് വയ്യ കിച്ചു ഏട്ടാ എന്ന് വെച്ച് ഷാജിയേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല.

എന്റെ ആഗ്രഹം പോലെ എനിക്കും ഷാജിയേട്ടനും ജോലി ആയ ശേഷം ഏട്ടൻ എന്റെ വീട്ടിൽ വന്നു എന്നെ പെണ്ണ് ചോദിക്കണം എന്നെ ഷാജിയേട്ടന് തരുവോന്ന്. ഷാജിയേട്ടൻ അന്തസായി വന്നു ചോദിച്ചാൽ എന്റെ അച്ഛൻ പൂർണസമ്മതത്തോടെ നടത്തിതരും നമ്മുടെ വിവാഹം.

പക്ഷെ ഇപ്പോ എന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല.ഷാജിയേട്ടൻ എന്റെ വീട്ടിൽ വന്നു നമ്മുടെ കാര്യം സംസാരിക്കുന്നത് വരെ ഞാൻ എത്രകാലം വേണേലും കാത്തിരിക്കും,.

ഇപ്പോ ഞാൻ പോട്ടെ.ഷാജിയേട്ടൻ എന്റെ വീട്ടിലേക്കു വരുന്ന ആ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാനിനി ജീവിക്കുന്നത്. നിറഞ്ഞ മിഴിയോടെ ഹേമ അത് പറഞ്ഞു നടന്നകന്നപ്പോൾ ഷാജിയുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.

ഒരുനാട്ടുകാർ ആയതിനാൽ പിന്നീട് പല പ്രാവശ്യം അവർ പരസ്പരം കണ്ടിരുന്നെങ്കിലും ഹേമ അവനു മുഖം കൊടുത്തില്ല. ഇപ്പോൾ 3വർഷം കഴിഞ്ഞപ്പോഴാണ് ഷാജിയുടെ വിവാഹവാർത്ത അവൾ അറിയുന്നത്.

പിറ്റേന്ന് രാവിലെ ജോലിക്കാണെന്ന് പറഞ്ഞു ഹേമ വീട്ടിൽ നിന്നിറങ്ങി.ഷാജി വരുമെന്ന് അവൾക് അറിയാമായിരുന്നു.അവൾ എത്തി കുറച്ചുകഴിഞ്ഞപ്പോൾ ഷാജിയുമെത്തി.

അവർ പണ്ട് ഇരിക്കാറുണ്ടായിരുന്നിടത്ത് ഒരുമിച്ചു ഇരുന്നു. ഒരുപാട് സമയത്തെ മൗനത്തിനു ശേഷം ഹേമ സംസാരിച്ചു തുടങ്ങി. ഷാജിയേട്ടന്റെ വിവാഹം ആണല്ലേ..? ഏട്ടനെ ഞാൻ മറന്നെന്നു കരുതിയോ. അതോ ഞാൻ കാത്തിരിക്കില്ലാന്നു കരുതിയോ.

എല്ലാം പറഞ്ഞവസാനിപ്പിച്ച അന്ന് മുതൽ ഞാൻ ഷാജിയേട്ടന്റെ വരവും കാത്തിരിക്കുകയായിരുന്നു ..ഇന്നലെ വരെ.

ഒന്നുല്ലേലും നിശ്ചയം കഴിഞ്ഞപ്പോ എങ്കിലും എന്നോട് പറയായിരുന്നു. എന്നെ മറന്നുവെങ്കിൽ അപ്പോ തന്നെ എന്നോട് പറഞ്ഞൂടായിരുന്നോ. ഷാജിയേട്ടാ.

പെട്ടെന്ന് മറക്കാൻ പറ്റിയില്ലെങ്കിലും എനിക്ക് കുറച്ചൂടെ സമയം കിട്ടില്ലായിരുന്നോ ഏട്ടന്റെ വിവാഹം ഉൾകൊള്ളാൻ..  ഞാൻ അന്ന് കാത്തിരിക്കും എന്ന് പറഞ്ഞത് പാഴ് വാക്ക് ആണെന്നാണോ ഷാജിയേട്ടൻ കരുതിയത്..
സാരില്ല.. എന്റെ വിധി ആയിരിക്കും.. എന്നാലും എന്നെ പെട്ടെന്നങ് മറന്നല്ലോ ഷാജിയേട്ടാ..

ഏട്ടന്റെ മനസ്സിൽ എനിക്ക് അത്രേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ അല്ലെ..ഞാൻ പൊട്ടി.. 6 വർഷത്തിലേറെ ഏട്ടനെ മാത്രം മനസ്സിൽ കൊണ്ട്നടന്ന പൊട്ടിപെണ്ണ്.സങ്കടംനിറഞ്ഞ ഒരു നേർത്ത ചിരിയോടെ ഹേമ ഷാജിയെ നോക്കി.

ഹേമേ…… ഞാൻ…. നീ എനിക്ക് വേണ്ടി ഇത്ര കാലം കാത്തിരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.നീ എല്ലാം മറന്നെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അത് എന്റെ തെറ്റാ..

“രമ്യ”.. അവൾ എന്നോട് ഇഷ്ടം പറഞ്ഞു വന്നു..എനിക്ക് ഇഷ്ടമാണെന്ന് അവളോട് ഞാൻ ഒരിക്കലും തിരിച്ചു പറഞ്ഞിട്ടില്ല ..അവൾ തന്നെ സ്വയം അവളുടെ വീട്ടിലും എന്റെ വീട്ടിലും പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു.

എനിക്കറിയില്ല ഇനി..ഞാൻ പറയാം എന്റെ വീട്ടിൽ എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലാന്ന്. ഞാൻ നിന്നെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ. രമ്യയെ പോലും നിന്നെ സ്നേഹിച്ച പോലെ സ്നേഹിക്കാൻ എനിക്ക് പറ്റിയിട്ടില്ല..

വേണ്ട ഷാജിയേട്ടാ ഇനിയും ഓരോന്ന് പറഞ്ഞു എന്നെ കരയിക്കരുത്.

ഏട്ടൻ പറയുന്ന പോലെ ഇനി വിവാഹം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല.അതിനുള്ള സമയം ഒരുപാട് വൈകി. മാത്രല്ല ഒരു പെണ്ണിന് സ്വപ്നം കൊടുത്തിട്ട്… ആ സ്വപ്നം ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല ഷാജിയേട്ടാ. ഞാൻ ഒരിക്കലും ഏട്ടനെ ശപിക്കുവൊന്നും ഇല്ലാട്ടോ..

എനിക്ക് വിധിച്ചിട്ടില്ലാന്നു കരുതിക്കോളാം ഞാൻ.. നിങ്ങൾ 2 പേരും നന്നായി ജീവിക്കണം. ഞാൻ കാരണം.., എന്നെ കുറിച്ചുള്ള ചിന്ത കാരണം ആ കുട്ടിയെ വിഷമിപ്പിക്കരുത്.. നല്ലതുവരട്ടെ.. നിറഞൊഴുകിയ കണ്ണുകൾ അമർത്തിതുടച് ഹേമ നടന്നകന്നു ..

മൂന്ന് ദിവസങ്ങൾക്കപ്പുറം ഷാജിയുടെ വിവാഹം കാണാൻ അവളും പോയി. തന്റെമാത്രമെന്ന് കരുതിയിരുന്ന ഷാജിയേട്ടൻ മറ്റൊരാളുടെതായി എന്ന് വിശ്വസിക്കാൻ അവൾ ആ ചടങ്ങ് നേരിട്ട് കണ്ടു.

ഷാജിയുടെ കൈകളാൽ രമ്യയുടെ കഴുത്തിൽ താലി വീണപ്പോൾ ഹേമ അറിയാതെ അവളുടെ നെഞ്ചിൽ കൈ വച്ചു.രമ്യയുടെ നെറ്റിയിൽ കുങ്കുമം അണിഞ്ഞപോൾ ഹേമകണ്ണുകൾ അടച്ചു.

അവന്റെ കൈ കൊണ്ട് അവൾ ആഗ്രഹിച്ചത് മറ്റൊരാൾ സ്വന്തമാക്കിയത് കണ്ടപ്പോൾ നിറഞ്ഞു നിന്ന കണ്ണുകൾ ആരും കാണാതെ തുടച്ചുകൊണ്ട് അവൾ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറി നിന്നു.

അണപൊട്ടി ഒഴുകിയ സങ്കടം തുള്ളികളായി നിലത്തു പതിച്ചപ്പോൾ അവളുടെ മനസ്സിൽ നിന്ന് ഷാജിയേയും അവൾ ഒഴുക്കികളയുകയായിരുന്നു..

ഏഴ് മാസങ്ങൾക്കിപ്പുറം ഇന്ന് ഹേമയുടെ വിവാഹദിനം ആണ്…ഡോക്ടർ സുഭാഷ് ആണ് വരൻ..

ഷാജിയുടെ വിവാഹ ശേഷം വിഷാദ രോഗിയായി മനസ്സ് താറുമാറായ സമയത്ത് ഷാജിയെ മറക്കാനും വെറുക്കാതിരിക്കാനും സഹായിച്ചത് സുഭാഷ് ആയിരുന്നു.

അവളുടെ കൂടെ സ്കൂൾ കാലം തൊട്ട് കൂടിയവൻ. അവൾ അറിയാതെ അവളെ ജീവനെകാളേറെ സ്നേഹിച്ചവൻ.അവളെ പുതിയ ജീവിതത്തിലേക്ക് കൊണ്ടു വന്നത് സുഭാഷ് ആയിരുന്നു..

ഭ്രാന്ത് പിടിക്കുമായിരുന്ന അവസ്ഥയിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിയ ഹേമയെ ചേർത്ത് പിടിച്ചത് അവിടത്തെ ഡോക്ടർ ആയ സുഭാഷ് ആയിരുന്നു..

എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് അവൻ അവളെ അവന്റെ ജീവിതത്തിലേക്കു ക്ഷണിച്ചപ്പോൾ എതിർക്കാൻ ഹേമക്ക് ആയില്ല. അവന്റെ കൂടെ അവൾ പുതിയ ജീവിതം തുടങ്ങുകയാണ്.. സുഭാഷിന്റെ സ്വന്തം ഹേമയായി…

Leave a Reply

Your email address will not be published. Required fields are marked *