പണ്ട് അപ്പൻ അമ്മയെ കളിയാക്കുന്നത് കേട്ട് ചിരിച്ച എനിക്ക്, ഇന്ന് ആ മനസ്സിൻ്റ വിങ്ങല്..

(രചന: Shincy Steny Varanath)

നീയെന്താടി ഒരു മുന്നറിയിപ്പുമില്ലാതെ ഇങ്ങ് പോന്നത്? വീട്ടിലേയ്ക്ക് കയറി വരുന്ന മകളോട് തോമസ് ചോദിച്ചു.

അത് കൊള്ളാല്ലൊ…പപ്പേനെക്കാണാൻ വരാൻ ഞാനെന്താ മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യണോ…

അത്രയൊന്നും  വേണ്ട… ഞാനിന്നലെ വിളിച്ചപ്പോഴും നീ വരുന്ന കാര്യമൊന്നും പറഞ്ഞില്ല. അതുകൊണ്ട് ചോദിച്ചതാണേ… നീ കേറി വാ…

ഞാൻ വെറുതെ വന്നതാ പപ്പ… ഇന്നലെ വിളിച്ചപ്പോൾ പപ്പയ്ക്കെന്തൊക്കെയോ സങ്കടമുള്ള പോലെ തോന്നി… രാത്രിയിലെല്ലാം പപ്പയെ കാണാനൊരാഗ്രഹവും…

ബിനുനോട് ചോദിച്ചപ്പോൾ “എവിടെ വേണെലും പൊക്കോ… എനിക്ക് സമയമില്ല… ഞാൻ കൂടെ വരില്ലാന്ന് ” പറഞ്ഞു. ബിനും മോനും പോയി കഴിഞ്ഞപ്പോൾ ഇങ്ങ് പോന്നു. ഞാൻ മാത്രമല്ലാട്ടൊ, അവിടുത്തെ അമ്മയുമുണ്ട്.

അമ്മേടെ ഒരു പഴയ കൂട്ടുകാരിയെ വഴിയിൽ വച്ച് കണ്ടു. അവര് കുറച്ചു കഴിഞ്ഞേ വിടുള്ളുന്ന് പറഞ്ഞ് അമ്മനെ അവിടെ പിടിച്ച് നിർത്തി. കുറച്ചു കഴിയുമ്പോൾ ഇങ്ങ് വന്നോളാന്ന് പറഞ്ഞു.

ശോ… അമ്മയുമുണ്ടോ… നീ വരുന്ന കാര്യം നേരത്തെ പറയാത്തതു കൊണ്ട് ഉച്ചയ്ക്കത്തേയ്ക്ക് ഒന്നും ഉണ്ടാക്കിയതില്ലല്ലോടി.

രാജി എനിക്ക് ചോറു വെക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു രാവിലെയുണ്ടാക്കിയ ചപ്പാത്തി രണ്ട് മൂന്നെണ്ണം മിച്ചമുള്ളത് കഴിച്ചോളാന്ന്.

ഈ തിരക്കിനിടയ്ക്ക് ചോറും കറിയുമെല്ലാം ഉണ്ടാക്കി വരുമ്പോൾ അത് മടുക്കും. ഓടിപിടിച്ചാ ഓഫിസിലോട്ടിറങ്ങുന്നത്. അവര് രണ്ടും ക്യാൻറീനിൽ നിന്ന് എന്തെങ്കിലും കഴിക്കുകയാ പതിവ്. ഒരു ദിവസമെങ്കിലും സമാധാനത്തോടെ പോട്ടെന്ന് ഞാനും കരുതി.

അതൊന്നും സാരമില്ല… അതിനൊക്കെ പരിഹാരമുണ്ടാക്കാന്നെ… പപ്പയ്ക്ക് ഇപ്പോൾ ചായ വേണോ? ഞാനിടാം…

കിട്ടിയാൽ കൊള്ളാം…

ഓഹോ…അത്രയ്ക്കൊക്കെ മര്യാദ പപ്പേടെ കൈയിലുണ്ടായിരുന്നോ ?

എടീ… റീനേ…ഒരു ചായയിങ്ങെടുത്തോ… എന്നേ കേട്ടിട്ടുള്ളല്ലോ…

അതിന് മറുപടിയായി നിറം മങ്ങിയ ഒരു ചിരി മാത്രമേ തോമസിനുണ്ടായിരുന്നുള്ളു.

പപ്പയ്ക്ക് മമ്മിനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ…
ഇന്നലെ വിളിച്ചപ്പോൾ എനിക്ക് തോന്നി.

ശരിക്കും…  അയാളുടെ കണ്ണുകളിൽ നനവ് പടർന്നു.

ഞാനിന്നലെ മുഴുവൻ മമ്മിനെകുറിച്ചാണ് പപ്പാ ചിന്തിച്ചത്. ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് നനഞ്ഞൊഴുകുന്ന കണ്ണുകളായിരുന്നു മമ്മിയ്ക്ക്.

ഞങ്ങള് മക്കളും പപ്പയുമൊക്കെ തിരക്കിൽ നിന്ന് തിരക്കിലേയ്ക്ക് പോകുമ്പോൾ പരിഗണിക്കാതെ പോയൊരു വ്യക്തി. പുറം ലോകത്തേയ്ക്കിറങ്ങി ഒന്നും ചെയ്യാനറിയാത്ത എന്തിനും കൂട്ട് കൊതിക്കുന്നൊരാൾ…

ഇഷ്ടത്തോടെ ഉണ്ടാക്കി തരുന്ന ഭക്ഷണവും അലക്കി തേച്ചു തരുന്ന വസ്ത്രവും നമ്മുടെ അവകാശവും മമ്മിയുടെ ഉത്തരവാദിത്വവുമായിരുന്നു.

ഈസ്റ്ററിനും ക്രിസ്തുമസിനുമൊക്കെ ഞങ്ങളുടെ കൂട്ടുകാരും പപ്പേടെ സുഹൃത്തുക്കളുമൊക്കെ വരുമ്പോൾ ആളുടെ എണ്ണം പറയുകയും സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്ത് നമ്മളുത്തരവാദിത്വം തീർത്തപ്പോൾ, മമ്മിക്ക് പറ്റുമോ,

അതിഷ്ടമാണോന്നൊന്നും നമ്മളാരും ചോദിച്ചില്ല. വിഷുവും ഓണവുമൊക്കെ വരുമ്പോൾ നമ്മള് സുഹൃത്തുക്കളുടെ വീടുകളിൽ വിരുന്നിന് പോകുമ്പോഴും മമ്മിടെ ഒറ്റയ്ക്കായി പോകുന്ന ആഘോഷങ്ങളെക്കുറിച്ചും ചിന്തിച്ചില്ല.

ഒറ്റപ്പെട്ട് പോകുന്നതിനെക്കുറിച്ച് മമ്മിയൊരിക്കൽ പരാതി പറഞ്ഞപ്പോൾ, പപ്പയെന്താ പറഞ്ഞതെന്ന് ഓർമ്മയുണ്ടോ? “പത്താം ക്ലാസും തോറ്റ്, ഠ വട്ടത്തുള്ള ലോകം കണ്ടിട്ടുള്ള നിനക്ക് ജോലിക്കു പോകുന്നവരുടെ വിഷമമൊന്നുമറിയില്ല…

അതിൻ്റെ തിരക്കുകളുമറിയില്ല… ഒരു തുണിയെടുക്കാൻ പോകുന്നതിന് പോലും ഇടത്തും വലത്തും കൂട്ടിനാളു വേണം…

ഞാൻ കള്ളുകുടിക്കില്ല, പെണ്ണ് പിടിക്കില്ല… ഒരു രൂപ പോലും വെറുതെ കളയില്ല, ഓടിനടന്ന് കഷ്ടപ്പെടുന്നത് നിനക്കും പിള്ളേർക്കും വേണ്ടിയല്ലേ… അപ്പോൾ എപ്പഴും നിന്നെയെഴുന്നള്ളിച്ചോണ്ട് നടക്കാൻ സമയം കിട്ടില്ല.

എൻ്റെ മോനേ… നീ കല്യാണം കഴിപ്പിക്കുമ്പോൾ ഏതായാലും കുറച്ചു വിവരവും വിദ്യാഭ്യാസവുമുള്ള ഒരു പെണ്ണിനെ നോക്കണം. അല്ലെങ്കിൽ ഉള്ളിപൊളിച്ച കഥയും കറി കരിഞ്ഞ കഥയുമൊക്കെയേ കേൾക്കാനുണ്ടാകുള്ളു.

ഇവളുടെ ആഗ്രഹം, ഞാനെപ്പഴും ഇവളെ കെട്ടിപിടിച്ചോണ്ടിരിക്കണമെന്നാണ്.

ഞാനുത്തരവാദിത്വമുള്ള ഒരു പൊസിഷനിൽ ഇരിക്കുന്നയാളാണ്. അത് മനസ്സിലാക്കാനുള്ള ബോധം എന്നാണുണ്ടാവുക. എന്തു പറഞ്ഞാലും ഒരു പൂങ്കണ്ണീര്… ഇതിന് മാത്രം വെള്ളം എവിടെയാ സ്റ്റോക്ക് ചെയ്തേക്കുന്നേ…”

എല്ലാ തിരക്കുകളും ഒഴിവാക്കി രണ്ട് ദിവസമേ മമ്മിയ്ക്ക് വേണ്ടി നമ്മൾക്ക് ചിലവാക്കേണ്ടി വന്നള്ളു അല്ലേ പപ്പ… അതൊട്ട് ബോധമില്ലാതെ ICU ൽ കിടന്ന മമ്മിയറിഞ്ഞുമില്ല.

എല്ലാം കഴിഞ്ഞ് കല്ലറയിൽ നോക്കി നമ്മള് നിന്നത്രയും നേരം ഈ കാലയളവിൽ എല്ലാം കൂടെ മമ്മിയുടെ മുഖത്ത് നോക്കിയിട്ടില്ല. അന്ന് നമ്മള് കരഞ്ഞപ്പോൾ,

‘ വെറുതെ പൂങ്കണ്ണീരൊഴുക്കെണ്ടെന്ന് ‘ മമ്മിയ്ക്ക് പറയാൻ പറ്റുമായിരുന്നെങ്കിൽ പറഞ്ഞേനെന്ന് ഞാനിടയ്ക്കോർക്കും.

പണ്ട് അപ്പൻ അമ്മയെ കളിയാക്കുന്നത് കേട്ട് ചിരിച്ച എനിക്ക്, ഇന്ന് ആ മനസ്സിൻ്റ വിങ്ങല് നന്നായി അറിയാം… കാരണം ആ അവസ്ഥയിൽ ഇന്ന് ഞാനാണ്.

365 ദിവസത്തിൽ ഒരു പത്ത് ദിവസം ഞങ്ങൾക്കായി മാറ്റിവെച്ചൂടെയെന്ന് ഞാൻ ചോദിച്ചപ്പോൾ ഇതിന് സമാനമായ ഉത്തരമാണ് ബിനുവും പറഞ്ഞത്. നിനക്ക് വിവരവും വിദ്ധ്യാഭ്യാസവുമുണ്ടല്ലോ എന്ന വാക്ക് മാത്രമാണ് ഞാൻ കേൾക്കുന്നതിൽ വ്യത്യാസം.

ജോലിയൊഴുവാക്കിയതിൻ്റെ കാരണമറിയാമെങ്കിലും വെറുതെയിരിക്കുന്നതിൻ്റെ സൂക്കേടാണ് ഓരോ തോന്നലുകളുമെന്ന് പറഞ്ഞുവെക്കും.

പിന്നെ കള്ളുകുടിക്കാത്തതിൻ്റെയും പെണ്ണ് പിടിക്കാത്തതിൻ്റെയും കണക്കും അവിടെ മാറ്റമില്ല. നിങ്ങടെ ആ കണക്കിൻ്റെ കാര്യം എനിക്കെത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

കള്ളുകുടിക്കാനും പെണ്ണുപിടിക്കാനും അതിയായ ആഗ്രഹമുണ്ട്, പക്ഷെ ഞങ്ങളെയോർത്ത്മാത്രം, ഞങ്ങൾക്ക് വേണ്ടി മാത്രം ആഗ്രഹം ഒതുക്കി നിങ്ങൾ ത്യാഗം ചെയ്യുകയാണെന്നാണ് എനിക്കതു കേൾക്കുമ്പോൾ തോന്നുന്നത്.

മ ദ്യ പിച്ചാൽ നഷ്ടപ്പെടുന്ന ആരോഗ്യവും കാശും നിങ്ങളുടെ തന്നെയല്ലേ? അതും ത്യാഗം… നിങ്ങളീവക പരിപാടികളൊന്നും ചെയ്യാതെ ത്യാഗം ചെയ്യുമ്പോൾ ഭാര്യമാര് ഇതൊക്കെ ചെയ്തു കാശും കളഞ്ഞ് നടക്കുകയാണൊ… കഷ്ടം… “

എനിക്ക് അവിടെ സംസാരിക്കാൻ അമ്മയുള്ളതു കൊണ്ട് ഒരു പരിധിവരെ ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നു. അമ്മയ്ക്കും പറയാൻ അനുഭവങ്ങൾ ഒരുപാടുണ്ട്… സംസാരിക്കാൻ അമ്മയില്ലാതാകുന്ന കാലം ചിന്തിക്കാനാകില്ല…

ഇപ്പോൾ പപ്പ റിട്ടയർമെൻ്റ് ജീവിതത്തിലാണ്. വിവരവും ജോലിയുമുള്ള മകനും മരുമകളുമുണ്ട്, കൊച്ചുമകനുണ്ട്.

പക്ഷെ, ഉള്ളി കരിഞ്ഞ കഥകേൾക്കാനാണ് ആഗ്രഹം. എണ്ണതെറിച്ച് പൊള്ളിയ കൈകളിൽ ഊതിക്കൊടുക്കാൻ ആഗ്രഹമുണ്ട്. മനസ്സുണ്ട്…എന്താ ചെയ്ക… പറയാനാളില്ല…

ഊരിപ്പറിച്ചിടുന്നത് സമയാസമയം കഴുകി ഇസ്തിരിയിടാൻ ആജ്ഞാപിക്കാൻ പറ്റില്ല… ചോറിന് പകരം ചപ്പാത്തിവെച്ച് ഉച്ചയ്ക്കത്തേയ്ക്കു കൂടി അഡ്ജസ്റ്റ് ചെയ്യാറായി…

പറഞ്ഞുപോയ വാക്കുകളും അവഗണനകളും തിരിഞ്ഞ് കുത്താൻ ഇഷ്ടം പോലെ സമയവും…

നീ പറഞ്ഞതൊക്കെ ശരിയാ… അവളുണ്ടായിരുന്നെങ്കിൽ സാധിച്ചു കൊടുക്കാൻ പറ്റുമായിരുന്ന ആഗ്രങ്ങളെകുറിച്ച് ഞാനിപ്പോളിരുന്ന് ഓർക്കാറുണ്ട്…

ഇല്ല പപ്പ… മമ്മിയുണ്ടായിരുന്നെങ്കിൽ പപ്പയിപ്പഴും വീട്ടിലിരിക്കില്ലായിരുന്നു…  എന്തെങ്കിലുമൊക്കെ ഇടപാടുകൾ കണ്ടേനെ.

വീട്ടിലാരുമില്ലാത്തതുകൊണ്ടും മോൻ വരുമ്പോൾ ഒറ്റയ്ക്കാകുന്നകൊണ്ടുമൊക്കെയല്ലേ ഇപ്പോൾ വീട്ടിൽ കുടുങ്ങി പോയത്…

മമ്മിയുണ്ടായിരുന്നെങ്കിൽ ഇതെല്ലാം മമ്മിയുടെ ഉത്തരവാദിത്വമല്ലേ… രാജിയാണെങ്കിൽ സ്വന്തം തുണിയെങ്കിലും അലക്കിയെങ്കിൽ ഭാഗ്യമായേനെ… ഇപ്പോൾ ചായയിട്ടു തന്ന ഞാൻ,

എനിക്കിഷ്ടമുള്ളതൊക്കെയുണ്ടാക്കി വയ്ക്കാൻ ഇന്നലയെ വിളിച്ച് പറഞ്ഞേനെ…മമ്മിയിപ്പഴും പപ്പയ്ക്ക് കഥയില്ലാത്ത വെറും പെണ്ണുതന്നെയായിരുന്നേനെ…
ഒന്നും മാറില്ല… നമ്മളും മാറില്ല…

ഹമ്…

പപ്പ ചായ കുടി… ഞാൻ പപ്പയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല… ഞാനും അതിൽ ഉൾപ്പെട്ടിരുന്നയാളാണല്ലോ… തിരുത്താൻ ഞാനും ശ്രമിച്ചില്ല…

അതേ പദവിയിലെത്തിയപ്പോൾ നോവ് കൂടുന്നു. പപ്പ മോനോടൊന്ന് അവളെ സഹായിക്കാനൊക്കെ പറയണം… ജോലി കഴിഞ്ഞ് ഒരു പോലെ വരുന്ന അവൾക്കും ക്ഷീണമുണ്ടാകുമെന്ന് അവനെ പറഞ്ഞ് മനസ്സിലാക്കണം.

വീട്ടുപണിയും മോൻ്റെ പഠിപ്പീരും ജോലിയുമെല്ലാമാകുമ്പോൾ വീണ്ടുമൊര് മമ്മിടെ മനസ്സ് കാണാതെ പോകരുത്. പപ്പയെ കണ്ട് വളർന്നതല്ലെ അവന്മാറാൻ ബുദ്ധിമുട്ടാകും… ആദ്യം ആരുപോയാലും പരിഗണിക്കപ്പെടാതെ പോകുന്നവർക്കെന്നും നോവാണ്…

ഞാനമ്മേനെ വിളിക്കാം… എന്നിട്ട് നമ്മുക്കൊന്നിച്ച് പുറത്തു പോകാം… ഇന്ന് പുറത്തെന്ന് ഭക്ഷണം കഴിക്കാം… വീട്ടിൽ ഭക്ഷണമില്ലാഞ്ഞിട്ടല്ല… ആകുലതകളില്ലാതെ വല്ലപ്പോഴുമൊരു നേരം ഒന്നിച്ച് തിരക്കുകളില്ലാത്തൊരിടത്ത്…

അതൊരാശ്വാസമാ… പിന്നെ ഞങ്ങൾക്ക് കുറച്ച് ഡ്രെസ്സെടുക്കണം… തനിയെ പോകാൻ പേടിയായിട്ടല്ല…കൂട്ടുവേണായിട്ടുമല്ല പപ്പ…

ഒരഭിപ്രായം ചോദിക്കാൻ ഒരാൾ… അതൊരു സുഖമാണ്. അതിഷ്ടത്തോടെയാകുമ്പോൾ രണ്ടാൾക്കും അതൊരനുഭവമാണ്… അമ്മയും ഇതൊക്കെ ആഗ്രഹിച്ച കാലമുണ്ടാകും… ചാച്ചൻ പോയതിൽ പിന്നെ പുറത്തിറങ്ങനെ മടിയാ… ഉള്ളപ്പോൾ ഇറക്കീട്ടുമില്ല…

ഞാൻ നിർബന്ധിച്ച് കൂട്ടിയതാ… തിരുത്താൻ പറ്റുന്ന തെറ്റുകളെല്ലാം ആളുകളുള്ളപ്പോൾ തന്നെ തിരുത്തണ്ടെ… ഓരോ മരണങ്ങൾക്ക് ശേഷവും ഓർമ്മകളിങ്ങനെ നോവിക്കുന്നതോടൊപ്പം കുറ്റപ്പെടുത്താനും ഇടയാകരുത്.

പപ്പയൊരുങ്ങ്… മോൻ വരുന്നതിന് മുൻപ് തിരിച്ചെത്തണം…വണ്ടിയെടുക്കാം… തിരിച്ച് വരുമ്പോൾ ഞങ്ങളെ ബസ് സ്റ്റോപ്പിൽ ഇറക്കിയാൽ മതി…

ഡ്രസ്സു മാറാൻ മുറിയിലേയ്ക്ക് പോകുമ്പോൾ തീർച്ചയായും അയാളോർത്തത് ഈ യാത്രയിൽ അവളും കൂടിയുണ്ടായിരുന്നെങ്കിലെന്നാകും…

Leave a Reply

Your email address will not be published. Required fields are marked *