മാറ്റം
(രചന: അച്ചു വിപിൻ)
അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്.
അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി. എന്താ രവി ഈ കാണിക്കുന്നത് ഇപ്പെന്റെ കൈ പൊള്ളിയേനെലോ…
ശ്വാസം മുട്ടി നിൽക്കുന്ന എന്റെ കഴുത്തിൽ മൃദുവായി ചുംബിച്ച ശേഷം പതിഞ്ഞ ശബ്ദത്തിലാ മനുഷ്യൻ ചോദിച്ചു, മ്മ്, ഇതെന്താ സാരിയൊക്കെ തേച്ചു വെക്കുന്നത് ഇന്നെന്തേലും പ്രത്യേകതയുണ്ടോ?
ഉവ്വ്,എനിക്കിന്നൊരു സുഹൃത്തിന്റെ കല്യാണം ഉണ്ട്, അവൾ എന്നെ പ്രത്യേകം ക്ഷണിച്ചതു കാരണം ഞാനതിനു ചെല്ലാമെന്ന വാക്കു പറഞ്ഞിട്ടുണ്ട്. തല്ക്കാലം രവിയൊന്നു നീങ്ങി നിൽക്കു, ഞാനിത് മര്യാദക്കൊന്നു തേക്കട്ടെ.
എന്നെ വരിഞ്ഞു മുറുക്കിയ കൈകൾ അയഞ്ഞെന്നു മനസ്സിലായതും ഞാൻ വീണ്ടും സാരി തേക്കുന്നതിൽ മുഴുകി.
ഓഹോ എന്നിട്ട് നീയീ കാര്യം ഇപ്പഴാണോ എന്നോട് പറയുന്നത്? എന്റെ പ്രിയേ ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്,
അപ്പൊ നീയിവിടെ നിന്നും പോയാലെങ്ങനെ ശരിയാവും? എന്തെങ്കിലും കാരണം പറഞ്ഞവരോട് വരുന്നില്ലെന്ന് നീ വിളിച്ചു പറ. അയാൾ സ്വരമല്പം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് പോണം രവി, പോകാതെ പറ്റില്ല. ചെല്ലാമെന്നു ഞാൻ വാക്കു പറഞ്ഞു പോയി. ദയവായി നിങ്ങൾ തടസ്സം പറയരുത്.
ഞാൻ സാരിയും ബ്ലൗസും സൈഡിലുള്ള ടേബിളിൽ മടക്കി വെച്ച ശേഷം അടുക്കളയിലേക്ക് നടന്നു.
എന്റെ പിന്നാലെ ഓരോന്ന് പറഞ്ഞു കൊണ്ട് രവിയും പോന്നു. അതുമിതും പറഞ്ഞു സെന്റിയടിച്ചു കല്യാണത്തിനെന്നെ വിടരുത്, അതാണയാളുടെ ലക്ഷ്യമെന്നെനിക്ക് മനസ്സിലായി അതുകൊണ്ട് തന്നെ ഞാൻ രവി പറയുന്ന കാര്യങ്ങളൊന്നും കേട്ടില്ലെന്നു നടിച്ചു.
അരിവാർത്തു വെച്ച ശേഷം ഞാൻ കുളിക്കാനായി പോയി.കുളിയും കഴിഞ്ഞ് തുണിയും വിരിച്ചിട്ടു വരുമ്പോൾ മണി ഒൻപതു കഴിഞ്ഞിരുന്നു.
മൂന്നു വയസ്സായ ഇളയ മോൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു വന്നു. അവനു കുടിക്കാനുള്ള പാല് മേശപ്പുറത്തെടുത്തു വെച്ചു കൊടുത്ത ശേഷം ഞാൻ സാരി മാറാനായി മുറിയിലേക്ക് പോയി.
സാരിയുടുത്ത ശേഷം കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ടെന്റെ മനോഹരമായ രൂപം ഞാനൊന്നാസ്വദിച്ചു.
അല്ലെങ്കിലും നന്നായൊന്നുടുത്തൊരുങ്ങി നാലാളുകളുടെ മുന്നിൽ ചെന്നവരുടെയൊക്കെ ശ്രദ്ധ പിടിച്ചു പറ്റാൻ ആരാണ് ആഗ്രഹിക്കാത്തതെന്നു ഞാൻ മനസ്സിലോർത്തു.
കണ്ണാടിയുടെ മുന്നിൽ നിന്നു പിറുപിറുക്കുന്ന എന്നെ നോക്കി പുച്ഛത്തോടെ ഭർത്താവു പറഞ്ഞു,അയ്യേ ഒരുമാതിരി കഥകളി പോലെയുണ്ട്.സത്യം പറഞ്ഞ നല്ല ബോറായിട്ടുണ്ട് ട്ടോ .അയാളെന്നെനോക്കി ഊരിയൂറി ചിരിച്ചു.
നല്ല അസൂയ ഉണ്ടല്ലേ?ഞാനാ മനുഷ്യനോട് തിരിച്ചു ചോദിച്ചു.
ആട്ടെ, അതവിടെ നിക്കട്ടെ.നീ പിള്ളേരെ കൊണ്ട് പോകുന്നില്ലേ? അവരെ ഒറ്റയ്ക്ക് നോക്കാനൊന്നും എനിക്ക് പറ്റില്ല.അയാൾ കൈ മലർത്തി.
അത് കേട്ടപ്പോൾ എനിക്കല്പം നീരസം തോന്നി. അത് മുഖത്ത് പ്രകടമാക്കിക്കൊണ്ട് തന്നെ ഞാൻ പറഞ്ഞു,
എന്തിനാ ഇപ്പൊ പിള്ളേരെ കൊണ്ടുപോകുന്നത്?അതിന്റെ ആവശ്യമില്ല.അവരെ രവി തന്നെ നോക്കിയ മതി.
പിള്ളേർ രവി പറഞ്ഞാലും കേൾക്കും. അവരുടെ കാര്യത്തിൽ രവിക്കും കൂടി ഉത്തരവാദിത്തമുണ്ട്. അവരെന്റെ മാത്രം മക്കളല്ലല്ലോ,മാത്രല്ല രവി കൂട്ടുകാരുടെ കൂടെ ടൂറ് പോകുമ്പോഴും,
കല്യാണത്തിന് പോകുമ്പോഴുമെല്ലാം ഒറ്റക്കല്ലേ പോകാറ്.എന്നെയും മക്കളെയും കൊണ്ടുപോകാറില്ലല്ലോ, പിന്നെ ഞാനെന്തിനത് ചെയ്യണം?
ഞാനും കൂടി ഒറ്റയ്ക്ക് പോകുന്നതിന്റെ സുഖം ഒന്നറിയട്ടെന്റെ രവി.
അയാൾ മിണ്ടുന്നില്ല എന്നു കണ്ടതും ഞാൻ തുടർന്നു.
ആ പിന്നെ, കഴിക്കാനുള്ള ചോറ് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.കറി രവി തന്നെയുണ്ടാക്കണം.ഭക്ഷണം സമയത്തിനെടുത്തു പിള്ളേർക്ക് കൊടുത്താൽ മതി അവരു കഴിച്ചോളും.
കുറച്ചു സ്പ്രേ എടുത്തു മേത്തടിച്ച ശേഷം എന്റെ നേരെ തുറിച്ചു നോക്കി നിൽക്കുന്ന രവിയെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു, എങ്ങോട്ടേലും എന്നെ കൊണ്ടുപോകാതെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു രവി പോകുമ്പോൾ ദേ ഇതെ മുഖമാണ് എനിക്കും.ഹായ് എന്തൊരു സാമ്യം..
ഓഹോ നീയപ്പോ പകരം വീട്ടുന്നതാണല്ലേടി പുല്ലേ?അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
ചൂടാവാതെ രവി. ഇന്നൊരു ദിവസമല്ലേ ഞാൻ പോകുന്നുള്ളൂ,അല്ലാതെ രവിയെ പോലെ മൂന്നും നാലും ദിവസത്തേക്കൊന്നും പോകുന്നില്ലല്ലോ.ദേ ആ കാണുന്ന അടുക്കളയിൽ നിന്നും, ഈ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്നും ഞാനും ഒന്നു പുറത്തേക്കിറങ്ങട്ടെ….
രവിയായിട്ടെന്നെ ഒരിടത്തും കൊണ്ടുപോകാറില്ല, എന്റെ വീട്ടിൽ ഒരു നാലു ദിവസം പോലും നിക്കാൻ വിടാറില്ല, മക്കളെ നോക്കാൻ ആളില്ല എന്നു പറഞ്ഞൊരു പണിക്കെന്നെ വിടുന്നില്ല,എന്തിനേറെ കുഞ്ഞുങ്ങൾ കരയുമെന്ന് പറഞ്ഞു ഒരു സിനിമക്ക് പോലും എന്നെ കൊണ്ടുപോകുന്നില്ലല്ലോ?
എത്രയെന്നു വെച്ചിട്ട നിങ്ങൾക്കൊക്കെ വെച്ചു വിളമ്പി ഞാനീ വീട്ടിൽ തന്നെയിരിക്കുന്നത്.
വർഷം അഞ്ചു കഴിഞ്ഞു തീയറ്ററിൽ പോയൊരു സിനിമ കണ്ടിട്ട്.ഇന്നെന്തായാലും ആ വിഷമമങ്ങ് തീർക്കണം,ഉച്ച കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ ഒരു സിനിമയും കണ്ടിട്ടേ ഞാൻ വരൂ. എന്നും മക്കളെ നോക്കി വീട്ടിലിരിക്കാമെന്നു രവിക്കു ഞാൻ വാക്കൊന്നും തന്നിട്ടില്ല.
മക്കളെ ഒറ്റയ്ക്ക് ഒരു ദിവസം നോക്കുന്നതിന്റെ സുഖം രവി കൂടെ ഒന്നറിയൂ.ഒരു പണിയുമില്ലാതെ ഞാനിവിടെ വെറുതെ തിന്നിരിക്കുവാണന്നല്ലേ രവി പറയാറ്,അതിന്റെ ഉത്തരം രവിക്കിന്ന് കിട്ടും.
ആ പിന്നെ വീടും അടുക്കളയും നല്ല വൃത്തിയായിട്ടാണ് ഞാനിട്ടിരിക്കുന്നത് വൈകിട്ട് വരുമ്പോഴും ഇതുപോലെ തന്നെയിരിക്കണം.
സ്റ്റാൻഡിൽ തൂക്കിയിട്ട ഭാഗെടുത്തു തോളത്തിട്ട ശേഷം ഞാൻ ഉമ്മറത്തേക്ക് നടന്നു.എന്റെ പുറകെ വരുന്ന രവിയോട് തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ പറഞ്ഞു,പഴ്സിൽ നിന്നുമൊരു രണ്ടായിരം രൂപ ഞാനെടുത്തിട്ടുണ്ട്,ഒരു വഴിക്കു പോണതല്ലേ കുറച്ചു കാശ് കയ്യിലിരിക്കണത് നല്ലതല്ലേ?
പോക്കറ്റിൽ നിന്നു കാശ് ഞാൻ എടുത്തെന്നു പറഞ്ഞിട്ടും അയാൾ മറുപടിയൊന്നും പറഞ്ഞില്ല.
ഗേറ്റ് അടച്ചു റോഡിലേക്കിറങ്ങിയ ശേഷം എന്റെ നേരെ തന്നെ നോക്കി നിൽക്കുന്ന രവിയോടായി പോയിട്ട് വരാം എന്ന അർത്ഥത്തിൽ ഞാനൊന്നു കൈ വീശികാണിച്ചു.
എന്നും രവി എന്റെ നേരെയാണ് അങ്ങനെ കൈവീശി കാണിക്കാറ്,ഇന്നൊരു ചേഞ്ച് ആയിക്കോട്ടെ അല്ലെങ്കിലും ഒരു മാറ്റo തനിക്കനിവാര്യമാണ്.ഒരുപാടു പാവമായാലും കൊള്ളില്ല.
സാരിയുടെ ഞൊറി ഒന്നുകൂടി ശരിയാക്കിയ ശേഷം റോഡിലൂടെ ഒരു വശം ചേർന്നു മുന്നോട്ട് നടക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു,
ഭർത്താവിന് തോന്നിയിടത്തൊക്കെ ഭർത്താവ് പോകുന്നുണ്ട് ഇനി മക്കൾ വലുതാവുമ്പോ അവരും അവരുടെ ഇഷ്ടം പോലെ പോകും പിന്നെ ഞാൻ മാത്രം എന്തിനു പോകാതെയിരിക്കണം?പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും ഒരു കുറ്റബോധം തോന്നരുതല്ലോ…
സുഹൃത്തുക്കളുമായി ഒത്തുകൂടി പരിപാടിയൊക്കെ കഴിഞ്ഞു ഞാൻ വീട്ടിലെത്തിയപ്പോൾ വൈകിട്ട് ഏഴുമണി കഴിഞ്ഞിരുന്നു.എന്നെ കണ്ടപ്പോൾ തന്നെ മക്കളോടി വന്നു.
ഇളയവനാണെങ്കിൽ വാശി പിടിച്ചു കരയുകയും ചെയ്തു. അവനെ ഒരു പ്രകാരത്തിൽ സമാധാനിപ്പിച്ച ശേഷം ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു.അകത്തു മുഴുവൻ ആകെ അലങ്കോലമായി കിടക്കുന്നുണ്ട്.
ആകെയൊരു യുദ്ധം കഴിഞ്ഞ പ്രതീതി. സോഫയിൽ ഒരു സൈഡിലായി രവിയിരിക്കുന്നുണ്ടായിരുന്നു അയാളെന്റെ നേരെ ദയനീയമായൊന്നു നോക്കി. മക്കളെ നോക്കി വശം കെട്ടെന്ന് ആ നോട്ടത്തിൽ നിന്നു തന്നെ എനിക്ക് മനസ്സിലായിരുന്നു.
ഞാൻ സാരി മാറിയ ശേഷം അടുക്കളയിലേക്ക് ചെന്നു..ചായപാത്രം മുതൽ കൂട്ടാനുണ്ടാക്കിയ ചീനച്ചട്ടി വരെ സിങ്കിൽ കഴുകാതെ കിടക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ കറികൾ ഉണ്ടാക്കി കരിഞ്ഞു പോയെന്നു തോന്നി,
അവസാനം ഏതോ തക്കാളി കറി മാത്രം ഗ്യാസിന്റെ മുകളിൽ ശേഷിച്ചിട്ടുണ്ട്. അതല്പം എടുത്തു ഞാൻ വായിൽ വെച്ചു നോക്കി,ഓക്കാനം വന്നുപോയി, മുളക് കുറവാണെങ്കിലും ഉപ്പു നല്ലോണം വാരി വിതറിയിട്ടുണ്ടായിരുന്നു.
മക്കള് വല്ലതും കഴിച്ചോ? ഹാളിലേക്ക് വന്ന ശേഷം ഞാനവരോട് ചോദിച്ചു.ചോറ് കുറച്ചു കഴിച്ചമ്മേ, കറിയൊന്നും ടേസ്റ്റ് ഇല്ലായിരുന്നു ഈ അച്ഛൻ വേറെ ഒന്നും ഉണ്ടാക്കി തന്നില്ല. മൂത്തവൾ എന്റെ നേരെ സങ്കടത്തോടെ നോക്കി.
ഞങ്ങക്ക് വിശക്കുന്നു എന്തേലും താ അമ്മേ.അവൾ നിന്നു ചിണുങ്ങി.
ഞാൻ അവർക്കായി മേടിച്ച ബിരിയാണി മേശപ്പുറത്തു കൊണ്ട് വെച്ച ശേഷം കഴിക്കാനായി ഒരു പ്ലേറ്റിൽ ഇട്ടു കൊടുത്തു…മക്കള് വാ ഇത് കഴിച്ചോ ഞാനവരെ അടുത്തേക്ക് വിളിച്ചു.
മൂത്തവളും ഇളയവനും വേഗം വന്നതിരുന്നു കഴിച്ചു തുടങ്ങി.
അല്പം കഴിഞ്ഞപ്പോൾ താഴോട്ട് നോക്കിയിരിക്കുന്ന രവിയുടെ അടുത്ത് ചെന്നിരുന്ന ശേഷം ഞാൻ ചോദിച്ചു, രവിക്കെന്തായായിരുന്നു ഇവിടിത്ര മല മറിക്കുന്ന പണി?
ഈ രണ്ടു പിള്ളേരെ നോക്കാൻ ഇത്ര പാടാണോ?പാത്രം കഴുകുന്നതും വീട് വൃത്തിയായി ഇടുന്നതും ഇത്ര വല്യ പണിയാണോ? ഞാനൊന്നർത്ഥം വെച്ചു ചിരിച്ചു.
ശവത്തിൽ കുത്താതെടി.ഇനി മേലിൽ ഞാൻ നിന്നോടീ വക ചോദ്യങ്ങൾ ചോദിക്കില്ല. എനിക്കിന്നെല്ലാം മനസ്സിലായി പിള്ളേര് കരഞ്ഞാലും വേണ്ടൂല നിന്നെ ഞാൻ സിനിമക്ക് കൊണ്ടുപോകാം. വേണോങ്കി രണ്ടാഴ്ച പോയി നീ നിന്റെ വീട്ടിൽ നിന്നോ.
അയാളുടെ മറുപടി കേട്ടെനിക്കു സഹതാപമാണ് തോന്നിയത്.ഞാനാ മനുഷ്യനെ നോക്കി പറഞ്ഞു, ഒരു ദിവസം വീട്ടിൽ ഇരുന്നപ്പോൾ നിങ്ങൾക്കിങ്ങനെ തോന്നി, അപ്പൊ എല്ലാ ദിവസവും ഇതിനകത്തിരിക്കുന്ന എന്റെ മനസ്സിൽ എന്തൊക്കെ തോന്നിക്കാണും?
ഞാനും ഒരു മനുഷ്യനാണ് രവി,എനിക്കുമുണ്ട് ആഗ്രഹങ്ങൾ ഇനിയെങ്കിലും നിങ്ങളത് മനസ്സിലാക്കുക.ഒന്നും മേടിച്ചു തരണ്ട പക്ഷെ എന്റെ കഷ്ടപ്പാടിനെ വില കുറച്ചു കാണരുത്, വീട്ടിലെ അടിമയെ പോലെ എന്നോട് പെരുമാറരുത്.
വീട്ടുപണി എന്നത് അത്ര എളുപ്പമല്ല രവി,ഒരു വീട് വീടാകണമെങ്കിൽ നല്ല കഷ്ടപ്പാടുണ്ട്.ഞാൻ നിന്നു കിതച്ചു. സങ്കടം കൊണ്ടാകണം വാക്കുകൾക്കായി ഞാൻ പരതി.
തൽക്കാലം ഇത്രെയെ ഞാൻ പറയുന്നുള്ളു.. രവിക്കു വിശക്കുന്നുണ്ടാവില്ലേ?പോയി മക്കടെ കൂടെയിരുന്നു കഴിക്കാൻ നോക്ക്.ഞാൻ നിങ്ങൾക്കും ഭക്ഷണം മേടിച്ചിട്ടുണ്ട്.
അയാൾ എന്റെ നേരെയൊന്നു നോക്കിയ ശേഷം ഭക്ഷണം കഴിക്കാനായി മക്കളുടെ അടുത്തുപോയിരുന്നു. അടുക്കളയിൽ പോയി പാത്രം കഴുകി വെച്ച ശേഷം ഞാൻ ഹാളിലേക്ക് വന്നു.അയാളും മക്കളും ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ എനിക്കല്പം പ്രയാസം തോന്നി.
മക്കള് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അവരുടെ പ്ലേറ്റെടുക്കാനായി ഞാൻ ചെന്നു. ടേബിളിൽ കിടന്ന എച്ചിൽ വാരി പ്ലേറ്റിലേക്കിട്ടതും രവിയെന്റെ കയ്യിൽ കയറി പിടിച്ചു.
എന്താ എന്ന അർത്ഥത്തിൽ ഞാനയാളെ നോക്കി. അതവിടെ വെച്ചിട്ടു നീ പോയി പിള്ളേരുടെ കൂടെയിരുന്നോ, പ്ലേറ്റ് ഞാൻ കഴുകിക്കോളാം.
ഞാൻ വിശ്വാസം വരാത്ത പോലെ രവിയെ ഒന്നു നോക്കി.സ്വന്തം പ്ലേറ്റ് പോലും കഴുകാത്ത ആളാണോ ഈ പറയുന്നതെന്ന് ഞാൻ മനസ്സിലോർത്തു.
അതേടി ഞാൻ കഴുകിക്കോളാം. ഇനി നീ ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടേണ്ട കാര്യമില്ല എന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ ഞാൻ നിന്നെ സഹായിക്കാം. ഒക്കെ എന്റെ തെറ്റാണ് കുറച്ചൊക്കെ നിന്നെ മനസ്സിലാക്കാൻ ഞാൻ ശ്രമിക്കണമായിരുന്നു…..
പിന്നീടെന്തോ പറയാൻ തുടങ്ങിയ രവിയെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു, ഇനിയൊന്നും പറയണ്ട.എനിക്കറിയാം നിങ്ങൾ എന്താണ് പറയാൻ പോകുന്നതെന്ന്……
അല്പനേരത്തെ മൗനത്തിന് ശേഷം ഞാൻ തുടർന്നു.. രവി,ഇത്രയും നാൾ നിങ്ങളെന്റെ മക്കളുടെ അച്ഛൻ മാത്രമായിരുന്നു, എന്നാൽ “
ഇപ്പോഴാണ് എല്ലാ അർത്ഥത്തിലും നിങ്ങളെനിക്കൊരു ഭർത്താവായത്”.ഈ നിമിഷത്തിന് മുൻപ് വരെ നമ്മൾ തമ്മിൽ ജീവിച്ചത് ഒരു ജീവിതമേയല്ലായിരുന്നു.എന്തൊക്കെയോ ഒരു തരം ഒരഡ്ജസ്റ്റ്മെന്റ്,അതല്ലേ സത്യം?
“സ്നേഹം” നമ്മളുടെ ഉള്ളിൽ ഉണ്ടായിരുന്നു പക്ഷെ അത് നമ്മൾ പരസ്പരം പ്രകടിപ്പിച്ചില്ല എന്തിനേറെ ഒന്നു തുറന്നു സംസാരിക്കാൻ പോലും നമ്മൾ തയ്യാറായില്ല.
പോരായ്മകൾ ഇല്ലാത്ത മനുഷ്യനില്ല, പക്ഷെ പോരായ്മകൾ തിരിച്ചറിഞ്ഞത് നികത്തുമ്പോഴാണ് ഒരാൾ ജീവിതത്തിൽ വിജയിക്കുന്നത്. ഇനിയാണ് രവി നമ്മൾ പരസ്പരം മനസ്സിലാക്കിയും, അറിഞ്ഞും ജീവിക്കാൻ തുടങ്ങുന്നത്.ഞാനൊന്നു നെടുവീർപ്പിട്ടു.
എനിക്കെന്തോ വല്ലാത്തൊരു സന്തോഷവും സമാധാനവും മനസ്സിൽ തോന്നി.മനസ്സിലെ ഭാരമെല്ലാം ഇറക്കി വെച്ചത് പോലെ അനുഭവപ്പെട്ടു അങ്ങനെ കുറെ നാളിനു ശേഷം ഞാൻ എല്ലാം മറന്നൊന്നു ചിരിച്ചു.
അതു കണ്ടിട്ടാവണം ആയാളും എന്റെ നേരെ നോക്കിയൊന്നു പുഞ്ചിരിച്ചു.ആ ചിരിയിൽ അയാളുടെ “മാറ്റം “പ്രകടമായിരുന്നു.