അവള് പോയാ നിനക്ക് അവളെക്കാൾ നല്ല പെണ്ണിനെ ഞാൻ കണ്ടു പിടിച്ചു തരൂടാ ഏട്ടാന്ന്..‌

(രചന: Nijila Abhina)

“അപ്പൊ നീയാണല്ലേ ഇതിന് പിന്നിൽ”

“ആണാണെങ്കിൽ ആണുങ്ങളോട് മുട്ടണം അല്ലേ നേരിട്ട് ചോദിക്കണം. ഇതൊരുമാതിരി നാണം കെട്ട പരിപാടിയായിപ്പോയി കണ്ണാ…”

ഓണത്തിന്റെ ലീവെന്ന് പറഞ്ഞു കല്യാണിക്കുട്ടി കെട്ടിപ്പെറുക്കി വന്നിട്ടുണ്ട്ന്ന്‌ കേട്ടാണ് ഒരാഴ്ചത്തെ ലീവ് വിളിച്ചു പറഞ്ഞു ഞാനും വല്യച്ഛന്റെ വീട്ടിലെത്തിയത്…..

മുണ്ട് മടക്കിക്കുത്തി കയ്യാലപ്പടി കയറുന്ന വാസുവേട്ടന്റെ ഇഞ്ചി കടിച്ച മുഖഭാവം കണ്ടപ്പോൾ പോലും കാര്യമെനിക്ക് മനസിലായില്ല….

“എന്താ വാസുവേട്ടാ കാര്യമെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും ഞെട്ടിക്കുന്നതായിരുന്നു..

“നിന്നോട് പറയാനല്ല ഇവൾടെ അച്ഛനെ കാണാനാ ഞാനിവിടെ വന്നത്……

എന്താ വാസുവേട്ടാ കാര്യമെന്ന് ചോദിച്ചു പുറത്ത് വന്ന വല്യച്ഛനോട് ,

“വീട്ടി കേറിവന്നു പോക്രിത്തരം കാണിക്കാന്ന്‌ കരുതിയോ…. എന്റെ മോൾക്ക്‌ ചിലവിനു കൊടുക്കുന്നത് ഞാനാ അല്ലാതെ നാട്ടുകാരല്ല…..

പെങ്കുട്ട്യോളെ മര്യാദയ്ക്ക് വളർത്തണം അല്ലാതെ തോന്നിയ പോലെ ഇറക്കി വിടരുതെന്ന് പറഞ്ഞ വാസുവേട്ടനോട്

എന്റെ മോൾക്ക്‌ അത്യാവശ്യം മര്യാദയുണ്ട്… അതാദ്യം സ്വന്തം വീട്ടിലുള്ളോരേ പേടിപ്പിക്കെന്ന വല്യച്ഛന്റെ മാസ്സ് ഡയലോഗിൽ കല്യാണിയെന്നെ കണ്ണിറുക്കി കാണിച്ചു…

നിങ്ങള് മാത്രല്ല അവൾക്കു ചെലവിനു കൊടുക്കുന്നത് നാട്ടുകാരുടെ ചെലവിലും മോള് നന്നായി പുട്ടടിക്കാറുണ്ട് എന്ന് പറയാനോങ്ങിയതാണ് വേണ്ടെന്നു വെച്ചു….

മാലാഖയുടെ മോന്തയും പി ശാശിന്റെ മനസുമുള്ളയാ ശൂ ർ പ്പ ണഖയേപ്പറ്റി ഓർത്തപ്പോൾ തന്നെ ഉറഞ്ഞു കയറി….

എൻജിനീയറിങ് കോഴ്സും കഴിഞ്ഞു പണികിട്ടാതെ തേരാ പാരാ നടക്കുന്ന സമയത്താണവളെ ശ്രദ്ധിച്ചു തുടങ്ങിയത്…

എന്തിനും ഏതിനും കണ്ണേട്ടാന്ന്‌ വിളിച്ചടുത്തെക്ക് വരുന്നൊരു കുട്ടിക്കുറുമ്പി… മാളൂട്ടി..

കൂടെ നിർത്തിയാൽ രാവും പകലും പോലിരിക്കുമെന്നറിയാവുന്നോണ്ടും പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയ ചാപല്യത്തിന് ആയുസ്സ് കുറവാണെന്ന് മനസെന്നോട് സ്വയം പറഞ്ഞത് കൊണ്ടും

പ്രേമിച്ചു കൂടെ കൂട്ടിയാൽ തേച്ചൊടിക്കുമോ എന്നൊരു സംശയമുള്ളതു കൊണ്ടും അകറ്റി നിർത്താൻ പരമാവധി ശ്രമിച്ചു…

എത്രയൊക്കെയകറ്റിയാലും കൂടുതൽ കൂടുതൽ അടുക്കുന്ന സ്വഭാവമായിരുന്നു…. ആ അവഗണനയിൽ കണ്ണ് നിറയ്ക്കുന്നവൾ…

പിന്നീടെപ്പോഴോ കൂടെ കൂട്ടിയാൽ ഉപേക്ഷിച്ചു പോകില്ലെന്ന് തോന്നി..

മൂന്ന് പെങ്കുട്ട്യോളും അരപ്പട്ടിണിയുമുള്ള കുടുംബത്തൂന്നവളെ രക്ഷിച്ചാ നിനക്ക് പുണ്യം കിട്ടുമെന്നമ്മ കൂടി പറഞ്ഞപ്പോ

സ്വയം മനസിലവൾക്കൊരു സ്ഥാനം കൊടുക്കുകയായിരുന്നു… ഇതുവരെ മറ്റാർക്കും കൊടുക്കാത്തൊരു സ്ഥാനം….

കൈ കോർത്ത്‌ പിടിച്ചമ്പലത്തിൽ പോകുമ്പോഴും മൂവാണ്ടൻ മാവിന്റെ തണലിൽ കഥ പറഞ്ഞിരിക്കുമ്പോഴും

ചുറ്റുമുള്ളവരെന്തു പറയുമെന്ന വേവലാതി ഉണ്ടായിരുന്നില്ല കാരണം മനസുകൊണ്ട് നാട്ടുകാരടക്കം അംഗീകരിച്ചിരുന്നു കണ്ണനേം മാളൂട്ടിയെം….

ചങ്കിൽ കുത്തിയ പ്രേമത്തിനിടയിലാരൊക്കെയോ പറഞ്ഞിരുന്നു അവൾ ശെരിയല്ലടാന്ന്‌…..

അതൊക്കെയും പുഞ്ചിരിച്ചു കൊണ്ട് പുച്ഛിച്ചു തള്ളിയപ്പോൾ എനിക്കുറപ്പുണ്ടായിരുന്നു എന്റെ സ്നേഹം സത്യമാണ് അത് കൊണ്ട് തന്നെയെന്റെ മാളൂട്ടിയെന്നെ ചതിക്കില്ലയെന്ന്…

“ഇങ്ങോട്ടിറക്കി വിടടോ മോനെയെന്ന് പുറത്തുനിന്നാരോ അലറിയത് കേട്ട് കൊടുങ്കാറ്റ് വന്നാൽ പോലും

തളരാത്തയച്ഛൻ ഞെട്ടിയത് കണ്ടപ്പോഴാണ് ഗൗരവമുള്ളതെന്തോ ആണ് കാര്യമെന്നെനിക്കും മനസിലായത്…..

ഇതുവരെ നല്ലത് മാത്രം നാട്ടുകാരും വീട്ടുകാരും പറഞ്ഞു കേട്ടയാമോനെപ്പറ്റി കാക്കിയിട്ടയാ പോലീസേമാൻ പറഞ്ഞത് കേട്ടമ്മയും ഒന്ന് ഞെട്ടിയിരുന്നു അന്ന്…

“എട്ടും പൊട്ടും തിരിയാത്ത പെണ്ണിനെ എവിടെ കൊണ്ടുപോയാടാ ഒളിപ്പിച്ചത് ”

കോളറിൽ പിടിച്ചന്നയാൾ അലറിയത് ഇന്നുമെന്റെ മനസിലുണ്ട്….

ചുറ്റും കൂടിയ നാട്ടുകാരിൽ നിന്നാണ് മാളൂട്ടിയെ കാണുന്നില്ലെന്നും ഇന്ന് വന്ന എന്ട്രൻസ് ടെസ്റ്റിൽ തോറ്റതാണ് കാരണമെന്നും അതല്ല അവളാർഡയോ കൂടെ പോയതാണെന്നുമുളള വാക്കുകൾ കേട്ടത്..

കേട്ടത് സത്യമാകരുതേയെന്ന് പലതവണ പ്രാർത്ഥിച്ചു… കണ്ണിൽ നിന്നിറങ്ങിയ നീര് ആരും കാണാതെ തുടച്ചു… കരയരുതല്ലോ ഈ കണ്ണൻ കരയാറില്ലല്ലോ… കരയാൻ പാടില്ലല്ലോ….

ഏത് പെണ്ണിന്റെ കാര്യാ പറയുന്നെ നിങ്ങൾക്കാള് മാറീതാ ന്റെ കണ്ണനങ്ങനെ ചെയ്യില്ലന്നമ്മയും നിങ്ങൾ കാര്യമറിയാതെ പറയരുതെന്ന്

കാലുപിടിച്ചച്ചനും അലമുറയിട്ട് പറയുമ്പോഴും കണ്മുന്നിൽ നടക്കുന്നതെന്തെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ….

“തൂക്കിയെടുത്തു ജീപ്പിലിടെടാ എന്ന അയാളുടെ വാക്കിന് മുന്നിൽ സ്വയം ജീപ്പിൽ കയറിയിരിക്കുമ്പോഴും മാളൂട്ടിക്കൊന്നും പറ്റിയിട്ടുണ്ടാവരുതേയെന്ന് മാത്രമായിരുന്നു പ്രാർഥന….

സ്റ്റേഷനിൽ വെച്ചന്നയാൾ തല്ലിയതിനേക്കാൾ വേദന എന്നുമെന്റെ കൂടെ നടന്ന ചങ്കായി കൊണ്ട് നടന്ന ചങ്കിന്റെയൊപ്പമവളെയും അതേ സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു……

മാളൂട്ടിയെന്ന എന്റെ വിളിക്ക് അവന്റെ പിന്നിലേക്കവൾ മാറി നിൽക്കുകയാണ് ചെയ്തത്….

അന്നാ പടിയിറങ്ങി വരുമ്പോൾ അവളെയും പടിയിറക്കിയിരുന്നു മനസ്സിൽ നിന്ന്‌…..

അന്നത്തെയാ സങ്കടം മാറീത് അവള് പോയാ നിനക്ക് അവളെക്കാൾ നല്ല പെണ്ണിനെ ഞാൻ കണ്ടു പിടിച്ചു തരൂടാ ഏട്ടാന്ന്‌ പറഞ്ഞെന്റെ കല്യാണിക്കുട്ടി കെട്ടും കിടക്കയുമെടുത്ത് വീട്ടിലേക്ക് വന്നപ്പോഴാണ്….

പെങ്ങളില്ലാത്തയെനിക്ക് അവള് സ്വന്തം പെങ്ങളായിരുന്നു…. അവൾക്കു ഞാൻ സ്വന്തം കണ്ണേട്ടനും…..

ന്റെ കണ്ണേട്ടനെ തേച്ചിട്ടവൾ സുഖായി ജീവിക്കില്ല… കണ്ടാ തല്ലിക്കൊല്ലും ഞാൻ പിശാശിനെയെന്ന് പറഞ്ഞാ പെണ്ണ് എന്നും രോഷം കൊള്ളാറുണ്ട്…

ചിരിയാണ് വരാറുള്ളത്…. അത് കേൾക്കുമ്പോൾ…അന്നതൊക്കെ കേട്ട് തന്നെയാണാ വിഷമം മാറ്റിയതും….

“എന്താടാ മിണ്ടാതെ നിൽക്കുന്നത് ആളെ പറഞ്ഞു വിട്ടെന്റെ മോളെ തല്ലിക്കാൻ മാത്രം നീ വളര്ന്നോ ”

“നിങ്ങളുടെ മോളെ അന്ന് ഞാനുപേക്ഷിച്ചതാ…. അന്ന്…. അവളെ തല്ലിയാൽ ന്റെ കൈ വരെ നാറും……

വാസുവേട്ടൻ പോകാൻ നോക്ക്…… കൂടുതൽ നിന്നാൽ അച്ഛാന്ന്‌ വിളിക്കാനാഗ്രഹിച്ച നാവ് കൊണ്ട് അച്ഛന് വിളിക്കേണ്ടി വരും എനിക്ക്…….

കണ്ണാ നീയിങ്ങു കേറിപ്പോരെന്നു പറഞ്ഞു വല്യച്ഛനകത്തേക്ക് കയറുമ്പോൾ തലകുനിച്ചയാൾ പടിയിറങ്ങുന്നുണ്ടായിരുന്നു…

പടിയിറങ്ങി പോകുന്ന അയാളോട് ഒന്ന് കൂടി പറഞ്ഞിരുന്നു… മോൾക്ക്‌ വല്ലതും കിട്ടിയിട്ടുണ്ടെങ്കിൽ കയ്യിലിരിപ്പോണ്ടാ അതാദ്യം നന്നാക്കാൻ നോക്ക്. ന്നിട്ട് നാട്ടുകാരോട് ചോദിക്കാനിറങ്ങ് എന്ന്…

അത് പറഞ്ഞു ഞാൻ തിരിയുമ്പോൾ വാതിലിനു പിന്നിൽ നിന്നെന്റെ കല്യാണിയെന്നെ നോക്കി പുരികമുയർത്തി കാണിക്കുന്നുണ്ടായിരുന്നു…….

കവളൻ മടലിനടിച്ചു പൊറം പൊട്ടിക്കണന്നാ കരുതിയെ… അല്ലേ മിനിമം ചെരുപ്പൂരിയെങ്കിലും ഒരെണ്ണം കൊടുക്കണായിരുന്നു… ഇതിപ്പോ കൈ വെച്ചാ തല്ലിയെ അതാ ന്റെ സങ്കടം…

എടി പെണ്ണേ നീയായിരുന്നോയെന്നയെന്റെ ചോദ്യത്തിന് ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനേട്ടന്റെ പെങ്ങളാണെന്ന്‌ പറയുന്നതിൽ എന്താണ് അർത്ഥമെന്നതായിരുന്നു അവളുടെ ഉത്തരം….

Leave a Reply

Your email address will not be published. Required fields are marked *