നിനക്ക് പ്രായം മുപ്പതു കഴിഞ്ഞില്ലേ, ഇനിയും സ്വന്തം കൂടു കൂട്ടിയില്ലെങ്കിൽ എന്തെങ്കിലും പറ്റിയാൽ ഒറ്റക്കാകും..

ചിറകൊടിഞ്ഞ ബാല്യം
(രചന: ബെസ്സി ബിജി)

പതിവ് പോലെ ഇന്നും ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ക്ലാസ്സ്‌മേറ്റ്സ് പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നു അമ്മ എന്നും വിളിക്കുമ്പോൾ പറയുന്നതാണ് എന്നിട്ടും…..

“ഹും………അവളുടെ  നടപ്പ് കണ്ടില്ലേ? ഗൾഫിൽ പഠിച്ചു വന്നതിന്റെ ജാഡ അവളുടെ നടപ്പിൽ തന്നെ കാണാനുണ്ട്. അവളുടെ ഒരു മംഗ്ലീഷ് പറയലും…….”

രാവിലെ കോളേജിലേക്ക് പോകുമ്പോൾ അടുത്ത കൂട്ടുകാരിയുടെ പുറകിൽനിന്നുള്ള കമന്റ്‌ ആണ് ഇന്നത്തെ ഉറക്കം കെടുത്തിയിരിക്കുന്നത്. നാളെ ഡോക്ടർ ആകേണ്ട ഇവർക്കൊക്കെ ഇനി എന്നാണാവോ പക്വത വരുന്നത്.

അല്ല, അവരൊന്നും ഞാൻ വളർന്ന ചുറ്റുപാടിൽ വളർന്നവരല്ലല്ലോ. മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും ബന്ധുക്കളുടെയും സ്നേഹലാളനങ്ങളിൽ മുങ്ങികുളിച്ചവർ. ഞാനോ………

ഞാൻ നൈന. ഒരു പാവം NRI മകൾ. അച്ഛനും അമ്മയും നൈനു എന്നു വിളിക്കും. അങ്ങനെ വിളിക്കാൻ അവർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. എല്ലാവരും വിചാരിക്കുന്നത് പോലെ അവർ അവിടെ സുഖിക്കാൻ പോയതൊന്നും അല്ലാട്ടോ…..

നാട്ടിലെ സാഹചര്യം. ലോൺ എടുത്തു നഴ്സിംഗ് പഠിച്ച അമ്മ അത് വീട്ടാൻ വേണ്ടി മറ്റൊരു ലോണെടുത്തു ഗൾഫ്‌ലേക്ക് കയറി. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി കിട്ടിയത് കൊണ്ട് തല്ക്കാലം പിടിച്ചു നിൽക്കാം എന്നായി.

ആ ലോൺ അടച്ചു തീർക്കാനും സഹോദരങ്ങളുടെ പഠിത്തത്തിനും  വേണ്ടി ഹോസ്പിറ്റലിൽ നിന്നും മറ്റൊരു ലോൺ. അതുകൊണ്ടെന്തായി……

വേറെ നല്ല ഹോസ്‌പിറ്റലിൽ അപേക്ഷിക്കാൻ പറ്റാതായി. അങ്ങനെ കാലവും പ്രായവും പോകുന്നതറിയാതെ ലോൺ അടച്ചു തീർക്കാനുള്ള ഓട്ടം.

നാട്ടിൽ കൂടെ പഠിച്ചവർ എല്ലാം കെട്ടി കുട്ടികൾ ആയപ്പോഴും അമ്മ ലോണിന്റെ പുറകെ ആയിരുന്നു. കൂടെ ജോലി ചെയ്യുന്നവർ” നിനക്ക് പ്രായം മുപ്പതു കഴിഞ്ഞില്ലേ, ഇനിയും സ്വന്തം കൂടു കൂട്ടിയില്ലെങ്കിൽ എന്തെങ്കിലും പറ്റിയാൽ ഒറ്റക്കാകും.”……

എന്നുള്ള ഉപദേശത്തി നോടുവിൽ അവിടെ തന്നെ ഒരു കൺസ്ട്രക്ഷൻ  കമ്പനിയിൽ ജോലി ചെയ്തിരുന്ന അപ്പയെ വീട്ടുകാർ കണ്ടെത്തി കെട്ടിച്ചു.

കല്യാണം കഴിഞ്ഞപ്പോഴാണ് അപ്പയും ലോണെന്ന കടലിൽനിന്നും  തുഴഞ്ഞു കരപറ്റാൻ ശ്രമിക്കുന്ന ആളാണെന്ന് മനസ്സിലാകുന്നത്. അങ്ങനെ ചക്കിയും ചങ്കരനും കൂടി ഒന്നിച്ച് തുഴയാൻ തീരുമാനിച്ചു.

ശമ്പളം കിട്ടുന്ന അന്നു തന്നെ ലോൺ അടക്കാൻ ബാങ്കിലക്ക് ഓടുന്ന അപ്പ. അതിനിടയ്ക്ക് എന്റെ ജനനം.

അമ്മയുടെ പ്രസവത്തോട് അടുത്ത് അച്ഛമ്മയോട് വരാൻ പറഞ്ഞപ്പോൾ “മോനെ….. ഇവിടെ നിന്റെ അനിയന്റെ കുഞ്ഞു ചെറുതല്ലെ, അവനെ നോക്കാൻ ഇവിടെ ഞാനല്ലാതെ വേറെ ആരാണുള്ളത്. അത് തന്നെയുമല്ല നിങ്ങളൊക്കെ അവിടെയല്ലേ…….എനിക്ക് പ്രായമാകുമ്പോൾ നോക്കാൻ ഇവരൊക്കെയല്ലേ ഉള്ളു……

അതുകൊണ്ട് നീ അവളുടെ അമ്മയോട് ചോദിക്ക് “……. അമ്മമ്മയ്ക്കാണെങ്കിൽ വീട്ടിൽ പെണ്ണുങ്ങളാരും ഇല്ലാത്തതുകൊണ്ട് വരാൻ പറ്റാത്ത അവസ്ഥ.

അങ്ങനെ അപ്പയും അമ്മയും എല്ലാം പരസ്പരം അഡ്ജസ്റ്റ് ചെയ്തു ചെയ്യാം എന്നു തീരുമാനിച്ചു.

അമ്മയ്ക്ക് ചെറിയ വേദന തുടങ്ങിയപ്പോൾ തന്നെ അപ്പ ഹോസ്പിറ്റലിൽ ആക്കി “മോളെ…… എനിക്ക് ജോലിക്ക് പോകണം. അല്ലെങ്കിൽ ആ അറബിയുടെ കറുത്ത മുഖവും അറബിയിലുള്ള ചീത്ത വിളിയും സാലറി കട്ടും……

നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഡ്യൂട്ടി നഴ്സിനോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്.’എന്റെ മുഖം കണ്ടിട്ട് ചെന്നാൽ ചിലപ്പോൾ ജോലി തന്നെ ഉണ്ടാകുകില്ല എന്നറിയാം.

ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ നാട്ടിലൊക്കെ കാണുന്നതുപോലെ  ആൺകുട്ടിയാണോ പെൺകുട്ടിയാണോ, നോർമൽ ഡെലിവറിയോ സിസ്സേറിയനോ  എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ പുറത്തു  കാത്തുനിൽക്കാൻ ആരും ഉണ്ടായിരുന്നില്ല.

ആദ്യ കുളിപ്പിക്കൽ കഴിഞ്ഞ് നേഴ്സ് കുഞ്ഞിനെ കൊടുക്കുമ്പോൾ മത്സരിച്ചു വാങ്ങി നെറുകയിൽ ഉമ്മ കൊടുക്കുന്നത് സിനിമയിൽ കാണുമ്പോൾ എന്നും നഷ്ടബോധം തോന്നാറുണ്ട്.

അപ്പ രാവിലെ 6 മണിക്ക് ജോലിക്ക് പോയാൽ പിന്നെ തിരിച്ചു വരുന്നത് വൈകുന്നേരം 6 മണിക്ക്. വെയിലുകൊണ്ട് ക്ഷീണിച്ചു “ഒന്ന് കിടന്നാൽ മതി “എന്ന മുഖഭാവവുമായി വരുന്ന അപ്പ.

അമ്മക്ക്  നാട്ടിലേതു പോലെ പ്രസവിച്ചു കിടക്കാനോ റസ്റ്റ്‌ എടുക്കാനോ പറ്റിയില്ല. പിന്നീട് ഒരു മാസത്തെ ലീവ് കഴിഞ്ഞു അമ്മ ജോലിക്ക് പോകുമ്പോൾ ഞാനും കുപ്പിക്കകത്താക്കിയ അമ്മിഞ്ഞ പാലും ബേബിസിറ്ററുടെ അടുത്തേക്ക്.

ആയമ്മ അത് ഫ്രിഡ്ജിൽ വച്ച് കുഞ്ഞു വാ കൊണ്ട് വലിയ വായിൽ കരയുമ്പോൾ എന്റെ വായിലേക്ക് തിരുകി കയറ്റും.

അങ്ങനെ ബാല്യത്തിൽ നിറവും, മണവും, ഗുണവും തെളിമയും,ഇല്ലാത്ത അമ്മിഞ്ഞ പാൽ കുടിച്ച് ഞാനങ്ങനെ വളരാൻ തുടങ്ങി. അയമ്മയുടെ അടുത്തുള്ള 13കുട്ടികളിൽ ആർക്കെങ്കിലും ഒരാൾക്ക് എന്തെങ്കിലും അസുഖം വന്നാൽ ഞങ്ങൾ എല്ലാവരും പങ്കിട്ടെടുക്കുമായിരുന്നു.

അങ്ങനെ അമ്മയുടെ ഡ്യൂട്ടി സമയം മുഴുവൻ അയമ്മയുടെ അടുത്തായിരുന്നു.

അപ്പ ഇടയ്ക്കിടെ പറയുമായിരുന്നു “മോളെ നീ നാട്ടിലാണ് ജനിച്ചിരുന്നതെങ്കിൽ നിന്നെ കൊഞ്ചിക്കാനും പുത്തനുടുപ്പുകൾ വാങ്ങിച്ചു തരാനും എത്രയോ പേരാണ് ഉള്ളതെന്നറിയാമോ”?

നല്ല ശമ്പളം ഇല്ലാത്ത……  അപ്പയും അമ്മയും ജോലിക്കാരായ മക്കൾക്ക് കുബ്ബൂസും തൈരും ആണല്ലോ പ്രധാന ആഹാരം. ഓവർടൈം ചെയ്ത് തളർന്നു വരുന്ന അവർക്ക് ഫാസ്റ്റ് ഫുഡ്‌ ഒരു അനുഗ്രഹമായിരുന്നു. അങ്ങനെ ഞാനും ഒരു ‘ഗുണ്ടുമണി ‘ ആയി.

സ്ഥിരമായി പാമ്പേഴ്സ് കെട്ടി കെട്ടി എന്റെ നടപ്പ് പോലും മറ്റൊരു രീതിയിൽ ആയി.

രണ്ടു വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ ഒറ്റ മുറിയും ടോയ്‌ലെറ്റും മാത്രമുള്ള ഒരു ഫ്ലാറ്റിൽ  കിടക്കുന്ന എനിക്ക് തറവാട് വീട് ഒരു കൊട്ടാരം പോലെ തോന്നുമായിരുന്നു.

3  മുറികളും 2 ടോയ്‌ലറ്റും മുറ്റവും മുറ്റത്തു നിറയെ പൂക്കളും തൊടിയിൽ ധാരാളം മാങ്ങയും ചക്കയും കപ്പയും  പേരക്കയും പപ്പായയും  ഉള്ള വീട് എനിക്കൊരു കൊട്ടാരം തന്നെ ആയിരുന്നു.

മഴത്തുള്ളികൾ നൃത്തം വയ്ക്കുന്ന ചേമ്പിലയും കുയിലിന്റെ പാട്ടും, മഴതുള്ളി കിലുക്കവും രാത്രിയിൽ പാറി പറന്നു നടക്കുന്ന മിന്നാമിനുങ്ങും മുറ്റത്തെ മൂവാണ്ടൻ മാവിൽ നിന്നും കണ്ണി മാങ്ങാ പറിച്ചു ഉപ്പും മുളകും കൂട്ടി തിന്നതും………. “ദൈവമേ……. ഈ അവധിക്കാലം അവസാനിക്കാതിരുന്നെങ്കിൽ “…….

എനിക്ക് 6 വയസ്സുള്ളപ്പോൾ അമ്മ “മോളെ…. നിനക്കൊരു കുഞ്ഞനുജൻ വരുന്നു “എന്നു പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.

അമ്മയെ സഹായിക്കണം……. ഞാൻ കുഞ്ഞായിരിക്കുമ്പോൾ വീട്ടിൽ എന്നെ നോക്കാൻ ആരും ഇല്ലാത്തതിനാൽ പാതി അടച്ചിട്ട ടോയ്‌ലെറ്റിൽ അമ്മക്ക്  പ്രാഥമീക കൃത്യങ്ങൾ ചെയ്യേണ്ടി വന്നത്,

അസുഖം വരുമ്പോൾ രാത്രിയിൽ ഷിഫ്റ്റായി എനിക്ക് കൂട്ടിരുന്നത്, വിങ്ങുന്ന  മനസോടെ എന്നെ ആ  ബേബിസിറ്റിങ്ങിൽ ആക്കിയത്………

സ്കൂൾ വിട്ടു വന്നാൽ…. “അമ്മേ വിശക്കുന്നു ……”എന്നു പറഞ്ഞു കൊഞ്ചിയാൽ കേൾക്കാൻ ആരും ഇല്ലല്ലോ.

അമ്മ സൂപ്രണ്ട് കാണാതെ ഫോണിൽ പാതി മുറിഞ്ഞ ശബ്ദത്തിൽ  “മോളെ…… ഫ്രിഡ്ജിൽ ഇരിക്കുന്നത് ചൂടാക്കി കഴിച്ചോ….. അവനും നിർബന്ധിച്ചു കൊടുത്ത്……ഹോം വർക്കും ചെയ്ത് തീർത്തേക്ക്…. അമ്മ വരുമ്പോൾ  വൈകും…….”

അതെ, മിക്ക ദിവസങ്ങളിലും രണ്ടു പേരും ക്ഷീണിച്ച് അവശരായിട്ടായിരിക്കും വരുന്നത്. വീട്ടിൽ വന്നാലും ഞങ്ങളെ കുളിപ്പിക്കൽ, പിറ്റേ ദിവസത്തേക്കുള്ള  ഭക്ഷണം, ക്ലീനിങ്, വാഷിംഗ്‌, ironing………. എല്ലാം അഡ്ജസ്റ്മെന്റ്. ഒന്ന് ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്തവർ……

ഇതിനിടയിലും അവധിക്ക് നാട്ടിൽ പോകുമ്പോൾ കൊണ്ടുപോകുവാനുള്ള സാധനങ്ങൾ ഓരോരുത്തരുടെയും പേരെഴുതി വാങ്ങിച്ചു കൂട്ടാൻ സമയം കണ്ടെത്തുന്ന പ്രവാസജന്മങ്ങൾ. കുഞ്ഞു മുറിയിൽ പ്ലാസ്റ്റിക് കൂടുകളിൽ നിറച്ചു വയ്ക്കുന്ന സ്വപ്‌നങ്ങൾ…..,…..

“നൈനു….. മോളൊരു ഡോക്ടർ ആകണം, എന്നിട്ട് വേണം ഞങ്ങൾക്കൊന്ന് റസ്റ്റ്‌ എടുക്കാൻ.”അവരുടെ ആഗ്രഹം…..

ഒരു പൂമ്പാറ്റയെപ്പോലെ പാറിപറന്നു നടക്കേണ്ട എന്റെ ബാല്യകാലം…… ചിറകൊടിഞ്ഞ് …..ഒന്ന് പറക്കാൻ കഴിയാതെ…….ഒറ്റ മുറിയിൽ…….

അതെ…… അവരുടെ ആഗ്രഹങ്ങൾ നിറവേറ്റണം…… എനിക്കും പറക്കണം …..

NB ബേബിസിറ്റിങ്ങുകളുടെ എണ്ണം കുറഞ്ഞാൽ ചിലപ്പോൾ വൃദ്ധസദനങ്ങളുടെ എണ്ണവും കുറയുമായിരിക്കും…….

Leave a Reply

Your email address will not be published. Required fields are marked *