അമ്മ പൂർണ്ണ ഗർഭിണി ആയിരുന്നു അച്ഛൻ മരിക്കുമ്പോൾ, ജോലി സ്ഥലത്തെ അപകടം..

(രചന: നിഹാരിക നീനു)

“”ഗഗൻ അച്ഛൻ ഈ വിവാഹത്തിനു സമ്മതിക്കുന്നില്ല… അച്ഛന്റെ തീരുമാനത്തെ മറികടന്ന് നമ്മൾ എന്തെങ്കിലും ചെയ്താൽ പിന്നെ ജീവനോടെ കാണില്ല എന്നാണ് പറയുന്നത്”””””

ചെറിയ ഒരു കരച്ചിലിന്റെ അകമ്പടിയോടെ വേണി അത് പറഞ്ഞപ്പോൾ ഗഗൻ മെല്ലെ ചിരിച്ചു…

“”” ഞാൻ ഞാനെന്തു വേണം ഗഗൻ എനിക്ക് നിന്നെ പിരിയാൻ പറ്റില്ല “””

എന്നുപറഞ്ഞ് വിതുമ്പുന്ന അവളെ ആശ്വസിപ്പിച്ചു…

“”” ഡീ നീ അച്ഛൻ പറയുന്നത് കേൾക്കുക… അവർക്കൊന്നും ജീവിതത്തിൽ ഒന്നും നഷ്ടപ്പെട്ടു ശീലം കാണില്ല… എനിക്ക് അങ്ങനെയല്ലല്ലോടീ…
നഷ്ടപ്പെട്ടു മാത്രമാണ് ശീലം… ഇതും ഞാൻ സഹിച്ചോളും…”””

അത് പറഞ്ഞു കാൾ കട്ട് ചെയ്യുമ്പോൾ അപ്പുറത്തുനിന്നുള്ള വേണിയുടെ കരച്ചിൽ കേട്ടില്ലെന്ന് നടിച്ചു ഗഗൻ…

അറിയാതെ മിഴികൾ നിറഞ്ഞു ഒഴുകി…

മെല്ലെ വാഷ് റൂമിലേക്ക് നടന്നു അവൻ…
മുഖത്ത് വെള്ളമൊഴിച്ചതിന്റെ കൂട്ടത്തിൽ കണ്ണ് നീരും ഒഴുകിപ്പോയി..

“””‘ എന്തിനാണ് കരയുന്നത് നിനക്ക് ഇത് ശീലമല്ലേ….??? ഈ നഷ്ടപ്പെടലുകൾ??””

എന്ന് അവൻ സ്വയം ചോദിച്ചു..
ഉള്ളുരുകി പിടയുന്നുണ്ടായിരുന്നു എന്നിട്ടും മുഖത്തൊരു ചിരി അവൻ വരുത്തി…

ഹാഫ് ഡേ എടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ ഓർത്തിരുന്നു ഒന്ന് പൊട്ടി കരയണം എന്ന്..

വീട്ടിലെ വാതിൽ തുറക്കുമ്പോൾ ഇന്നെന്തോ ഒരു ഭീതി തോന്നി അവന്..
വല്ലാതങ് ഒറ്റപെട്ട പോലെ..

മെല്ലെ മുറിയിലേക്ക് നടന്നു കട്ടിലിലേക്ക് വീഴുമ്പോൾ ഉള്ളിലെ സങ്കടം പുറത്തേക്ക് തികട്ടി വന്നിരുന്നു….

കരഞ്ഞു തളർന്നപ്പോൾ ഒരു ആശ്വാസം തോന്നി മെല്ലെ കട്ടിലിനടിയിൽ ഉള്ള ഇരുമ്പ് പെട്ടി തപ്പി എടുത്തു..
അതിൽ പാതി മാഞ്ഞ ഒരു പ
പടം എടുത്തു…

മെല്ലെ മുഖത്തോട് ചേർത്തു..
നിറവയറോടെ അമ്മയും ചിരിയോടെ അച്ഛനും അതിനരികിൽ കുസൃതി കാട്ടി ഒരു നാലു വയസ്സുകാരൻ കുറുമ്പനും..

ഓർമ്മകൾ മെല്ലെ പുറകിലേക്ക് പോയി..

അവനാ നാലുവയസ്സുകാരൻ ആയി…
വെള്ള പുതപ്പിച്ചു ഒരു രൂപം തെളിഞ്ഞു വന്നു അവന്റെ മുന്നിൽ… അതിനരികിൽ ബോധം കെട്ടു കിടക്കുന്ന അമ്മയെയും തളർന്ന തന്നെ തന്നെയും…

അമ്മ പൂർണ്ണ ഗർഭിണി ആയിരുന്നു അച്ഛൻ മരിക്കുമ്പോൾ..

ജോലി സ്ഥലത്തെ അപകടം ആയിരുന്നു മരണകാരണം… എന്തോ ചില്ലറ കയ്യിൽ വച്ചു കൊടുത്ത് അവർ കയ്യൊഴിഞ്ഞു.. നിറവയറും ഒരു നാലുവയസ്സ് കാരനും ആ അമ്മയുടെ മുന്നിൽ ചോദ്യ ചിഹ്നമായി…

വീണ്ടും ഒരാൺകുഞ്ഞിന് എന്റെ അമ്മ ജന്മം കൊടുത്തു..

പ്രസവിച്ചു ഏറെ നാൾ കഴിയും മുന്നേ പാലുകുടി മാറാത്ത അവനെയും എന്നെയും ഒരു ട്രസ്റ്റ്‌ വക അനാഥാലയത്തിൽ ഏല്പിച്ചു അമ്മ ഗൾഫിലേക്ക് പോയി..

കടങ്ങൾ അമ്മയെ കൊണ്ട് അത് ചെയ്യിപ്പിച്ചു.. വേറെ വഴി ഇല്ലായിരുന്നു…
പോകാൻ നേരം ഞങ്ങളെ നോക്കാൻ അമ്മക്ക് കരുത്തില്ലായിരുന്നു…..

ഞാനും എപ്പോഴും കരയുന്ന അവനും..
പ്രാണൻ പിടഞ്ഞു അമ്മ ഞങ്ങളെ പിരിഞ്ഞു…

പിന്നെ അങ്ങോട്ട്‌ പെരുവിരൽ നുണഞ്ഞു ഉറങ്ങുന്ന അവനെ ചേർത്തു പിടിച്ച് കിടക്കും.. മിഴികൾ നിറഞ്ഞൊഴുകുമ്പോഴും ഉറക്കം തേടാൻ ശ്രെമിക്കും…

എനിക്ക് അവനുണ്ടല്ലോ സ്വന്തമായി എന്ന ധൈര്യം ആയിരുന്നു..
എന്റെ പൊന്നനിയൻ”””””

മുട്ടുകുത്തി പോയി എവിടെയോ കൈ ഇട്ട് പാമ്പ് കൊത്തി ആ ജീവൻ പോകും വരെയും ആ ധൈര്യം””” മാത്രമായിരുന്നു..

അന്നവൻ പോയപ്പോ അലറി അലറി കരഞ്ഞു.. ആരോടൊക്കെയോ ദേഷ്യം തോന്നി..

എന്നെ ഇങ്ങനെ ആക്കിയതിൽ… ഒരു തരി സന്തോഷം പോലും പിടിച്ച് വാങ്ങിയതിൽ.. പിന്നെ നാളുകൾ കഴിഞ്ഞു പോയി ഒന്നും അറിഞ്ഞില്ല.. ഒന്നും ശ്രെദ്ധിച്ചില്ല..

കണ്ണീരുപ്പ് മാത്രം നുണഞ്ഞു… ഒടുവിൽ കടം ബാക്കിയാക്കി അമ്മയും വന്നു ചലനമറ്റ്.. വെള്ള പുതച്ചു…..

അപ്പോഴാണ് ആരോ പറഞ്ഞത് കേട്ടത്.. ഭാഗ്യം ഇല്ല്യാത്ത ചെക്കനാ “”‘ എന്ന്..

ശരിയാണ് എന്നെനിക്കും തോന്നി…
ഇഷ്ടം ഉള്ളതൊക്കെ നഷ്ടം ആവുന്ന ഭാഗ്യദോഷി.. അതിൽ കൂടുതൽ എന്താണ് ഞാൻ..

ഒന്നും ആഗ്രഹിക്കാതെ ഇരിക്കാൻ പഠിച്ചത് അവിടെ നിന്നായിരുന്നു..

പഠിക്കാൻ മിടുക്കനായതുകൊണ്ട് ആരൊക്കെയോ കാരുണ്യം കാണിച്ചു…
ഈ ബാംഗ്ലൂർ നഗരം വരെ വിധി കൊണ്ടെത്തിച്ചു.. അവിടെ ടെക്‌നോപാർക്കിൽ കൂടെ ജോലി ചെയ്തതാണ് വേണി..

ഒരു നാടൻ പെൺകുട്ടി.. കണ്ടപ്പഴേ ഇഷ്ടം തോന്നിയിരുന്നു.. അമ്മയെ പോലെ വെള്ളാരം കല്ല് മൂക്കുത്തി ഇട്ടവൾ എന്റെ ആരോ ആണെന്ന് ഉള്ളിൽ തോന്നിച്ചു.

പക്ഷെ മനസ്സിനെ പിടിച്ച് വച്ചു..

ഇനി വയ്യ “””‘

അവൾ ഇങ്ങോട്ട് വന്ന് അടുപ്പം കാണിച്ചപ്പോഴും ഒരളവ്‌ വച്ചു…
പിന്നെ ഒരിക്കൽ അവൾ തന്നെയാണ് അവൾക്കുള്ളിൽ എന്നോട് പ്രണയം ആണെന്ന് പറഞ്ഞത്..

മനസ് അറിയാതെ മോഹിച്ചു പോയി..

അവൾ തന്ന സ്നേഹത്തിനു കണക്കില്ലായിരുന്നു.. പനിചൂടിൽ…. ഇല്ലായ്മയിൽ, ഒറ്റപ്പെടലിൽ എല്ലാം അവളുടെ കൂട്ട് എന്നെ ശക്തിപ്പെടുത്തി…

ലോകം നേർത്തു നേർത്തു അവളിലേക്കൊതുങ്ങി… കണ്ണീരുപ്പ് നീങ്ങി സ്നേഹ മധുരം നുണയാൻ തുടങ്ങി.. വല്ലാതെ വല്ലാതെ കൊതിച്ചു പോയി ജീവിതത്തെ….

അവൾക്കൊരു വിവാഹലോചനയിലൂടെ വീണ്ടും പ്രതിസന്ധികൾ.. യോഗ്യനായ ഒരാളെ കണ്ടുപിടിച്ചത് അവളുടെ അച്ഛൻ തന്നെ ആണത്രേ..

അവളെ നഷ്ടപ്പെടുന്നത് ഒന്ന് സങ്കല്പിച്ചു നോക്കി.. പ്രാണൻ പോകും പോലെയാണ് തോന്നിയത്…

എന്നിട്ടും അവളുടെ മുന്നിൽ ഒന്നും കാണിച്ചില്ല.. ഒരുപക്ഷെ പിരിയേണ്ടി വന്നാൽ അതവൾക്ക് വിഷമം ആവരുതെന്നു കരുതി..

“””നീയില്ലാണ്ട് പിന്നെ ഞാനില്ല ഗഗൻ… എന്റെ പ്രാണൻ നീയ്യാ “”” എന്നവൾ പറയുമ്പോഴൊക്കെയും എന്റെ ഈ സ്പന്ദനം പോലും അവളെന്നു ഞാൻ മറച്ചു വച്ചു…

നാളെ ഉദ്ദേശിച്ചത് പോലൊന്നും നടന്നില്ലെങ്കിൽ എന്റെ ഒരു വാക്ക് പോലും ഓർമ്മകളിൽ എങ്കിലും അവളെ മുറിപ്പെടുത്താതിരിക്കാൻ…

അവൾ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാൻ പോയതാണ്…
അവൾക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു അവളുടെ അച്ഛൻ അവളുടെ കൂടെ നിൽക്കും എന്ന്…. പക്ഷേ എന്നിട്ടും എന്തിനോ ഒരു ഭയം എനിക്കുണ്ടായിരുന്നു…

എന്നോ മറന്നു കളഞ്ഞ ദൈവങ്ങളെ ഒക്കെ വീണ്ടും വിളിച്ചു… ആരോരുമില്ലാത്തവന്റെ അവസാന കച്ചിത്തുരുമ്പ് ആയിരുന്നു വേണി…

പക്ഷേ… മുമ്പും എനിക്കായി ഒന്നും നൽകാത്ത ദൈവം, ഇത് നൽകുമെന്ന് ഞാൻ ചിന്തിക്കാൻ പാടില്ലായിരുന്നു…

എല്ലാം സഹിക്കാനുള്ള ഒരു മനസ്സ് അത് മാത്രമാണ് ഇനി എനിക്ക് ആവശ്യം…
ഇത്രയും സഹിച്ചതല്ലേ ഇതും കിട്ടുമെന്ന് എനിക്ക് ഉറപ്പായിരുന്നു…

വല്ലാതെ കൊതിപ്പിച്ച ജീവിതം അവസാനിപ്പിക്കാൻ ഉള്ള ത്വരയായി..

പക്ഷേ തോൽക്കാൻ തയ്യാറല്ലായിരുന്നു..

ഒരത്മഹത്യ അതാർക്കും ചെയ്യാവുന്ന ഒന്നല്ലേ… ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ഒടുങ്ങുക…..,,, അതിനല്ല ജീവിക്കാൻ അല്ലേ ചങ്കൂറ്റം വേണ്ടത്…

അവൾ മറ്റൊരാളുടേതാവുന്നത് ഒരു ചിരിയോടെ കണ്ടു നിന്നു.. വീണ്ടും ജീവിതം മുന്നിൽ നീണ്ടു കിടക്കുന്നുണ്ട് എന്ന ബോധ്യത്തോടെ..

ഒരാക്സിഡന്റിൽ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ കണ്ടു ഒരു അനാഥ പെൺകൊടിയേ…

ഇര”””‘ എന്ന പേരിൽ മാറ്റാരോ ചെയ്ത കുറ്റത്തിന് സമൂഹത്തിൽ ബ്രഷ്ട് കല്പിച്ചവളെ….

“””ഇവിടെ നിന്നിറങ്ങിയാൽ എവിടെ പോകും “”” എന്ന് കളിയായി ചോദിച്ചു അവളോട്…

“””ദൈവത്തിന്റെ അടുത്തേക്ക് “”‘

എന്ന് മറുപടി തന്നവളോട് ദേഷ്യപ്പെട്ടു… എന്റെ കൂടെ വരാൻ പറഞ്ഞു..

ആരോരും ഇല്ലാത്ത, ഒരുവൾക്ക് തുണയാവാൻ ഈ ജീവിതം തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ ഒരു ത്യാഗിയുടേതായിരുന്നില്ല പരിവേഷം..

പകരം ആരോരും ഇല്ലാത്തവർക്ക് പരസ്പരം തുണയവാമല്ലോ എന്ന ആശ്വാസം ആയിരുന്നു..

ഇന്ന് രണ്ടു ജീവിതങ്ങൾ പരസ്പരം സ്നേഹിച്ചു കഴിയുന്നു….
ഒന്നും പ്രതീക്ഷിക്കാതെ….

Leave a Reply

Your email address will not be published.