സ്വാർത്ഥത കൊണ്ട് എല്ലാം മറച്ചു വച്ചു അവളെ സ്വന്തമാക്കി, ആദ്യരാത്രിയിൽ തന്നെ..

(രചന: നിഹാരിക നീനു)

“ദേ, ഇങ്ങോട്ട് ഒന്ന് നോക്കിയേ “”

ജോലി കഴിഞ്ഞു വന്നു കയറിയ പ്രസാദിനോട് വിദ്യ പറഞ്ഞു.. കുളിക്കാനായി തോർത്തെടുത്തു നിൽക്കുന്നവൻ അത്ര രസിക്കാത്ത മട്ടിൽ ചോദിച്ചു,

“എന്താടീ “” എന്ന്,

“അതേ ഇത്തവണ രണ്ടീസം വൈകീട്ടുണ്ട് ട്ടൊ “”

ഉള്ളിൽ നിന്നും അലയടിച്ചു വന്ന സന്തോഷത്തിന്റെ പ്രതിഫലനം എന്ന വണ്ണം ആ മുഖത്ത് ചിരി വന്നു നിറയുന്നുണ്ട്… കവിളിൽ നാണം പാകിയ കുങ്കുമ വർണവും…

പാവം തോന്നി പ്രസാദിന്…

“”ഇതിനു മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ടല്ലോ വിദ്യേ??? ഇതിനാണോ നീയിങ്ങനെ…..???””

“””ഇത് പക്ഷെ അങ്ങനല്ല പ്രസാദേട്ടാ…,””

പറഞ്ഞു മുഴുവനാക്കും മുമ്പ് ചാടി കേറി പറയുന്നവളെ പ്രസാദ് അലിവോടെ നോക്കി….

“എനിക്കെന്തൊക്കെയോ… തല ചുറ്റലും മനം പുരട്ടലും…. അപ്പറത്തെ ലക്ഷ്മിയേടത്തീം ചോദിച്ചു..

നിനക്കെന്താ വയ്യേ എന്ന്… സംഗതി പറഞ്ഞപ്പോ, അത് തന്നെയാ എന്നാ അവരും പറഞ്ഞെ… അമ്മേ വിളിച്ചപ്പോ ദേഹം ഇളക്കണ്ട എന്നാ പറഞ്ഞെ… “”

“”നീയെന്തിനാ ഇപ്പോ എല്ലാരോടും കൊട്ടി ഘോഷിക്കാൻ പോയെ “”

ഒന്ന് ശബ്ദം കനപ്പിച്ചതും പെണ്ണിന്റെ കണ്ണ് നിറഞ്ഞിരുന്നു..

“”ഞാൻ.. അപ്പോഴത്തെ സന്തോഷത്തില്””

“ഉം ”

കനപ്പിച്ചൊന്നു മൂളി,

“ഞാൻ… ഞാൻ പോയെന്നു കുളിക്കട്ടെ..” എന്ന് പറഞ്ഞു നടക്കുമ്പോൾ ഉള്ള് നീറി പിടയുന്നുണ്ടായിരുന്നു

ഷവർ തുറന്നിട്ട്‌ അതിനു ചുവട്ടിൽ നിൽക്കുമ്പോൾ തണുത്ത വെള്ളത്തിനോടൊപ്പം രണ്ടു തുള്ളി മിഴിനീരും ഒഴുകിയിറങ്ങി…

ഓർമ്മകൾ പ്രസാദിനെ കോളേജ് കാലത്തേക്ക് കൂട്ടി കൊണ്ട് പോയി…

കൂട്ടുകാരും ഒത്തു ബുള്ളറ്റിൽ ടൂർ പോയത്… റോഡിൽ വച്ചു അഭ്യാസങ്ങൾ കാട്ടിയത്..
കാണികൾ കൂടിയപ്പോൾ ആവേശവും കൂടി…

പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ അരുകിലുള്ള ചെറിയ താഴ്ചയിലേക്ക് ബൈക്കിനൊപ്പം പതിച്ചപ്പോൾ അറിഞ്ഞില്ല തന്റെ ജീവിതത്തിലെ വല്ലാത്ത ഒരു നഷ്ടം അവിടെ നിന്നും
സംഭവിച്ചു കഴിഞ്ഞെന്ന്…

ജ ന നേ ന്ധ്രിയത്തിൽ സംഭവിച്ച ക്ഷതം കാരണം ഭാവിയിൽ കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടർ വിധി എഴുതിയപ്പോൾ അപ്പോ അത്ര കാര്യമാക്കിയില്ല..

ജീവൻ കിട്ടിയല്ലോ എന്നായിരുന്നു ആശ്വാസം..

പക്ഷെ പിന്നീട് ആണ് അതിന്റെ ഭീകരത അറിഞ്ഞത്…

വിവാഹമേ വേണ്ട എന്നായിരുന്നു തീരുമാനം…. വിദ്യയെ കണ്ടു മുട്ടും വരെ..

ഒരു കല്യാണത്തിന് പോയപ്പോൾ കണ്ടതാണ്.. മനസ്സിൽ കയറിപ്പോയി,

സ്വാർത്ഥത കൊണ്ട് എല്ലാം മറച്ചു വച്ചു അവളെ സ്വന്തമാക്കി..

ആദ്യരാത്രിയിൽ തന്നെ അവൾ പറഞ്ഞത് അതായിരുന്നു,

“നമുക്ക് ഒരുപാട് കുഞ്ഞുങ്ങൾ വേണം പ്രസാദേട്ടാ എന്ന്… അവളെ പോലെ ഒറ്റ മോളായി ഒറ്റപ്പെടാൻ നമ്മുടെ കുഞ്ഞിനെ അനുവദിക്കില്ല എന്ന്…

തളർന്നു പോയിരുന്നു ഞാൻ…

അന്ന് മുതൽ അവളുടെ മുന്നിൽ ഒരു ഒളിച്ചു കളിയാണ്..

തെറ്റ് പിടിക്കപ്പെടാതിരിക്കാൻ….

ഓരോ മാസവും പ്രതീക്ഷയോടെ വിടരുന്ന അവളുടെ കണ്ണുകൾ കാണാതിരിക്കാൻ…

അവൾക്കായി എല്ലാം ഉണ്ടാക്കി.. വീട്… സ്ഥലം.. അഭരണങ്ങൾ.. പക്ഷേ അപ്പോഴും കുറ്റം ചെയ്തവനെന്ന ബോധം വേട്ടയാടി കൊണ്ടിരുന്നു, ഇനി വയ്യ.. ഓടി ഒളിച്ച് മടുത്തു…

എല്ലാം തുറന്നു പറഞ്ഞു അവൾ വിധിക്കുന്ന ശിക്ഷ വാങ്ങാം…

രാത്രി വിദ്യയോടെല്ലാം തുറന്നു പറയുമ്പോൾ പ്രസാദിന്റെ മിഴികൾ നിറഞ്ഞിരുന്നു.. തല താണിരുന്നു…

ഒന്നും മിണ്ടാതെ ചുമരിനോരം ചെന്ന് കിടക്കുന്നവളെ ശല്യപെടുത്തിയില്ല..

സോഫയിൽ ചെന്ന് കിടക്കുമ്പോഴും പ്രസാദോർത്തു അവൾക്ക് തന്നെ പിരിഞ്ഞു പോവാനാവില്ല എന്ന്..

പിറ്റേ ദിവസം രാവിലെ,

“ഞാൻ ഇറങ്ങുന്നു “”

എന്ന് മാത്രം പറഞ്ഞു ഇറങ്ങി പോകുന്നവളെ നിസ്സംഗതയോടെ നോക്കി…

തളർന്നിരുന്നു ഒത്തിരി നേരം…

പെട്ടെന്ന് ആരോരും ഇല്ലാണ്ടായപ്പോൾ
ആകെ തളർന്നു…

ജീവിക്കണ്ട ഇനി എന്നൊരു തീരുമാനവും എടുത്താണ് അവിടെ നിന്നും എണീറ്റത്…

പെട്ടെന്നാണ് പുറത്ത് ബെൽ റിങ് ചെയ്തത്. തുറക്കണോ എന്ന സംശയത്തിൽ നിന്നു…

പെട്ടെന്ന് വാതിൽ തുറന്ന് വിദ്യ മുന്നിലേക്ക് വന്നു.. അൽഭുതം ആയിരുന്നു അവളെ കണ്ടപ്പോൾ…

“””ഞാൻ..ഞാൻ എന്നോട് ക്ഷമിക്കേടി “”

എന്ന് മാത്രം പറഞ്ഞു അവളോട്…

ഓടി വന്നെന്റെ നെഞ്ചോരം ചാഞ്ഞു പെണ്ണ്…

“”നിങ്ങൾക്ക് എന്നോട് ആദ്യമേ പറയാരുന്നില്ലേ പ്രസാദേട്ടാ…?? ന്നാ ഞാനിങ്ങനെ ഇല്ലാത്ത പ്രതീക്ഷയിൽ ഇരിക്കുമായിരുന്നോ “”

എന്ന് പറഞ്ഞവളോട് മറുപടി പറയാനില്ലാതെ ഞാൻ ഉരുകി….

“”നമ്മുടെ വീടിനടുത്തുള്ള ആ അനാഥലയം ഏറ്റെടുത്തു നടത്താൻ ആരേലും വേണം എന്ന് അവർ പറഞ്ഞിരുന്നു.. ഞങ്ങൾ നോക്കിക്കോളാം ആ പൊന്നു മക്കളെ എന്ന് പറയാൻ പോയതാ ഞാൻ…

പിന്നെ നിങ്ങൾ ഇത്തിരി ടെൻഷൻ അടിക്കട്ടെ എന്ന് കരുതി മനപ്പൂർവം പറയാത്തതാ എങ്ങോട്ടാ എന്ന്…””

കുറുമ്പോടെ പറയുന്നവളെ ചേർത്തു പിടിക്കുമ്പോ രണ്ടു പേരുടെയും മിഴികൾ പെയ്തു തുടങ്ങിയിരുന്നു…

ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് പകരം മുപ്പത്തിരണ്ട് കുഞ്ഞുങ്ങടെ അച്ഛനും അമ്മയും ആയ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *