നിന്റെ കെട്ട്യോൻ നല്ല ഉറക്കായിരുന്നു, നീ പ്രസവിച്ചപ്പോ പറയാൻ വേണ്ടി ഞാൻ മോളിലെ മുറിയിൽ..

പ്രസവാനന്തരം
(രചന: Neji Najla)

പ്രസവമുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ ഞാൻ എനിക്കുള്ള കട്ടിൽ കിട്ടുന്നതിന് മുൻപേ മറ്റു കട്ടിലുകളിലേക്ക് നോക്കി.

മൂന്നു പേരാണ് പ്രസവം അടുത്ത് കട്ടിലിൽ കിടന്നു ഞെളിപിരി കൊള്ളുന്നത്.

എനിക്കത്രയും ആയില്ലെങ്കിലും ഇടയ്ക്കിടെ വരുന്ന വേദന കടലോളം ആഴവും ആകാശത്തോളം ഉയരവും ഉണ്ടെന്ന് തോന്നുന്നുണ്ടായിരുന്നു…

വേദനയുടെ പാരമ്യത്തിലെത്തിയെപ്പോഴും അല്ലാഹ് എന്നും ഇടയ്ക്ക് ഉമ്മായെന്നും അല്ലാതെ വേറൊരു ശബ്ദവും ഉച്ഛരിക്കാതെ ഞാനെന്നെ പരമാവധി നിയന്ത്രിച്ചു.

അഞ്ചാം മാസത്തോടെ യൂട്രസ് തുറന്ന് പ്രസവം വരെയും വേദന തിന്നോണ്ട് ജീവിക്കുന്ന എനിക്ക് വേദനയെ സഹിക്കാനുള്ള കുറച്ചു കരുത്തൊക്കെ പടച്ചോൻ തന്നിരുന്നു.

ശബ്ദമുണ്ടാക്കാതെ….പ്രാർത്ഥനയോടെ ഞാൻ കിടന്ന് പുളഞ്ഞു.

മറ്റുള്ളവർ ശബ്ദമുണ്ടാക്കി കരയുമ്പോൾ എനിക്കാകെ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.

വേദനയ്ക്ക് കുറച്ചു ശമനം വന്നപ്പോൾ ഞാൻ പുറത്തുള്ളവരെ കുറിച്ച് ചിന്തിച്ചു…

അവരിപ്പോ പ്രാർത്ഥനകളുമായി കാത്തിരിപ്പാവും. ഉമ്മച്ചി പടച്ചോനുമായി അങ്ങേയറ്റം അടുത്ത തേട്ടത്തിലായിരുക്കും… ഇത്താത്തമാരുടെ അവസ്ഥയും വ്യത്യാസമുണ്ടാവില്ല…

പിന്നെ ഞാനെന്റെ ഇക്കാനെ കുറിച്ചോർത്തു. അന്നേരം എനിക്ക് സിനിമയിലൊക്കെ കാണുന്ന രംഗങ്ങളാണ് ഓർമ്മവന്നത്.

ഭാര്യ ലേബർ റൂമിൽ കയറിയാൽ പിന്നെ ഇരിക്കപ്പൊറുതി ഇല്ലാണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും വാച്ചിലേക്ക് നോക്കിയും ലേബർ റൂമിന്റെ വാതിൽക്കലേക്ക് കണ്ണ് നട്ടും വെപ്രാളത്തിന് കയ്യും കാലും വച്ച പോലുള്ള ഭർത്താക്കന്മാർ..

എന്റെ ഇക്കയും അതുപോലെ… പാവം..
ടെൻഷൻ അടിച്ചു വല്ലാണ്ടാവുന്നുണ്ടാവും.
ചിന്തിച്ചു മുഴുവനാകുന്നതിന് മുൻപ് അടുത്ത വേദന….

പ്രസവം കഴിഞ്ഞ് റൂമിലേക്കു മാറ്റിയപ്പോൾ ഓരോ മുഖത്തേക്കും നോക്കി നോക്കി എന്റെ ഇക്കാടെ മുഖത്ത് കണ്ണെത്തി.

പതിനാലാം രാവ് പോലെ തിളങ്ങിയ ഇക്കാടെ ചിരി. കുഞ്ഞിനേയും എന്നെയും മാറി മാറി നോക്കുകയാണ്

പാവം എന്റെ ഇക്ക..

ഇത്രയും നേരത്തെ ടെൻഷൻ മാറിയതിന്റെ സന്തോഷം കാണാൻ എന്ത് രസാണ്.. ഞാൻ ഇക്കാടെ മുഖത്തുനോക്കി മധുരമായി പുഞ്ചിരിച്ചു.

“ഡീ.. നെജ്യേ… നിന്റെ കെട്ട്യോൻ നല്ല ഉറക്കായിരുന്നു. നീ പ്രസവിച്ചപ്പോ പറയാൻ വേണ്ടി ഞാൻ മോളിലെ മുറിയിൽ പോയി വിളിച്ചിട്ടും വിളിച്ചിട്ടും എണീക്കാതെ.. ”

താത്താന്റെ വാക്കുകൾ കേട്ട് എന്റെ പരത്തിവച്ച മധുരമൂറുന്ന ചിരി ഒന്ന് കോടി…

പലവിധ ഭാവങ്ങൾ എന്റെ മുഖത്ത് മാറി മാറി വന്നു. ഞാൻ അറിയാണ്ട് അല്പം ഉച്ചത്തിൽ തന്നെ വിളിച്ചു പോയി..

“ഇക്കാ….ഇങ്ങള് ”

എനിക്ക് സങ്കടം വന്നു.

“അത് പിന്നെ… ഡീ…ഇന്നലെ രാത്രി ഉറങ്ങീല്ലല്ലോ.. അതിന്റെയാ…ഞാൻ ഇയ്യ്‌ ഇപ്പൊ ഒന്നും പ്രസവിക്കൂല ന്ന് കരുതി…നിന്നോടാരാ എളുപ്പം പ്രസവിക്കാൻ പറഞ്ഞത്..”

ഞാൻ ഇക്കാനെ കൂർപ്പിച്ചു നോക്കി.

മൂന്നു നാല് മണിക്കൂർ നീണ്ട പ്രസവവേദനയൊന്നും പോരാ ന്ന്..

ഡ്രിപ്പ് ഇട്ട സ്റ്റാൻഡ് വച്ച് തല്ലാനാ തോന്നിയത്. പക്ഷേ പറ്റൂലല്ലോ.. ഞാനന്നേരം അങ്ങേയറ്റത്തെ സംയമനം പാലിച്ചു.

മുഖം വീർപ്പിച്ച് കട്ടിലിൽ മലർന്നു കിടക്കുന്ന എന്റെ കാലിനടിയിൽ ആരും കാണാതെ കൈകൊണ്ട് വരച്ച് ഇക്കയെന്നെ ഇടം കണ്ണിട്ടൊന്ന് നോക്കിച്ചിരിച്ചു.

അന്നും പതിവ് തെറ്റിക്കാതെ ആ ചിരിയിൽ ഞാൻ മയങ്ങി. കള്ളപ്പരിഭവം നടിച്ച് മോനെയും ചേർത്തുപിടിച്ച് കണ്ണടച്ചുകിടന്നു.

Leave a Reply

Your email address will not be published. Required fields are marked *