മക്കൾക്ക് സമയമില്ല, അവർക്ക് അവരുടെ കുടുംബം അതിന്റെ തിരക്കുകൾക്കിടയിൽ..

പെണ്മക്കൾ
(രചന: Navas Amandoor)

നിങ്ങൾ രണ്ടാളും ഈ വീട്ടിൽ ഇടക്കിടെ വന്നിരുന്നെങ്കിൽ… വയ്യാതെ കിടക്കുന്ന ഉമ്മയുടെ അരികിൽ ഇത്തിരി നേരം ഇരിക്കാൻ സമയം ഉണ്ടാക്കിയിരുന്നെങ്കിൽ…

ഉമ്മ ഒരിക്കലും ഉപ്പയോട് ഒരു നിക്കാഹ് കൂടി കഴിക്കാൻ ആവശ്യപ്പെടില്ലായിരുന്നു. ഇത് നിങ്ങൾ മക്കളുടെ പരാജയമാണ്.

ഉപ്പയുടെ വാക്കുകൾ മക്കൾ മനസ്സിലാക്കിക്കാണുമോ…?

പെൺകുട്ടികൾ വീടിന്റെ വിളക്കാണ്. ചെറുപ്പം മുതൽ ആണൊരുത്തന്റെ കൈയിൽ പിടിച്ചു കൊടുക്കും വരെ അവരെ സുരക്ഷിതരായി വളർത്തി വലുതാക്കാനുള്ള

കഷ്ടപ്പാടിൽ തീർന്നുപോകുന്ന ആയുസ്സ് മുഴുവൻ മക്കളോടുള്ള മാതാപിതാക്കളുടെ സ്‌നേഹമാണ്.

രണ്ട് പെൺകുട്ടികൾ പിറന്നപ്പോഴും ഒരു ആൺകുട്ടിയെ പടച്ചോൻ തന്നില്ലല്ലോയെന്ന് സുലു സങ്കടപ്പെട്ടിട്ടില്ല.

ഇപ്പോൾ ഇങ്ങനെ വയ്യാതായപ്പോഴും ഒരു മോൻ ഇല്ലാത്ത സങ്കടം പറഞ്ഞിട്ടില്ല.

രാവിലെ ഭർത്താവ് കടയിൽ പോകും. ചെറിയൊരു പലചരക്കു കട. ആ കട കൊണ്ടാണ് ചെറുതാണെങ്കിലും ഒരു വീട് ഉണ്ടാക്കിയതും മക്കളെ പഠിപ്പിച്ചു വളർത്തിയതും കെട്ടിച്ചതും.

സുലു രാവിലെ മുതൽ ഭർത്താവ് വരുന്നതു വരെ തനിച്ചിരിക്കേണ്ടി വരുന്നു. മിണ്ടാനും പറയാനും ചുമരുകൾ മാത്രം..

ഒന്നു മിണ്ടിപ്പറഞ്ഞിരിക്കാൻ ഒരാള് വേണമെന്ന് തോന്നിയപ്പോൾ ഭർത്താവിനോട്‌ കാര്യം പറഞ്ഞു.

“എനിക്ക് ഇങ്ങനെ തനിച്ചു കിടക്കാൻ പറ്റുന്നില്ല. എന്നോട് ഒന്ന് മിണ്ടാനെങ്കിലും നിങ്ങള് ഒരു നിക്കാഹ് കൂടി കഴിക്കൂ..”

“ആഹാ.. ഈ വയസ്സുകാലത്തു എനിക്കൊരു നിക്കാഹോ..ഞാൻ എന്നാ ആ കട വിൽക്കട്ടെ..?”

“അപ്പൊ നമ്മൾ എങ്ങനെ ജീവിക്കും..? ഓരോ ആവശ്യങ്ങൾ പറഞ്ഞു വരുന്ന നമ്മുടെ മക്കൾക്ക് കൊടുക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ…?”

“ഇത്രയും കാലം പണി എടുത്തു മിച്ചം പിടിച്ചതല്ലാം അവർക്കല്ലേ കൊടുത്തത്..?”

മക്കൾക്ക് സമയമില്ല. അവർക്ക് അവരുടെ കുടുംബം… അതിന്റെ തിരക്കുകൾക്കിടയിൽ ഉമ്മാടെ കൂടെ ഇരിക്കാനും, കുറച്ചു നേരം ഉമ്മാക്കായി മാറ്റി വെക്കാനും കഴിയുന്നില്ല.

കുറേ മാസങ്ങളായി സുലു പറയുന്നുണ്ട് ഒറ്റപ്പെടലിന്റെ വിഷമം.

ഒരു വയറുവേദന വന്ന് ഗർഭപാത്രം എടുത്തു മാറ്റിയത് മുതൽ ഇരുട്ടിലായ ജീവിതവും വീടും. ഓടി നടന്ന് എല്ലാം പണിയും ചെയ്തിരുന്നു.

ഇപ്പോ അവർക്ക് രണ്ട് പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത് തന്നെ വേദന സഹിച്ചാണ്.

“സുലു ഞാനൊന്നു തീരുമാനിച്ചു.”

“എന്താണ്…?”

“മക്കളോട് വരാൻ പറഞ്ഞിട്ടുണ്ട്. അവർ വന്നിട്ട് പറയാ.”

വൈകുന്നേരം മക്കൾ വന്നു. ഉമ്മയുടെ അരികിൽ മക്കൾ നിന്നു. അവരുടെ ഭർത്താക്കന്മാരും കൂടെ ഉണ്ട്.

“ഞാനും ഉമ്മയും ഇവിടെ അടുത്ത് തണൽ എന്ന് പറയുന്ന ഒരിടം ഉണ്ട്… അവിടേക്ക് മാറാൻ പോകുന്നു. നാള് കുറേ ആയില്ലേ വിശ്രമം ഇല്ലാതെ ജീവിക്കുന്നത്…

നിങ്ങക്ക് ഞങ്ങളെ നോക്കാൻ കഴിയുന്നില്ല… അവിടെ ആകുമ്പോൾ ഞങ്ങളെപ്പോലെ കുറേ പേര് ഉണ്ടാകും.

കടയും വീടും വിൽക്കും. ആ ക്യാഷ് ബാങ്കിൽ ഇടും. ഇനിയുള്ള ഞങ്ങളുടെ ആവശ്യങ്ങൾക്ക് അത് മതിയാവും.. ബാക്കിയുള്ളത് ആരുമില്ലാത്ത പാവങ്ങൾക്ക്….”

വാപ്പ പറഞ്ഞു കഴിഞ്ഞപ്പോൾ വിശ്വാസം വരാതെ മക്കൾ വാപ്പയെ നോക്കി.

“അതിന്റെയൊന്നും ആവശ്യമില്ല. ആളുകൾ എന്ത് പറയും..?”

“ആളുകൾ പറയുന്നത് കേൾക്കാതിരിക്കാം മോളേ.”

“എനിക്കും ഇവൾക്കും പറ്റാഞ്ഞിട്ടല്ലേ.. നിങ്ങളോട് സ്‌നേഹമില്ലാഞ്ഞിട്ടല്ലല്ലോ വാപ്പ…”

“ഇതുവരെ ഉപ്പയുടെ രണ്ട് മക്കളെയും ഉപ്പ കുറ്റപ്പെടുത്തിയില്ലല്ലോ.. നിങ്ങക്ക് വേണെങ്കിൽ മാറി മാറി ഈ വീട്ടിൽ നിക്കാമായിരുന്നു.

രണ്ടോ മൂന്നോ ദിവസത്തിന്റെ ഇടയിൽ വന്നു നോക്കാമായിരുന്നു..

രാവിലെയും വൈകുന്നേരവും മൊബൈൽ വഴി തിന്നോ കുടിച്ചോ എന്നൊക്കെ നിങ്ങൾ ചോദിക്കുമ്പോൾ എത്ര വിഷമിച്ചാണ് ഉമ്മ ഇതൊക്കെ ഉണ്ടാക്കി വെക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ഉപ്പാടെ മക്കൾ…?”

മക്കൾക്ക് മറുപടിയില്ല…സുലു മക്കളുടെ മുഖത്തേക്ക് നോക്കി.

“കെട്ടിച്ചു വിട്ട മക്കൾക്ക് പരിധികൾ ഉണ്ട്. അവർക്ക് അവരുടേതായ കുടുംബവും പ്രശ്നങ്ങളും എല്ലാം ഉണ്ട്. അതുകൊണ്ട് തന്നെ നിങ്ങളെ കുറ്റപ്പെടുത്താനും കഴിയില്ല.

വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ എല്ലാം തകിടം മറിയും..

എല്ലാം ഉമ്മാക്ക് അറിയാം.. പക്ഷെ ഇപ്പോൾ ഉപ്പ പറഞ്ഞപ്പോൾ എനിക്കും അങ്ങനെയാണ് നല്ലതെന്നാ തോന്നുന്നത്.”

“ഉമ്മ… ഉമ്മ വിഷമിക്കണ്ട. നിങ്ങൾ എവിടെയും പോണ്ട.. ഞങ്ങളെ വീട്ടിൽ വന്നു നിക്കാൻ പറ്റോ..?”

“നിങ്ങൾ ഇവിടെ വന്നു നിക്കുന്നപോലെയല്ല അത്.. അതിന് കഴിയില്ല.”

“എന്നാ പിന്നെ..”

അന്നത്തെ സംസാരത്തിനു ശേഷം മക്കൾ പോയി.

“അങ്ങനെ ഒന്നും വേണ്ടാ.. എന്റെ മക്കൾ ഓടിക്കളിച്ചു വളർന്ന വീടാണ്.. എനിക്ക് ഇവിടെ കിടന്ന് തന്നെ മരിക്കണം.”

“അപ്പൊ നിന്റെ ഒറ്റപ്പെടൽ…”

“സാരില്ല.. ഞാൻ സഹിച്ചോളാം.”

പിറ്റേന്ന് പകൽ മൂത്ത മകൾ അവളുടെ മകളെ ഉമ്മയുടെ അടുത്ത് കൊണ്ട് വിട്ടു.

“ഉമ്മാ.. സനമോള് ഇവിടെ ഉമ്മാടെ ഒപ്പം നിക്കട്ടെ.. ഉമ്മാക്ക് മിണ്ടാനും പറയാനും അവൾ ഉണ്ടാവും..”

“അതുമതി.. ഉമ്മാക്ക് ഒരുപാട് സന്തോഷം.. വിളിച്ചാൽ വിളികേൾക്കാൻ ഒരാൾ ഉണ്ടല്ലോ…”

“ഇനി ഉമ്മ തനിച്ചാവില്ല… ഞങ്ങള് രണ്ടുപേരുടെയും മക്കൾ… ആരെങ്കിലുമൊക്കെ എപ്പോഴും കൂട്ടിന് ഉണ്ടാവും.”

“എന്റെ മക്കൾ ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ… എന്ന് തോന്നിപ്പോകുന്നു.

വല്ലിമ്മയുടെ ഒപ്പം നിൽക്കാൻ അവൾക്കും ഇഷ്ടം. തത്കാലം പ്രശ്നത്തിന് പരിഹാരം ഉണ്ടായി.

ഉപ്പയുടെ സംസാരത്തിൽ നിന്നും സങ്കടം ഉണ്ടായിട്ട് ഉണ്ടായ തീരുമാനമല്ല മക്കളുടേത്.. വീടും സ്ഥലവും പോവാതിരിക്കാൻ രണ്ട് മക്കളും തലപുകഞ്ഞു കണ്ടെത്തിയ വഴി.

ആ വീടും സ്ഥലവും കടയും കൈ വിടാതിരിക്കാൻ ഇനിയെപ്പോഴും മക്കളിൽ ആരെങ്കിലും ഒരാൾ ആ വീട്ടിൽ ഉമ്മയുടെ ഒപ്പം ഉണ്ടാകും.

ആണായാലും പെണ്ണായാലും മക്കളാണ് മാതാപിതാക്കളുടെ സ്വപനവും പ്രതീക്ഷയും.

അവരെ പരിചരിക്കാനുള്ള സമയം നമ്മൾ കണ്ടത്തിയില്ലെങ്കിൽ നാളെ നമ്മുടെ മക്കൾക്കും സമയം ഉണ്ടാവില്ല നമ്മളെ പരിചരിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *