ആഗ്രഹിച്ചത് നേടി എടുത്ത ആവേശത്തിൽ അവൾ വരുമ്പോൾ മുഖം പതിവ് പോലെ വെട്ടിക്കാൻ ശ്രമിച്ചു, ശീലിച്ചത് പാടെ മറക്കാൻ..

(രചന: മിഴി മോഹന)

ന്റെ “” ശ്രീനു എന്തിനാ എന്റെ പിന്നാലെ ഇങ്ങനെ നടക്കണേ… അച്ചുവേട്ടന് ന്റെ മോളോട് ഒരു ദേഷ്യവും ഇല്ല…… “”

മുൻപിൽ കിടന്ന ഉണങ്ങിയ ഓല അല്പം കൂട്ടി ഇട്ടിരിക്കുന്ന ഉണക്ക ചുള്ളികൾക്കൊപ്പം പെറുക്കി ഇട്ടു അച്ചു… അച്യുത് ..”””അപ്പോഴും പിന്നിൽ നില്കുന്നവളിൽ നിന്നും  സ്വന്തം മുഖം തെല്ലൊന്നു അകലം പാലിച്ചിരുന്നു….

ദേഷ്യം ഇല്ലാഞ്ഞിട്ടാ അച്ചുവേട്ടൻ ഈ… ഈ… മുഖം എന്നിൽ നിന്നു ഒളിക്കുന്നത്…. ശ്രീനുനെ വെറുപ്പാ അച്ചുവേട്ടന്…പറ… ന്നോട് പറയ്…..

കരുത്തുറ്റ ആ തോളിൽ പിടിച്ചു തന്റെ മുഖത്തിന്‌ നേരെ കൊണ്ട് വരുമ്പോൾ അവൾ കണ്ടു ആ കണ്ണുകളിലെ നീര്തുള്ളികൾ…….. അത്‌ മാത്രമേ കണ്ടുള്ളു… അത്‌ മാത്രമേ അവൾക്കു കാണാൻ കഴിഞ്ഞുള്ളു……

ആ നിമിഷം വരമ്പിലൂടെ വരുന്ന സ്കൂളിൽ കുട്ടികളുടെ ശബ്ദം അലയടിച്ചതും തോളിൽ കിടന്ന തോർത്ത് മുണ്ട് മുഖത്തിന്‌ ആവരണം തീർത്തവൻ……

ന്തിനാ.. അച്ചുവേട്ടാ ഇങ്ങനെ മുഖം തിരിക്കുത്.. “”” അച്ചുവേട്ടനെ അറിയാത്ത കുട്ടിയോൾ ഒന്നും അല്ലല്ലോ.. “” അച്ചുവേട്ടൻ അല്ലെ എല്ലാവരിൽ നിന്നും മുഖം തിരിക്കുന്നത്.. ശ്രീനുവിന്റെ കണ്ണിൽ നിന്നും അല്പം മിഴിനീര് പൊടിഞ്ഞു..

മ്മ്ഹ.. “” അച്ചുവേട്ടന് അറിയാം മോളെ എന്നാലും എന്നാലും ഒരു ഭയം.. ചിലപ്പോൾ അച്ചുവേട്ടന്റെ തോന്നൽ ആവാം.. “”

മോള് പൊയ്ക്കോ നേരം ഒരുപാട് ആയി.. കാണാണ്ടിരുന്നാൽ അമ്മായി വിഷമിക്കും.. അവളെ പറഞ്ഞു വിടാൻ ശ്രമിക്കുമ്പോഴും അവന്റെ കൈകൾ ചെറിയ വിറകിൻ കമ്പുകളെ തിരഞ്ഞു…..

അച്ചു…”” അച്യുത്…..

നില കണ്ണാടിയിൽ തെളിഞ്ഞു വരുന്ന തന്റെ മുഖത്തോട് ഇപ്പോൾ ദേഷ്യമാണോ.. അതോ പുച്ഛം ആണോ… എന്ത് വികാരം ആണെന്ന് ഇപ്പോൾ തിരിച്ചറിയുന്നില്ല…

എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ശ്രീനുവിന് പറ്റിയൊരു കൈ  അബദ്ധം തന്റെ ജീവിതം ഇങ്ങനെ കീഴ്മേൽ മറിക്കും എന്ന് അറിഞ്ഞില്ല…..

തറവാട്ടിൽ അമ്മാവന്റെ ഒപ്പം താമസിക്കുമ്പോഴാണ്  അഞ്ചു വയസുകാരി പെണ്ണിന് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കാൻ ആ പന്ത്രണ്ട് വയസുകാരൻ ശ്രമിച്ചത്….

പഠിക്കാൻ മടി കാണിച്ചിരുന്നവളെ ചെറുതായി തല്ലിയും ശാസിച്ചും കൂടെ ഇരുത്തി.. “”

പക്ഷെ തന്റെ ജീവിതത്തിനെ തന്നെ ഇരുളടച്ചു കൊണ്ട് ആയിരുന്നു പവർ കട്ട്‌ ആ നിമിഷം വന്നത്….

കുട്ടികൾക്ക് പഠിക്കാൻ ആയി അമ്മായി മണ്ണെണ്ണ വിളക്ക് കൊണ്ട് വയ്ക്കുമ്പോൾ അവരും ഓർത്തില്ല അത് എന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ അവസാന നിമിഷങ്ങൾ ആണെന്ന്…

പഠിക്കാൻ പിടിച്ചിരുത്തിയ  ദേഷ്യം ആ മണ്ണെണ്ണ വിളക്കിലൂടെ ശ്രീനു എന്റെ മുഖത്തെക്ക് തീർക്കുമ്പോൾ വേദന ആയിരിന്നില്ല ആ നിമിഷം…

കണ്ണിലെ കാഴ്ച്ചയേ പോലും മറച്ചു കൊണ്ട് ബോധം പോകുന്നത് മാത്രം ആണ് ഞാൻ അറിഞ്ഞത്…. പിന്നെ ഏറെ നാളത്തെ ആശുപത്രി വാസം.. “” ഓർമ്മകൾ മാത്രം അവശേഷിക്കുന്ന മുഖ സൗന്ദര്യത്തിന്റെ ബാക്കി പത്രമായി പൊള്ളി അടർന്ന പാടുകൾ മാത്രം….

ഏറെ ദിവസത്തെ കൗൺസിലിംഗ്ന് ശേഷം ഡോക്ടർ ഒരു കണ്ണാടി മുൻപിലേക് നീട്ടുമ്പോൾ കരഞ്ഞില്ല..” എല്ലാം ഉൾകൊള്ളാൻ എന്റെ കൊച്ച് മനസിനെ ഞാൻ പ്രാപ്തമാക്കിയിരുന്നു… പക്ഷെ എന്നിട്ടും തോറ്റു പോയത് എവിടെയാണ്….

വീണ്ടും പ്രതീക്ഷയോട് സ്കൂളിലേക്കു ചെല്ലുമ്പോൾ അധ്യാപകർ പോലും മുഖം ചുളിക്കുന്നത് ആണ് കണ്ടത്.. അപ്പോൾ പിന്നെ കൂട്ടുകാരുടെ കാര്യം പറയണോ…. “””

അവിടെ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു ആരെയും മുഖം കാണിക്കാതെ ഇരിക്കാനുള്ള ശ്രമം….. പക്ഷെ അന്നും ഒരാൾ മാത്രം തന്റെ പിന്നാലെ കൂടി  ശ്രീനു……

ഒരുപക്ഷേ കുറ്റബോധം ആ കുഞ്ഞ് മനസിനെ തളർത്തിയിരിക്കാം… “” എത്ര അകറ്റാൻ ശ്രമിച്ചാലും എന്നിലേക്ക് അടുക്കാൻ ശ്രമിക്കുന്നവൾ…

വേണ്ട എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കും തോറും എപ്പോഴൊക്കെയോ എന്റെ മനസും കൈ വിട്ടു പോയി തുടങ്ങിയിരുന്നു…. പക്ഷെ അത് വേണ്ട നാളെ അവൾക് ഒപ്പം ഞാൻ പോകുമ്പോൾ അവളെ ആരും കുറ്റപെടുത്തുന്നത് കേൾക്കാനുള്ള ധൈര്യം എനിക്കില്ല…

അച്ചു ശ്രീനുവിന്റെ വിവാഹം ഉറപ്പിച്ചു…”” അമ്മാവന്റെ വാക്കിനെ ധിക്കരിക്കാൻ ആർക്കും കഴിയില്ലല്ലോ മോനെ.. “””കട്ടിലിന് അരികിൽ അമ്മ വന്നു പറയുമ്പോൾ ഉള്ളം ഒന്ന് പിടഞ്ഞു എങ്കിലും പൊള്ളിയ ചുണ്ടുകളാൽ ഒന്ന് ചിരിച്ചു…

അത് നല്ല കാര്യം അല്ലെ… ന്തിനാ അമ്മ ഇങ്ങനെ കരയണത്…””

നീ ഒരിക്കൽ പോലും ശ്രീനു മോളെ സ്നേഹിച്ചിട്ടില്ലേ അച്ചു…. “” അമ്മയോട് ന്തിനാ കള്ളം പറയുന്നത്…

കള്ളമോ.. ഞാൻ ന്തിനാ അമ്മേ കള്ളം പറയണത്.. “” അവളെ അങ്ങനെ ഒരു കണ്ണിലൂടെ ഞാൻ.. ഞാൻ കണ്ടിട്ടില്ല….. “” പറയുമ്പോൾ എന്റെ ഉള്ളൊന്നു പിടച്ചോ……ന്നായാലും നടക്കേണ്ടത് നടക്കും….””അവൾക്കും വേണ്ടേ ഒരു ജീവിതം..””

“””””അത് ശരിയാ എന്നായാലും നടക്കേണ്ടത് നടക്കും..” ന്റെ.. ന്റെ കുഞ്ഞിന്റെ കണ്ണ്നീര് വീഴുത്തിയിട്ട് തന്നെ വേണോടാ അത്…. “””

അമ്മയ്ക്ക് പിന്നാലെ അമ്മാവന്റെ വാക്കുകൾ കേട്ടതും കട്ടിലിൽ നിന്നും ചാടി എഴുനേറ്റു ഞാൻ….

അമ്മാവാ.. “”

പറ്റില്ലാച്ചാൽ പറഞ്ഞോളൂ ഏതെങ്കിലും പൊട്ട കിണറ്റിൽ കൊണ്ട് താഴ്ത്തികോളം ഞാൻ..

ന്നാലും മറ്റൊരുതന്റെ മുൻപിൽ അവൾ കഴുത്തു നീട്ടില്ല.. അത് എനിക്ക് അറിയാം..നിന്റെ മനസ് അറിയാൻ ഒരുപാട് ശ്രമിച്ചു ന്റെ മോള് ഓരോ നിമിഷവും നീ ആട്ടി അകറ്റുമ്പോൾ ന്റെ മടിയിൽ കിടന്ന് അവൾ കരയും…

എന്നെങ്കിലും നീ അവളെ മനസിലാക്കും എന്ന് ഞാനും വിചാരിച്ചു… പക്ഷെ നീ… ശരിയാ നിന്റെ ഈ വിധിക്ക് കാരണക്കാരി ന്റെ മോളാ.. ശപിക്കാനേ നിനക്ക് കഴിയൂ സ്നേഹിക്കാൻ കഴിയില്ല… അങ്ങനെ ചിന്തിച്ചത് ന്റെ തെറ്റ്….

ഹ്ഹ.. ഉട പിറന്നൊളെ ഞാൻ ഇറങ്ങുവാ.. “” ഇവന്റെ വാക്ക് കാതോർതിരിക്കുന്നവളോട് എന്തെങ്കിലും കള്ളം ഞാൻ പറഞ്ഞോളാം..

ഏട്ടൻ ഒരു കള്ളവും പറയാൻ നിൽക്കണ്ട… തീയതി കുറിപ്പിച്ചോളു…. ന്റ് മോൻ ശ്രീനുമോളെ കെട്ടിയിരിക്കും.. “”

അമ്മേ..”

അച്ചു ഒരിക്കൽ പോലും ഞാനോ നിന്റെ അമ്മാവനോ അമ്മായിയോ ആരെങ്കിലും നിന്റെ കുറവുകളെ കുറിച്ച് പറഞ്ഞു വേദനിപ്പിച്ചിട്ടിണ്ടോ…

നീ സ്വയം വേദനയുടെ മൂട് പടം അണിഞ്ഞത് അല്ലെ…..എല്ലാവരിൽ നിന്നും ഉൾവലിഞ്ഞത് നീ തന്നെയല്ലേ… ഇനി അത് വേണ്ട നിന്നെ സ്നേഹിക്കാൻ ശ്രീനുമോളോളം മറ്റാർക്കും കഴിയില്ല…. “”

അമ്മയുടെയും അമ്മാവന്റെയും വാക്കുകൾക്ക് മുൻപിൽ മറുപടി ഇല്ലാതെ നില്കുന്നവന്റെ ജീവിതത്തിലേക്ക് ഇന്നവൾ കടന്ന് വന്നു….

അവളെയും കാത്ത് മുറിക്കുള്ളിൽ ഇരിക്കുമ്പോൾ ആണ് വീണ്ടും കണ്ണുകൾ ആ കണ്ണാടിയിലേക് നീണ്ടത്…

പൊള്ളി അടർന്ന മുഖത്ത് അല്പം സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കും തോറും പരാജയം ആയിരുന്നു ഫലം.. “”

അച്ചുവേട്ടാ.. “” ഇതെന്താ കണ്ണാടിയിൽ നോക്കി കോക്രി കാണിക്കുന്നത്.. “”

പിന്നിൽ നിന്നും ചിരിയോടെ കടന്ന് വരുന്നവൾ… “” ആഗ്രഹിച്ചത് നേടി എടുത്ത ആവേശത്തിൽ അവൾ വരുമ്പോൾ മുഖം പതിവ് പോലെ വെട്ടിക്കാൻ ശ്രമിച്ചു…. ശീലിച്ചത് പാടെ മറക്കാൻ കഴിയില്ലലോ..

ഇതെന്താ പിന്നെയും മുഖം തിരിക്കുന്നത്.. “” വേണ്ടാട്ടോ.. “” ഇനി ഇങ്ങനെ മുഖം തിരിച്ചാൽ ഇങ്ങനെ കടിച്ചു മുറിക്കും ഞാൻ…. പറയുന്നതിന് ഒപ്പം തന്നെ പെണ്ണിന്റെ പല്ലുകൾ എന്റെ ഇടത്തെ കവിളിൽ ആഞ്ഞു പതിച്ചിരുന്നു…

ഹ്ഹ.. “” ഒരു ഉൾക്കിടലത്തോടെ നോക്കുമ്പോൾ ചുണ്ട് കൂട്ടി പിടിച്ചു ചിരിക്കുന്നവൾ.. “”

ഇനി മുഖം തിരിക്കുവോ..” ഏഹ്.. “” എനിക്ക് അടുത്തേക് വരുന്നവളുടെ മുഖ ഭാവം കണ്ടതും അറിയാതെ ചിരി പൊട്ടിപോയിരുന്നു… ഏറെ നാളുകൾക്ക് ശേഷം മനസ് നിറഞ്ഞു ചിരിക്കുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ നെഞ്ചിലേക് ചേർന്നവൾ…

എന്നും ശാപമായി കണ്ട എന്റെ പൊള്ളിഅടർന്ന ചുണ്ടുകളെ സ്വന്തം അധരങ്ങളാൽ അവൾ സ്നേഹിച്ചു….

ഒരോ നിമിഷവും ആവേശത്തോടെ ഞാൻ വെറുത്ത എന്റെ മുഖം ഒരു അറപ്പും കൂടാതെ ചുംബിച്ചവൾ… അവളിലേക്കു പടർന്നു കയറാൻ അവളെ സ്വന്തമാക്കാൻ ആ സ്നേഹം മതി ആയിരുന്നു എനിക്ക്… “”

അച്ചുവേട്ടാ… “”” ശ്രീനു ചേച്ചി എവിടെ.. “”

സൈക്ലിൽ വന്ന സ്കൂൾ കുട്ടികൾ വിളിച്ചു ചോദിക്കുമ്പോൾ ചേമ്പിനു തടം എടുത്തു കൊണ്ടിരുന്ന ഞാൻ തലയിൽ കെട്ടിയ തോർത്ത്‌ മുണ്ട് കൊണ്ട് മുഖം മറയ്ക്കാതെ അത് തോളിൽ ഇട്ട് ചിരിയോടെ അവർക്ക് അടുത്തേക് ചെന്നു..

എന്താട.. “”അവൾ വീട്ടിലുണ്ട്…

ദേ സ്കൂളിലെ മാവിൽ നിന്നും കുറച്ചു മാങ്ങാ പൊട്ടിച്ചു കൊണ്ട് വരാൻ പറഞ്ഞിരുന്നു ശ്രീനു ചേച്ചി.. “” ഇത് ചേച്ചിക്ക് കൊടുക്കണേ..” കുട്ടികൾ രണ്ട് കവറിലായി ഏറെ മാങ്ങാ കൈയിലേക് തരുമ്പോൾ മെല്ലെ ഒന്ന് ചിരിച്ചു ഞാൻ…..

അവർ തന്ന മാങ്ങയുമായി ചെല്ലുമ്പോൾ കണ്ടു ഉമ്മറ പടിയിൽ വീർത്ത് ഉന്തിയ വയറും താങ്ങി പിടിച്ചു ഇറങ്ങി വരുന്നവളെ…

ന്റെ ശ്രീനു ഇവിടെത്തെ മാവേലുള്ള മാങ്ങ മുഴുവൻ രാത്രി എന്ന് പോലും നോക്കാതെ എന്നെ കൊണ്ട് കയറ്റി പൊട്ടിക്കുന്നത് പോരാഞ്ഞാണോ ഇപ്പോൾ പിള്ളേരെ കൂടി ബുദ്ധിമുട്ടിക്കുന്നത്… “”” മാങ്ങാ കൈയിലേക് കൊടുക്കുമ്പോൾ പെണ്ണ് ചുണ്ട് ഒന്ന് കുർപ്പിച്ചു..

അച്ചുവേട്ടന് അങ്ങനെ പലതും പറയാം… ദേ ഒരാൾ അല്ല ഇവിടെ ഉള്ളത്… അഞ്ചു പേര… ” അപ്പോൾ മാങ്ങയുടെ എണ്ണവും കൂടും..

കുറുമ്പോടെ വയർ തഴുകുന്നവളെ ചേർത്ത് നിർത്തുമ്പോൾ ഇനി ഒരിക്കലും തല ഉയർത്താത്ത തരത്തിൽ എന്നിൽ നിന്നും അപകർഷത ബോധം ഉരുകി ഒലിച്ചു പോയിരുന്നു..

ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ ആണ്… നഷ്ടപെട്ട് പോയ എന്റെ സന്തോഷങ്ങൾക് പകരം ദൈവം കനിഞ്ഞു നൽകിയ അഞ്ചു കണ്മണികൾക്കായുള്ള കാത്തിരുപ്പ്…