സ്വാന്തനം
(രചന: Merlin Philip)
”ആഷിൻ സമയത്തിന് ഓഫീസിലെത്താൻ പറ്റുമെന്ന് തോന്നുന്നില്ല ” രാഹുലിന്റെ ആ മറുപടി കേട്ടതും ഞാൻ കൂടുതൽ അസ്വസ്ഥയായി …
വൈറ്റില ജംഗ്ഷനിലെ സിഗ്നൽ കട്ടായത് കൊണ്ട് പോലീസ് നിയന്ത്രണത്തിലാണ് വാഹനങ്ങൾ പോകുന്നത്. നാല്‌ഭാഗത്തും ഒരുപാട് വാഹനങ്ങൾ ബ്ലോക്കിൽ പെട്ടിരിക്കുന്നു
കമ്പനിയുടെ അകൗണ്ട്സ് ഡിപ്പാർട്മെന്റിലേക്ക് പുതിയ സ്റ്റാഫുകൾക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ഇന്നാണ് ..
ഇന്റർവ്യൂന് വരുന്ന കുട്ടികളുടെ പേര് വിളിച്ചു റൂമിനകത്തേക്ക് കയറ്റി വിടുന്നതാണ് എന്റെ ഇന്നത്തെ ജോലി… 10മണിക്കാണ് ഇന്റർവ്യൂ ഇപ്പൊ സമയം 9.30…
എന്ത് ചെയ്യണമെന്നറിയാതെ ദേഷ്യത്തിൽ ഞാൻ പുറത്തേക്ക് നോക്കി ബ്ലോക്കോന്നും അനങ്ങുന്നില്ല
എന്റെ അരിശം കൂടി ഞാൻ വലതു ഭാഗത്തേക്ക് നോക്കി…
അവിടെയും അതെയവസ്ഥ തന്നെ
ബ്ലോക്കിനിടയിൽ കൂടി ഒരു സ്ത്രീ നടന്നു വന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്.
അവരുടെ കയ്യിൽ കാറിനകത്തേക്ക് വെയിലിന്റെ വെളിച്ചം തടയാനുള്ള ബ്ലാക്ക് ബോർഡുമുണ്ട്
സാധാരണ ബംഗാളികളും മറാത്തികളുമാണ് ഈ വിൽപ്പന ചെയ്യുന്നത് പക്ഷെ ഈ സ്ത്രീ ഒരു മലയാളിയാണ് ഒരു 45 വയസ്സ് പ്രായം കാണും
സാധനങ്ങളും കൊണ്ടവർ നേരെ എന്റെയടുത്തേക്കു വന്നു ദേഷ്യഭാവത്തിലിരിക്കുന്ന എന്നെ കണ്ടതും അവരൊന്നും മിണ്ടാതെ പുറകിലെ കാറിനടുത്തേക്ക് പോയി…
ഞാൻ ചെറുതായൊന്ന് ചിരിച്ചു… സ്ത്രീ സാധനങ്ങളുമായി റോഡ് ക്രോസ്സ് ചെയ്‌ത് ബസ്‌സ്റ്റോപ്പിലെത്തി .
സാധങ്ങളെല്ലാം നിലത്ത് വെച്ചശേഷം ബസ്‌സ്റ്റോപ്പിന് സമീപത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും അവരൊരു ഓറഞ്ച്കളർ കോളവാങ്ങി…
എന്നിട്ട് ബസ്‌സ്റ്റോപ്പിലിരിക്കുന്ന ഒരു പയ്യന്റെ കയ്യിൽ കോള വെച്ചുകൊടുത്തു
എന്തൊക്കെയോ പറഞ്ഞു
സൂക്ഷിച്ചു നോക്കിയപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് പയ്യൻ അന്ധനാണ് അവരുടെ മകനാണെന്ന് തോന്നുന്നു . വാത്സല്യപൂർവമായിരുന്നു സ്ത്രീ മകനോട് പെരുമാറുന്നത്…
അങ്ങനെയൊരു കാഴ്ച്ച കണ്ടതും എന്റെ മനസ്സിലെന്തോ കുറ്റബോധം തോന്നി മകനെ ബസ്‌സ്റ്റോപ്പിലിരുത്തി അവർ വീണ്ടും സാധനങ്ങളുമായി റോഡിലേക്കിറങ്ങി…
ഇത്തവണ അവരുടെ കയ്യിൽ നിന്ന് 2 ബ്ലാക്ക് ബോർഡ് വാങ്ങാൻ ഞാൻ തീരുമാനിച്ചു
ആവശ്യമുണ്ടായിട്ടല്ല എന്നാലും അവരെ സഹായിക്കാനൊരു മോഹം…
പെട്ടെന്നാണ് പോലീസുകാർ എന്റെ സൈഡിലുള്ള വാഹനങ്ങളോട് പോകാൻ പറഞ്ഞത്
പോലീസിന്റെ അനുമതികിട്ടിയതും കാറുകൾ വേഗതയിൽ മുമ്പിലേക്ക് കുതിച്ചു…
സ്ത്രീ റോഡിന്റെ നടുവിൽപെട്ടു എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ അവർ നിന്നു…
ആ സ്ത്രീയെ ക്രോസ്സ് ചെയ്തു വിടാൻ വണ്ടിക്കാർക്ക് ഉദ്ദേശമില്ലായിരുന്നു അവരുടെ സൈഡിൽ കൂടി വാഹനങ്ങൾ വേഗതയിൽ നീങ്ങാൻ തുടങ്ങി ഒരാൾ നിർത്തികൊടുത്താൽ മതിയായിരുന്നു…
ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി .
പെട്ടെന്നാണ് അതിവേഗത്തിൽ വന്നൊരു ലോറി സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചത്…
”എന്റെ ദൈവമേ അർജുൻ വണ്ടി നിർത്ത് ”
”എന്താ കാര്യം ”
”നിർത്താൻ ”
”ഇവിടെ പറ്റില്ല കുറച്ചു മുൻപിലേക്കായി നിർത്താം ”
അർജുൻ കുറച്ചു മുന്നിലായി വണ്ടിയൊതുക്കി
ഞാൻ വേഗം ഡോർ തുറന്ന് ആക്സിഡന്റ് നടന്ന സ്ഥലത്തേക്കോടി…
നാട്ടുകാരും പോലീസുകാരും ചുറ്റും കൂടി നിൽക്കുന്നുണ്ടായിരുന്നു കൂടിനിന്ന ജനങ്ങളിൽ കുറച്ചു പേരെ തള്ളിമാറ്റി ഞാൻ മുന്പിലേക്ക് കയറി…
ഈ സമയത്തും കുറച്ചു വൃത്തികെട്ടവന്മാർ എന്നെ തട്ടിയുരുമ്മിനിൽക്കാൻ ശ്രമിച്ചു ഒരുവിധം മുന്പിലെത്തിയപ്പോൾ കണ്ട കാഴ്ച്ച
ദയനീയമായിരുന്നു…
രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ അമ്മയുടെ സമീപം നിലവിളിയോടെ ആ മകൻ നിൽക്കുന്നു
അമ്മെയെന്ന് വിളിച്ചുകൊണ്ടവൻ സ്ത്രീയുടെ ദേഹത്ത് കൈവെച്ചു…
തപ്പി തടവി ഒരുവിധം അവൻ സ്ത്രീയുടെ തലഭാഗത്തെത്തിയിരുന്നു…
മുഖം തൊട്ട് നോക്കിയപ്പോഴാണവന് മനസ്സിലായത്. മരിച്ചുപോയത് തന്റെ അമ്മയാണെന്ന്. പയ്യൻ നിർത്താതെ കരഞ്ഞു ആ കാഴ്ച്ച കണ്ടുനിൽക്കാൻ എനിക്ക് പറ്റില്ലായിരുന്നു…
ആൾക്കൂട്ടത്തിൽ നിന്ന് മരവിച്ച മനസ്സുമായി ഞാൻ പിൻവാങ്ങി എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരനുഭവമായിരുന്നു അത്…