സാവിത്രിയെ കെട്ടുമ്പോൾ അവൾക്കൊരു കുഞ്ഞും ഉണ്ടായിരുന്നു, സ്വത്തിനു വേണ്ടി കെട്ടിയതാണ്..

(രചന: Kannan Saju)

” ഉം.. എന്താ? ???  “

ഉമ്മറത്തെ ചാരു കസേരയിൽ പത്രം വായിക്കുക ആയിരുന്ന അയ്യാൾ കണ്ണാടിക്കു മുകളിലൂടെ കണ്ണിട്ടു മുറ്റത്തു വന്നു നിന്ന ആ നിക്കറും ബനിയനും ഇട്ട പയ്യനെ ( കിച്ചു ) നോക്കി ചോദിച്ചു..

” ഈ സാവിത്രി ചേച്ചി?  “

” എന്റെ ഭാര്യയാണ്… എന്താന്ന് വെച്ചാ പറഞ്ഞോളൂ….  “

” ദാക്ഷായണി മുത്തശ്ശി പറഞ്ഞയച്ചതാണ്… മുത്തശ്ശി സുഖമില്ലാതെ ആശുപത്രിയിൽ ആണ്.. ഈ വിലാസത്തിൽ വന്നു സാവിത്രി ചേച്ചിയോട് മുത്തശ്ശി പറഞ്ഞു വിട്ടതാണെന്നു പറഞ്ഞാൽ അവരു പണം തരും എന്നു പറഞ്ഞു “

ആ പേര് കേട്ടതും അയ്യാൾ അസ്വസ്ഥതയോടെ ചാടി എണീറ്റു….

” ആരാ ഏട്ടാ…  ?  ” കുഞ്ഞിന് ചോറ് കൊടുത്തുകൊണ്ട് സാവിത്രി ഉമ്മറത്തേക്ക് വന്നു…

” ഏയ്‌..  ഒന്നുല്ല.. കുറച്ചു പൈസേടെ കാര്യത്തിന് ആ കുട്ടിയുടെ വീട്ടിന്നു വിട്ടതാ.. ഞാൻ കൊടുത്തോളം … ” അതും പറഞ്ഞു പരവേശത്തോടെ അയ്യാൾ അകത്തേക്ക് പോയി…

നാല് വയസ്സുകാരൻ കുഞ്ഞൻ ചോറ് മേടിക്കാതെ സാവിത്രിയെ പറ്റിച്ചു ഓടി കിച്ചൂന്റെ പിന്നിൽ വന്നു നിന്നു..

” കുഞ്ഞാ ചോറുണ്ടില്ലേൽ അമ്മ അടി തരുവേ.. “

ഉരുള കൈകളിൽ ആക്കി അവൾ കുഞ്ഞനെ നോക്കി പറഞ്ഞു..  കിച്ചു അവനു മുന്നിൽ കുന്തം കാലിൽ ഇരുന്നു..

” എന്താ ചേച്ചി ഇവന്റെ പേര്?  ” അവൻ സാവിത്രിയോട് ചോദിച്ചു..

” അശ്വിൻ.. ഞങ്ങള് കിച്ചൂന്നാ വിളിക്കാ…  “

” ആഹാ ” അതും പറഞ്ഞു അവൻ കിച്ചുവിനെ എടുത്തു…

” ദേ ഈ ഉരുള കഴിക്കുവാണേൽ കിച്ചു ഏട്ടൻ കുഞ്ഞനെ ആനേനെ കാണിക്കാൻ കൊണ്ടോവാലോ  “

” ആഞ്ഞാ “

” ആഞ്ഞാ അല്ല കുഞ്ഞാ ആന.. “

കിച്ചുവിന്റെ കയ്യിലിരുന്ന കുഞ്ഞൻ സാവിത്രിയുടെ കൈകളിൽ നിന്നും ചോറ് വാങ്ങി കഴിക്കാൻ തുടങ്ങി.. കുഞ്ഞനു കിച്ചുവിനെ നന്നേ പിടിച്ചിരുന്നു.. അവൻ ചിരിച്ചു കൊണ്ടു കിച്ചുവിന്റെ കവിളിൽ ഒക്കെ പിടിക്കാൻ തുടങ്ങി

” ഹയ്…  എന്താ സാവിത്രി ഇത്.. ?  കണ്ട തെണ്ടി പിള്ളേരുടെ കയ്യിൽ ഒക്കെ ആണോ മ്മടെ കുഞ്ഞിനെ കൊടുക്കുന്നെ?  ” അയ്യാൾ അലറിക്കൊണ്ട് പുറത്തേക്കു വന്നു

സാവിത്രി ഒരു നിമിഷം പതറി പോയി… അവൾ ദയനീയതയോടെ കിച്ചുവിനെ നോക്കി..  കണ്ണുകൾ നിറഞ്ഞ കിച്ചു അവനെ താഴെ നിർത്തി..

” പിച്ച വാങ്ങാൻ വന്നാൽ അതും വാങ്ങി പോവുക… ധിക്കാരം കാണിക്കാൻ നിക്കരുത് ” അയ്യാൾ വീണ്ടും അലറി.. തല കുനിച്ചു പണം വാങ്ങി കിച്ചു നടന്നകന്നു…

സാവിത്രി വിഷമത്തോടെ കുഞ്ഞുമായി അകത്തേക്ക് പോയി.. അപ്പോഴാണ് അയാൾക്ക്‌ ശ്വാസം വീണത്..

സാവിത്രിയെ കെട്ടുമ്പോൾ അവൾക്കൊരു കുഞ്ഞും ഉണ്ടായിരുന്നു… സ്വത്തിനു വേണ്ടി കെട്ടിയതാണ്….

കുഞ്ഞിനെ നോക്കാൻ ദാക്ഷായണിയെ ഏൽപ്പിച്ചതാണ്… കുഞ്ഞിനു വേണ്ട ചിലവിനുള്ള പണം മാസം മാസം ദാക്ഷായണിക്ക് കൊടുക്കും…

താൻ കെട്ടുമ്പോൾ സാവിത്രിക്ക് ഭ്രാന്തുണ്ടായിരുന്നു.. ചികിത്സയിലൂടെ അത് മാറിയപ്പോൾ കുഞ്ഞിനെ കുറിച്ചൊന്നും അവൾക്കു ഓർമ ഉണ്ടായിരുന്നില്ല.. സ്വത്തുക്കൾ കണ്ടു അയ്യാൾ അവളെ സ്വീകരിച്ചതാണ്…

ദാക്ഷായണി അകന്ന ബന്ധുവാണെന്നും വന്നാൽ കൊടുത്തേക്കാനും പറഞ്ഞു സാവിത്രിയുടെ കയ്യിൽ അയ്യാൾ പണം ഏൽപ്പിക്കാറുണ്ട്..

സ്വന്തം മകൻ വന്നത് സാവിത്രി അറിഞ്ഞാൽ അവൾക്കു പഴയതെല്ലാം ഓർമ വന്നാൽ സ്വത്തുക്കൾ നഷ്ടമാവുമല്ലോ എന്നോർത്ത് അയ്യാൾ അവനെ ആട്ടി ഇറക്കി..

സ്വന്തം അമ്മയെ ചേച്ചി എന്ന് വിളിച്ചു, സ്വന്തം അനിയനെ വേദനയോടെ താഴെ ഇറക്കി, സ്വന്തം സ്വത്തിൽ നിന്നും അവൻ പിച്ച വാങ്ങി ഇറങ്ങുക ആയിരുന്നുവെന്നു എന്നെങ്കിലും ഒരുനാൾ അവൻ അറിയുമായിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *