സ്വന്തം ഏട്ടന്‍റെ പ്രണയം എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങണേന്ന് പ്രാര്‍ത്ഥിച്ചിരുന്ന..

(രചന: Magesh Boji)

സ്വന്തം ഏട്ടന്‍റെ പ്രണയം എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങണേന്ന് പ്രാര്‍ത്ഥിച്ചിരുന്ന അപൂര്‍വ്വം ചില അനിയന്‍മാരില്‍ ഒരാളായിരുന്നു ഞാന്‍ .

അതിന് കാരണം വീടിന്‍റെ മുകള്‍ നിലയിലെ മുറിയുടെ ജോലി പൂര്‍ണ്ണമായും കഴിയാത്തതായിരുന്നു .

അഥവാ ഏട്ടനെങ്ങാനും പ്രണയം മൂത്ത് ഒരു സുപ്രഭാതത്തില്‍ പെണ്ണ് കെട്ടാന്‍ തിരുമാനിച്ചാല്‍

ഏട്ടന്‍റെ കൂടെയുള്ള കിടത്തം അന്നത്തോടെ അവസാനിക്കുമെന്ന് എനിക്കറിയാമായിരുന്നു .

പിന്നെ അന്ന് മുതല്‍ കോണിക്കൂടിന്‍റെ അടിയിലുള്ള കുടുസ്സു മുറിയിലാവും എന്‍റെ കിടത്തമെന്നുള്ളതും എനിക്കറിയാമായിരുന്നു .

അതുകൊണ്ട് തന്നെ ആ പ്രണയം പൊളിക്കാനായി ആവുന്ന പണിയെല്ലാം ഞാന്‍ നോക്കി. സീരിയലിലുള്ള ദുഷ്ടകളായ മരുമകളെ ചൂണ്ടി കാണിച്ച് അമ്മയെ പരമാവധി പേടിപ്പിച്ചു .

ഇത്ര ചെറുപ്പത്തില്‍ ഏട്ടനെ കല്ല്യാണം കഴിപ്പിച്ചാല്‍ അത് ഭാവിയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് അച്ഛനെ ഭീഷണിപ്പെടുത്തി .

പക്ഷെ എന്‍റെ എല്ലാ ശ്രമങ്ങളേയും നിഷ്പ്രഭമാക്കി കൊണ്ട് ഇരു വീട്ടുകാരുടേയും സമ്മത പ്രകാരം ആ കല്ല്യാണം താമസം കൂടാതെ ഗംഭീരമായി നടക്കുകയായിരുന്നു .

അമ്പലത്തില്‍ വച്ച് ഏട്ടത്തിയമ്മയുടെ കഴുത്തില്‍ ഏട്ടന്‍ താലി കെട്ടി കഴിഞ്ഞ നിമിഷം ഞാന്‍ വീട്ടിലേക്കോടുകയായിരുന്നു .

കൊലായിലുള്ള ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റി ഞാന്‍ ഏട്ടന്‍റെ മുറിയില്‍ കയറി വാതിലടച്ചു . ഓടി വന്നതിന്‍റെ കിതപ്പു മാറ്റാന്‍ ഞാനാ പുതിയ കിടക്കയില്‍ ഒന്നിരുന്നു .

ഞാനെന്നും കിടക്കാറുള്ള ജനവാതിലിനരികിലുള്ള കിടക്കയുടെ ഭാഗം ഒരു കൊച്ചു കുട്ടിയുടെ നെറുകില്‍ തലോടും പോല്‍ ഞാന്‍ തലോടി .

ഒരു തിരിച്ചു വരവ് ഇനിയീ മുറിയിലേക്കുണ്ടാവില്ലെന്നുള്ള സത്യം വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു .

കുറെ ദിവസം മുന്‍പെ പറഞ്ഞിട്ടും ഞാന്‍ എടുത്തു മാറ്റാന്‍ മടിച്ച എന്‍റെ സ്ഥാവര ജംഗമ വസ്തുക്കള്‍ അലമാരയില്‍ നിന്നും ഷോക്കേസില്‍ നിന്നും പെറുക്കിയെടുത്ത്

പൊതിഞ്ഞ് കെട്ടുമ്പോള്‍ എന്‍റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു .

അപ്പോഴേക്കും കൊട്ടും കുരവയുമായി ഏട്ടനും ഏട്ടത്തിയമ്മയും വീടിന്‍റെ പടിക്കലെത്തി .

താലവും പറയുമായി അരിയെറിഞ്ഞ് വല്ല്യമ്മമാര്‍ അവരെ സ്വീകരിച്ചാനയിക്കുന്നതിന്‍റെ ഇടയിലൂടെ ഏട്ടത്തിയമ്മ നിലവിളക്കുമായി വലതു കാല്‍ വച്ച് വീട്ടിലേക്ക് കയറി .

എന്നെ കണ്ടതും ഒന്ന് ചിരിച്ചെങ്കിലും എനിക്കാ മുഖത്ത് നോക്കി ചിരിക്കാന്‍ കഴിഞ്ഞില്ല .

അന്ന് രാത്രി അത്താഴം കഴിച്ച് പതിവു പാലിനായി ഞാന്‍ അടുക്കളയിലെ പാത്രങ്ങളോരോന്നും തുറന്ന് നോക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു , അയ്യോ ഇന്ന് കുടിക്കാന്‍ പാലില്ല , അത് മോള്‍ക്ക് കൊടുത്തെന്ന് .

പിറ്റേന്ന് ഉച്ഛയ്ക്ക് കോഴിയിറച്ചി കൂട്ടി ഊണ് കഴിക്കും നേരം കോഴിയുടെ കരളിനായി കറി പാത്രത്തില്‍ തപ്പി നോക്കും നേരും അമ്മ പറഞ്ഞു ,

അയ്യോ ,പരതി നോക്കണ്ട , അത് ഞാന്‍ എന്‍റെ മോള്‍ക്ക് കൊടുത്തെന്ന് .

പിറ്റേന്ന് അയിലയുടെ പൊരിച്ച നടു കഷ്ണം ചോദിച്ചപ്പോഴും ,

കല്ല്യാണത്തിന് പായസത്തിലിടാന്‍ കൊണ്ടു വന്നതില്‍ ബാക്കിയുള്ള അണ്ടിപ്പരിപ്പ് ചോദിച്ചപ്പോഴും അമ്മ അതേ ഉത്തരം തന്നെ പറഞ്ഞു .

എന്‍റെ വീട്ടിലും അസഹിഷ്ണുതയുടെ കരാള ഹസ്തങ്ങള്‍ പിടി മുറുക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ആ പച്ചപരമാര്‍ത്ഥം അന്ന് രാത്രി ആ കുടുസ്സു മുറിയില്‍ കിടന്ന് വേദനയോടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു .

പിറ്റേന്ന് കാ ക്കാത്തി മുറ്റത്തിരുന്ന് അമ്മയുടെ കൈ നോക്കി ചോദിച്ചു , ഒരു മഹാലക്ഷ്മി വന്ന് കയറിയിട്ടുണ്ടല്ലോ വീട്ടിലെന്ന് .

അത് കേട്ട് കട്ടന്‍ ചായയും മിസ്ച്ചറും കൊലായിലെ ചാരുപടിയിലിരുന്ന് കഴിച്ചോണ്ടിരുന്ന ഞാന്‍ മൂര്‍ദ്ധാവില്‍ എരിവ് കയറി ചുമച്ചു .

ആ ചുമച്ച സമയം പോയ കറന്‍റ് പിന്നെ വന്നത് പിറ്റേന്നാണ് .അതിനിടയില്‍ ടാങ്കില്‍ നിറച്ച വെള്ളമെല്ലാം തീര്‍ന്നിരിന്നു .

എണ്ണയൊക്കെ തലയിലിട്ട് വെള്ളം കോരിയെടുത്ത് കുളിക്കാമെന്ന് കരുതി ചെന്നപ്പോള്‍ കണ്ടത് എനിക്ക് കുളിക്കാനായി കിണറ്റീന്ന് വെള്ളം കോരി നിറക്കുന്ന ഏട്ടത്തിയമ്മയെയാണ്.

പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന ചൊല്ലിന്‍റെ ഓര്‍മ്മയില്‍ ഞാനാ സഹായത്തെ മുഖവിലയ്ക്കെടുത്തില്ല .

പിന്നെയും കണ്ടു , ഞാന്‍ നട്ട ചെടിക്ക് വെള്ളമൊഴിക്കുന്നതും അതിനിടയില്‍ അരികില്‍ വെള്ളം കാണാതെ കിടക്കുന്ന എന്‍റെ ബൈക്കിനെ കുളിപ്പിക്കുന്നതും എന്‍റെ കട്ടിലിനടിയിലുള്ള മാറാലയെല്ലാം അടിച്ചു തൂത്ത് വാരുന്നതും .

പിന്നീടുള്ള ഏട്ടത്തിയമ്മയുടെ ഓരോ പ്രവര്‍ത്തികളും കാ ക്കാത്തി പറഞ്ഞ മഹാലക്ഷ്മിയിലേക്കുള്ള പ്രയാണമായിരുന്നുവെന്ന് വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിയുകയായിരുന്നു .

സീരിയലില്‍ ലയിച്ചിരുന്ന അമ്മയുടെ കയ്യില്‍ നിന്ന് റിമോള്‍ട്ടെനിക്ക് വാങ്ങി തന്നു .

പനി പിടിച്ച് കിടന്നപ്പോള്‍ അമ്മയ്ക്ക് പുറകെ വന്നെന്‍റെ നെറ്റിയില്‍ തൊട്ടു നോക്കി ആശ്വസിപ്പിച്ചു .

അമ്മ അലക്കി പൊട്ടിക്കാറുള്ള ബട്ടണുള്ള ഷര്‍ട്ടുകള്‍ അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി ഭദ്രമായി അലക്കി ഇസ്തിരിയിട്ടു മടക്കി വച്ചു .

എന്‍റെ മുറിയിലെ ബാത്ത് റും ഹാര്‍പ്പിക്കിന്‍റെ പരസ്യത്തിലുള്ള അ ബ്ബാ സി നേക്കാള്‍ കേമമായി നിത്യവും കഴുകി വെളുപ്പിച്ചു .

എങ്കിലും ആ ഒരു വെള്ളിയാഴ്ച്ച ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല . കാശിനായി നെട്ടോട്ടമോടി എല്ലാ വഴിയുമടഞ്ഞ് നിരാശനായി ആ കുടുസ്സുമുറിയില്‍ കയറി വാതിലടച്ച ദിവസം ആ വാതിലില്‍ വന്നാരോ മുട്ടിയത് ഞാന്‍ കേട്ടു .

വാതില്‍ തുറന്നപ്പോള്‍ കണ്ടത് പടിഞ്ഞാറ് അസ്തമയ സൂര്യന്‍റെ കിരണങ്ങള്‍ ജനവാതിലിടയിലൂടെ ശിരസ്സിന് ചുറ്റും പ്രഭാവലയം തീര്‍ത്ത ഏട്ടത്തിയമ്മയേയാണ് .

എന്നെ കണ്ടതും മന്ദഹാസത്തോടെ ആ വലതു കൈ ഉയര്‍ന്നു .

ഒരു മായാ ലോകത്തിലെന്ന പോലെ അറിയാതെ തുറന്ന് പോയ എന്‍റെ കൈകളിലേക്ക് സ്വര്‍ണ്ണമാലയും വളയും മോതിരവും വന്ന് പതിക്കുകയായിരുന്നു .

ആശ്ചര്യത്തോടെ നിന്ന എന്നെ നോക്കി ഏട്ടത്തിയമ്മ പറഞ്ഞു . അല്ല ആ മഹാലക്ഷ്മി അരുളി ചെയ്തു , കൊണ്ട് പോയി പണയം വച്ച് ആവശ്യങ്ങളെല്ലാം നിറവേറ്റണം , ഏട്ടനോട് ഞാന്‍ പറഞ്ഞോളാം എന്ന് .

കൂപ്പിയ കരങ്ങളാല്‍ , നിറഞ്ഞ കണ്ണുകളാല്‍ ഞാനാ മഹാലക്ഷ്മിയെ മനസ്സാല്‍ തൊഴുതു .

ആ കാലില്‍ വീഴാന്‍ നോക്കിയപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു . ഓടി ചെന്ന് നോക്കിയപ്പോള്‍ കണ്ടത് ആ മഹാലക്ഷ്മി മുറ്റം തൂക്കുന്നതാണ് .

പിന്നേയും ആ മഹാലക്ഷ്മി ഈ കൈകളിലേക്ക് പല സൗഭാഗ്യങ്ങളും തന്നു . ഓണകോടി തന്നു .

വിഷു കോടി തന്നു . ചെറിയച്ചാന്ന് വിളിക്കാന്‍ രണ്ട് പൊന്നോമനകളെ തന്നു . ആ രണ്ട് മക്കള്‍ക്കും മുകളിലായി ഒരു മൂത്ത മകനായി കണ്ട് സ്നേഹവും തന്നു .

പകരമായി എന്ത് നല്‍കണമെന്നറിയില്ല . എങ്കിലും ഈ ചങ്കില്‍ ജീവനുള്ളിടത്തോളം കാലം ഒരു മൂത്ത മകന്‍റെ സ്നേഹം നല്‍കും ഞാനീ ഏട്ടത്തിയമ്മക്ക് . അല്ലെങ്കില്‍ ഈ ജന്മം വ്യര്‍ത്ഥം…

Leave a Reply

Your email address will not be published. Required fields are marked *