പാർക്കിങ്ങിലെ കസേരയിൽ ഇരുന്നുകൊണ്ട് അവൻ പഴയ കാര്യങ്ങൾ ആലോചിച്ചു, നിനക്ക് നാണം..

(രചന: Kannan Saju)

പാട്ടിന്റെ പിന്നാലെ നടന്നു ജീവിതം കളഞ്ഞവനാ സാറേ….  എന്തെങ്കിലും ഒരു പണി സാറിവനു കൊടുക്കണം…

ചാക്കോ അവനെ അടിമുടി നോക്കി… ഇവിടിപ്പോ സെക്യൂരിറ്റി പണി മാത്രമേ ഉളളൂ… എൻജിനിയറിങ് കഴിഞ്ഞ ഇവനെ എങ്ങനാടോ ഞാൻ ആ പണിക്കു നിർത്തുന്നെ?

വേറെ വഴി ഇല്ലാത്തോണ്ടാ സാറേ… ഇവിടെ നിന്നു ജോലി ചെയ്തു ഞാൻ സപ്പ്ളി എഴുതി എടുത്തോളാം…. ഉനൈസ് ഭവ്യതയോടെ പറഞ്ഞു…

ചാക്കോ പ്രജേഷിനെ നോക്കി… നല്ല പയ്യനാ സാറേ… സ്റ്റാർ സിംഗറിൽ വരെ ഓഡിഷന് പോയതാ.. പക്ഷെ കിട്ടിയില്ല…

ഉം… നാളെ മുതൽ മാളിൽ സെക്യൂരിറ്റി ആയി നിന്നോ… പാർക്കിങ്ങിൽ നിന്ന മതി…

ഒരുപാട് നന്ദിയുണ്ട് സർ…

പാർക്കിങ്ങിലെ കസേരയിൽ ഇരുന്നുകൊണ്ട് അവൻ പഴയ കാര്യങ്ങൾ ആലോചിച്ചു..

” നിനക്ക് നാണം ഇല്ലെടാ പാട്ടെന്നും പറഞ്ഞു നടക്കാൻ “

” പോടാ പോയി സ്വന്തമായി വെല്ല ആൽബം സോങ്ങും പാട്.. അല്ലാതെ നിനക്കൊന്നും ഈ ജന്മം അവസരം കിട്ടുമെന്ന് കരുതണ്ട “

” അയ്യേ ഇവനെ വെച്ചൊന്നും പാടിക്കാൻ പറ്റത്തില്ല…..  വേറാരെലും നോക്കു “

” അവന്റെ ഒരു മെനകെട്ട ശബ്ദവും… ഉളുപ്പില്ലേടാ? “

” പാട്ട് പാടാൻ ആഗ്രഹം ഉണ്ടായിട്ടു കാര്യമില്ല.. അതിനുള്ള കഴിവും കൂടി വേണം… നീ പരാജയമാണ് ” അങ്ങനെ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ ഓടിക്കൊണ്ടിരുന്നു….

ഒരു സംഗീത സംവിധായകൻ വിളിച്ചു വരുത്തി ഒരുമാസം വീട്ടു ജോലി ചെയ്യിപ്പിച്ചു… ഒടുവിൽ പാട്ട് പുറത്തു വന്നപ്പോൾ താൻ പാടിയതില്ല.. പ്രമുഖന്റെ ശബ്ദം…

അവസരങ്ങൾക്കായി കയറി ഇറങ്ങാത്ത സ്ഥലങ്ങൾ ഇല്ല മുട്ടാത്ത വാതിലുകൾ ഇല്ല..

ഇത്രയെങ്കിലും പിടിച്ചു നിന്നതു കൃഷ്ണേട്ടന്റെ വാക്കുകൾ കൊണ്ടായിരുന്നു… ഷുഗർ വന്നു ഒരു കാലു മരിച്ചപ്പോഴും ആ മുഖത്ത് ചിരി ആയിരുന്നു.. ഇനിയൊരിക്കലും നടക്കില്ലെന്നു കരുതിയ മനുഷ്യൻ വീട്ടിൽ വന്നു ഒരാഴ്ചക്കുള്ളിൽ വെപ്പുകാലുമായി നടന്നു തുടങ്ങി…

” എവിടേലും വീണാലോ കൃഷ്ണേട്ടാ”
എന്ന് ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറയും

” വീണാൽ താങ്ങാൻ എന്റെ ഭഗവാൻ കൂടെ ഉണ്ടന്ന്.. അത്രക്കും വിശ്വാസമായിരുന്നു കൃഷ്ണേട്ടന് ഭഗവാനെ.. പക്ഷെ അമ്പലത്തിൽ പോവില്ല.. ചോദിച്ചാൽ പറയും

” ദൈവം ഇരിക്കുന്നത് മനസ്സിലാണെന്നു.. നീ ദൈവമായ നിന്റെ മനസ്സിനോട് പറ… പക്ഷെ പറയുമ്പോൾ നിഷേധാത്മകമായ ചിന്തകൾ വെടിഞ്ഞു വേണം പറയാൻ.. മനസ്സാണ് സാധ്യമാക്കി തരും… “

കൃഷ്ണേട്ടനും മരിച്ചു .. പക്ഷെ കൃഷ്ണേട്ടന്റെ വാക്കുകൾ മരിച്ചിരുന്നില്ല..

” മോനേ എന്ത് വന്നാലും നീ തളരരുത് ഉനൈസെ.. നീ തീവ്രമായി ആഗ്രഹിക്കുന്നുണ്ടങ്കിൽ പടച്ചോൻ നിന്റെ ആഗ്രഹം സാധിച്ചു തരും…

നീ ഒരു പാട്ടുകാരൻ ആവണം എന്ന് ഉടയ തമ്പുരാൻ തീരുമാനിച്ചിട്ടുണ്ടങ്കിൽ ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും നീ പാട്ടുകാരൻ ആയിരിക്കും “പറഞ്ഞു തീർന്നതും മാഡം ഹോൺ അടിച്ചു..

അവർ സ്ഥിരം പാർക്ക് ചെയ്യുന്നിടത്തു ഒരു സ്കൂട്ടർ ഇരിക്കുന്നു.. വേറെ സ്ഥലം ഉണ്ടങ്കിലും മാഡം അവിടയെ ഇടൂ… അവനതു ശ്രദ്ധിച്ചിരുന്നില്ല..

ഉനൈസ് വേഗം ആ സ്കൂട്ടർ തള്ളി മാറ്റി വെച്ചു.. മാഡം കാർ പാർക്ക് ചെയ്തു അകത്തേക്ക് പോയി..

പിന്നാലെ രണ്ട് സ്ത്രീകൾ വന്നു… ആരാടോ എന്റെ സ്കൂട്ടർ ഇങ്ങട് മാറ്റി വെച്ചത് ?

ഞാനാണ് മാഡം… ചിരിച്ചു കൊണ്ടു ഉനൈസ് മറുപടി പറഞ്ഞു…

അവർ ഉനൈസിന്റെ കരണത്തടിച്ചു.. അവൻ ഞെട്ടലോടെ നിന്നു… അവർ വീണ്ടും ഒന്ന് കൂടി അടിച്ചു..

” നായിന്റെ മോനേ.. നീ എന്റെ വണ്ടിയിൽ തൊടാറായോ ?  “

മറ്റേ പെണ്ണ് അവളെ വലിച്ചു മാറ്റിക്കൊണ്ട് പോയി..
ഉനൈസ് കരഞ്ഞു കൊണ്ടു കസേരയിൽ വന്നിരുന്നു.. അധികം ആരും കണ്ടില്ലെങ്കിലും അത് cctv ക്യാമറ കാണുന്നുണ്ടായിരുന്നു…

ക്യാമറ ഓപ്പറേറ്റർ അത് മാഡത്തെ കാണീച്ചു.. മാഡം അത് സോഷ്യൽ മീഡിയയിൽ ഇട്ടു, ഒപ്പം ഉനൈസിനെയും കൂട്ടി സ്റ്റേഷനിൽ പരാതി നൽകി..

വീഡിയോ വയറൽ ആയി…  ഉനൈസിനെ തേടി ചാനലുകാർ എത്തി.. സംസാരത്തിനിടെ പാട്ടുകാരൻ ആവുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞ ഉനൈസ് രണ്ട് വരി മൂളുകയും ചെയ്തു..

ഉനൈസിനെ വെച്ചു ഇപ്പോ ഒരു പാട്ട് ചെയ്താൽ അത് ജനം ഏറ്റെടുക്കും എന്ന് മനസ്സിലായ ഒരു പ്രമുഖ സംവിധായകൻ അവനെ വെച്ചു പാടിച്ചു.. പാട്ട് ഹിറ്റായി… ഉനൈസ് പ്രമുഖനായി..

കൃഷ്ണേട്ടന്റെ കുഴിമാടത്തിനു മുന്നിൽ തനിക്കു ആദ്യം കിട്ടിയ പ്രതിഫലത്തിൽ നിന്നും വാങ്ങിയ ഒരു പൂച്ചെണ്ടുമായി അവൻ എത്തി.. അത് കാൽച്ചുവട്ടിൽ വെച്ചു അവൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു..

നിങ്ങൾ നൽകിയ ആത്മാർത്ഥമായ അഭിനന്ദനങ്ങളും പ്രശംസയും ഊർജവും ആണ് എന്നെ വിജയി ആക്കിയത്…. നിങ്ങളാണ് എന്നിൽ ദൈവ വിശ്വാസം വളർത്തിയത്..

നിങ്ങൾ പറഞ്ഞപോലെ ഓടി ഒളിച്ചപ്പോളും ആത്മാർത്ഥമായ ആഗ്രഹം എനിക്ക് അവസരം മറ്റൊരു രൂപത്തിൽ കൊണ്ടു തന്നു..

ഇന്ന് അങ്ങയുടെ ഞാൻ അറിയുന്നു, എന്തെന്നാൽ അസാധ്യമായി ഈ ലോകത്തു ഒന്നും ഇല്ലെന്നു.. കാരണം സർവ്വ ശക്തനായ ദൈവം എന്റെ കൂടെ ഉണ്ടെന്നു….

Leave a Reply

Your email address will not be published. Required fields are marked *