(രചന: ഞാൻ ആമി)
“എന്തൊരു ശല്യം ആണിത്…. നിനക്ക് വേറെ ഒരു പണിയും ഇല്ലേ പെണ്ണേ… നാശം പിടിക്കാനായിട്ട്. “
എന്ന് അവൻ ദേഷ്യത്തോടെ എന്നോട് പറഞ്ഞപ്പോൾ ചുറ്റും നിന്നവർ എന്നെ ഒന്ന് നോക്കി. പരിസരം മറന്നു അവനത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു വിഷമം തോന്നി.
“സോറി നവീൻ…. ഞാൻ നീ ഫ്രീ ആയിരിക്കും എന്നോർത്തു സംസാരിക്കാൻ വന്നതാണ്. റിയലി സോറി…. “
എന്ന് പറയുമ്പോളും ഒരു പ്രാവശ്യം പോലും അവനെന്റെ മുഖത്തേക്ക് നോക്കാതെ മൊബൈൽ നോക്കി ഇരുന്നു.
സ്ഥാനമില്ലാത്തിടത്തു നിൽക്കാൻ പാടില്ല എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു.
“മതിയായോ…. വീണേ നിനക്ക്. ഒരിക്കൽ നീ ഇല്ലാത്ത ഒരു നിമിഷം അവനില്ലായിരുന്നു… ഇന്ന് നീയൊരു ശല്യമാണ് അവനു.
നാണമില്ലേ നിനക്ക് “എന്ന് പറഞ്ഞു സീത അവളുടെ കൈയും പിടിച്ചു അവിടെ നിന്നും നടന്നു. ബസിൽ ഇരിക്കുപോൾ അവൾ ഒന്നും മിണ്ടിയില്ല.
“വീണേ…. “
“ഉം “
“ഇതൊക്കെ ഒരു പാഠം ആണ്. ഒരിക്കൽ നമ്മൾ ചിലർക്ക് എല്ലാമെല്ലാമാണ്…. നമ്മളില്ലാതെ അവർക്ക് പറ്റില്ല.
പക്ഷേ മറ്റു പലർ അവരിലേക്ക് വരുമ്പോൾ നമ്മൾ അന്യരാകും “അവളതു പറയുമ്പോൾ വീണ നിശബ്ദമായി കേട്ടിരുന്നു.
ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി ഇരിക്കുമ്പോളും അവളുടെ മനസ്സിൽ നവീൻ എന്ന ചങ്ങായി മാത്രമായിരുന്നു.
“ഒരിക്കൽ അവനെന്റെ വിലയറിയും സീതേ…. ഇപ്പോഴല്ല പിന്നീട്….
അന്ന് ചിലപ്പോൾ മനസ്സ് കൊണ്ടു ഞാൻ അവനിൽ നിന്നും ഒരുപാട് ദൂരെയാകും എങ്കിലും ഞാൻ അവനെ കൈവിടില്ല കാരണം, ഒരിക്കൽ അവനെന്റെ എറ്റവും നല്ല ചങ്ങാതി ആയിരുന്നു “
എന്ന് പറഞ്ഞു മൊബൈലിൽ നോക്കി. അവന്റെ ഒരു മെസ്സേജോ കോളോ ഉണ്ടോന്ന് അറിയാൻ.
ശരിയാണ്, ചിലർക്ക് നമ്മൾ നല്ല കൂട്ടായിരിക്കും ഒരുനാൾ അവർക്കു നമ്മൾ ഒരു ബാധ്യത ആകുന്നു എന്ന് തോന്നിയാൽ തിരികെ നടക്കണം നമ്മുടെ ജീവിതത്തിലേക്ക്.