ഐഷുവും അച്ചുവും
(രചന: Ammu Santhosh)
“എടി നിന്റെ മൂക്ക് ഇങ്ങനെ തന്നെ ആയിരുന്നോ? അച്ചു ഐഷുവിനോട് ചോദിച്ചു…
“ങേ? ” പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന ഐഷു മുഖം ഉയർത്തി.
“അല്ലടി നിന്റെ മൂക്കിന് ഒരു വളവുണ്ട് അല്ലെ? “
“ഈശ്വര എപ്പോ വളഞ്ഞു..? ” “അവളോടിപ്പോയി കണ്ണാടിയിൽ നോക്കി
“വളഞ്ഞിട്ടൊന്നുമില്ലല്ലോ. പോ മനുഷ്യാ പേടിപ്പിക്കാതെ “
“പക്ഷെ അത്ര നീളം ഇല്ല. ഇച്ചിരി വളഞ്ഞിരിക്കുന്നു..”
“നിങ്ങൾ പെണ്ണ് കാണാൻ വന്നപ്പോൾ കണ്ടില്ലാരുന്നോ? “
“മൂക്ക് അത്ര ശ്രദ്ധിച്ചില്ലാടി.. “
“വർഷം നാലഞ്ചായി പിള്ളേരായി. അപ്പോഴാ മൂക്ക് ശ്രദ്ധിച്ചില്ല പോലും. പിന്നെ നിങ്ങൾ എന്തോന്ന് ഇത്രേം നാളും..? ഞാൻ പറയുന്നില്ല..” അവൾ വെള്ളരിക്ക ഒറ്റ വെട്ടിനു രണ്ടാക്കി…
“എടിയേ.. നിന്റെ നിറം ഈയിടെ ഇച്ചിരി കുറഞ്ഞു ട്ടോ വെയിൽ കൊള്ളുന്നുണ്ടോ? “
“ഇല്ലല്ലോ. ഞാൻ പുറത്തിറങ്ങുമ്പോൾ സൂര്യനോട് കണ്ണടയ്ക്കാൻ പറയും എന്തെ? “
“നീ sunscreen ഒക്കെ ഉപയോഗിക്കണം ട്ട.. ”
ഐഷു അന്തം വിട്ടു
“എന്റെ ശിവനെ ഇങ്ങേര്ക്ക് ഇത് എന്തോ പറ്റി.? . “
“ശ്ശെടാ നല്ല കാര്യം പറഞ്ഞത് തെറ്റായി പോയോ? “
“സത്യം പറ മനുഷ്യാ സ്വർണം വല്ലോം വേണോ പണയം വെയ്ക്കാൻ? “
“പോടീ അതൊന്നും വേണ്ട “
“ഒരു മിനിറ്റ്. വീടിന്റ ആധാരം അലമാരയിൽ ഉണ്ടോന്നു നോക്കട്ടെ? ” അവൾ എഴുന്നേറ്റു…
“അയ്യേ ഞാൻ അങ്ങനെ ഒക്കെ ചെയ്യുവോ? “
“ചെയ്യും.. കൊച്ചിന്റെ ഇരുപത്തിയെട്ടിന്റെ അന്ന് തന്നെ അരഞ്ഞാണം അടിച്ചോണ്ട് പോയ പാർട്ടി അല്ലെ? നിങ്ങൾ ചെയ്യും “
“അതിപ്പോ നിനക്കുണ്ടായിരുന്നെങ്കിൽ ഞാൻ കൊച്ചിന്റെ എടുക്കുമോ? “
“എന്തോന്ന്? “
“അരഞ്ഞാണം “അവൻ കള്ളച്ചിരി ചിരിച്ചു
“ഉവ്വാ അതിന്റ ഒരു കുറവേയുള്ളു.. നിങ്ങൾ ക്കറിയാമോ? അപ്പുറത്തെ ആശയുടെ ഭർത്താവ് അഞ്ചു പവന്റെ അരിഞ്ഞാണമാണ് വാങ്ങി കൊടുത്തത് ഭാര്യക്ക്.. ഭാഗ്യം വേണം ഭാഗ്യം.. എനിക്കൊരു മോതിരം പോലും… “
“ഓഹോ എന്നിട്ട് അയാൾ എവിടെ?ഇന്നലെ കണ്ടില്ലല്ലോ “
“അയാൾ ഇന്നലെ ദുബായിലേക്ക് തിരിച്ചു പോയി..എന്താ? “
“ഒന്നുല്ല..മണ്ടൻ.. അരഞ്ഞാണം മേടിച്ചു കൊടുത്തിട്ട് ദുബായിൽ പോയി പോലും.. പിന്നെ എന്തിനാടി..? അല്ലെങ്കിൽ വേണ്ട ഞാൻ ഒന്നും പറയുന്നില്ലേ “
“നിങ്ങൾ വലിയ ബുദ്ധിമാൻ എന്നെ കൊണ്ടൊന്നും. പറയിക്കണ്ട.. നിങ്ങളെ കൊണ്ടെന്തിന് കൊള്ളാം? ..”
“നീ എന്നെ എന്തോ വേണേൽ പറഞ്ഞോ. പക്ഷെ നീ ആ ആശയുടെ മൂക്ക് കണ്ടിട്ടുണ്ടോ..? നല്ല നീണ്ടുയർന്ന്.. അറ്റത്തൊരു മറുകും.. “
“എടാ ദുഷ്ട.. അതാണല്ലേ രാവിലെ മൂക്കിന്റെ അളവ് എടുത്തു കൊണ്ട് വന്നത്.. “അവൾ പിച്ചാത്തി എടുത്തു
“അവൾ നല്ല സുന്ദരി ആണ് അല്ലേടി? “അവൻ അവളുടെ കൈയുടെ ദൂരത്തു നിന്നൊഴിഞ്ഞു ഉറക്കെ ചോദിച്ചു
‘പോടാ പട്ടി “
“എന്താ നിറം.. അവൾ വെയിൽ കൊള്ളുന്നില്ല ഉറപ്പാ.അല്ലെങ്കിൽ sunsreen.. ” ഐഷു ചൂൽ എടുത്തു ഒരു ഏറ് വെച്ചു കൊടുത്തു. അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവൾക്കു ചുറ്റും ഓടി
“അവൾക്ക് എത്ര വയസ്സുണ്ടെടി? ” ഐഷു പിണങ്ങി മുറിയിൽ കടന്ന് വാതിൽ അടച്ചു..
“ഐഷു..ടാ വാതിൽ തുറന്നെ “അച്ചു ജനലിനരികിൽ ചെന്നു…
“നിങ്ങൾ അവളുടെ അടുത്ത് പോ മനുഷ്യാ എന്റെ അടുത്ത് വരണ്ട ” അകത്തു നിന്ന് അലർച്ച…
“അതിന് അവളു സമ്മതിക്കണ്ടേ? എന്റെ ചക്കര പുറത്തു വാ ഒരു കാര്യം പറയാം വാ “
“എന്റെ പട്ടി വരും.. പൊയ്ക്കോ “
“ശ്ശോ.. എന്റെ പൊന്നല്ലേ വന്നേ “
കുറെ കൊഞ്ചലിനൊടുവിൽ വാതിൽ തുറന്നു വന്ന ഐഷുവിന്റെ കണ്ണ് പൊത്തി അവൻ മേശയുടെ മുന്നിൽ കൊണ്ട് നിർത്തി. സുന്ദരമായി അലങ്കരിച്ച കേക്ക്..
“ഇതെന്താ..? “അവളുടെ മുഖം വിടർന്നു.
“പിറന്നാൾ ആശംസകൾ എന്റെ ഭാര്യക്ക്.. “അവനവളെ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു
“അയ്യോ ഇന്നെന്റെ ബര്ത്ഡേ ആണോ? ഞാൻ മറന്നു പോയി ശ്ശോ. പിള്ളാര് വീട്ടിൽ ആയിപ്പോയല്ലോ അവർ കൂടി വേണായിരുന്നു. “
“ഇന്ന് നമ്മൾ മാത്രം മതി “അവൻ അവളെ ചേർത്ത് പിടിച്ചു.. പിന്നെ ആ കയ്യിൽ കത്തി പിടിപ്പിച്ചു കേക്ക് മുറിച്ചു..
“ഇന്നൊന്നും വെയ്ക്കണ്ട ട്ടോ ബിരിയാണി ഓർഡർ ചെയ്തിട്ടുണ്ട് വരും.. “കാതിൽ പറഞ്ഞു.
“സത്യം പറ എന്നെ കൊണ്ട് എന്തെങ്കിലും കാര്യസാധ്യമുണ്ടോ നിങ്ങൾക്ക്? ” അവൾ വിരൽ ചൂണ്ടി
“എന്റെ ഈശ്വര.. നീ എന്ത് കൊണ്ടാണ് ഈ പെണ്ണിനെ ഉണ്ടാക്കിയിരിക്കുന്നത്? ചങ്ക് എടുത്തു കാണിച്ചാലും.. “
“ചെമ്പരത്തി അല്ലെ? ഒരെണ്ണം ചെവിയിൽ വെച്ചോ എന്റെ മോൻ… ” അവളുടെ നിറഞ്ഞ ചിരിയിലേക്ക് ഒരു നിമിഷം അവൻ നോക്കിനിന്നു..
“എന്താ? “
“ഒന്നുല്ല “അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു ഐഷു അവന്റെ നെഞ്ചിൽ മെല്ലെ തോണ്ടി
“അതേ… “
“ഉം “അവൻ മൂളി
“പിന്നേ.. “”
.സ്വർണം വല്ലോമാണെങ്കിൽ ചോദിക്കരുത് കാശില്ല “അവൻ ചിരിയോടെ പറഞ്ഞു
“അതല്ല “
“പിന്നെ”
“അപ്പുറത്തെ ആശയുടെ മൂക്ക് നിങ്ങൾ എപ്പോഴാ കണ്ടത്? ” അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ കൈകളിൽ ഉയർത്തി…
“നീ ഒരിക്കലും നന്നാവൂലെ പെണ്ണെ? ” ഐഷു നാണചിരിയോടെ അവന്റെ തോളിലേക്ക് മുഖം അണച്ചു വെച്ചു…
‘എന്റെ ഐഷു കുട്ടിയല്ലേ അച്ചുവേട്ടന്റെ ലോകം.. ഉം? ” അവൾ ആ നിറുകയിൽ ചുണ്ട് അമർത്തി..
“അപ്പൊ ന്റെ മൂക്ക്? “
“നിന്റെ മൂക്കല്ലേ മൂക്ക്. ലോകത്തിലെ ഏറ്റവും സുന്ദരമായ മൂക്ക് “
“ഓ പിന്നെ.. “അവൾ അവനെ ഒന്ന് നുള്ളി…
“ആന്ന്.. “
അതേ കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളുമായി ഐഷുവും അവളുടെ അച്ചുവേട്ടനും … അവരുടെ ലോകത്തു നിന്ന് തത്കാലം മാറിക്കൊടുക്കാം..