എത്ര നാളാ മോളേ നീ പാഴ് ജന്മത്തെയും കൊണ്ട് കഷ്ട്ടപ്പെടുന്നെ, മാനസിക നില തകരാറിൽ..

(രചന: Kannan Saju)

” എത്ര നാളാ മോളേ നീ പാഴ് ജന്മത്തെയും കൊണ്ട് കഷ്ട്ടപ്പെടുന്നെ ??? “

മാനസിക നില തകരാറിൽ ആയ പത്തു വയസുകാരൻ ഉണ്ണി അവളുടെ മൊബൈൽ ദേഷ്യം വന്നപ്പോൾ എറിഞ്ഞു പൊട്ടിച്ചതിനെ തുടർന്ന് ഭർത്താവിന്റെ അമ്മ ആതിരയോട് ചോദിച്ചു.

” അവനെന്തു പിഴച്ചമ്മേ…. ???  അഞ്ചു വയസ്സുകാരന്റെ മുന്നിൽ അച്ഛൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയാൽ കണ്ടു നീക്കാനുള്ള മനോ ബലം അവനുണ്ടായിരുന്നില്ല ” അമ്മ മുഖം താഴ്ത്തി

” മനുഷ്യന് ഒരു ഉപകാരവും ഇല്ലാതെ അയ്യാൾ പോയി. എന്നാൽ ആ കുഞ്ഞിന്റെ മുന്നിൽ വെച്ചു അത് ചെയ്യാതിരിക്കണ്ടേ ??  ” അമ്മ പയ്യെ എണീറ്റു…

” ഞാൻ പറയാനുള്ളത് പറഞ്ഞു.. ഇവനെ ഏതെങ്കിലും മെന്റൽ ആശുപത്രിയിൽ ആക്കി നീ വേറൊരു വിവാഹം കഴിക്കാൻ നോക്ക് “

തന്റെ ഭർത്താവിനെ പോലെ തന്നെ കണ്ണിൽ ചോര ഇല്ലാത്ത ആ അമ്മയെ അവൾ ഒന്ന് നോക്കി….

” എന്നാ പിന്നെ ഞാനങ്ങു ഇറങ്ങുവാ… പിന്നെ നിന്റെ പാട്ടു നന്നായിരുന്നുട്ടോ മോളേ ” അവൾ ചിരിക്കാൻ ശ്രമിച്ചു..

ഫ്ളാറ്റിലെ അസോസിയേഷൻന്റെ ആഘോഷം ആയിരുന്നു… ആതിര പാടിയ പാട്ടാണ് ഏറ്റവും മികച്ച പാട്ടായി തിരഞ്ഞെടുത്തത്…

” അമ്മേ ച്ചീച്ചി ഉംബണം ” അവൾ അവനെ മൂത്രോഴിക്കാൻ കൊണ്ട് പോയി…

പകൽ ജോലിക്കു പോവുമ്പോൾ ഒരു സ്ത്രീയെ അവനെ നോക്കാനായി നിർത്തും…

മറ്റൊരു ഫ്ലാറ്റ്.

” എന്ത് ഫീലായിരുന്നല്ലെടി ആതിരെടെ പാട്ടിനു?  “

തന്റെ പാന്റൂരി ഇട്ടു മുണ്ടുടുത്തു കൊണ്ട് കട്ടിലിൽ ഇരിക്കുന്ന സ്നേഹയോട് അരുൺ പറഞ്ഞു…

അവളുടെ മുഖം കണ്ടപ്പോൾ ആണ് അങ്ങനെ പറയണ്ടായിരുന്നു എന്ന് അവനു തോന്നുന്നത്

” പിന്നെ ഒരു പാട്ട്…  സംഗീതം പഠിച്ച എന്റത്രേം നന്നായി അവള് പാടീട്ടൊന്നും ഇല്ല.. കാലബോധം ഇല്ലാത്ത തെണ്ടികൾ അവൾക്കു ഫസ്റ്റും എനിക്ക് സെക്കണ്ടും തന്നേക്കുന്നു “

” അതിനു നിന്റെ പാട്ട് മോശമെന്ന് ആരും പറഞ്ഞില്ലല്ലോ…  അവളുടെ ഇച്ചിരി കൂടി ഫീലുണ്ടായിരുന്നു.. അതെ ഞാൻ പറഞ്ഞുള്ളു “

വീണ്ടും അരുണിന്റെ നാവു അവന്റെ നിയന്ത്രണ രേഖ മറികടന്നു.

” കെട്ട്യോൻ ഇല്ലാത്തവൾ അല്ലേ… അവളുടെ വേറെ എവിടേലും നോക്കിയപ്പോ ആയിരിക്കും നിങ്ങക്ക് ഫീൽ വന്നത്…

എല്ലാം ആട്ടി ആട്ടി നടന്നു ഫ്‌ലാറ്റിലെ ആണുങ്ങളെ മുഴുവൻ മയക്കി വെച്ചേക്കുവാ അവള്..  ഫസ്റ്റ് കൊടുത്തില്ലെങ്കിലെ അത്ഭുതം ഉളളൂ….  “

” നിനക്ക് അസൂയ ആണ് സ്നേഹ…  എന്തിനാ വെറുതെ ഒരു പാവം പെണ്ണിനെ പറ്റി അനാവശ്യം പറയുന്നേ??  “

അവൾക്കു കലി വീണ്ടും കയറി.. സ്വന്തം പുരുഷൻ തന്നോട് മറ്റൊരു പെണ്ണിനെ പുകഴ്ത്തി പറയുന്നു…അതും താനുമായി താരതമ്യം ചെയ്തു.. അവളുടെ മനസ്സിൽ പകയുടെ കനൽ ഉദിച്ചു

” നിങ്ങളെന്ന ഒരു പണി ചെയ്യ്.. അവക്കൊരു രൂപക്കൂടങ്ങു പണിയു ഫ്ലാറ്റിനു മുന്നിൽ….  അല്ല പിന്നെ.. “

അവൾ തിരിഞ്ഞു കിടന്നു

അരുൺ അത് ചിരിച്ചു തള്ളിയെങ്കിലും ഒന്നും നിസ്സാരമായി തള്ളി കളയാൻ സ്നേഹക്കു  കഴിഞ്ഞില്ല…. അവളുടെ അഭിമാനത്തിന് ഏറ്റ ക്ഷതമായി അവൾ അതിനെ കണ്ടു.. ഉറങ്ങാൻ കഴിയാതെ അവൾ തിരിഞ്ഞും മറഞ്ഞും കിടന്നു..

മറ്റുള്ളവൾ അവളെ പ്രശംസിച്ച വാക്കുകളും തന്നെ താരതമ്യം ചെയ്‌ത് പറഞ്ഞതും തന്റെ ചില ശത്രുക്കൾ തന്നെ നോക്കി കളിയാക്കി ചിരിച്ചതും അവളെ വേട്ടയാടി കൊണ്ടിരുന്നു…

അവൾക്കൊരു പണി കൊടുക്കണം… ഇനി അവൾ പാടരുത്… അതുപോലെ അവളെ വേദനിപ്പിക്കണം… അവൾ മനസ്സിൽ ഉറപ്പിച്ചു.

നേരം വെളുത്തു.

ആതിര ഓഫീസിൽ പോവാനായി വണ്ടിയിൽ കയറുമ്പോൾ റോഡിലെ ഐസ്ക്രീം വണ്ടി നോക്കി മകൻ ബഹളം ഉണ്ടാക്കുന്നത് അവൾ കണ്ടു…

അവനു പനി വരുമെന്നും വൈകുന്നേരം വരുമ്പോൾ ബിരിയാണി വാങ്ങി തരം എന്നും ഒക്കെ പറഞ്ഞു ആതിര അവനെ ആ സ്ത്രീക്കൊപ്പം തിരിച്ചയച്ചു..

കുറച്ചു സമയം കടന്നു.. അവനെ നോക്കുന്ന സ്ത്രീ തുണി തെക്കൻ കൊടുക്കുവാനായി താഴേക്ക് പോയി… സ്നേഹ ഫ്ലാറ്റിനു മുന്നിൽ എത്തി അവനെ വിളിച്ചു

” കുട്ടാ “

അവൻ അവളെ നോക്കി ചിരിച്ചു… അവൾ ഐസ്ക്രീം ബോൾ അവനെ കാണിച്ചു

അവൻ ചിരിച്ചു കൊണ്ട് അവളുടെ പിന്നാലെ വന്നു.. അവൾ നടന്നുകൊണ്ടേ ഇരുന്നു.. ഒപ്പം പിന്നാലെ അവനും.. അവൾ ബാൽക്കണിയിൽ എത്തി

” മോനു ഐസ്ക്രീം വേണോ ?  ” അവൻ തലയാട്ടി

” ആന്റി പറയുന്ന പോലെ ചെയ്യുവോ?  ” അവൻ തലയാട്ടി

” മിടുക്കൻ….മോൻ ഇവിടുന്നു താഴേക്ക് ചാടണം… ചാടിയാൽ ആന്റി മോനു ഈ ഐസ്ക്രീം തരാലോ “

” നാൻ താടാം… ” അവൻ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു…

ബുദ്ധിക്കു സ്ഥിരത ഇല്ലാത്ത മാനസിക നില തെറ്റിയ അവൻ ബാൽക്കണിയുടെ കൈവരികളിൽ വലിഞ്ഞു കയറി.

ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയ ആതിര അവനു ഐസ്ക്രീമും വാങ്ങി വന്നു ആക്ടീവ നിർത്തി.. താക്കോൽ ഓഫ് ചെയ്തു സ്കൂട്ടർ സ്റ്റാൻഡിൽ വെച്ചതും

അവൾക്കു മുന്നിലേക്ക് അവൻ വന്നു വീണു… എന്താണെന്നു തിരിച്ചറിയും മുന്നേ അവളുടെ മുഖവും ദേഹവും അവന്റെ ചിതറി തെറിച്ച  ചോരയാൽ മുങ്ങിയിരുന്നു…..

ജീവന്റെ ജീവനായ മകൻ കണ്മുന്നിൽ പിടഞ്ഞു മരിക്കുന്നതു കണ്ട ആതിര പിന്നീട് പാടിയിട്ടില്ല.. പാടിയിട്ടില്ലെന്നല്ല മിണ്ടിയിട്ടു പോലും ഇല്ല….

പിന്നീട് അവളുടെ ലോകം ആ ഭ്രാന്താശുപത്രിയുടെ അഴികൾക്കുള്ളിൽ ആയിരുന്നു…

സ്നേഹിക്കാനും ക്ഷമിക്കാനും മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കാനും അഭിനന്ദിക്കാനും  മക്കളെ പഠിപ്പിക്കാതെ വളർത്തുമ്പോൾ ആതിരയെ പോലുള്ള ബലിയാടുകൾ ഇനിയും പിറവി എടുക്കും.

ആ പാവം മകനെ പോലുള്ള ഇരകൾ പ്രതികാരത്തിന്റെ ചൂണ്ടയിൽ പെട്ടു മരണത്താൽ കൊത്തി വലിക്കപ്പെടും..

Leave a Reply

Your email address will not be published. Required fields are marked *