അവൾ രണ്ട് കൈകൊണ്ടും അവനെ വട്ടം പിടിച്ചു, പീരിയഡ്‌സ് ആയല്ലേ കണ്ണൻ മെല്ലെ ചോദിച്ചു..

(രചന: Kannan Saju)

” ഓഹ്… എന്നാ പിന്നെ ഇയ്യാക്കു അവള്ടെ കൂടെ അങ്ങ് പോയി പൊറുത്തൂടെ???  ഒരു കമന്റിട്ടേക്കണു… നൈസ് പിക് മോളെന്നു “

കട്ടിലിൽ കിടന്നുറങ്ങിയിരുന്ന കണ്ണന്റെ മെത്തേക്കു വെള്ളം കോരി ഒഴിച്ച് കൊണ്ട് അവൾ പറഞ്ഞു…

കലിയോടെ അവളെ നോക്കി കട്ടിലിൽ എണീറ്റിരുന്ന കണ്ണനെ നോക്കി…

” എന്താടോ നോക്കുന്നെ ???  തനിക്കെന്നെ തല്ലണോ ?? എടോ തല്ലണോന്നു ??? ” കലി ഇളകിയ ഭദ്ര കാളിയെ പോലെ അവൾ അവനു നേരെ ചാടി…

” നിനക്കെന്നാ എന്റെ രുക്കു ???  അതിനു ഞാൻ നിന്നോടു ഒന്നും പറഞ്ഞില്ലല്ലോ?  ” ഭവ്യതയോടെ കണ്ണൻ പറഞ്ഞു…

” അതെന്താടോ… ???  തനിക്കൊന്നും പറയാൻ ഇല്ലേ???  “

അവൾ വീണ്ടും ചാടി കടിച്ചു… കണ്ണൻ മണിച്ചിത്ര താഴിൽ ഗംഗയെ നോക്കിയ സണ്ണിയെ പോലെ അവളെ നോക്കി…

” ഇനി മേലാൽ കണ്ട പെണ്പിള്ളേര്ക്ക് മോളേ മുത്തേ ചക്കരെ എന്നൊക്ക പറഞ്ഞേങ്ങാനും കമന്റിട്ടാ നിങ്ങടെ സാധനം ചെത്തി ഞാൻ പട്ടിക്കിട്ടു കൊടുക്കും “

” നിനക്കെന്തെടി പ്രാന്താ??  മിനിയാന്നല്ലേ കൊല്ലം മോളുസേ കിടു എന്ന് പറഞ്ഞു നീ തന്നെ എന്റെ അക്കൗണ്ടിന്നു അവക്ക് കമന്റിട്ടത് ??  “”

” ആ..  അത് ഞാനങ്ങനെ പലതും ചെയ്തെന്നിരിക്കും… എന്ന് കരുതി താനും അതിനൊപ്പം തുള്ളാൻ നിക്കണ്ട… ” അവൾ കലി തുള്ളി അടുക്കളയിലേക്കു പോയി…

” താനോ… ഇവക്കിതു എന്നാ പറ്റി ?…  ഇനി പെട്ടന്നു വീട്ടിനു മാറിയൊണ്ട് മാനസിക നിലയിൽ വല്ല…. ഏയ്‌ ” കണ്ണൻ ടീവിയിൽ IPL  കൊണ്ടിരിക്കെ കൂട്ടുകാരൻ തസ്‌കീം വന്നു…

” പൊളി മച്ചാണല്ലോ അളിയാ… “

” നീ ഇരി…  റുക്കൂ… ഒരു ചായേം കൂടി “

അവൾ ഹാളിലേക്കു വന്നു…

” ആർക്കാ ഇവനാണോ ചായ ? ” തസ്‌കീം ഞെട്ടലോടെ കണ്ണനെ നോക്കി… കണ്ണൻ രുക്കുവിനെ കണ്ണടച്ച് കാണിച്ചു…

” നിന്റെ വീട്ടില് രാവിലെ ചായ ഒന്നും ഉണ്ടക്കത്തില്ലേ ???  ” ഇടുപ്പിനു ഇരു കൈകളും കുത്തി തല ചെരിച്ചു പിടിച്ചു കൊണ്ട് റുക്കിയ ചോദിച്ചു…

” ഞാനല്ലടി ഇവനല്ലേ ചോദിച്ചേ ???  “

” പിന്നെ നീ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ ??  ”
” ഇതെന്തെടി??  രജിസ്റ്റർ മാര്യേജ് കഴിഞ്ഞു ഞാനല്ലേ നിങ്ങക്കീ ഫ്ലാറ്റെടുത്തു തന്നെ ??  “

” എന്നും പറഞ്ഞു?  “

” അല്ലേടി “

” എന്നാ നീ ഒരു പായും തലയിണയും കൂടി എടുത്തോണ്ട് വന്നു ഇവിടെ അങ്ങ് കിടക്കട… അല്ല പിന്നെ.. ഒരു ഞായറാഴ്ച ആയിട്ട് അവൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ വന്നേക്കുന്നു.. “

അവൾ അടുക്കളയിലേക്കു പോയി.. തസ്‌കീം കണ്ണനെ നോക്കി…

” ഇവക്കെന്തടാ പ്രാന്തായോ ???  നാട്ടുകാരും വീട്ടുകാരും ഓടിച്ചിട്ട് തല്ലാൻ നടന്നപ്പോ ഞാനല്ലേ ഉണ്ടായുള്ളൂ നിങ്ങളെ രക്ഷിക്കാൻ ???  “

” എനിക്കറിയില്ല…  തല്ക്കാലം നീ ഒന്ന് ക്ഷമിക്കു.. കാലത്തു കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട് “

തസ്‌കീം സ്ഥലം വിട്ടു…

അടുക്കളയിലെ ബാൽക്കണിയിൽ താഴേക്കും നോക്കി നിക്കുന്ന റുഖിയയുടെ അരികിലേക്കു കണ്ണൻ ചെന്നു.. അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു ..

” എന്നാ എന്റെ കൊച്ചിന് പറ്റ്യേ ?” ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു കണ്ണനെ കെട്ടിപ്പിടിച്ചു… നെഞ്ചിൽ മുഖം ചേർത്തു നിന്നു “

” നല്ല രസം അല്ലേ കണ്ണേട്ടാ ഇവിടിങ്ങനെ ചേർന്ന് നിന്നു താഴേക്ക് നോക്കുമ്പോ “

” അതറിയാവുന്നുണ്ടല്ലേ രുക്കു ഈ ഫ്ലാറ്റ് തന്നെ റെന്റ് എടുത്തേ ” ഞെട്ടലോടെ അവൾ നിവർന്നു.

” അപ്പൊ ഇതിനു മുന്നേ പലരേം കെട്ടിപ്പിടിച്ചു ഇവിടെ നിന്നിട്ടുണ്ടല്ലേ നിങ്ങള്… “

” ഏഹ് ” കണ്ണന്റെ പാദത്തിനിട്ടു ആഞ്ഞൊരു ചവിട്ടു ചവിട്ടി അവൾ അകത്തേക്ക് പോയി…

” ഈശ്വരാ…  ഇനി ശരിക്കും ഇവക്കു വട്ടായോ “

ആരോ ബെല്ലടിച്ചു… കണ്ണൻ വാതിൽ തുറന്നു… കണ്ണന്റെ അച്ഛനും അമ്മയും അനിയനും… റുക്കിയ അവർക്കുള്ള ചായയും ഉണ്ടാക്കി മുന്നിൽ വെച്ചു…

” എന്തായാലും നിങ്ങള് കെട്ടി…  ഇനി ഇപ്പോ ഒരു തീരുമാനം എടുക്കണം ” അച്ഛന്റെ വാക്ക് കേട്ടു കണ്ണനും റുക്കിയെം പരസ്പരം നോക്കി…

” ഞാൻ പറഞ്ഞത്.. നിങ്ങൾ വീട്ടിലേക്കു വാ.. നാലാളെ വിളിച്ചു അമ്പലത്തിൽ വെച്ചു നമുക്ക് രണ്ടാളുടെയും കല്ല്യാണം നടത്തണം… അല്ലെങ്കിൽ ഇനി ഒരു കൊച്ചൊക്കെ ഉണ്ടാവുമ്പോ വലിയ പാടാ “

” അയ്യോ അച്ഛാ…. കണ്ണൻ എന്തോ പറയാൻ വരും മുന്നേ…

” അച്ഛൻ ക്ഷമിക്കണം… ഞങ്ങൾ കൃസ്ത്യാനികളായി ” ഞെട്ടലോടെ അച്ഛനും അമ്മയും എണീറ്റു… അതിലും ഞെട്ടിയത് കണ്ണൻ ആയിരുന്നു…

” എന്താ മോളേ ഈ പറയണേ ?  ” കണ്ണന്റെ അമ്മ അതിശയത്തോടെ ചോദിച്ചു…

” ഞാൻ ഹിന്ദു ആയാൽ എന്റെ വീട്ടുകാർക്കും കണ്ണേട്ടൻ മുസ്‌ലിം ആയാൽ നിങ്ങക്കും വിഷമാവൂലോന്നു കരുതി രണ്ട് കൂട്ടർക്കും ഒരുപോലെ വിഷമാവട്ടെന്നു കരുതി ഞങ്ങൾ കൃസ്തു മതം സ്വീകരിച്ചു”

അവർ കണ്ണനെ നോക്കി… കണ്ണൻ ഒന്നും മിണ്ടാതെ നിന്നു… അവർ സ്ഥലം കാലിയാക്കി . .. ഒന്നും മിണ്ടാതെ അവൾ കണ്ണനെ അടിമുടി നോക്കി അകത്തേക്ക് പോയി…

” ദേ തള്ളേ…  ഒരാളും വരണ്ട…  എനിക്ക് ഒന്നിനേം കാണുവോം വേണ്ട….  മര്യാദക്ക് ഞാൻ പറഞ്ഞതാ കെട്ടിച്ചു തരാൻ എന്നിട്ടിപ്പോ പുന്നേരോം പറഞ്ഞോണ്ടു വന്നേക്കുന്നു..

മേലാൽ ഈ ഫോണിലേക്ക് വിളിച്ച എല്ലാത്തിനേം ആളെ വിട്ടു ഞാൻ തല്ലിക്കും “

അവൾ ഫോൺ വെച്ചു… ഞെട്ടലോടെ ഹാളിലെ വാതിലിൽ നിന്നും മുറിയിലേക്ക് ഒളിഞ്ഞു നോക്കിയാ കണ്ണനോട്…

” എന്താടോ “

” ഒന്നുലാ.. ആരായിരുന്നു ഫോണിൽ ?  “

” എന്റുമ്മ ” കണ്ണന് ആകെ കിളി പാറി.. അവൻ ഫോണെടുത്തു കൂട്ടുകാരിയെ വിളിച്ചു…

” അപ്പൊ അതാവോ കാര്യം ?  “

” ആയിരിക്കും.. ഫോണിൽ നിങ്ങൾ സംസാരിച്ചിരുന്ന പോലെ അല്ലല്ലോ, ഇപ്പൊ ഒരു വീട്ടിൽ അല്ലേ.. അധികം ഒന്നും പിടിച്ചു നിക്കാൻ പറ്റത്തില്ല .. നീ ഞാൻ പറയണ പോലെ ഒന്ന് ചെയ്തു നോക്ക് ” മുറിയിലേക്ക് എത്തി നോക്കി കണ്ണൻ…

” ഞാൻ ഓറഞ്ച് ജ്യൂസ് അടിച്ചിട്ടുണ്ടു…  മോൾക്ക് എടുക്കട്ടെ?  ” അവൾ തലയാട്ടി…

കണ്ണൻ രണ്ട് ഗ്ലാസ് ജ്യൂസ് ആയി വന്നു അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു… ഒരെണ്ണം അവൾക്കു നേരെ നീട്ടി.. അവൾ വാങ്ങി ഒന്ന് സിപ്പ് ചെയ്തു…

” അലീന രാവിലെ ഫബിയിൽ ഇട്ടേക്കണ ഫോട്ടോ മോള് കണ്ടായിരുന്നോ ??? ” അവൾ കണ്ണ് മിഴിച്ചു തിരിഞ്ഞു നോക്കി…

” ഒന്നിനും കൊള്ളത്തില്ലെന്നേ.. “.

” എവിടെ നോക്കട്ടെ ” അവൻ ഫോണിൽ ഫോട്ടോ കാണിച്ചു… അവൾ കുറച്ചൂടെ അവനു അരികിലേക്ക് ഇരുന്നു…

” കണ്ടോ… ഒരു ഡ്രസ്സ് സെൻസ് ഇല്ല…  മോളേ പോലെ നല്ല സെലെക്ഷൻ ഒന്നും അവക്കില്ല… ” അവൾ മെല്ലെ കണ്ണന്റെ തോളിൽ ചാരി

” ഈ മുക്കൂത്തീം അവക്ക് ചേരുന്നില്ലല്ലേ? ” അവൾ മെല്ലെ ചോദിച്ചു…

” എങ്ങനെ ചേരാനാ… അതിനു മോൾടെ പോലെ ഇച്ചിരി ഭംഗിയുള്ള മൂക്ക് വേണ്ടേ?  ” അവൾ രണ്ട് കൈകൊണ്ടും അവനെ വട്ടം പിടിച്ചു…

” പീരിയഡ്‌സ് ആയല്ലേ?  ” കണ്ണൻ മെല്ലെ ചോദിച്ചു…

” ഉം “

” അപ്പൊ മുന്നേ ഒക്കെ എങ്ങനെ ഹാൻഡിൽ ചെയ്തു ?? “

” ഫോണിൽ അല്ലേ…  ഒരുവിധം ക്ഷമിച്ചു… ഇതുപോലൊക്കെ കാണിച്ചാൽ എങ്ങാനും ഇട്ടിട്ട് പോയാലോ”

” അപ്പൊ ഇപ്പോഴോ “

” അപ്പോഴും ഇപ്പോഴും പോവൂലാന്ന് നിക്കറിയാം… ചുമ്മാ പറഞ്ഞതാ “

” പെയിൻ ഉണ്ടോ?  “

” രവിലെ മുതൽ.. നല്ല വേദന.. സഹിക്കാൻ പറ്റണില്ല “

” എവിടെയാ.. ഇവിടെ ആണോ.. അതോ ഇവിടെയോ?  ” വയറിൽ മാറി മാറി തലോടിക്കൊണ്ട് അവൻ ചോദിച്ചു…

” അറിഞ്ഞിട്ടപ്പോ എന്തിനാ?  ” മുഖം ഉയർത്തി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു…

” ഇല്ല.. ഒരുമ്മ തന്ന ആശ്വാസം കിട്ടുവോന്നറിയാൻ “

” എന്റടുത്തിങ്ങനെ ചേർന്നിരുന്ന മതി.. ആശ്വാസം കിട്ടിക്കോളും…  ” അവൾ മൊത്തമായി അവനെ ചാരി കെട്ടിപ്പിടിച്ചിരുന്നു..

” അങ്ങനാണേൽ ഞാൻ ഒരു പണി ചെയ്യാം.. ആദ്യം ആ ഡ്രസ്സ് ഒക്കെ ഒന്ന് വാഷ് ചെയ്തു നമുക്കുള്ള ബ്രേക്ഫാസ്റ്റും റെഡി ആക്കിയിട്ട് വരാം.. അതും കഴിച്ചിട്ട് കെട്ടിയോനും കെട്ടിയോൾക്കും കൂടി ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കാം.. “

” വേണ്ട.. ഞാൻ ചെയ്തോളാം “

” ആരു ചെയ്താലും ഒരു പണി അല്ലേ.. നീ കിടക്ക്.. ഫുഡ് ആവുമ്പൊ ഞാൻ വിളിക്കാം.. ” കണ്ണൻ അവളെ പിടിച്ചു കിടത്തി….

” വേദന കുറഞ്ഞോളും കെട്ടോ ” അവളുടെ വയറിൽ ചുംബിച്ചുകൊണ്ട് അതും പറഞ്ഞു ഇറങ്ങി കണ്ണൻ അടുക്കളയിലേക്കു നടന്നു….

Leave a Reply

Your email address will not be published. Required fields are marked *