അന്ന് ആ കുടിലിൽ നിന്ന് കൊച്ചച്ഛന്റെ ഓടിട്ട വീട്ടിലേക്ക് താമസം മാറിയപ്പോൾ അമ്മ..

നിലക്കടല
(രചന: Sana Hera)

അന്ന് പള്ളിക്കൂടത്തിൽ നിന്ന് വീട്ടിലേക്ക് പോയത് വയലുകടന്നുള്ള വഴിയിലൂടെ ആണ്.

അതാവുമ്പോൾ പറമ്പിൽ കളിക്കാനും തോട്ടിൽ ചൂണ്ടയിടാനും കൊച്ചച്ഛനോട് അനുവാദം വാങ്ങേണ്ട…

രണ്ട് വർഷം മുന്നത്തെ കാളവേലക്ക് പോയ അച്ഛനെ വെള്ളപുതപ്പിച്ച് ആ ഓലപ്പുരയുടെ ഇറയത്ത് കൊണ്ട് വന്നു കിടത്തിയപ്പോൾ…

തനിക്കു കൊണ്ട് തരാമെന്ന് പറഞ്ഞ വർണ്ണകണ്ണാടി കിട്ടാത്തതിൽ വാശിപിടിച്ച് അച്ഛന്റെ  കൈപിടിച്ച് കൊഞ്ചുന്നത് കണ്ട് നാണിയമ്മ പറഞ്ഞു,  അച്ഛനിനി ഉണരില്ല എന്ന്.

അച്ഛനെ ആരെല്ലാമോ ചേർന്ന് എടുത്തു കൊണ്ട് പോയപ്പോൾ ഇനി അച്ഛൻ വരില്ലെന്ന സത്യം നിലംപൊത്താറായ വീടിന്റെ മൂലയിൽ മൂകയായി ഇരുന്ന അമ്മയുടെ മടിയിൽ കിടന്നു അവൻ  തിരിച്ചറിയുകയായിരുന്നു.

അങ്ങനെ ചോർന്നൊലിക്കുന്ന ആ പുരയിൽ അമ്മയും താനും തനിച്ചായപ്പോൾ,  രാക്കൂട്ടിനു വന്ന കൊച്ചച്ഛൻ അവന്റെ രണ്ടാനച്ഛനായി.

അന്ന് ആ കുടിലിൽ നിന്ന് കൊച്ചച്ഛന്റെ ഓടിട്ട വീട്ടിലേക്ക് താമസം മാറിയപ്പോൾ അമ്മ തന്നെ ചേർത്ത് പിടിച്ചിരുന്നു.

കൂട്ടിനൊരു കൊച്ചനുജത്തി കൂടി വന്നപ്പോൾ അവനെ ചേർത്തുപിടിച്ചിരുന്ന കൈകൾ ക്രമേണ അയഞ്ഞു തുടങ്ങി. രണ്ടാം തരക്കാരനായി ആ വീട്ടിൽ കഴിയുന്ന രാവുകളിൽ അച്ഛന്റെ ഓർമ്മകൾ അവനു കൂട്ടായി.

എന്നും പണികഴിഞ്ഞു വരുമ്പോൾ അച്ഛൻ തനിക്കായി കൊണ്ടു വന്നിരുന്ന നിലക്കടലയുടെ മണം അവന്റെ നാസികയിൽ നിറയും. അതിൽ നിന്നൊരുപങ്ക് അമ്മക്കായി അവൻ മാറ്റിവച്ചിരുന്നു.

അത് അമ്മക്ക് നേരെ നീട്ടുമ്പോൾ നെറ്റിയിൽ അമ്മ തരാറുള്ള മുത്തം ഓർക്കുമ്പോഴെല്ലാം അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

പറമ്പിലേക്കുള്ള വഴിയിൽ അവൻ ഉന്തുവണ്ടിയിൽ നിലക്കടല വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. അവരുടെ കൂടെ അഞ്ചുവയസ്സ് തോന്നിക്കുന്ന ഒരു പാവാടക്കാരിയും ഉണ്ടായിരുന്നു.

അവളുടെ വലതുകൈ ആ സ്ത്രീയുടെ ഇടതുകയ്യിൽ ഭദ്രമായിരുന്നു. മറുകൈ കൊണ്ട് അവർ വണ്ട് ഉന്തുന്നു. വണ്ടിയുടെ കുലുക്കമനുസരിച്ച് അതിൽ തൂങ്ങികിടന്ന മണി കിലുങ്ങുന്നു.

വറുത്ത കടലയുടെ മണം അവനിൽ ഓർമകളുടെ വേലിയേറ്റം സൃഷ്ടിച്ചു. അവൻ കീറിതുടങ്ങിയ ട്രൗസറിന്റെ കീശയിൽ കൈയിട്ടു നോക്കി.

തന്റെ കയ്യിൽ എവിടെ നിന്നാണ് പണം?
അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കവിളിലേക്ക് ഒലിച്ചിറങ്ങി.

അത്യാവശ്യങ്ങൾക്ക് പോലും ചോദിച്ചാൽ ചില്ലിക്കാശ് തരില്ല കൊച്ചച്ഛൻ. അമ്മയോട് പറഞ്ഞാലും നിരാശ മാത്രമാണ് ഫലം.

ഉച്ചക്കഞ്ഞിക്കു വേണ്ടി മാത്രമാണ് പള്ളികൂടത്തിൽ പോയിരുന്നത്. അവധി ദിവസങ്ങളിൽ രണ്ട് നേരവും പട്ടിണിയാണ്.

വണ്ടി ഉന്തിക്കൊണ്ട് അവർ അവനെ മറികടന്നു പൊയ്ക്കഴിഞ്ഞിരുന്നു. എന്നാൽ അവന്റെ മനസ്സുനിറയാൻ ആ മണം തന്നെ ധാരാളമായിരുന്നു. അതിന്റെ അനുഭൂതിയിൽ അവൻ വീട്ടിലേക്ക് നടന്നു.

പിന്നീടെന്നും ആ വഴിയുള്ള അവന്റെ സഞ്ചാരം പതിവായി. വണ്ടിയിൽ നിന്നുയരുന്ന ഗന്ധവും ശ്വസിച്ച് അവൻ അവർ പൊയ്ക്കഴിയുന്നത് വരെ അവിടെ ഉണ്ടാവും.

ഒരു നാൾ ആ ഗന്ധവും ആസ്വദിച്ചു നിന്നിരുന്ന അവന്റെ അടുത്തേക്ക് ആ പാവാടക്കാരി നടന്നു വരുന്നത് കണ്ട് അവൻ ഒന്ന് നടുങ്ങി.

അരികിലെത്തിയതും കുഞ്ഞിപ്പല്ലുകൾ കാണിച്ച് ചിരിച്ചു കൊണ്ടവൾ ഒരു ചെറിയ പൊതി അവനു നേരെ നീട്ടി. വാങ്ങാൻ മടിച്ചു നിന്ന തന്റെ കയ്യിൽ അത് പിടിപ്പിച്ചുകൊണ്ടവൾ അമ്മയുടെ അടുത്തേക്കോടി.

പൊതിയിൽ നിന്നും വറുത്ത നിലക്കടലയുടെ ഗന്ധം. അവൻ ആ സ്ത്രീയേ നന്ദിയോടെ നോക്കിയപ്പോൾ,  നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവർ നടന്നു നീങ്ങി.

ഓരോ കടലമണി വായിൽ വെക്കുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അച്ഛൻ പോയതിൽ പിന്നെ ഇന്നാണ് ഇതിന്റെ രുചി അവൻ അറിയുന്നത്. ഒരു പിടി കടല അവൻ കീശയിൽ നിറച്ചു.

വീട്ടിൽ എത്തിയപ്പോൾ അഹങ്കാരി എന്ന് ചൊല്ലി അവന്റെ ചെവിക്ക് തിരുമ്മിയ അമ്മക്ക് നേരെ നിറകണ്ണുകളോടെ ആ കടലമണികൾ നീട്ടവേ ആ ഹൃദയം കുറ്റബോധം കൊണ്ടു വിങ്ങാൻ തുടങ്ങിയിരുന്നു.

അവനെ ചേർത്ത് പിടിച്ച് മുഖത്ത് തുരുതുരെ ചുംബിച്ചുകൊണ്ട് ആ അമ്മ മകനോട് മാപ്പപേക്ഷിക്കുകയായിരുന്നു.

അതവനൊരു വലിയ ആശ്വാസമായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ മാതൃസ്നേഹം അവനു തിരികെ ലഭിക്കുകയായിരുന്നു.

അടുത്ത ദിവസം ഉന്തുവണ്ടി കാണാഞ്ഞപ്പോൾ അവന്റെ പിഞ്ചുഹൃദയം നീറി. പിറ്റേന്നും വന്നില്ല! അതിന്റെ പിറ്റേന്നും കണ്ടില്ല എന്തുപറ്റിയെന്ന് അന്വേക്ഷിക്കാൻ തക്ക ആരെയും അവനു അറിവില്ലായിരുന്നു.

മൂന്ന് മാസം കടന്നു പോയി. ആ വണ്ടിക്കുവേണ്ടിയുള്ള അവന്റെ പ്രതീക്ഷ അസ്തമിച്ചിരുന്നു.

അങ്ങനെ ആ വർഷത്തെ കാളവേലക്കുള്ള തയ്യാറെടുപ്പിലായി ആ ഗ്രാമം. അച്ഛൻ ഓർമയായിട്ട് മൂന്ന് വർഷം.

വഴിനീളെ കച്ചവടക്കാർ നിരന്നിരുന്നു. അതിലെ ഒരു കടക്കുള്ളിലേക്ക് അവന്റെ കണ്ണുകൾ ഉടക്കി. അതെ ആ പാവാടക്കാരി ആകാംഷയോടെ,  അതിലുപരി ആശങ്കയോടെ അവൻ അവൾക്കരികിലേക്ക് ചുവടുവച്ചു.

അൻപതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് വന്നു. അവരോട് കാര്യം തിരക്കിയപ്പോൾ മൂന്ന് മാസം മുന്നേ വണ്ടിയിടിച്ചു മരിച്ച അമ്മയെയും പരിക്കുകളോടെ രക്ഷപെട്ട മകളെയും പറ്റിയാണ് അറിയാൻ കഴിഞ്ഞത്.

അമ്മയുടെ ഉദരത്തിൽ ഇരിക്കെ അച്ഛൻ മരിച്ചപ്പോൾ അവൾക്കായി ജീവിച്ച അമ്മയുണ്ടായിരുന്നു.

എന്നാലിന്ന്…….. അവളുടെ അവസ്ഥ തന്നെക്കാൾ ദയനീയമാണ്. അവരുടെ താമസസ്ഥലം മനസ്സിലാക്കിയ അവൻ മിക്കപ്പോഴും അവളെ കാണാൻ ചെന്നു.

അവനെക്കൊണ്ടാവുന്ന കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്തു.

കൊച്ചച്ഛന്റെ ചെയ്തികൾ അസ്സഹനീയമായപ്പോൾ അടികൊണ്ട് അവശനായി കിടന്നിരുന്ന തന്നെ  കണ്ടുനിൽക്കാൻ കഴിയാതെ, നുള്ളിപെറുക്കിയ  കുറച്ചു പണവും നൽകി രക്ഷപെട്ടോളാൻ അമ്മ കരഞ്ഞു പറഞ്ഞ ആ രാത്രി അവൻ എങ്ങോട്ടെന്നറിയാതെ പുറപ്പെട്ടു.

വർഷങ്ങൾക്കിപ്പുറം കഷ്ടപ്പെട്ട്  അധ്വാനിച്ചുയുണ്ടാക്കിയ സാമ്പാദ്യത്താൽ ഒരു പിടി മണ്ണ് ആ ഗ്രാമത്തിൽ തന്നെ വാങ്ങി, ഒരു കൂര വച്ച്
അവൻ മടങ്ങിവന്നപ്പോൾ ആദ്യം തിരക്കിയതും ആ പാവാടക്കാരിയെ ആയിരുന്നു.

പണ്ട് സ്ഥിരമായി ചെന്നിരുന്ന ആ കുടിലിൽ അവൻ എത്തിയപ്പോൾ,  ആളറിയാതെ ഭയന്നു നിൽക്കുന്ന ആ പേടമാനിനെ താൻ കൂടെ കൂട്ടാൻ വന്നതാണെന്ന് അറിയിച്ചപ്പോൾ ഒരു വേള അവൾ അവനെ തന്നെ നോക്കി നിന്നു.

കൂടെ ചെല്ലാൻ അവൾ തയ്യാറായിരുന്നില്ല
എന്നാലവൻ വീണ്ടും കാത്തിരുന്നു.

എല്ലാം നഷ്ടമായി ആരുമില്ലെന്ന തോന്നലുമായി ജീവിച്ചിരുന്ന അവനിലേക്ക് വറുത്ത കടലയുടെ ഗന്ധം പേറി വന്ന ആ വണ്ടി,  തന്റെ അമ്മയെ ആണ് അവനു തിരികെ നൽകിയത്.

ഇന്ന് തളർന്നു കിടക്കുന്ന കൊച്ചച്ഛനെയും അമ്മയെയും അനിയത്തികുട്ടിയെയും കൂടി അവന്റെ വിയർപ്പിൽ പണിഞ്ഞ വീട്ടിലേക്ക് താമസം മാറുമ്പോൾ അവന്റെ ഉള്ളിൽ അവൾ അപ്പോഴും ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു.

പതിവ് പോലെ അന്നും അവളെ കാണാനായി വഴിയോരത്തു കാത്തുനിൽക്കവേ ഒരു കൊച്ചുകുട്ടി അവനരികിലേക്ക് ഓടി വന്നു.

അവന്റെ കൈവെള്ളയിലേക്ക് ഒരു പൊതി വച്ചുകൊടുത്ത് ആ കുരുന്ന് കൈചൂണ്ടിയ ഇടത്തേക്ക് നോക്കവേ അവൾ, തന്റെ പാവാടക്കാരി അവിടെ പുഞ്ചിരിച്ചു നിന്നിരുന്നു.

പൊതിയിൽ നിന്നും വറുത്ത നിലക്കടലയുടെ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറി.

Leave a Reply

Your email address will not be published. Required fields are marked *