പഠിപ്പിക്കാം എന്ന വാക്കിൽ വിവാഹം നടന്നു, ശ്രീയേട്ടന്റെ കാഴ്ചപ്പാടിൽ..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“”അവൾ കുഞ്ഞല്ലേ.. പഠിക്കട്ടെ ””

എന്ന് ശ്രീയേട്ടൻ വലിയ വായിൽ പറയുന്നത് കേട്ടാണ് അങ്ങോട്ട് ചെന്നത്..

അപ്പൊ പിന്നെയും അമ്മ പറയണത് കേട്ടു പയ്യൻ ഡോക്ടർ ആണ്.. നമ്മുടെ സ്റ്റാറ്റസിനു ചേർന്ന ബന്ധം ആണ് ഇത് എന്ന്…

“”അമ്മക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ?? അപർണ പഠിക്കട്ടെ കോഴ്സ് കംപ്ലീറ്റു ചെയ്യട്ടെ എന്ന് പറഞ്ഞു എണീറ്റു പോകുന്നയാളെ അത്ഭുതത്തോടെ നോക്കി..

ഒപ്പം കയ്യിലിരുന്നു ചിണുങ്ങുന്ന ആ മനുഷ്യന്റെ കുഞ്ഞിനേയും..

രണ്ടു തരം നീതി നടപ്പാക്കാൻ ആളുകൾ എത്ര സമർത്ഥരാണ് എന്ന് വെറുതെ ചിന്തിച്ചു….

മേഘനയുടെ ഓർമ്മകൾ ഒരു രണ്ടു വർഷം പുറകിലേക്ക് പോയി…

പ്ലസ് ടു വിന് ഉന്നത വിജയം നേടിയാണ് പാസ്സ് ആയത്… റിസൾട്ട്‌ വന്നപ്പോ അമ്മയ്ക്കും അച്ഛമ്മക്കും പേരമ്മക്കും ഒക്കെ സന്തോഷം ആയിരുന്നു..

മാലയിട്ട് തൂക്കിയ അച്ഛന്റെ പടത്തിനു മുന്നിൽ ഞങൾ നാലു പേരും ഒരുമിച്ചു പോയി നിന്നു പറഞ്ഞു,

അച്ഛന്റെ മേഘ കുട്ടിക്ക് നല്ല മാർക്ക് ഉണ്ട് എന്ന്… അന്നേരം നാലു പേരുടെ കണ്ണും നിറഞ്ഞ് ഒഴുകിയിരുന്നു..

“”ഇതൊന്നും കാണാൻ ന്റെ കുഞ്ഞിന് യോഗം ഇല്ലാണ്ടായല്ലോ എടത്തീ “”

എന്ന് പറഞ്ഞ് പേരമ്മയുടെ തോളിൽ കിടന്ന് അച്ഛമ്മ കരഞ്ഞു…

അച്ഛമ്മയെ ചേർത്തു പിടിച്ച് പേരമ്മ അശ്വസിപ്പിച്ചു.. അച്ഛമ്മയുടെ മൂത്തതാണ് പേരമ്മ.. ആരോരും ഇല്ലാരുന്നു പേരമ്മക്ക് അനിയത്തി അല്ലാതെ..

അച്ഛൻ ജനിച്ചപ്പോൾ ഉത്സവം പോലെ ആയിരുന്നു അവിടെ . പേരമ്മക്കും അച്ഛമ്മക്കും അച്ഛൻ മകനായി..

അത്രമേൽ കൊഞ്ചിച്ചു… സ്നേഹിച്ചു എല്ലാം സാധിച്ചു കൊടുത്തു…. അതുകൊണ്ട് തന്നെ ആവാം കൂടെ പഠിക്കുന്നവളെ കൂടെ കൂട്ടിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്…

അമ്മയും കൂടെ അവരുടെ കൂടെ കൂടി.. പേരമ്മക്കും അച്ഛമ്മക്കും അമ്മ മകൾ തന്നെ ആയിരുന്നു അവർക്ക് തിരിച്ചും…
അതിനിടയിലേക്ക് സന്തോഷത്തിന്റെ ആക്കം കൂട്ടാൻ ഒരു പെൺകുഞ്ഞും..

അതായിരുന്നു ഞാൻ…

സ്കൂളിൽ ചേർത്തപ്പോൾ മുതൽ അച്ഛന് അഭിമാനം ആയിരുന്നു ചെറിയ ക്ലാസ്സുകളിൽ എല്ലാം ഒന്നാമത്…

അഞ്ചിൽ പഠിക്കുമ്പോഴാ അത് ഉണ്ടായത്… ഒരു നെഞ്ച് വേദന അച്ഛനെയും കൊണ്ടങ്ങു പോയപ്പോൾ അനാഥരായത് നാലു പെണ്ണുങ്ങൾ ആയിരുന്നു…

“”എന്ത് വന്നാലും മേഘ കുട്ടിയെ നല്ലോണം പഠിപ്പിക്കണം ഗൗരിയെ “” എന്ന് അമ്മയോട് കൂടെ കൂടെ പറയാറുണ്ടായിരുന്നു അച്ഛൻ…

അച്ഛന്റെ ആഗ്രഹപ്രകാരം നല്ലോണം പഠിക്കും എന്ന്…

ഇതിനിടയിൽ അച്ഛന്റെ ഒരു ബന്ധു ശ്രീധരൻ മാമയുടെ കയ്യിൽ നിന്നും നിവൃത്തി കേടു കൊണ്ട് അമ്മ കുറച്ച് പണം കൈപ്പറ്റിയിരുന്നു…

ദയ തൊട്ടു തീണ്ടാത്ത അയാൾ അതിന് ശേഷം പലിശ ആണെന്ന് പറഞ്ഞു തൊടിയിലെ ആദായമെല്ലാം കൊണ്ടു പോകാൻ തുടങ്ങി…

ആകെ കടം കൊണ്ട് നിക്ക കള്ളി ഇല്ലാതായി.. അങ്ങനെ ആണ് അമ്മ അംഗനവാടിയിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോയത്..

അവിടന്ന് കിട്ടുന്നതോണ്ട് അന്നന്നത്തെ അന്നം കഴിഞ്ഞു..

പ്ലസ് ടു കഴിഞ്ഞു, നല്ല മാർക്ക്‌ കിട്ടി.. മെഡിസിന് കൂട്ടിയാൽ കൂടില്ല എന്നറിഞ്ഞിട്ടാ ഡിഗ്രി ചെയ്യാം എന്നു വച്ചത്..

അവിടുന്നാണ് ശ്രീഹരി എന്ന തന്റെ ഭർത്താവ് തന്നെ കാണുന്നതും കല്യാണം അന്വേഷിക്കുന്നതും.. ശ്രീയേട്ടന്റെ അനിയത്തി അപർണ കോളേജിൽ ഞങ്ങളുടെ സീനിയർ ആയിരുന്നു..

ഓണ പരിപാടിക്ക് ഞങ്ങൾ ഒരേ ഹൌസ് ആയിരുന്നു. അങ്ങനെ ചേച്ചിയെ കൊണ്ടു വിടാൻ വന്നതാണ് സബ് ഇൻസ്‌പെക്ടർ ശ്രീഹരി..

പിന്നെ കാണുന്നത് ശ്രീധരൻ മാമയുടെ കൂടെ പെണ്ണ് കാണാനായിട്ടാണ്..

ശ്രീധരൻ മാമ ഒരു നല്ല ആലോചന ആയി വരണ്‌ണ്ട് എന്ന് പറഞ്ഞപ്പോഴേ അമ്മ പറഞ്ഞതാ, ഇപ്പോ വേണ്ട അവൾ പടിക്കട്ടെ എന്ന്..

ഒന്നുകിൽ കല്യാണത്തിന് സമ്മതിക്കുക അല്ലെങ്കിൽ അയാളുടെ പൈസ ഇപ്പോ തന്നെ കൊടുക്കാൻ തയ്യാറാവുക എന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു..
അമ്മ ആകെ തളർന്നു..

ആരാ എന്ന് വച്ചാൽ വന്നു കാണട്ടെ അമ്മേ “””

എന്ന് പറഞ്ഞു ധൈര്യം കൊടുത്തത് ഞാൻ ആണ്.. വരുന്ന ആളോട് പറഞ്ഞു സമ്മതിപ്പിക്കാം എന്നൊരു പ്രതീക്ഷയായിരുന്നു അതിന്റെ പിന്നിൽ…

വന്നായാളെ കണ്ടപ്പോൾ ഞെട്ടി.. തേർഡ് ഇയർ പഠിക്കുന്ന അപർണ ചേച്ചിയുടെ ബ്രദർ… സമാധാനം ആയി.. പറഞ്ഞാൽ മനസ്സിലാവുമല്ലോ..

ഒറ്റക്ക് സംസാരിക്കാൻ കിട്ടിയപ്പോ പറഞ്ഞിരുന്നു പഠിക്കണം, വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നേ ഇല്ല.. ഈ ആലോചനയിൽ നിന്നും പിന്മാറണം എന്ന്..

ഒന്നും മിണ്ടാതെ പോകുമ്പോൾ എല്ലാം അവിടെ വച്ച് തീർന്നെന്ന് കരുതി..

“”ഇറങ്ങാൻ നേരം അമ്മയോട് നിശ്ചയത്തിന് നാള് നോക്കി അറിയിക്കാം “”” എന്ന് പറഞ്ഞപ്പോ ഞെട്ടി പോയി…

അമ്മയ്ക്കും മറ്റുള്ളവർക്കും ഈ ബന്ധം താല്പര്യം ആയിട്ടുണ്ടായിരുന്നു അപ്പോഴേക്കും…

പഠിപ്പിക്കാം”” എന്ന വാക്കിൽ വിവാഹം നടന്നു…

ശ്രീയേട്ടന്റെ കാഴ്ചപ്പാടിൽ ഭാര്യ എന്നത്, എല്ലാ വിധത്തിലും പുരുഷനു വിധേയ ആവേണ്ടവൾ എന്നൊരു അർത്ഥം മാത്രമായിരുന്നു…

പഠിപ്പിക്കാൻ പറഞ്ഞയക്കാൻ ഇഷ്ടം അല്ലായിരുന്നു.. അത് മുടക്കാനായി കണ്ടു പിടിച്ച മാർഗം ആയിരുന്നു.. ഒരു കുഞ്ഞ് എന്നത്…

ഒന്നും അറിയാതെ എല്ലാത്തിനും ഒരു പൊട്ടിയെ പോലെ വിധേയ ആയി നിന്നു…
എന്റെ ഇഷ്ടങ്ങൾ പയ്യെ തള്ളി കളഞ്ഞു..

അല്ലെങ്കിൽ ആ ഒരാളുടെ ഇഷ്ടങ്ങൾ മാത്രം അയാൾ നടത്തി എടുത്തു.. എല്ലാം മൗനം പാലിച്ചു സഹിച്ചു.. കാരണം അതാണ് സ്നേഹം എന്ന് തെറ്റിധരിച്ചു….

അപർണ ചേച്ചി പിജി ചെയ്യാൻ പോയി.. ഇനി കുറച്ചു നാൾ കൂടെ ഉള്ളൂ കോഴ്സ് തീരാൻ അപ്പോഴാ ഒരു പ്രൊപോസൽ വന്നത്.. അതിന്റെ ശ്രീയേട്ടന്റെ പ്രതികരണം ആണ് എന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചത്…

പെങ്ങൾ പഠിച്ചു സ്വന്തം കാലിൽ നിൽക്കണം എന്നും… ഭാര്യ അടിമയെ പോലെ കുഞ്ഞുങ്ങളെ പെറ്റു പോറ്റി വീട്ടിൽ കഴിയണം എന്നും…

ഇത്രേം കാലം ഇതാണ് സ്നേഹം എന്ന് വിശ്വസിച്ചു അടിമ പണി ചെയ്തതിനു ആദ്യമായി കുറ്റബോധം തോന്നി…

“”എനിക്ക് തുടർന്നു പഠിക്കണം “”

എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ശ്രദ്ധിച്ചത് പോലും ഇല്ല..

ഒടുവിൽ ഞാൻ അത് വിടുന്നില്ല എന്ന് കണ്ട്… എതിർക്കാൻ തുടങ്ങി…

കുഞ്ഞിനെ ആരു നോക്കും, പാല് കുടിക്കേണ്ട സമയം ആണ് എന്നെല്ലാം എല്ലാവരും ചേർന്ന് വാദിച്ചു..

എന്നെ ഒന്നും ഏശിയില്ല… കാരണം എനിക്കും ഒരു വ്യക്തിത്വം ഉണ്ട്… അതിനി ആർക്കും അടിയറ വെക്കില്ല,,
സ്വന്തം കാലിൽ നിൽക്കണം എന്നെല്ലാം എന്റെ മാത്രം ഉറച്ച തീരുമാനങ്ങൾ ആയിരുന്നു….

പഠനം തുടരാൻ ഉള്ള സമ്മതം ഒടുവിൽ ഞാൻ പൊരുതി നേടി… അപ്പോൾ എല്ലാത്തിനും പരിഹാരവും ആയി… കുഞ്ഞിനെ ചേട്ടന്റെ അമ്മയും എന്റെ അമ്മയും ചേർന്ന് നോക്കി..

പഠനത്തോടൊപ്പം എല്ലാം ഒരുപോലെ കൊണ്ടുപോകാൻ ഞാനും ശ്രമിച്ചു…
ശ്രീയേട്ടൻ പിന്നീട് ഈ മാറ്റങ്ങൾ അംഗീകരിക്കാൻ തുടങ്ങി..

അന്ന് വാശി പിടിച്ചത് കൊണ്ട് ഇന്ന്‌ ഞാൻ ഒരു കോളേജിൽ ലെക്ചർ ആണ്… എല്ലാരും ബഹുമാനിക്കുന്ന ഒരു അധ്യാപിക……

അന്ന് അടിമയായി കണ്ട ഭർത്താവ് പോലും ഇന്ന്‌ ബഹുമാനിക്കുന്നു… കോളേജിൽ എല്ലാ കുട്ടികളോടും എന്നും എനിക്ക് പറയാൻ ഉള്ളതും അതായിരുന്നു..

പഠിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത് എന്ന്… ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കാൻ ഒരു പെണ്ണിന് കെല്പു വേണം എന്ന്…

അത് വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവരാണെങ്കിൽ കൂടെ…

Leave a Reply

Your email address will not be published. Required fields are marked *