ഒപ്പം നടന്നവരും താഴെ ഉള്ളവരും ഒക്കെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഭാഗ്യ..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

ഒരു പെണ്ണെന്ന നിലയിൽ അറുതി ഇല്ലാത്ത ചോദ്യങ്ങളാണ് എല്ലായിടത്തും. എട്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും ഋതുമതി ആയില്ലേ എന്ന്?

പതിനെട്ട് തികഞ്ഞപ്പോഴേക്കും ആലോചനകൾ വരുന്നില്ലേ എന്ന്? കല്യാണം കഴിഞ്ഞപ്പോൾ കുട്ടികൾ ആയില്ലേ എന്ന്?

ഇത്തവണ മാത്രം പ്രീതിക്ക് ഉത്തരം മുട്ടിപ്പോയി കാരണം ഒരു കുഞ്ഞ് എന്നത് ആഗ്രഹം കൊണ്ട് മാത്രം ലഭിക്കുന്നതല്ലല്ലോ അതിന് ഭാഗ്യം വേണം..

കല്യാണം കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞുങ്ങൾ എപ്പോഴായാലും ഉണ്ടാവട്ടെ ഒരു നിബന്ധനകളും നീട്ടിവയ്പ്പും വേണ്ട എന്ന് മുരളിയേട്ടനും പ്രീതയും തീരുമാനിച്ചിരുന്നു..

പക്ഷെ..ആദ്യമൊക്കെ ഓരോ മാസവും വൈകി വരുന്ന ഓരോ പീരിയഡുകളും ഓരോ പ്രതീക്ഷകളായിരുന്നു ചിലപ്പോൾ

‘വല്ലാതെ അങ്ങ് വൈകിച്ച്’ പ്രീതിയുടെ കണ്ണീർ ചാടിച്ചിട്ടുള്ളത് ഇത്തിരി ഒന്നും അല്ല… എല്ലാം ആരുടെയോ ക്രൂരമായ വിനോദങ്ങൾ പോലെ തോന്നിപോകും….

ഒപ്പം നടന്നവരും, താഴെ ഉള്ളവരും ഒക്കെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഭാഗ്യ പരമോന്നതിയിൽ എത്തി, അപ്പഴും പ്രീതി അമ്മയാവണ്ട ഭാഗ്യവതികളുടെ നിരയിൽ നിന്നും നിർദാഷീണ്യം തിരസ്കരിക്കപ്പെട്ടു.

ചിലരുടെ സഹതാപം സഹിക്കാവുന്നതിലും അപ്പുറം കടക്കും, ഹൃദയം കൊത്തിപ്പറിക്കും… ചിലർ പ്രീതി ഒരു പെണ്ണാണോ എന്ന് വരെ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു.

പ്രസവിക്കാത്ത പെണ്ണിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആഴമേറിയതാണ് അനുഭവസ്ഥർക്ക് മാത്രം അളന്നെടുക്കാൻ കഴിയുന്നവ..

ലോകം മുഴുവൻ തന്നെ പരിഹാസത്തോടെ ഉറ്റുനോക്കുന്ന പോലെ തോന്നിപ്പോകും.

തന്റെ സ്ത്രീയെന്ന സ്വത്വം പോലും പലപ്പോഴും പരിഹസിക്കപ്പെടും, പലരും പല രീതിയിൽ പല തരത്തിൽ പ്രതികരിക്കും.

ഇതിൽ നിന്നൊക്കെ ഓടിയൊളിക്കാൻ തോന്നും. ആരാലും പിടിക്കപ്പെടാത്ത ഒരു താവളം കണ്ടെത്താൻ തോന്നും.

ചേർത്ത് പിടിക്കാൻ ഒരാളുണ്ടങ്കിൽ ഇതെല്ലാം ഒരു പെണ്ണിന് നിഷ്പ്രയാസo സഹിക്കാം. ഒരേ ഒരാൾ.. അതവളുടെ താലി കെട്ടിയവൻ തന്നെ.

മുരളിയേട്ടൻ പ്രീതിക്ക് നൽകിയ സപ്പോർട്ട് അത്രത്തോളം വലുതായിരുന്നു.. ഒരു പക്ഷെ പലപ്പോഴും കുഞ്ഞിനു ജന്മം നൽകാൻ കഴിയാത്ത പല  പെണ്ണുങ്ങളും ജീവിച്ചത് തന്നെ അങ്ങനെ ഒരാളിന്റെ ഉറപ്പിൻ മേലാവണo.

ഇനിയും തന്റെയുള്ളിലെ മാതൃത്വത്തെ തളച്ചിടാൻ പറ്റാത്ത ഒരവസ്ഥയിൽ പ്രീതി തന്നെ നിർദേശിച്ചതായിരുന്നു അത്

“അഡോപ്ഷൻ ” ആദ്യം എതിർത്തെങ്കിലും ഒരച്ഛന്റെ വാത്സല്യം ഉള്ളിലൊതുക്കിയ മുരളിയും അതിന് സമ്മതം മൂളി.

അതു നടന്നു, ആറു മാസം പ്രായമായ ഒരു മാലാഖ കുഞ്ഞ് അവളിന്ന് അവരുടെ എല്ലാമാണ്.. ജീവശ്വാസമാണ്..

അല്ലങ്കിലും ഗർഭം മനസ്സിൽ ധരിക്കാൻ ഒരു പെണ്ണിന് കഴിയും.. യഥാർത്ഥ പെണ്ണിന്.

അവളിലെ മാതൃത്വം ഉണരും, സ്നേഹത്തിന്റെ അമൃതം അവളിൽ ചുരത്തപ്പെടും… ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങൾ നമുക്ക് മുന്നിൽ വലിയ ഒരു സമസ്യയാണ് ഇപ്പഴും.

ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ എത്രയോ ആത്മാക്കൾ കേഴുമ്പോൾ മനസ്സാക്ഷി മരവിച്ച മനുഷ്യരല്ലാത്ത പിശാചുക്കൾ മാത്രമാണതിന് കാരണഭൂതർ.

പാത്രമറിഞ്ഞ് വേണം ഭിക്ഷ എന്ന് പറയും പോലെ അർഹർക്ക് ലഭിക്കട്ടെ സൗഭാഗ്യം അല്ലേ?

(ഒരിക്കൽ എവിടെയോ കേട്ട് മറന്ന ഒരു കഥ.)

Leave a Reply

Your email address will not be published. Required fields are marked *