അവരുടെ സ്ഥാനം വന്നുകയറിയ മരുമകൾ തട്ടിയെടുത്തോ എന്ന ഭയമോ എന്തോ എന്നറിയില്ല അവർക്ക് വന്നത് മുതൽ എന്നോട്..

(രചന: J. K)

“” സിനി നീ ഇങ്ങനെ ഇല്ല വചനം പറയരുത്.. അവൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാണ്””

എന്ന് അമ്മ സ്വന്തമകളുടെ മുഖത്ത് നോക്കി പറയുമ്പോൾ എന്റെ മിഴികൾ നിറഞ്ഞിരുന്നു.

അപൂർവമായി സംഭവിക്കുന്ന ഒന്നാണ് മരുമകൾക്ക് വേണ്ടി സ്വന്തം മകളോട് പടവെട്ടുന്ന ഒരു അമ്മായിയമ്മ..

രാജേഷേട്ടന്റെ കയ്യും പിടിച്ച് ഈ വീട്ടിലെ മരുമകളായി വന്നു കയറുമ്പോൾ മനസ്സിൽ നിറയെ ആധി ആയിരുന്നു…

ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട എനിക്ക് അച്ഛനും അപ്പച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ കുറെ കാര്യങ്ങൾ പറഞ്ഞ് പേടിപ്പിച്ചിരുന്നു അവിടെ ചെന്നാൽ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ…

ഭർത്താവിന്റെ കാര്യങ്ങൾ നോക്കണം അവിടുത്തെ അമ്മയുടെ കാര്യങ്ങൾ നോക്കണം എന്നെല്ലാം പറഞ്ഞിരുന്നു ശരിക്കും ഇവിടുത്തെ ജോലികൾ ചെയ്യാൻ ഒരാൾ എന്ന കൺസെപ്റ്റ് ആണ് ശരിക്കും എനിക്ക് അപ്പച്ചി തന്നത്..

അമ്മായിയമ്മമാർക്ക് ആകെ ഒരു ജോലിയെ ഉണ്ടാകു മരുമകളുടെ കുറ്റം കണ്ടുപിടിക്കൽ എന്നൊക്കെയായിരുന്നു ധാരണ പക്ഷേ എല്ലാം മാറിയത് ഇവിടെ വന്നതിനുശേഷം ആണ്…

രാജേഷ് ചേട്ടന് ഒരു ചേച്ചി മാത്രമാണ് ഉണ്ടായിരുന്നത് അമ്മയെ കൂടാതെ.. അച്ഛൻ വളരെ ചെറുപ്പത്തിലെ മരിച്ചിട്ടുണ്ട്.. അതുകൊണ്ടുതന്നെ ആ അമ്മയാണ് അവരെ രണ്ടുപേരെയും വളർത്തി വലുതാക്കിയത്..

ഡിഗ്രി കഴിഞ്ഞതും എനിക്ക് അവിടെ അടുത്തുള്ള ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടിയിരുന്നു ഈ ജോലി എന്തായാലും കളയേണ്ടി വരും എന്നാണ് അപ്പച്ചി പറഞ്ഞിരുന്നത്..

പക്ഷേ ആ ജോലിക്ക് ചേർന്നത് മുതൽ എനിക്കെന്തോ വല്ലാത്ത ആത്മവിശ്വാസം ആയിരുന്നു ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കുന്നതിന്റെ ഒരു ധൈര്യം…

അവിടെയെത്തിയപ്പോൾ രാജേഷ് ചേട്ടനോട് ചോദിച്ചു ജോലി ഒഴിവാക്കണമോ എന്ന് കാരണം എന്റെ വീട്ടിൽ നിന്നും ആ വീട്ടിൽ നിന്നും അവിടേക്ക് ഒരേ ദൂരമായിരുന്നു വേണമെങ്കിൽ സുഖമായി പോയി വരാം…

” തന്റെ ഇഷ്ടംപോലെ ചെയ്തോളൂ എന്ന് പറഞ്ഞു ശരിക്കും ഒരു ഉത്തരം അവിടെ നിന്നും കിട്ടാത്തത് കൊണ്ടാണ് അമ്മയോട് ചോദിച്ചത്..

“” ആ ജോലി കളഞ്ഞിട്ട് നീ ഇപ്പോൾ ഇവിടെ എന്ത് ചെയ്യാൻ പോകുന്നു? “”
എന്നാണ് അവിടെയുള്ള അമ്മ എന്നോട് തിരിച്ചു ചോദിച്ചത്.

എനിക്കതിന് ഉത്തരമില്ലായിരുന്നു എന്തുവേണമെന്ന് അറിയാതെ ഞാൻ നിന്നു അപ്പോൾ അമ്മ പറഞ്ഞത്,

“”””ആതിരേ ജീവിതത്തിൽ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ആർക്കും പറയുക സാധ്യമല്ല ഇവരുടെ അച്ഛൻ പെട്ടെന്ന് ഒരു ദിവസം എന്നെ ഇട്ടിട്ടു പോയപ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു

എവിടെ നിന്ന് തുടങ്ങണം എങ്ങനെ ജീവിക്കണം എന്നൊന്നും രണ്ടു ചെറിയ മക്കളെയും കൊണ്ട് ഞാൻ പോയി മുട്ടാത്ത വാതിലുകൾ ഇല്ല.. അന്ന് ആരും സഹായിച്ചില്ല രണ്ടു കുഞ്ഞുങ്ങളും ഒരു സ്ത്രീയും ബാധ്യതയായാലോ എന്ന ഭയം…

സ്വന്തത്തിലും ബന്ധത്തിലും ഉള്ള വിശ്വാസം അന്ന് എനിക്ക് നഷ്ടപ്പെട്ടു.. പിന്നെ കഷ്ടപ്പെട്ടിട്ടുണ്ട് ഒരുപാട് ഇവരെ ഈ നിലയിൽ ആക്കാൻ..

അതുകൊണ്ട് ഒരു ജോലി നേടുന്നതിന്റെ പ്രയാസം എന്നെ ആരും പറഞ്ഞു മനസ്സിലാക്കി തരേണ്ട നീ ആ ജോലി കളയരുത് എന്നാണ് എന്റെ അഭിപ്രായം പിന്നെ ബാക്കിയൊക്കെ നിന്റെ ഇഷ്ടപ്രകാരം ചെയ്യാം..

തന്നെയുമല്ല ഈ ഒരു ചെറിയ ജോലി മതി എന്ന് വിചാരിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല ബാക്കി തുടർന്നു പഠിക്കൂ എന്നിട്ട് ഇതിലും നല്ലൊരു ജോലി നേടാൻ ശ്രമിക്കണം..”””

അമ്മ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരുന്നു എന്ന് എനിക്കറിയാമായിരുന്നു എന്തോ അത് കേട്ട് അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമായി..

രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് തന്നെ ഞാൻ അമ്മയെ സഹായിച്ചിരുന്നു അമ്മയും ഈ വൈഫ് കാലത്തും ജോലി ചെയ്യുന്നത് നിർത്തിയിരുന്നില്ല.. ആർ. ഡി ഏജന്റായി അമ്മയ്ക്ക് പറ്റുന്നത് പോലെ അമ്മയും അധ്വാനിച്ചിരുന്നു..

പക്ഷേ ആ സിനി ചേച്ചി അമ്മയുടെ പോലെയെ ആയിരുന്നില്ല..

അവരുടെ സ്ഥാനം വന്നുകയറിയ മരുമകൾ തട്ടിയെടുത്തോ എന്ന ഭയമോ എന്തോ എന്നറിയില്ല അവർക്ക് വന്നത് മുതൽ എന്നോട് അത്ര സ്നേഹം ഉണ്ടായിരുന്നില്ല തരം കിട്ടുമ്പോഴൊക്കെ എനിക്ക് പാര പണിയാനും ശ്രമിച്ചിരുന്നു..

പഠിക്കണം എന്ന് നിർബന്ധമുള്ള അമ്മയുടെ മകൾ എസ്എസ്എൽസി തോറ്റ് ഇനി പഠിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചപ്പോൾ അമ്മ അവളെ കണക്കിന് ചീത്ത പറഞ്ഞിരുന്നു..

എങ്ങനെയെങ്കിലും തുടർന്ന് പഠിക്കാൻ നിർബന്ധിച്ചപ്പോൾ അവൾ തീർത്തു തന്നെ പറഞ്ഞിരുന്നു ഇനി ഞാൻ പഠിക്കുന്നില്ല എന്ന്..

അങ്ങനെയാണ് അവൾക്ക് കൂടി ഇഷ്ടമാണ് എന്ന് പറഞ്ഞ ഒരാളെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു കൊടുത്തത്…. അയാൾ ദുബായിലേക്ക് പോയതിൽ പിന്നെ അവൾ അവിടെത്തന്നെ വന്നു നിൽക്കാൻ തുടങ്ങി. അമ്മ അതിനൊന്നും എതിര് പറഞ്ഞിരുന്നില്ല..

പക്ഷേ ഇപ്പോ രാജേഷേട്ടന്റെ വിവാഹം കഴിഞ്ഞതോടുകൂടി ഓരോ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി.. രാജേഷേട്ടൻ അതിലൊന്നും ഇടപെടില്ല നിങ്ങളായിട്ട് തന്നെ തീർത്താൽ മതി എന്ന് പറയും സിനി ചേച്ചി പൊടിപ്പും തോങ്ങലും വെച്ച് അമ്മയോട് ഓരോന്ന് പറയും…

ചേച്ചിയുടെ സ്വഭാവം അറിയാമായിരുന്നതുകൊണ്ട് അമ്മ ചേച്ചിയെ മാത്രമേ വഴക്ക് പറഞ്ഞിരുന്നുള്ളൂ..

അത് ചേച്ചിക്ക് എന്നോടുള്ള വിദ്വേഷത്തിന് വഴിവെച്ചു ഒരു ദിവസം ചേച്ചിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ആരൊക്കെയോ ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു ജോലിയെടുക്കാൻ വളരെ മടിയായിരുന്നു ചേച്ചിക്ക്…

അതുകൊണ്ട് തന്നെ എനിക്ക് കുറെ നിർദ്ദേശങ്ങൾ ചെയ്തു തന്നു. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞു…

അമ്മ എന്തോ ഒരു അത്യാവശ്യത്തിന് പോയതായിരുന്നു രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിരുന്നു.. അതുകൊണ്ടുതന്നെ ചേച്ചി എന്നെ കൊണ്ട് ലീവ് എടുപ്പിച്ചു..

എതിർത്ത് ഒന്നും പറയാതെ ഞാൻ ലീവ് എടുത്ത് എല്ലാം തയ്യാറാക്കി കൊടുത്തു..
അവർ വന്ന് കഴിച്ച് അതിലേതോ കറിയെപ്പറ്റി ആരോ എന്തോ കുറ്റം പറഞ്ഞത്രേ..

അതിന് എന്നോട് കയർക്കാൻ തുടങ്ങി ഇത്രയും ഞാൻ ചെയ്തു കൊടുത്തില്ലേ എന്ന് നോക്കുന്നതിലുപരി അതിലെ കുറ്റം കണ്ടുപിടിച്ചത് എന്നെ ഓരോന്ന് പറയാൻ തുടങ്ങി അതും അവരുടെ മുന്നിൽ വച്ച്…

അത് കണ്ടിട്ടാണ് അമ്മ കയറിവന്നത് അമ്മ ദേഷ്യപ്പെട്ടത് മുഴുവൻ എന്നോട് ആയിരുന്നു..

“” ആതിര സിനിയുടെ അടിമയാണോ എന്ന്? ”
അല്ല എന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു ഇതുപോലെ തലയും താഴ്ത്തി നിൽക്കാൻ തുടങ്ങിയാൽ ജീവിതത്തിൽ അതിന് മാത്രമേ നേരം കാണൂ എന്ന്..

സ്വന്തം അഭിമാനം എവിടെയെങ്കിലും നഷ്ടപ്പെടും എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അവിടെ പ്രതികരിക്കുക തന്നെ വേണം പാവം ചമഞ്ഞ് നിന്നിട്ടുണ്ടെങ്കിൽ എല്ലാവരും മുതലെടുക്കുകയേ ഉള്ളൂ..

അതും പറഞ്ഞ് ചേച്ചിയുടെ അടുത്തേക്ക് നീങ്ങി അമ്മ..

“” സിനിക്ക് ഇനി രാജീവിന്റെ വീട്ടിൽ പോയി നിൽക്കാം കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ നിൽക്കേണ്ടത് ഭർത്താവിന്റെ വീട്ടിൽ തന്നെയാണ്…

സ്വന്തം വീട്ടിൽ നിൽക്കാം പറ്റില്ല എന്നല്ല ഞാൻ പറഞ്ഞത് പക്ഷേ അവിടെ നിൽക്കാൻ പറ്റാത്ത വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ മാത്രം….

ഇത് രാജീവിന്റെ വീട്ടിൽ ഞാൻ അറിഞ്ഞിടത്തോളം നിനക്ക് യാതൊരു പ്രശ്നവുമില്ല നീ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അല്ലാതെ… അത്കൊണ്ട് നിനക്ക് അങ്ങോട്ട്‌ പോകാം “””

എന്തൊക്കെയോ പറഞ്ഞ് എന്നെ പ്രാവികൊണ്ട് ചേച്ചി അങ്ങോട്ടേക്ക് പോയി…

അമ്മയില്ലാത്ത എനിക്ക് ശരിക്കും അമ്മയാവുകയായിരുന്നു രാജേഷേട്ടന്റെ അമ്മ..

പറഞ്ഞു കേട്ടത് ഒന്നുമല്ല യാഥാർത്ഥ്യം അല്ലാതെയും കുറെ പേർ ഈ ലോകത്ത് ഉണ്ട് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു ഞാൻ അപ്പോൾ…..