അമ്മ അത് പറഞ്ഞത്, ബേബി മോളെ നീ കല്യാണം കഴിക്കണം ഗോപീ..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“””സന്ധ്യേ.. മോന്റെ പനി എങ്ങനെ ഉണ്ട്???””

വേലിക്കു അരികിൽ നിന്ന് അളക്കുന്നവളോട് വിളിച്ച് ചോദിച്ചപ്പോൾ അവൾ ദേഷ്യപ്പെട്ട് അകത്തേക്ക് കയറി പോയി…

അപ്പഴും പ്രതീക്ഷയോടെ നിന്നു.. കുഞ്ഞൂട്ടന്റെ പനി മാറി എന്നൊന്ന് കേൾക്കാൻ..

ഏറെ നേരമായിട്ടും അവളെ പുറത്തേക്ക് കാണാഞ്ഞപ്പോൾ ഊഹിച്ചിരുന്നു മനപ്പൂർവം പുറത്തേക്ക് വരാത്തതാണ് എന്ന്..

അനിയത്തിയെ പോലെ കണ്ടവൾ… വീട്ടിലെ,

എല്ലാം ഒരു വെറും വാക്കിന്റെ പുറത്ത് ഉണ്ടായതാണ് എന്നോർത്തപ്പോൾ വിഷമം തോന്നി….

മെല്ലെ അകത്തേക്ക് നടന്നു.. അയ്യപ്പെട്ടന്റെ ഫോട്ടോ നോക്കി ഇത്തിരി നേരം അങ്ങനെ നിന്നു…. ചിരിച്ച് നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ ഉള്ളിൽ വല്ലാത്ത നോവ്..

മെല്ലെ മുറിയിലെ വലിപ്പ് തുറന്നു നോക്കി… ഒരു കുഞ്ഞ് ചെപ്പിൽ വച്ച താലി എടുത്തു… ചുണ്ടോട് ചേർത്തു..
വല്ലാത്ത തണുപ്പായിരുന്നു അതിന്…

കാട്ടിലിനോരം ചെന്നു കിടന്ന് മെല്ലെ കണ്ണുകൾ ചിമ്മി… അന്നത്തെ ആ കല്യാണ പെണ്ണായി.. പതിനെട്ടു വയസ്സിനു മുന്നേ തന്നെ കല്യാണലോചനകൾ ധാരാളം വന്നിരുന്നു…

ഇരുനിറം ആണേലും സുന്ദരി ആയിരുന്നു… അങ്ങനെ ആണ് അയ്യപ്പെട്ടന്റെ ആലോചന വന്നത്… നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവൻ… എന്ത് ജോലിയും ചെയ്ത് കുടുംബം പോറ്റുന്നവൻ…

യാതൊരു വിധ ദുശീലവും ഇല്ല..
പ്രാരാബ്ദവും.. അമ്മയും ഗോപി എന്ന അനിയനും അല്ലാതെ വേറെ ആരും ഇല്ല……

അച്ഛന് വല്ലാത്ത മതിപ്പായിരുന്നു അയ്യപ്പേട്ടനെ… അതു കൊണ്ട് തന്നെ രണ്ടാമത് ഒന്നാലോചിക്കാതെ കല്യാണം ഉറപ്പിച്ചു…

കല്യാണപ്പെണ്ണായി ഒരുങ്ങി ഇരിക്കുമ്പോൾ ചെവിയിൽ അയ്യപ്പെട്ടന്റെ ചെറിയമ്മയുടെ മകൾ കളി പറഞ്ഞിരുന്നു..

അയ്യപ്പേട്ടൻ ആള് പാവാട്ടോ ബേബിയെ…. ഒരു ദുശീലവും ഇല്ല്യ… ആകേ ഇത്തിരി ക്രിക്കറ്റിന്റെ അസ്‌ക്യത മാത്രമേ ഉള്ളൂ”””

അത് കേട്ടതും ചിരി വന്നു…

പെണ്ണുങ്ങളുടെ ഇടയിൽ അവരുടെ കളിയാക്കലും ലോഹ്യ വാർത്താനവും കേൾക്കുമ്പോഴും ഓടി നടന്ന് എല്ലാം ചെയ്യുന്ന ആളിൽ ഇടയ്ക്കിടെ മിഴികൾ ചെന്നു നിന്നിരുന്നു…

ആ ആള് തിരിച്ചും…. അവ തമ്മിൽ ഇടയുമ്പോഴൊക്കെയും ഹൃദ്യമായ ഒരു പുഞ്ചിരി ആ ചുണ്ടിൽ വിടർന്നിരുന്നു… നാണം കലർന്നതൊന്ന് ഇവിടെയും…

അത് കണ്ട് പെണ്ണുങ്ങൾ താളത്തിൽ മൂളി… ചിരിയോടെ തലതാഴ്ത്തി…. മുറിയിൽ ചെന്നു ഏറെ നേരം കഴിഞ്ഞാണ് അയ്യപ്പേട്ടൻ എത്തിയത്..

പരാതി ഇല്ലായിരുന്നു… ആ വീട്ടിലേ കാര്യം ആളായി നിന്നു നോക്കാൻ ഈ ഒരാളാണ് ഉള്ളത് എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു…

അനിയൻ ഗോപി എല്ലാം ഏട്ടനെ ഏല്പിച്ചു കുഞ്ഞ് കളിച്ചു നടക്കുകയാണ്… എങ്കിലും ഏട്ടൻ എന്ന് പറഞ്ഞാൽ ജീവൻ കളയും… അത്ര സ്നേഹമായിരുന്നു…

മുറിയിൽ എത്തിയപ്പോ ആദ്യം ചോദിച്ചത്, “”കാത്തിരുന്നു മുഷിഞ്ഞോടോ??”” എന്നായിരുന്നു…

ഇല്ല എന്ന് ചിരിയോടെ തലയാട്ടി… കുറെ നേരം സംസാരിച്ചു ആള് എന്നോട്…

“”ഇനി പഠിക്കാൻ ഇഷ്ടം ഉണ്ടെങ്കിൽ sslc വീണ്ടും എഴുതാനും… അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാനും.. പെണ്ണുങ്ങൾ അടുക്കളയിൽ തന്നെ ഇരിക്കുന്നതിനോട് യോജിപ്പില്ല എന്ന്… “””

അത്ഭുദത്തോടെ കേട്ടിരുന്നു എല്ലാം… ഈ ഒരാളോട് മതിപ്പ് കൂടി കൂടി വന്നു…

ഉടൻ കുട്ടികൾ വേണ്ട എന്നും, താൻ സ്വന്തം കാലിൽ നിൽക്കണം എന്ന് പറഞ്ഞ് sslc വീണ്ടും എഴുതിപ്പിച്ചതും ഒക്കെ അയ്യപ്പേട്ടന്റെ തീരുമാനങ്ങൾ ആയിരുന്നു…

കഷ്ടിച്ച് പത്താം തരം പാസ് ആയപ്പോൾ ആ മുഖത്ത് വല്ലാത്ത തിളക്കമായിരുന്നു…

ഇത് സ്വർഗ്ഗമാണോ എന്ന് വരെ സംശയം തോന്നി… അമ്മ അയ്യപ്പേട്ടന്റെ തനി പകർപ്പ് ആയിരുന്നു സ്നേഹിച്ച് കൊല്ലും.. മോളെ എന്ന് മാത്രേ വിളിച്ചിട്ടുള്ളു..

ഗോപിയും ഏട്ടന് കൊടുക്കുന്ന ബഹുമാനം അത്രയും ഏട്ടത്തി എന്ന നിലയിൽ എനിക്ക് തന്നു ..

എപ്പോഴും അയ്യപ്പെട്ടന്നോട് പരാതി പറയുന്നത് കേൾക്കാം ഒരു കുഞ്ഞികാലു കാണണം എന്ന്…
അപ്പഴൊക്കെയും, അവൾ കുഞ്ഞല്ലേ അമ്മേ എന്നു പറഞ്ഞ് അമ്മയുടെ വായടപ്പിക്കും..

ക്രിക്കറ്റ്‌ കളി ഉണ്ടെങ്കിൽ മാത്രം അയ്യപ്പേട്ടനെ നോക്കണ്ട…. അത് എപ്പോ തീരുന്നോ അപ്പൊ മാത്രേ വരൂ..

അവിടെ tv ഇല്ലാത്ത കാരണം കുറെ അപ്പുറത്ത് ഒരു വീട്ടിൽ ചെന്നാണ് കണ്ടിരുന്നത്…

അന്നും.. ആ നശിച്ച ദിവസവും ക്രിക്കറ്റ്‌ ഉണ്ടായിരുന്നു… നല്ല ഇടിയും മഴയും ഉള്ള ദിവസം.. ഒൻപത് മണിക്ക് ക്രിക്കറ്റ്‌ മാച്ച് തുടങ്ങും എന്ന് പറഞ്ഞ് ആള് ചോറ് ധൃതിയിൽ കഴിച്ചു…

നെറുകിൽ ചുണ്ട് ചേർത്ത്… എത്ര വൈകിയാലും വരാം ട്ടൊ എന്നും പറഞ്ഞു… ചിരിയോടെ വാതിൽ തുറന്നു കൊടുത്തപ്പോൾ കുടയും ടോർച്ചും പിടിച്ച് ആൾ പുറത്തിറങ്ങി… രണ്ട് വട്ടം തിരിഞ്ഞു നോക്കുന്നത് മിന്നൽ വെട്ടത്തിൽ കണ്ടിരുന്നു

വീടിന്റെ മുകളിൽ വയ്ക്കുന്ന ആന്റിനയുള്ള കാലം ആയിരുന്നു… ഇടയ്ക്കിടെ ക്ലിയർ പോകും.. അപ്പോ ആരേലും ചെന്നു തിരിക്കണം…

അയ്യപ്പേട്ടനോട് ആന്റിന തിരിക്കാൻ പറഞ്ഞത് അവരായിരുന്നു..

അതിന്റെ മുകളിൽ കേറിയപ്പോൾ തന്നെ ശക്തമായ ഒരു മിന്നൽ… അത് കൊണ്ട് പോയത് അയ്യപ്പേട്ടനെ ആയിരുന്നു…

വൈകിയാലും വരാം എന്നൊരു വാക്ക് പറഞ്ഞപ്പോ വാതിൽ തുറന്നു കൊടുക്കാൻ വേണ്ടി മനം വിട്ട് ഉറങ്ങിയിരുന്നില്ല…

വാക്ക് പാലിക്കപ്പെട്ടു…

ജീവനില്ലാതെ ആള് വന്നു… പറഞ്ഞത് പോലെ… കരയാൻ പോലും ആവാതെ ഇരുന്നു… അമ്മ തളർന്നു വീണു….. പത്തൊമ്പതാമത്തെ വയസ്സിൽ വിധവയായി…

ഗോപി വീടിന്റെ ചുമതല ഏറ്റെടുത്തു എന്നെ അമ്മ എങ്ങും വിട്ടില്ല.. അവിടെ വേണം എന്ന് വാശി പിടിച്ച്ചു… എനിക്കും പോവാൻ കഴിയുമായിരുന്നില്ല..

എന്റെ അയ്യപ്പേട്ടൻ ഉറങ്ങുന്നിടം വിട്ട് പോകാൻ.. എന്നോ ഒരിക്കൽ ഗോപിക്ക് ചോറ് വിളമ്പി കൊടുക്കുമ്പോഴാ അമ്മ അത് പറഞ്ഞത്…

“”ബേബി മോളെ നീ കല്യാണം കഴിക്കണം ഗോപീ “” എന്ന്…

“”അമ്മേ “” എന്ന് ഗോപി ആർത്തു വിളിക്കുന്നത് കേൾക്കാമായിരുന്നു…

ഞാനും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു…. അമ്മയെ ഏറെ കഷ്ടപ്പെട്ട് പറഞ്ഞ് മനസിലാക്കി, അയ്യപ്പേട്ടൻ കരുതിയ പോലെ അവൻ എന്റെയും കുഞ്ഞനിയൻ ആണെന്ന്…

അപ്പോഴും അമ്മക്ക് മനസ്സിൽ ആ ആഗ്രഹം തന്നെ ആയിരുന്നു..

ഇനിയും പറയാതിരിക്കാനാണ് ഗോപിയെ വിവാഹം കഴിപ്പിക്കാൻ ഞാൻ തന്നെ മുൻകൈ എടുത്തത്..

സന്ധ്യ”””

സുന്ദരി എന്നൊന്നും പറയാൻ കഴിയില്ലേലും തെറ്റില്ലായിരുന്നു കാണാൻ… മുൻശുണ്ഠി കൂടുതൽ ഉള്ള ഒരു എടുത്ത് ചാട്ടക്കാരി..

മനസ്സിൽ ഒന്നും ഇല്ലായിരുന്നു… എല്ലാം പ്രകടിപ്പിക്കും… ദേഷ്യമായാലും സങ്കടം അയാലും…..

അവൾ എനിക്ക് നല്ല കൂട്ട് തന്നെ ആയിരുന്നു..പക്ഷെ ഈ എടുത്തു ചാട്ട സ്വഭാവം അമ്മയെ പലപ്പോഴും ചൊടിപ്പിച്ചു…

എന്നോ എന്തോ രണ്ടാളും തമ്മിൽ വഴക്കിട്ടപ്പോഴാ അമ്മ ദേഷ്യം കൊണ്ട് വേണ്ടി പറഞ്ഞത്,

“”ബേബിയെ ഗോപിയുടെ പെണ്ണായി എടുക്കാൻ ആയിരുന്നു.. നീ ഇടയിൽ ഉള്ളോണ്ടാ പറ്റാണ്ടായേ “””” എന്ന്…

ഒന്നും ഉദേശിച്ച് അല്ലായിരുന്നു.. ദേഷ്യം കൊണ്ട് എന്തോ വിളിച്ചു പറഞ്ഞതാ… അത് എന്നെന്നേക്കുമായി ഒരകൽച്ചക്ക് ഉള്ളതാണ് എന്നറിഞ്ഞില്ല..

അവൾ അതോടെ ആകെ മാറി…
എന്നെ കാണുന്നത് പോലും ഇഷ്ടമല്ലാതെയായി…

ഗർഭിണി ആയപ്പോൾ എന്നെ കുത്തു വാക്ക് കൊണ്ട് നോവിച്ചു.. ഉള്ള് നൊന്താലും ചിരിയോടെ അവളെ ചേർത്ത് പിടിക്കാൻ നോക്കി… അവൾ അകന്നിരുന്നു…

ഗോപി എനിക്ക് വേണ്ടി പറയുന്നതൊക്കെയും അവൾ അവിഹിതം ആക്കി… അവനും സമാധാനം പോയി… കുഞ്ഞു ജനിച്ചപ്പോൾ ഗോപിയെ നിർബന്ധിച്ചു അപ്പുറത്ത് ഒരു കൂര പണിതു… അങ്ങോട്ട്‌ മാറി..

ഞാനും അമ്മയും ഇവിടെ തനിച്ചായി… കേവലം ഒരു വാക്ക് വരുത്തി വച്ച വിന… കുഞ്ഞൂട്ടനെ പോലും അവൾ അരികിലേക്ക് വിടില്ല… അവിടെ എന്ത് നടന്നാലും കുറ്റം എന്റെ പേരിലായി..

ഇപ്പോ മനപ്പൂർവം അങ്ങോട്ട്‌ നോക്കുക പോലും ഇല്ല.. എന്തിനാണ് വെറുതെ…

രണ്ടു മൂന്ന് തവണ ഈയിടെ മൂക്കിൽ നിന്നും ബ്ലഡ്‌ വന്നു… കൊണ്ടോയി പരിശോധിപ്പിച്ചപ്പോൾ അറിഞ്ഞു എനിക്ക് ഇനി അയ്യപ്പേട്ടന്റെ അടുത്തേക്ക് എത്താൻ അധികം കാത്തിരിക്കേണ്ട എന്ന്…

നില ഓരോ ദിവസം ചെല്ലും തോറും വഷളായി… അമ്മയെ ഗോപി ഏറ്റെടുത്തു… ഒടുവിൽ പാലിയേറ്റിവ് ക്ലിനികിൽ അവൾ കാണാൻ വന്നു…

“”സന്ധ്യ “”

വിശ്വസിക്കാൻ ആവുന്നില്ലായിരുന്നു…. അവളുടെ കൈ പിടിച്ചു ഒന്നേ പറഞ്ഞുള്ളു..

“”ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കൂ, അയ്യപ്പേട്ടൻ കാണുന്ന പോലെ ഗോപി എന്റെ കുഞ്ഞനിയൻ ആണ് എന്ന്..

അവൾ അത് വിശ്വസിച്ചു കാണണം കാരണം അതായിരുന്നു എന്നിലെ അവസാന വാക്ക്…

Leave a Reply

Your email address will not be published. Required fields are marked *