ഇപ്പോ കല്യാണം വേണ്ട എന്ന് അമ്മയോട് ഞാൻ തറപ്പിച്ച് പറഞ്ഞു, ഒന്ന് ചെന്ന്..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

റാ ഗിം ഗ് എന്ന് കേട്ടും  പറഞ്ഞും ഭയപ്പെടുത്തി വച്ചിരിക്കുകയായിരുന്നു എന്നെ  കസിൻസ്…

കോളേജിൽ കെമിസ്ട്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ ഉള്ള സന്തോഷമൊക്കെ ഇതോട് കൂടി കുറഞ്ഞു പിന്നെ അതിന്റെ പേരിൽ ടെൻഷൻ.

പോരാത്തതിന് ബസിൽ കയറി ഒരുപാട് പോകുകയും വേണം. ഇപ്പഴും ചില ബസ്സിൽ കയറാൻ എനിക്ക് പേടിയാ .

ഭയങ്കര സ്പീഡായിരിക്കും കൂടാതെ മേലെ കമ്പിയിൽ ഏന്തി വലിഞ്ഞ് വേണം പിടിക്കാൻ. അലക്കി കഴിഞ്ഞു തുണി അയയിൽ വിരിച്ച പോലിരിക്കും കാണാൻ.

ഇനിയും ഉണ്ട് പ്രശ്നങ്ങൾ, എനിക്ക് ഒറ്റയ്ക്ക് റോഡ് ക്രോസ് ചെയ്യാൻ പേടിയാ. അവിടെ ആണെങ്കിൽ ഹെവി ട്രാഫിക്ക് ആണ്..

ഇത് ഒന്നും പരിചയമില്ലാത്തതാണ് ചുരുക്കി പറഞ്ഞാൽ മന:സമാധാനം പോയി ആദ്യത്തെ ദിവസം അച്ഛൻ വരും,

പിന്നെ ആരേലും കുട്ടികളെ ഈ ഭാഗത്ത് ഉള്ളവരെ കൂടെ കിട്ടാതിരിക്കില്ല.. എന്നെ നന്നായി അറിയാവുന്ന അമ്മ സമാധാനിപ്പിച്ചു. അതോടെ മനസ്സ് കുറച്ച് തണുത്തു.

ഒരു ഏട്ടനുണ്ടായിരുന്നെങ്കിൽ ഇപ്പോ ശരിക്കും മോഹിച്ചു പോവാ.. പക്ഷെ സിനിമോൾടെ പോലത്തെ ചേട്ടൻ വേണ്ട, അവന് പിടിച്ച് കടിക്കാനും തലക്ക് കിഴുക്കാനും ഉള്ള ഒരു ഉപാധി മാത്രമാണ് സിനിമോൾ.

ഉള്ളതൊക്കെ മതി.. ഒന്നാന്തരം ഒരു കാന്താരി അനിയത്തി ഉണ്ടല്ലോ. അവൾടെ ഒരു സാധനങ്ങളും എന്നെ തൊടീക്കില്ല എന്ന് മാത്രമല്ല, എന്റെ ഒക്കെ ഓരോന്ന് പറഞ്ഞ് സ്വന്താക്കും.

ആരോടെലും പറഞ്ഞാലോ “ചെറ്യേ കുട്ട്യല്ലേ ” എന്നൊരു സമാധാനിപ്പിക്കലും. അതൊക്കെ പോട്ടെ പ്രശ്നം ഇപ്പോ അവളല്ലല്ലോ …

ആദ്യത്തെ ദിവസം കഴിഞ്ഞു. അച്ഛൻ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. അടുത്ത ദിവസം ആണിന്ന് എന്താ ചെയ്യാ ന്റെ കൃഷ്ണാ… ബസ് വന്നപ്പോ ഒരു വിധം വലിഞ്ഞ് കേറി.

കോളേജ് സ്റ്റോപ്പ് എത്തുന്നവരെയും നെഞ്ചിടിപ്പായിരുന്നു. ഇനിയാണ് വലിയ കടമ്പ.

ബാക്കി തരാൻ കണ്ടക്ടർ വൈകിയത് കൊണ്ട് കൂടെ ഉള്ള കുട്ടികൾ എല്ലാരും തന്നെ റോഡ് ക്രോസ് ചെയ്തു ഇനി താൻ മാത്രം ബാക്കി. ന്റെ തേവരേ കാത്തോണേ എന്നും പറഞ്ഞ് കണ്ണും അടച്ച് ഒറ്റ ഓട്ടം.

വല്ലാത്ത ഒരു ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ ഞാനിവിടെയും ഒരു ബൈക്കുകാരൻ അപ്പുറത്തും വീണ് കിടപ്പുണ്ട്..

അയാൾ എന്നെ പലിശക്കാരൻ അണ്ണാച്ചി നോക്കുന്നേനേക്കാൾ രൂക്ഷമായി നോക്കുന്നുണ്ട്.

“ഉണ്ടക്കണ്ണുണ്ടല്ലോ മുഖത്ത് … കണ്ണടച്ച് കൊണ്ടാണോ റോഡ് ക്രോസ് ചെയ്യുന്നേ…? ”

ഞാൻ കരച്ചിലിന്റെ വക്കത്തെത്തി, ആളുകൂടും എന്ന് തോന്നിയിട്ട് ആവണം അയാൾ വേഗം ബൈക്കും എടുത്ത് പോയി….

കണ്ണിൽ നിറഞ്ഞ കണ്ണുനീർ കാരണം പിന്നെ ഒന്നും ഞാൻ കണ്ടില്ല. എങ്ങനെയോ ക്ലാസിൽ എത്തി നോക്കിയപ്പോഴാണ് കൈമുട്ട് പൊട്ടിയിട്ടുണ്ട്.. ഇപ്പഴാണ് വേദന അറിയുന്നത്.

പേടിയും നാണക്കേടും കാരണം ഒന്നും അറിഞ്ഞില്ല വാഷ് റൂമിൽ പോയി കയ്യെല്ലാം കഴുകി വൃത്തിയാക്കി. അവിടന്നാണ് പ്രിയങ്ക എന്ന കുട്ടിയെ പരിചയപ്പെട്ടത്. എന്റെ വീടിന്റെ അടുത്താണത്രേ വീട്.

ഇത് വരെ അമ്മ വീട്ടിൽ നിന്നാ പഠിച്ചത് അതാ ഞാൻ അറിയാത്തത് എന്തായാലും ഒരു കൂട്ട് കിട്ടിയ സന്തോഷത്തിൽ ഞാൻ മതിമറന്നു.. വാടോ ക്ലാസിൽ പോകാം അവൾ പറഞ്ഞു.

ക്ലാസിൽ ചെന്നപ്പോഴേക്കും ബെൽ കേട്ടു. ആദ്യത്തെ പിരിയഡ് സാർ കേറി വന്നു, കണ്ട പാടേ ഞെട്ടിപ്പോയി ബൈക്കിൽനിന്ന് വീണ അതേ ആൾ…… സാറും ഞെട്ടി കാണണം. ഞാൻ മുൻ പരിചയം ഇല്ലാത്ത പോലെ ഇരുന്നു….

സാർ ആദ്യം എല്ലാരോടും പേര് ചോദിച്ചു.. എന്റെ ഊഴം എത്തി മനീഷ എന്ന എന്റെ പേര് പറഞ്ഞപ്പോ എന്താ മധുര നാരങ്ങയോ എന്ന് ചോദിച്ചു പോരെ പൂരം, ആ പേര് അങ്ങ് കേറി ക്ലിക്കായി.. ഇപ്പോ എല്ലാർക്കും ഞാൻ മധുര നാരങ്ങയാണ്….

ക്ലാസിൽ ഇടക്കിടക്ക്  കണ്ണടച്ച് റോഡ് കോസ് ചെയ്യുന്ന പെൺകുട്ടിയെ കുറിച്ച് സാർ പറയും മറ്റുള്ളോര് ചിരിക്കും ഞാൻ ആണ് ആ കഥാനായിക എന്ന് എന്തോ ഭാഗ്യം കൊണ്ട് സാർ പറഞ്ഞില്ല…

ആർക്കും അറിയാത്ത രഹസ്യമായി അത് ഞങ്ങൾക്കിടയിൽ തന്നെ ഒതുങ്ങി ഒരു അവധി ദിവസം ഒരു വിവാഹാലോചന വരുന്നുണ്ടെന്ന് ബ്രോക്കർ വിളിച്ച് പറഞ്ഞു. ഇപ്പോ കല്യാണം വേണ്ട എന്ന് അമ്മയോട് ഞാൻ തറപ്പിച്ച് പറഞ്ഞു.

ഒന്ന് ചെന്ന് നിന്ന് കൊടുത്താൽ മതി എന്ന് അമ്മ പറഞ്ഞു. ചായയുമായി ചെന്നപ്പോൾ അതാ കെമിസ്ട്രി സാർ. നിന്റെ കോളേജിലെ മാഷാ, പേര് അജിത്.

ഞാൻ ചമ്മിയ ചിരിയും ചിരിച്ച് വേഗം അകത്തേക്ക് പോന്നു ഒരു നൂറുവട്ടം സമ്മതമായിരുന്നു എനിക്ക്…. അന്ന് ബൈക്ക് വീഴ്തി അങ്ങേരേ തള്ളി ഇട്ടത് എന്റെ ജീവിതത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല…..

Leave a Reply

Your email address will not be published. Required fields are marked *