എനിക്ക് രണ്ടു പെൺകുട്ടികളാണ് ഭർത്താവിന് കാര്യശേഷിയില്ല എന്നെല്ലാം പറഞ്ഞു അവൾ എന്റെ മുന്നിൽ കരഞ്ഞപ്പോൾ..

(രചന: J. K)

“”അളിയൻ എന്നാ ഇനി പോണേ??” പെങ്ങളുടെ ഭർത്താവിന്റെ ചോദ്യം കേട്ട് ബാലൻ അയാളെ നോക്കി..

ബാലനോന്നും മനസ്സിലാകുന്നില്ല ആയിരുന്നു അതുകൊണ്ടുതന്നെ സംശയത്തോടെ നിന്നു അത് കണ്ട് ആവാം അയാൾ വീണ്ടും തെളിച്ചു തന്നെ പറഞ്ഞത്..

“” ജോലിസ്ഥലത്തേക്ക്? ”
എന്ന്..

ഇനി പോകുന്നില്ല എന്ന് പറയാൻ വായ തുറക്കുമ്പോഴേക്കും അയാൾ പറഞ്ഞു തുടങ്ങിയിരുന്നു ഇവിടെ ആകെ മൂന്നു മുറികളെ ഉള്ളൂ. ഒന്ന് ഞങ്ങൾ ഉപയോഗിക്കുന്നതാണ് പിന്നെയുള്ളത് കുട്ടികൾ വരുമ്പോൾ ഉപയോഗിക്കാനുള്ളതാണ്..

ഇപ്പോൾ കുട്ടികളുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് പണ്ടത്തെപ്പോലെ അല്ലല്ലോ അവർക്ക് നമ്മൾ വേണ്ടേ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി കൊടുക്കാൻ…

പണ്ടൊക്കെ അളിയൻ വരുമ്പോൾ അവരുടെ ഏതെങ്കിലും മുറി വൃത്തിയാക്കി ഇടാറാണ് പതിവ്.

ഇനിയിപ്പോ മൂത്തവൾ ഭർത്താവ് പോയാൽ ഇവിടെ വന്ന് സ്ഥിരമായി നിൽക്കാമെന്ന് പറയുന്നുണ്ട് ഇളയവൾക്കാണെങ്കിൽ ഇത് മാസം ഏഴാണ് അതുകൊണ്ട് അവളെ കൂട്ടിക്കൊണ്ടു വരാറായി..

ഇവിടെ നിൽക്കുന്നത് അളിയനും ബുദ്ധിമുട്ടാകും അല്ലേ എന്ന് ചോദിച്ചപ്പോൾ അയാൾ അറിയാതെ അതിന് മൂളി…

വെറുതെ എങ്കിൽപോലും പെങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കി സാരമില്ല ഏട്ടൻ ഇവിടെ നിന്നോട്ടെ ഉമ്മറത്തെങ്കിലും കിടക്കാലോ എന്ന് അവൾ പറയും എന്ന് വെറുതെ ചിന്തിച്ചു പക്ഷേ അതുണ്ടായില്ല ഭർത്താവ് പറഞ്ഞതിന് ഞാൻ എന്ത് മറുപടി കൊടുക്കും എന്ന് ജിജ്ഞാസയിൽ നോക്കി നിൽക്കുകയാണ്..

പോകുന്നുണ്ട് എന്ന് മൂളിപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞ സമാധാനം എനിക്ക് എന്തോ നോവ് സമ്മാനിച്ചു…

ഇന്നും കൂടി ഇവിടെനിന്ന് നാളെ അമ്മയുടെ ശ്രാദ്ധവും ഉണ്ടിട്ട് ഞാൻ പൊയ്ക്കോളാം എന്ന് പറയുമ്പോൾ ആ രണ്ടു മുഖത്തും വല്ലാത്ത സന്തോഷം നിറഞ്ഞിരുന്നതായി കണ്ടു…

അന്ന് രാത്രി ഉമ്മറത്തെ തിണ്ണയിൽ കിടന്നു വന്നു കിടന്നോളൂ എന്ന് അവൾ വിളിച്ചിട്ടും അകത്തേക്ക് പോയില്ല..

ഇവിടെ കിടന്നോളാം എന്നു പറഞ്ഞു…
ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് പോയി..

അന്ന് ഈ വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ പെങ്ങൾക്കുള്ള സ്വത്ത് ഭാഗിച്ചു നൽകിയിട്ടുണ്ടായിരുന്നു വീട് എന്റെ പേരിലായിരുന്നു അതുകൊണ്ടുതന്നെ അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലായിരുന്നു..

പ്രണയിച്ച് വിവാഹം കഴിച്ചവൾ അധികനാൾ കൂടെ ഉണ്ടായിരുന്നില്ല ഒരസുഖം വന്ന് ദൈവം അവളെ എന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കുമ്പോൾ യൗവനം വിട്ടു മാറിയിട്ടില്ലായിരുന്നു..

എങ്കിലും അവളുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ വയ്യ എന്നതുകൊണ്ട് മാത്രമാണ് ഇനി ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നില്ല എന്ന് സ്വയം ഉറപ്പിച്ചത് മറ്റുള്ളവർ ഏറെ നിർബന്ധിച്ചെങ്കിൽ കൂടി..

ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയ നിമിഷങ്ങളായിരുന്നു അത് പെങ്ങൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങളാണ് എന്നുപറഞ്ഞ് സ്വന്തം വീട്ടിലേക്ക് വന്നു ഞാൻ അവളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു..

എനിക്ക് രണ്ടു പെൺകുട്ടികളാണ് ഭർത്താവിന് കാര്യശേഷിയില്ല എന്നെല്ലാം പറഞ്ഞു അവൾ എന്റെ മുന്നിൽ കരഞ്ഞപ്പോൾ എന്നോ ഒരിക്കൽ എന്റെ പേരിൽ ഉണ്ടായിരുന്ന വീട് ഞാൻ അവൾക്കായി എഴുതി നൽകിയിരുന്നു…

അതിൽ പിന്നെ അവൾ പറഞ്ഞിരുന്നു ഈ വീട് എന്റെ പേരിലാണെന്ന് മാത്രമേ ഉള്ളൂ ഇതിന്റെ മുഴുവൻ അവകാശവും ഏട്ടന് തന്നെയാണ് എപ്പോ വേണമെങ്കിലും ഇവിടെ ഒരു മുറി ഏട്ടനായി തുറന്നു കിടപ്പുണ്ടാകും എന്ന്..

വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല അത് കേട്ട് മൗനം പാലിച്ചു… പിന്നെ അമ്മയും കൂടി വിട്ടു പോയപ്പോൾ എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല വല്ലാത്ത ഒറ്റപ്പെടൽ പോലെ അതുകൊണ്ടാണ് ദൂരെ സ്ഥലത്ത് ഒരു ജോലി ശരിയായപ്പോൾ അങ്ങോട്ടേക്ക് പോയത്…

ക്രമേണ ഞാൻ അവിടുത്തെ അതിഥിയായി മാറാൻ തുടങ്ങി എപ്പോഴെങ്കിലും വരുമ്പോൾ രണ്ടുദിവസം നിൽക്കും കയ്യിലുള്ള പണം എല്ലാം അവൾക്ക് കൊടുക്കും അപ്പോഴൊക്കെ വളരെ സന്തോഷമായിരുന്നു..

പിന്നെയും കരഞ്ഞ് രണ്ടു പെൺമക്കളുടെയും വിവാഹത്തിന് എന്റെ കയ്യിലുള്ളതും കൂടി അവൾ മേടിച്ചു വച്ചിരുന്നു എല്ലാം മനസ്സുനിറഞ്ഞു തന്നെയാണ് അവൾക്ക് കൊടുത്തത് എനിക്കൊരു കുടുംബം ഇല്ലല്ലോ..

അവളുടെ രണ്ടു മക്കളെയും ഞാനെന്റെ സ്വന്തം കുഞ്ഞുങ്ങളുടെ സ്ഥാനത്ത് തന്നെയാണ് കണ്ടത് അതുകൊണ്ട് അവർക്ക് കൊടുക്കുന്നത് ഒരു നഷ്ടമായി ഒരിക്കലും എനിക്ക് തോന്നിയിരുന്നില്ല..

ജോലി സ്ഥലത്തുനിന്ന് ചെറിയൊരു നെഞ്ചുവേദന വന്ന് ആശുപത്രിയിൽ ചെന്നപ്പോഴാണ് പറഞ്ഞത് ഇനി എന്റെ ശരീരത്തിന് ജോലിചെയ്ത് ജീവിക്കാനുള്ള ആരോഗ്യമില്ല റസ്റ്റാണ് വേണ്ടത് എന്ന്

അതുകൊണ്ട് എല്ലാം മതിയാക്കി വീട്ടിലേക്ക് തിരിച്ചു പോയതായിരുന്നു അവിടെ എനിക്കായി എന്നും തുറന്നു കിടക്കും എന്ന് പറഞ്ഞ മുറിയുണ്ടല്ലോ എന്നുള്ള ധൈര്യത്തിൽ….

എന്റെ സംസാരത്തിൽ നിന്ന് ഇനി ഞാൻ തിരിച്ചു പോകുന്നില്ല എന്നത് മനസ്സിലായിട്ടാണോ എന്തോ അവർ ഭയങ്കര പരിഭ്രമത്തിൽ ആയിരുന്നു ഞാൻ കൂടി അവരുടെ തലയിൽ ആകുമോ എന്ന്…

ആദ്യം ഒന്നും എനിക്ക് അവരുടെ പരിഭ്രമത്തിന്റെ കാര്യം പിടികിട്ടിയില്ല പിന്നീട് അവർ തന്നെ പല രീതിയിൽ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ അവർക്ക് ഒരു ബാധ്യതയാണ് എന്ന സത്യം എനിക്ക് മനസ്സിലായത്..

പിന്നെ എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല കാരണം എല്ലാം അവർക്കായി നൽകിയ ഒരു വിഡ്ഢിയാണല്ലോ ഞാൻ…

എല്ലാകാലത്തും എല്ലാവർക്കും സ്നേഹം ഒരുപോലെ ആയിരിക്കും എന്ന് വിശ്വസിച്ച ഒരു പമ്പര വിഡ്ഢി…

ഇനിയും ജോലിയെടുത്ത് മുന്നോട്ടുപോകാനുള്ള ആരോഗ്യം എനിക്കുണ്ടോ എന്നറിയില്ല എങ്കിലും ജോലിക്ക് പോകാൻ തന്നെ തീരുമാനിച്ചായിരുന്നു അവിടെ നിന്നും ഇറങ്ങിയത്…

വെറുതെ അന്നെടുത്ത ലോട്ടറിയാണ്..
വഴിയരികിൽ രണ്ടു കാലും ഇല്ലാതെകഴിയുന്ന ജോലി ചെയ്തു, ഒരു യാചകനായി വിധിയോട് തോറ്റു കൊടുക്കാൻ മനസ്സില്ലാത്തവനെ കണ്ടപ്പോൾ അവന്റെ കയ്യിൽ നിന്ന് വാങ്ങിയ ലോട്ടറി…

അത് അടിച്ചു എന്ന് കുറച്ചുപേർ എന്നെ തിരഞ്ഞ് വന്നപ്പോഴാണ് മനസ്സിലായത്..
ഒക്കെ നഷ്ടപ്പെട്ടവന് അവസാനമായി കിട്ടിയ ഒരു കച്ചി തുരുമ്പ്..

ലോട്ടറി അടിച്ച കാര്യം എല്ലായിടത്തും അറിഞ്ഞപ്പോൾ വന്നിരുന്നു എന്റെ പെങ്ങളും ഭർത്താവും അവരുടെ മക്കളും ചേർന്ന് എന്നെ അങ്ങോട്ട് ആനയിച്ചു കൊണ്ടു പോകാൻ…

“” ഞാൻ വന്നാൽ എങ്ങനാ അവിടെ ആകെ മൂന്നു മുറികളല്ലേ ഉള്ളൂ അത് നിങ്ങൾക്ക് തന്നെ അത്യാവശ്യമാണ് അതുകൊണ്ട് ഞാൻ എന്റെ കാര്യം നോക്കി പോയിക്കോളാം എന്ന് പറഞ്ഞ് അവരെ പറഞ്ഞു വിട്ടു…. “”

കുറെ കരഞ്ഞും പതം പറഞ്ഞുമോക്കെ പെങ്ങൾ കുറെ എന്റെ മനസ്സ് മാറ്റാൻ ശ്രമിച്ചുനോക്കി ഒരുതവണ ചൂടുവെള്ളത്തിൽ വീണ പൂച്ച ആയതുകൊണ്ട് പച്ചവെള്ളം കണ്ടാല്‍ പോലും ഞാൻ സൂക്ഷിക്കാൻ പഠിച്ചിരുന്നു..

ആദ്യം തന്നെ ചെയ്തത് എനിക്ക് ഇനിയുള്ള കാലം ജീവിക്കാൻ അത്യാവശ്യമായ ഒരു സംഖ്യ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു ബാക്കി ഒരു കുഞ്ഞു വീടും സ്ഥലവും ഞാൻ വാങ്ങി…

ഇനി എന്റെ കാര്യത്തിന് മാത്രമായി പണം ചെലവാക്കും മറ്റുള്ളവരെ ആരെയും പരിഗണിക്കില്ല എന്ന് ഞാൻ എനിക്ക് തന്നെ കൊടുത്തിരുന്ന വാക്കായിരുന്നു…

കാലം അതാണ് നന്മ വിചാരിച്ച് എന്തെങ്കിലും ചെയ്താൽ കൂടി അത് തിരിച്ച് നമുക്ക് തന്നെ പാരയായി വരുന്ന കാലം…

ഇവിടെ ഞാൻ പഠിച്ച പാഠം നമ്മൾ നമുക്ക് ആദ്യം ഇംപോർട്ടൻസ് കൊടുക്കുക എന്നതാണ്….

മറ്റുള്ളവർക്ക് ഒരുപക്ഷേ ഈ തിയറി തെറ്റായിട്ട് തോന്നും പക്ഷേ എന്റെ അനുഭവത്തിൽ ഇതാണ് ശരി…