ഇതിനിടയിൽ നാട്ടുകാരുടെ വക പല വിധത്തിലുള്ള പേരുദോഷങ്ങളും ചാർത്തി തന്നിരുന്നു, ആദ്യം എല്ലാം അത് കേട്ട്..

(രചന: J. K)

“” മധുവിന്റെ ഒരു സുഹൃത്താണ് “” എന്ന് പറഞ്ഞായിരുന്നു അയാൾ കയറിവന്നത് പിന്നെ സംസാരിച്ചത് മുഴുവൻ അച്ഛൻ അയാൾക്ക് കൊടുക്കാനുള്ള ഭീമമായ തുകയെ പറ്റിയാണ്..

അമ്മ അയാളുടെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി.. ഇതിനെപ്പറ്റി ഒന്നും എനിക്ക് അറിയില്ല എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞുഅയാളുടെ കയ്യിൽ തെളിവുണ്ട് എന്ന്..

ഇങ്ങനെ വരുന്ന ആദ്യത്തെ ആൾ ഒന്നുമല്ല ഇത്..

അച്ഛൻ ഒരു കോൺട്രാക്ടർ ആയിരുന്നു..
വീടുകളും മറ്റും തൊഴിലാളികളെ വച്ച് ഒന്നിച്ച് കോൺട്രാക്ട് എടുത്ത് ചെയ്യിപ്പിക്കുന്ന ജോലി അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കയ്യിൽ ധാരാളം പണവും ഉണ്ടായിരുന്നു..

എല്ലാ സൗകര്യത്തോടും കൂടി തന്നെയാണ് തങ്ങളെ അച്ഛൻ നോക്കിയത്..

അച്ഛന്റെ തണലിൽ നിൽക്കുക എന്നല്ലാതെ അമ്മയ്ക്ക് മറ്റൊന്നും അറിയില്ലായിരുന്നു എന്തിന് വെറുതെ ഒന്ന് പുറത്തുപോയി സാധനം വാങ്ങാൻ പോലും അമ്മയ്ക്ക് അറിയില്ല എല്ലാം അച്ഛൻ കണ്മുന്നിൽ എത്തിച്ചു കൊടുക്കും..

അതുകൊണ്ടുതന്നെയാണ് പെട്ടെന്നൊരു ദിവസം അച്ഛനെ നഷ്ടമായപ്പോൾ അമ്മ ഒന്നുമല്ലാതായി തീർന്നതും..

കൺസ്ട്രക്ഷൻ സൈറ്റിലേക്ക് പോയതായിരുന്നു അച്ഛൻ അവിടെ രണ്ടാമത്തെ നിലയിൽ നിൽക്കുമ്പോൾ എന്തോ തലചുറ്റി വീഴുകയായിരുന്നു…

തലയുടെ പുറകിലാണത്രേ പരിക്ക് പിന്നെ അറിഞ്ഞത് ഞങ്ങൾക്കിനി അച്ഛനില്ല എന്ന വാർത്തയായിരുന്നു എനിക്കും അമ്മയ്ക്കും അത് ഉൾക്കൊള്ളാൻ പറ്റിയില്ല…

അച്ഛനില്ലാത്ത വീട് ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ ആകുമായിരുന്നില്ല അവിടെ എല്ലാം അച്ഛനായിരുന്നു..

ഒരു ദിവസം രാത്രി അമ്മയെ കെട്ടിപ്പിടിച്ച് കരയുമ്പോൾ ഞാൻ ചോദിച്ചതാണ് അച്ഛന്റെ കൂടെ നമുക്കും പോയാലോ അമ്മേ എന്ന്..

“” അത് അച്ഛന് സങ്കടം ആവില്ലേ കുഞ്ഞാ എന്ന് അമ്മ ചോദിച്ചപ്പോഴാണ് എനിക്കും തിരിച്ചറിവുണ്ടായത്…

അതെ അത് അച്ഛന് സങ്കടം തന്നെയാകും ഞങ്ങൾ വിഷമിക്കുന്നത് അച്ഛന് താങ്ങാൻ പോലും കഴിയില്ല അപ്പോൾ പിന്നെ മരണത്തെപ്പറ്റി ചിന്തിക്കുന്നത് ഇന്നത്തോടെ നിർത്തി എന്ന് ഞാൻ എനിക്ക് തന്നെ ഉറപ്പ് നൽകി….

ഇനിയങ്ങോട്ട് എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഓരോരുത്തരായി ഓരോ പണത്തിന്റെ കഥകളും പറഞ്ഞ് വരുന്നത്…

അച്ഛൻ ഒന്നും അമ്മയോട് പറയാറില്ല,, ഇത്തരം കണക്കുകൾ ഒന്നും എല്ലാം സ്വന്തമാണ് ചെയ്യാറ് അതുകൊണ്ട് ഇതൊക്കെ സത്യമാണോ എന്ന് പോലും അറിയില്ല…

എന്തായാലും എല്ലാവരും കൂടി വന്ന് ഭീമമായ ഒരു തുക നൽകാനുണ്ടെന്ന് അറിയിച്ചതിന് തുടർന്നാണ് ഞങ്ങൾക്ക് വീടും സ്ഥലവും എല്ലാം വിൽക്കേണ്ടി വന്നത് എന്നിട്ടും ഉണ്ടായിരുന്നു പിന്നെയും കടബാധ്യത…

അച്ഛൻ ഉണ്ടാക്കിയത് വിറ്റു പോരാത്തതിന് അമ്മയ്ക്ക് അമ്മയുടെ വീട്ടിൽ നിന്ന് ഷെയർ കിട്ടിയത് കൂടി വിൽക്കേണ്ടി വന്നു…

എനിക്ക് എന്ന് കരുതി വച്ചതായിരുന്നു ആ കണ്ണായ സ്ഥലം… എന്റെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും അത് വിൽക്കേണ്ടി വന്നപ്പോൾ അമ്മയ്ക്ക് വല്ലാത്ത സങ്കടം ആയിരുന്നു..

അതുകൊണ്ടാണ് മറ്റെന്തെങ്കിലും വഴി കാണാൻ വേണ്ടി അമ്മ വീട്ടിലേക്ക് ചെന്നത്… അമ്മയുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലായിരുന്നു…

അമ്മയുടെ ആങ്ങളമാരോടൊക്കെ അമ്മ സഹായം ചോദിച്ചതാണ് അവരുടെ ആരുടെ അടുത്തും പണമില്ല എന്ന് പറഞ്ഞ് അമ്മയെ തിരിച്ചുവിട്ടു.

പക്ഷേ അമ്മയ്ക്ക് ഷെയർ കിട്ടിയ ടൗണിൽ തന്നെ ഉള്ള സ്ഥലം വിൽക്കാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ അത് വാങ്ങാനായി അവർ മത്സരിച്ചെത്തിയിരുന്നു…

അതോടുകൂടി കുടുംബക്കാരുടെ മേലുള്ള വിശ്വാസവും നഷ്ടപ്പെട്ടു ആരും ഉണ്ടാവില്ല ഒരു അപകടം വരുമ്പോൾ എന്ന് ശരിക്കും എനിക്കും അമ്മയ്ക്കും മനസ്സിലായിരുന്നു…
ഇനി അവർ ആരും വേണ്ട തങ്ങൾക്ക് എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും തീരുമാനമായിരുന്നു…

വെറും പ്ലസ് ടു കാരിയായ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് അപ്പോൾ മുതൽ ഞാൻ ചിന്തിച്ചു തുടങ്ങിയത്…

ഇതുവരെ പഠിച്ചിരുന്ന വലിയ സ്കൂളിലേക്ക് ഫീസ് അടയ്ക്കാത്തതുകൊണ്ട് ഇനി പോകാൻ കഴിയില്ല.. അതുകൊണ്ടുതന്നെയാണ് ഗവൺമെന്റ് സ്കൂളിൽ ചേർന്നത്..

അത് വലിയ കുറച്ചിലായിട്ടൊന്നും തോന്നിയില്ല..
അവിടെ കുട്ടികൾ പാർടൈം ജോലിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു..

അവരുടെ ഫീസും ചെറിയ കുഞ്ഞു കുഞ്ഞു ആവശ്യങ്ങളും അവരെ കൊണ്ട് തന്നെ നിറവേറ്റാൻ സാധിച്ചിരുന്നു അത് കണ്ടപ്പോൾ വലിയ അഭിമാനമാണ് തോന്നിയത്…

രാവിലെ ആറുമണി മുതൽ 9 മണിവരെയും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും ഒരു പെട്രോൾ പമ്പിൽ നിൽക്കാമോ എന്ന് ചോദിച്ചു…

ഞങ്ങളുടെ വീടിനു തൊട്ടരികിൽ തന്നെ ആയിരുന്നു…. ആദ്യമൊക്കെ ഒരു ഭയം തോന്നി പിന്നെ മനസ്സിലായി ഭയപ്പെട്ട് നമ്മൾ വീട്ടിൽ ഇരുന്നിട്ടുണ്ടെങ്കിൽ അവിടെ ഇരിക്കുകയേ ഉണ്ടാവു..

ജീവിതം മുന്നോട്ടു പോകില്ല എന്ന് അതുകൊണ്ടുതന്നെ ധൈര്യസമേതം ആ ജോലി തിരഞ്ഞെടുത്തു…

അമ്മ പണ്ട് അച്ഛനെ വിവാഹം കഴിക്കുന്നതിനു മുമ്പ് ചെറുതായി തയ്യൽ ഒക്കെ ചെയ്യുമായിരുന്നു…

അതുകൊണ്ടുതന്നെ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ഗാർമെന്റ്സ് ഉണ്ടായിരുന്നു .
ഈ ആശുപത്രിയിലെക്ക് ആവശ്യമുള്ള വസ്ത്രങ്ങളെല്ലാം തയ്ച്ചുകൊടുക്കുന്ന ഒരു ഗാർമെന്റ്സ്..

അവിടെ അമ്മ ജോലിക്ക് പോകാൻ തുടങ്ങി. ആദ്യം ഒന്നും വലിയ വരുമാനം ഒന്നും ഉണ്ടായിരുന്നില്ല.. ക്രമേണ അമ്മയെല്ലാം പഠിച്ചെടുത്തു… അവിടെ തന്നെ സൂപ്പർവൈസർ ആയി തീർന്നു..

അത്യാവശ്യം ഞങ്ങളുടെ കാര്യങ്ങൾ നന്നായി തന്നെ മുന്നോട്ടു പോകാൻ ഉള്ളത് ഞങ്ങൾ രണ്ടുപേരുംകൂടി സമ്പാദിക്കാൻ തുടങ്ങി..

ഇതിനിടയിൽ നാട്ടുകാരുടെ വക പല വിധത്തിലുള്ള പേരുദോഷങ്ങളും ചാർത്തി തന്നിരുന്നു..

ആദ്യം എല്ലാം അത് കേട്ട് വിഷമിക്കുന്ന അമ്മയെ കണ്ടു പക്ഷേ പിന്നീട് അതെല്ലാം ധീരതയോടെ നേരിടാൻ അമ്മ പഠിച്ചു…

അമ്മയ്ക്ക് അത്യാവശ്യം വരുമാനമായപ്പോൾ എന്നോട് ജോലിക്ക് പോകേണ്ട പഠിത്തത്തിൽ ശ്രദ്ധിച്ചാൽ മതി എന്ന് അമ്മ പറഞ്ഞിരുന്നു..

അമ്മ പറഞ്ഞതുപോലെ തന്നെ ഞാൻ പഠിതത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അച്ഛന്റെ ആഗ്രഹം ഞാൻ സിവിൽ സർവീസ് എഴുതിയെടുക്കുന്നതായിരുന്നു..

അതിനായുള്ള ശ്രമങ്ങൾ തുടർന്നു..
ഇടയ്ക്ക് അച്ഛനെ വല്ലാതെ മെസ്സിയും ഞാൻ അമ്മയുടെ മടിയിൽ പോയി കിടക്കും..

അപ്പോൾ അമ്മ പറയുന്ന ഒരു വാക്കുണ്ട് .

അദ്ദേഹത്തിന് നമ്മളെ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ അദ്ദേഹത്തിന്റെ ഇഷ്ടം അദ്ദേഹം ശരിയായ രീതിയിൽ അല്ല നമ്മളോട് കാണിച്ചത് ഒരിക്കലും സ്നേഹം കൊണ്ട് മറ്റൊരാൾക്ക് എല്ലാം ചെയ്തു കൊടുക്കരുത്..

അവരോട് സ്നേഹം ഉണ്ടെങ്കിൽ അവരെയും നമ്മളുടെ ഒപ്പം എല്ലാം ചെയ്യാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്..

നാളെ ഒരാൾ നഷ്ടപ്പെട്ടാലും മറ്റുള്ളവർ തകർന്നു പോകാതിരിക്കാൻ അതൊരു വലിയ സഹായമാണ്..

അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ട് നമ്മളെ ഒരിക്കലും കഷ്ടപ്പെടുത്തിയില്ല പക്ഷേ പിന്നീട് നമുക്ക് തന്നെ അതൊരു ദോഷമായി തീർന്നില്ലേ..

ഒരുപക്ഷേ എന്നെക്കൂടി അദ്ദേഹം എല്ലാം പഠിപ്പിച്ചു തന്നിരുന്നെങ്കിൽ നമുക്ക് എത്രത്തോളം കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു…

അച്ഛനോടുള്ള സ്നേഹക്കുറവ് കൊണ്ടല്ല അമ്മ പറയുന്നത് എന്ന് എനിക്കറിയാമായിരുന്നു ഈ പറയുന്നതു മുഴുവൻ ജീവിച്ചു, ജീവിതം പഠിച്ച ഒരു സ്ത്രീയുടെ വാക്കുകൾ ആണ് എന്ന് എനിക്ക് അറിയാമായിരുന്നു…..

ഞാൻ സിവിൽ സർവീസ് നേടിയപ്പോഴും ഒപ്പം അശരണരായവർക്ക് താങ്ങായപ്പോഴും എല്ലാം ഈ വാക്കുകൾ ആയിരുന്നു എന്നെ മുന്നോട്ടു നയിച്ചത്….