ഒറ്റമോൻ ആയതിന്റെ പേരിലും കൂട്ട് കൂടി വഴിതെറ്റി പോകുമെന്ന് ഭയന്നും ഇത്രയും..

വിഷാദ രോഗി
(രചന: Joseph Alexy)

“അതേയ് ആ ചെക്കന് മറ്റേ രോഗം ആണെന്ന് തോന്നുന്നു.. ” മിനി തന്റെ കെട്ട്യൊനൊട് വലിയൊരു രഹസ്യം പറഞ്ഞു

“ഞാൻ ഇന്നാള് പറഞ്ഞില്ലേ ഡി പ്രെഷൻ.. ആ ത്മ ഹത്യ ചെയ്യാൻ ഓക്കേ തോന്നണെ” മിനിയുടെ കെട്ട്യോൻ അവളെ അതിശയത്തോടെ നോക്കി.

” അതെന്നാടി അങ്ങനെ തോന്നാൻ ?? ”

“അത് പിന്നെ ആ ചെക്കൻ എപ്പോളും റൂമിൽ അടച്ചു പൂട്ടി ഇരിക്കുവല്ലേ..?? നമ്മടെ മോന്റെ കൂടെ പോലും എങ്ങോട്ടും പോവുന്നത് ഞാൻ കണ്ടിട്ടില്ല..” മിനിയുടെ കണ്ട് പിടിത്തം കെട്ട്യോനും ശരിയാണെന്ന് തോന്നി.

“അങ്ങനെ ആണേൽ നീ നാളെ തന്നെ സിന്ധുനെ കണ്ട് കാര്യം പറ വച്ചോണ്ട് ഇരിക്കണ്ട…” അയൽക്കാരോട് അവരുടെ മകനെ പറ്റി സംസാരിക്കാൻ തന്നെ മിനി തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ പതിവ്
വർത്താനങ്ങൾക്കിടയിൽ മിനി ഉണ്ണിയുടെ കാര്യം എടുത്തിട്ടു.

“അല്ലാ സിന്ധു.. ഉണ്ണിയെ അധികം പുറത്ത് കാണാറില്ലാലൊ? എന്താ അങ്ങനെ ?? ”

” അവൻ അങ്ങനെയാ ചേച്ചി അധികം
പുറത്ത് ഇറങ്ങാറില്ല ” സിന്ധു കുറച്ചു വിഷമത്തോടെ ആണ് പറഞ്ഞത്

“അവന്റെ പ്രായത്തിൽ ഉള്ള പിള്ളേരെല്ലാം അടിച്ചുപൊളിച്ചു നടക്കുവല്ലേ..ഉണ്ണിയെ ആണേൽ അങ്ങനെ കാണാറും ഇല്ല..” മിനി ഒന്നൂടി വ്യക്തമാക്കി.. ചോദിച്ചു.

” നിധിൻ എന്ത്യേ..ഇന്ന് കണ്ടില്ലാലൊ..?” സിന്ധു തന്നെ വിഷയം മാറ്റി.

“അവൻ രാവിലെ പോയി.. പഴയ പ്ലസ്ടു കൂട്ടുകാർ എല്ലാം കൂടി റീയൂണിയൻ വച്ചിട്ടുണ്ടെന്ന്. അവർ ഒരുമിച്ചു പഠിച്ചതല്ലെ ഉണ്ണി പോയില്ലേ ? ”
മിനി ചോദ്യഭാവത്തിൽ നോക്കി.

സിന്ധുവിൽ നിന്നും പ്രെതികരണം ഒന്നും കാണാത്തത് കൊണ്ട് പുറകെ ആ വലിയ രഹസ്യം എടുത്തിട്ടു.

“ശരിക്കിനും ഉള്ളതാടി ഞാൻ വായിച്ചതാ ഇപ്പോളത്തെ പിള്ളേർക്ക് ഓക്കേ ഇടക്ക് വരണതാന്ന്.. ആ ത്മ ഹത്യ ചെയ്യാൻ വരെ തോന്നും എന്നാ പറയണെ ”

ആ ത്മ ഹത്യ എന്ന് കേട്ടതും സിന്ധു ഞെട്ടി.

“എന്തായാലും നീ നിന്റെ കെട്ടിയോൻ വരുമ്പോൾ ഇതിനെ പറ്റി ഒന്ന് സംസാരിക്ക് .. സമയമില്ല ഞാൻ
ചെല്ലട്ടെ ” പോണ പോക്കിൽ നല്ല ഒരുപദേശവും കൂടി പാസ്സ് ആക്കി മിനി ദൗത്യം പൂർത്തികരിച്ചു.

നെഞ്ചിൽ വലിയൊരു തീക്കനലുമായി സിന്ധു അകത്തേക്ക് കയറി. ഹാളിൽ ടിവി കണ്ടിരിക്കുന്ന ഉണ്ണിയെ ഒന്ന് നോക്കിയ ശേഷം അടുക്കളയിൽ വന്ന് കുറച്ചു വെളളം കുടിച്ചു മനസ്സ് തണുപ്പിച്ചു.

പിന്നെ അവിടെ നിന്ന് ഉറക്കെ വിളിച്ചു.

“ഡാ നിന്നോട് കുറച്ചു ചോദിക്കാൻ ഉണ്ട് ഇങ്ങോട്ട് വാ”

” അമ്മ പറഞ്ഞോ ഞാൻ കേൾക്ക് ണ്ട് ”
മറുപടി വന്നു.

“നീ ഇങ്ങോട്ട് വാ എന്നിട്ട് പറയാം ”
ഇത്തവണ കുറച്ചു കടുപ്പിച്ചാണ് അവൾ വിളിച്ചത്.

“എന്താമ്മ..?” ഉണ്ണി വന്നെങ്കിലും മുഖത്ത് ദേഷ്യം പ്രകടമാണ്.

” നിന്റെ പ്ലസ്ടു കൂട്ടുകാർ ഓക്കേ ഇന്ന് കൂടുന്നുണ്ടല്ലോ നീ എന്താ പൊവാഞെ ?? ”

” ആ എനിക്ക് പോവാൻ തോന്നില്ല .. ”
അവൻ അലക്ഷ്യമായ് മറുപടി കൊടുത്തു.

“നിനക്ക് ഇപ്പോൾ 22 വയസ്സായി ഒരു മനുഷ്യന്റെ മുഖത്ത് നോക്കി
സംസാരിക്കാനൊ പെരുമാറാനൊ അറിയില്ല..നിന്റെ സമപ്രായക്കാരായ ആൺകുട്ടികളുടെ..

കൂടെ കൂട്ടില്ല സൗഹൃദങ്ങൾ ഇല്ലാ.. എപ്പോളും അടച്ചു വീട്ടിൽ അല്ലേൽ.. നിന്റെ മുറിയിൽ അതെന്താ അങ്ങനെ..” അവൾ ഒറ്റശ്വാസത്തിൽ ചോദിച്ചു.

ഉണ്ണി മിണ്ടാതെ തന്നെ നിന്നു അവന്റെ മുഖത്തു യാതൊരു വികാരങ്ങളും പ്രകടമായിരുന്നില്ല.

“എടാ നിന്നോടാ ചോദിച്ചേ..നിന്റെ അതെ പ്രായമല്ലെ നിധിനു൦ അവന് എത്ര
കൂട്ട്കാരാ ?.. എപ്പോ നോക്കിയാലും ഫോണിൽ കളിച്ചും കിടന്നുറങ്ങിയും
റൂമിൽ തന്നെ അടഞ്ഞിരുന്നോണ൦”

മിനിയോടുള്ള ദേഷ്യം കൂടി അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു.

ഉണ്ണി ഒന്നും മിണ്ടാതെ തിരിച്ച് റൂമിലേക്ക് പോയി.

” പൊയ്ക്കോ..പോയി റൂമിൽ
അടച്ചിരുന്നൊ തിന്നാൻ നേരം മാത്രം പുറത്ത് ഇറങ്ങിയാ മതി ”
സിന്ധു അവൻ പോകുന്നതും നൊക്കി നിന്നൂ.

“ഏട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്” വൈകുന്നേരം പണി കഴിഞെത്തിയ കെട്ട്യോന്റെടുത്തു കുറച്ചു ഗൗരവത്തോടെ അവൾ തുടക്കം ഇട്ടു.

“എന്താ..???”

“ഉണ്ണിയെ പറ്റിയാ…”

“അവനെന്താ..പറ്റിയെ?.

” അവൻ ഈ മുറിവിട്ട് എവിടേം പോണില്ല.. എപ്പോളു൦ ഫോണിൽ കളിച്ചിരിക്കാ അപ്പുറത്തെ നിധിനെ കണ്ടോ..? എന്തോരം കൂട്ടൂക്കാരാ.. നാട്ടിൽ എല്ലാ പരുപാടിലു൦ അവൻ മുന്നിൽ ഉണ്ടാവും പിള്ളേരായ അങ്ങനെ വേണം ”

അവൾ തന്റെ വിഷമത്തിന്റെ
കെട്ടഴിച്ചു.

“അവൻ പണ്ടും അങ്ങനെ തന്നെ ആരുന്നല്ലോ അതിനിപ്പോ എന്നാ..??
പിന്നെ അപ്പുറത്തെ ചെക്കനെ വച്ചു അവനെ താരതമ്യം ചെയ്യണേതൊക്കെ മോശല്ലെ ?..” അയാൾ ചൊദ്യഭാവത്തിൽ ഭാര്യയെ നൊക്കി..

“അങ്ങനെ വിട്ടാൽ പറ്റൂല..നിങ്ങൾ ഒന്ന് സംസാരിക്കണം അവനോട് ..
ചിലപ്പോൾ വല്ല ഡിപ്രെഷൻ ഓക്കേ ആണെങ്കിലോ.. പറയാൻ പറ്റില്ല ഒന്നും ”
അവൾ തന്റെ ആശങ്ക അറിയിച്ചു.

“ഓരോന്ന് ആലോചിച്ചു കൂട്ടണ്ട..
ഞാൻ സംസാരിക്കാം അവന്റെടുത്ത് അത് പോരേ?”

” മതി അതുമതി..”.

രാത്രി അത്താഴം കഴിഞ്ഞുള്ള ഇടവേളയിൽ സിന്ധു കെട്ട്യോനെ തോണ്ടി. എന്തോ ഓർത്തപോലെ അയാൾ മകനെ വിളിച്ചു..

“മോനെ ഉണ്ണി ഇങ്ങ് വന്നെ..”

“എന്താച്ഛാ..”

” നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് .. ഇവിടെ ഇരീക്ക്. ” അവരോട് ചേർന്ന് അടുത്ത സോഫയിൽ ആയ് ഉണ്ണിയും ഇരുന്നു..

“മോനെ..നിന്നെ ഞാൻ കുറ്റപെടുത്തുവല്ല നിനക്ക് അറിയാലോ നീ ഒറ്റമോനാ ഞങ്ങൾക്ക് ഇവിടെ ആരും നിനക്കു കളിക്കാനൊ കൂട്ട് കൂടാനോ ഇല്ല ..

നിനക്ക് വല്ലപോളും ഓക്കേ പുറത്ത് ഇറങ്ങി കൂടെ ? നിന്റെ സമപ്രായക്കാരോ അല്ലാത്തതോ ആയ കൂട്ടുകാർ പുറത്ത് ഇല്ലെ..? എപ്പോളും ഈ റൂമിൽ അടച്ചിരുന്നു ഫോണിൽ കളിച്ചും ടിവീം കണ്ട് സമയം കളയണോ?”

അയാൾ ഒന്ന് നിർത്തി മകനെ നിരീക്ഷിച്ചു. അവന്റെ കണ്ണുകൾ എവിടെയും ഉറക്കാതെ പരതി കൊണ്ടിരുന്നു.

അയാൾ വീണ്ടും തുടർന്നു…

“നിന്റെ അതെ പ്രായത്തിൽ അല്ലെ അപ്പുറത്തെ നിധിമോനും അവനെ കണ്ടില്ലേ എപ്പോഴും നല്ല ചുറുചുറുക്കോടെ നടക്കുന്നെ.. നിനക്ക് എന്തേലും വിഷമമൊ മറ്റൊ ഉണ്ടെങ്കിൽ…?? “”

അയാൾ തന്റെ മകനോട് അത്രയും സ്നേഹത്തോടെ ചോദിച്ചു.

ഉണ്ണി രണ്ടു പേരെയും മാറി മാറി നോക്കി അവർ തന്റെ ഉത്തരത്തിനായി കാത്തു നില്ക്കുന്നു..

“അമ്മേ അച്ഛാ..എനിക്ക് വല്ല ഡിപ്രെഷൻ ആണെന്നോ മറ്റൊ നിങ്ങൾ കരുതുന്നുണ്ടോ.?”

“അങ്ങനെ അല്ലടാ. ഞാൻ…. ”

“അച്ഛാ.. അച്ഛൻ പറയുന്നത് എനിക്ക് മനസിലാവും… ഈ വീട്ടിൽ ഞാൻ ജനിച്ചതും വളർന്നതും ഒറ്റക്കാണ് ഒന്ന് കൂട്ടുകൂടാനും കളിക്കാനും കൊതിച്ചിട്ടുണ്ട് എന്നെങ്കിലും..

കൂട്ടുകാർകൊപ്പം കളിക്കാനൊ ഒന്ന് കറങ്ങാൻ പോവാനൊ എന്റെ ഇഷ്ട്ടത്തിനു അമ്മ വിട്ടിട്ടുണ്ടോ..??? ”

അവന്റെ ചോദ്യത്തിന് മുന്നിൽ സിന്ധുവിനു ഒന്നും മിണ്ടാൻ പറ്റിയില്ല.

ഉണ്ണി തുടർന്നു.

“മറ്റുള്ള കുട്ടികൾ പാടത്തും പറമ്പിലും അവരുടെ ബാല്യം ആസ്വദികുമ്പോൾ
ഒരു പാവയെപോലെ നൊക്കിയിരികാൻ അല്ലെ നിങ്ങൾ അനുവദിച്ചുള്ളൂ

ഒരു പള്ളിപേരുനാളിനോ ഉത്സവത്തിനോ എന്തിനു തൊട്ടടുത്ത വീട്ടിൽ ഒരു കല്യാണത്തിനു പോലും എന്നെ കൂട്ടുകാർകൊപ്പം വിട്ടിട്ടുണ്ടോ..?

എന്റെ ഒഴിവു സമയങ്ങൾ പോലും ഒരു മനുഷ്യനോട്‌ മിണ്ടാനൊ പറയാനോ വിട്ടിട്ടില്ല.. പോയപ്പോൾ എല്ലാം അടിച്ചു വീട്ടിൽ കയറ്റി…..

21 വർഷത്തോളം കൂട്ടിൽ ഇട്ട് വളർത്തിയ എനിക്ക് ഒരു സുപ്രഭാത്തിൽ നിധിനെ പോലെയോ മറ്റ് ആരെ പോലെയോ ജീവിക്കാൻ പറ്റുന്നില്ല.. സമൂഹത്തിൽ ജീവിക്കാൻ ഞാൻ ഭയപെടുന്നു..”

ഉണ്ണി കിതച്ചു തുടങ്ങിയിരുന്നു.

“മോനെ നിന്റെ സുരക്ഷയെ ഓർത്താണ് ഞങ്ങൾ …. സിന്ധു തങ്ങളുടെ ഭാഗം ന്യായികരിക്കാൻ ശ്രമിച്ചു.”

അമ്മ കുറച്ചു മുമ്പ് ചോദിച്ചു എന്താ
റീ യൂണിയൻ പൊവാഞ്ഞെന്ന് ഇതിനു മുമ്പും പലപ്പോളും അവർ കൂടിയിട്ടുണ്ട് എന്നെങ്കിലും എന്നെ വീട്ടിട്ടുണ്ടോ?

എനിക്ക് വരുന്ന ഒരു ഫോൺ കാൾ പോലും പ്രൈവസിയോടെ സംസാരിക്കാൻ പറ്റില്ല.

ഇവിടെ ആരെങ്കിലും വന്നാൽ പോകുന്നത് വരെ അടുത്ത് നിന്ന് സംശയത്തോടെ നിരീക്ഷണം നടത്തും. മറ്റുള്ളവർ സ്വാതന്ത്ര്യത്തോടെ പറക്കുമ്പോൾ രണ്ട് കാലിലും ചങ്ങല ഇട്ട ഞാൻ അതൊക്കെ സ്വപ്നം കണ്ടിട്ടെ ഉള്ളു. …

സിന്ധുവും കെട്ട്യോനും കുറച്ചു നേരത്തെക്ക് ഷോക്ക് വിട്ട് മാറിയില്ല.

“ഈ ഏകാന്തതയെ നിങ്ങൾ
ആണ് സംരക്ഷണ൦ എന്നാ പേരിൽ എനിക്ക് കൂട്ട് തന്നത്..അത് ഞാൻ ഇപ്പോൾ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.. ഇനിയും ഞാൻ മാത്രം ആണ് തെറ്റുകാരൻ എന്ന് അച്ഛന് തോന്നുന്നുണ്ടോ…??”

അത്രയും പറഞ്ഞു അവൻ രണ്ട് പേരെയും മാറി മാറി നൊക്കി.

” ഞാൻ മാറാൻ ശ്രെമിക്കാം .. എന്നെ കൊണ്ട് പറ്റുന്ന പോലെ ” ഉണ്ണി ഒരിക്കൽ കൂടി അവരെ നോക്കി ശേഷം തന്റെ റൂമിലേക്ക് പോയി.

‘അവൻ പറഞ്ഞതെല്ലാം സത്യം ആണ് ഒറ്റമോൻ ആയതിന്റെ പേരിലും
കൂട്ട് കൂടി വഴിതെറ്റി പോകുമെന്ന്
ഭയന്നും ഇത്രയും കാലം തങ്ങൾ അവനെ പുറത്ത് വിടാനോ കൂട്ട് കൂടാനോ അനുവദിച്ചിട്ടില്ല..

പെട്ടെന്നു ഒരു ദിവസം അവന് മാറാൻ കഴിയില്ലെന്നും മനസിലാക്കിയില്ല..’

പ്രതി സന്ധികൾ വരുമ്പോൾ അതിനെ എതിർത്തു നിക്കാൻ പഠിപ്പിച്ചില്ല പകരം ഇരുട്ട് അറകളിൽ ഒളിപ്പിച്ചു നിർത്തി.

വളരുന്ന കാലഘട്ടത്തിൽ ഈ സമൂഹത്തെ അറിയാനും ആളുകളെ തിരിച്ചറിയാനും.. എന്തിന് മണ്ണിനെയും മഴയെയും ഈ കത്തുന്ന വെയിലിനെയും അനുഭവിക്കാൻ വിട്ടിട്ടില്ല.

ഒരിക്കലും അവന്റെ മാത്രം തെറ്റ് അല്ല…

“സിന്ധു അവനെ നീ ഇനി വഴക്ക് പറയരുത് അവൻ ഇങ്ങനെ ആയതിൽ നമുക്കു൦ പങ്കുണ്ട് ”

“അവൻ ഇത്ര വിഷമം ഉള്ളിൽ ഉണ്ടെന്ന് ഞാൻ വിചാരിച്ചിരുന്നില്ല..”

അവർ രണ്ടു പേരും പരസ്പരം പഴിചാരിയില്ല. ഒരു മഴ പെയ്തു ഇറങ്ങിയ പോലെ അവിടം കുളിർ പടാരാൻ തുടങ്ങി.

ഇനിയും സമയം വൈകിയിട്ടില്ല കാരണം
ജീവിതത്തിലെ ഏറ്റവും സുന്ദരമായ വാക്ക് ‘പ്രതീക്ഷ ‘ ആണ്. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന വിശ്വാസം.

ആകാശത്തിൽ ഉയർന്ന് പറക്കുന്ന പക്ഷികൾ ആത്മ വിശ്വാസത്തോടെ
ചിറകടിച്ചു ഉയർന്നവയാണ്.

അമ്മ കിളി എന്നും ഭയന്ന് നിന്നിരുന്നു എങ്കിൽ കാലങ്ങളോളം കുഞ്ഞുങ്ങളും കൂട്ടിൽ തന്നെ ജീവിതം തീർക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *