കല്യാണം കഴിച്ചപ്പോൾ ഉണ്ടായിരുന്ന പ്രണയം ഒന്നും ടീച്ചർക്ക്‌ ഇപ്പോൾ എന്നോടില്ല..

മാഷിന്റെ ടീച്ചർ
(രചന: Jolly Shaji)

“എടോ ടീച്ചറെ തനിക്കു പ്രണയം ഉണ്ടോ ആരോടെങ്കിലും…”

“അതെന്താ മാഷേ ഇപ്പോൾ ഇങ്ങനെ ഒരു സംശയം… എനിക്ക് പ്രണയം ഇല്ലെന്നാണോ അങ്ങ് പറയുന്നത്…”

“അതല്ലെടോ താൻ പണ്ടത്തെ ആ പതിനെട്ടുകാരിയിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു…. അന്നൊക്കെ ഞാൻ ഒന്ന് സംസാരിക്കാൻ വന്നാൽ എന്തൊരു നാണക്കാരി ആയിരുന്നു ഇയാൾ…”

“അന്നത്തെ കാലമാണോ മാഷേ ഇന്ന്… അന്ന് ഭയമായിരുന്നു എന്തിനോടും…. പിന്നെ അങ്ങല്ലേ എന്റെ ഭയമൊക്കെ മാറ്റി എന്നെ ശെരിക്കും ഒരു പ്രണയിനി ആക്കി മാറ്റിയത്…”

“കല്യാണം കഴിച്ചപ്പോൾ ഉണ്ടായിരുന്ന പ്രണയം ഒന്നും ടീച്ചർക്ക്‌ ഇപ്പോൾ എന്നോടില്ല…”

“അയ്യടാ പ്രണയിക്കാൻ പറ്റിയ പ്രായം… മുത്തശ്ശൻ ആയി അപ്പോളാണ് കൊതികുത്തൽ വന്നേക്കുന്നത്…”

“ഓ ഞാൻ മുത്തശ്ശൻ ആയി സമ്മതിച്ചു… ടീച്ചർ മുത്തശ്ശിയും ആയില്ലേ… എന്നിട്ടും…”

“എന്ത് എന്നിട്ടും…”

“എഴുത്തൊക്കെ ഞാൻ കാണാറുണ്ട്..”

“ഹഹഹ… അതാണോ… ന്റെ മാഷേ പ്രണയം എഴുതി എന്ന് വെച്ച് ഞാൻ പ്രണയിക്കുന്നു എന്നാണോ..”

“ഞാൻ ഒന്നും പറയുന്നില്ല…. ചില കമന്റുകളും അതിന് ടീച്ചർ കൊടുക്കുന്ന മറുപടിയുമൊക്കെ ഞാൻ വായിക്കാറുണ്ട്…”

“ന്റെ കുശുമ്പൻ മാഷേ അതൊക്കെ ഓപ്പൺ ആയിട്ടല്ലേ…

ഞാൻ എത്ര വട്ടം പറഞ്ഞേക്കുന്നു മാഷ് എന്റെ ഫോൺ ഒന്ന് നോക്കു ഇൻബോക്സിൽ എനിക്ക് വരുന്ന മെസ്സേജ് ഒന്ന് നോക്കു എന്നൊക്കെ..”

“പിന്നെ… എന്നിട്ടുവേണം ഭാര്യയെ സംശയിച്ചു ഫോൺ ചെക് ചെയ്യുന്ന ഭർത്താവ് എന്ന പേരുദോഷം എനിക്ക് വരാൻ…”

“കണ്ടോ…എന്തുപറഞ്ഞാലും കുറുമ്പ്പറയുന്നേ… എടോ മാഷേ നിങ്ങൾക്ക് ഈയിടെ ആയി ഇത്തിരി പ്രണയം എന്നോട് കൂടുന്നുണ്ട് അല്ലെ… അതല്ലേ ഈ കൊച്ച് കൊച്ച് വഴക്കുകൾ…”

“എടോ എനിക്ക് പേടിയാകുന്നു ഇപ്പോൾ എനിക്ക് പ്രായം കൂടി വരുന്നു ടീച്ചർ ആണെങ്കിൽ ഓരോ ദിവസം ചെറുപ്പമായും വരുന്നു…

ടീച്ചർക്ക് എന്നോട് ഇഷ്ടം കുറയുന്നതുപോലെ ഒരു തോന്നൽ…”

“എന്തൊക്കെയാ മാഷേ ഈ പറയുന്നത് എനിക്ക് ഇഷ്ടം കുറയുകയോ അതും എന്റെ മാഷാട്..”

“തനിന്നു കൂടുതൽ സന്തോഷിക്കുന്നത് എഴുത്തിലൂടെ അല്ലെ… തന്റെ ഓരോ വരികളിലും താൻ ജീവിക്കുകയല്ലേ…. തന്റെ സ്വപ്‌നങ്ങൾ അല്ലെ താൻ എഴുതുന്നതൊക്ക…”

“ദേ വീണ്ടും അത് തന്നെ.. എന്റെ എഴുത്തുകൾ എല്ലാം വായിക്കുന്ന ആളല്ലേ മാഷ്….

എഴുത്തുകളെയും ജീവിതത്തെയും ഒരേ തട്ടിൽ കാണുകയാണിന്നു മാഷ്…. മാഷ്ക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ നിർത്തുകയാണ് എഴുത്ത്…”

“എടോ ലക്ഷ്മി താൻ എന്താ ഈ പറയുന്നേ തന്റെ സർഗ്ഗവാസന ഞാൻ കാരണം വേണ്ടെന്നു വയ്ക്കുകയോ… ഒരിക്കലും പാടില്ല…”

“എനിക്ക് എഴുത്തല്ല എന്റെ മാഷിന്റെ സന്തോഷം ആണ് വലുത്..”

“പാടില്ല ടീച്ചർ നിന്റെ തൂലികയിൽ നിന്നും പൊഴിഞ്ഞുവീഴുന്ന പൂക്കളെ ചേർത്തുവെച്ചു പൂജിക്കുന്നവർക്ക് അത് സങ്കടം ആവും… ഞാൻ എന്തോ മണ്ടത്തരം പറഞ്ഞു പോയി… താൻ ഷെമിക്കെടോ ഭാര്യേ…”

“മാഷ് വന്നെ നമുക്ക് കിടക്കാം…. എനിക്ക് എന്റെ മാഷിന്റെ… ആ ഇരുപത്തിരണ്ടുകാരന്റെ പെണ്ണായി ജീവിക്കണം ഇനിയെന്നും…”

“വയസ്സായപ്പോൾ ഓൾടെ ഒരു പൂതി ”

“ശരീരത്തിനല്ലേ മാഷേ പ്രായം ആയിട്ടുള്ളു നമ്മുടെ മനസ്സ് ഇന്നും ആ പഴയ പ്രണയത്തിൽ അല്ലെ…. ബാധ്യതകൾ എല്ലാം തീർത്തവർ.. മാഷിലേക്ക് ഞാൻ വരുമ്പോൾ നമ്മൾ രണ്ടുപേരും മാത്രം ആയിരുന്നു….

ഇന്ന് നമ്മുടെ മക്കൾ അവരുടെ സ്വന്തം കാര്യങ്ങൾ നോക്കി പോയപ്പോളും നമ്മൾ മാത്രമായി… അങ്ങനെ വീണ്ടും നമ്മൾ ആ യൗവനകാലത്തിലേക്കു കടക്കുന്നു…”

അയാൾ അവരെ കസേരയിൽ നിന്നും മെല്ലെ എണീപ്പിക്കാൻ ശ്രമിച്ചു… അവർ വേച്ചുപോയി…

“മാഷേ എന്നെ ആ വീൽചെയറിലേക്ക് ഇരുത്തു…”

ശരീരത്തിന്റെ പാതിയിലേറെ തളർന്ന ഭാര്യയെ അയാൾ താങ്ങിയെടുത്തു വീൽചെയറിൽ ഇരുത്തി അകത്തേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *