ഓ നിനക്കിപ്പോ ഭാര്യ പറയുന്നതാണല്ലോ വേദവാക്യം, ഭാക്കിയൊള്ളോൻ നിനക്കൊക്കെ..

കടലൊരുക്കിയ ജീവിതം
(രചന: Jolly Shaji)

ഓഫീസിൽ നിന്നുമിറങ്ങിയ ശ്രീഹരി നേരെ പോയത് അധികം ആൾതിരക്കില്ലാത്ത കടൽതീരത്തേക്കാണ്…

വെയിലുണ്ടെങ്കിലും ചൂട് കുറവാണു.. അവൻ നടന്നു കടൽ ഭിത്തി കെട്ടിയേക്കുന്നതിന്റെ അടുത്തേക്ക് ചെന്നു…

ശാന്തമായി കിടക്കുന്ന കടൽ….ഈ കടൽ അല്ലേ പലപ്പോഴും പ്രക്ഷുബ്ദമാകുന്നത്…. ശെരിക്കും മനുഷ്യന്റെ മനസ്സ് പോലെ അല്ലേ കടലും.. അവൻ അവിടെ ഒരു പാറകല്ലിൽ ഇരുന്നു..

വീട്ടിലേക്കു പോവുന്നത് ഓർക്കുമ്പോൾ തന്നെ തന്റെ മനസ്സിൽ തിരയിളക്കം തുടങ്ങും..

ഒരു വശത്ത് പത്തുമാസം വയറ്റിൽ ചുമന്ന് നടന്നു മരണവേദനയോടെ പ്രസവിച്ച് കാക്കക്കും പൂച്ചക്കും കൊടുക്കാതെ കയ്യോ കാലോ വളരുന്നത് എന്ന് നോക്കി വളത്തിയ അമ്മ…

തന്റെയും അനുജത്തിയുടെയും ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും മറ്റൊരു വിവാഹത്തിന് ഒരുങ്ങാതെ ഒരുപാട് കഷ്ടപെട്ടാണ് അമ്മ തന്നെ വളർത്തി പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ചത്…

മറുവശത്തു തന്നെ മാത്രം പ്രതീക്ഷിച്ച് വീടുവിട്ട് ഇറങ്ങി പോന്ന ഭാര്യ…

പലപ്പോഴും താൻ രാജിയോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ കഷ്ടപാടുകളെകുറിച്ച്.. അപ്പോളൊക്കെ അവൾക്ക് ഒറ്റവാക്കേയുള്ള് പറയാൻ..

“എന്റെ അച്ഛനും അമ്മച്ചിയും എന്നേയും കഷ്ടപെട്ടാണ് വളർത്തിയതും പഠിപ്പിച്ചതുമൊക്കെ അവരെയൊക്കെ ഉപേക്ഷിച്ചു ഞാൻ ഇറങ്ങി വന്നിട്ടും എനിക്കെന്താ നിങ്ങൾ ഒരു വില കൽപിക്കാത്തത്….”

“രാജി അമ്മ കുറച്ച് കാലം കൂടിയല്ലേ നമുക്കൊപ്പം ഉണ്ടാവു… നമ്മുടെ ജീവിതം വീണ്ടും മുന്നോട്ട് കൊണ്ടുപോകേണ്ട…. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ തീരുന്ന പ്രശ്നമേ ഈ വീട്ടിൽ ഉള്ളു…”

“ഓ പിന്നെ എന്റെ ശവം കണ്ടിട്ടേ നിങ്ങടെ തള്ള ചാകത്തൊള്ളൂ…”

അവൾ ചാടിത്തുള്ളി പോകും… അമ്മയോട് എന്തേലും ഒന്ന് പറയാം എന്ന് വെച്ചാലോ…

“ഓ നിനക്കിപ്പോ ഭാര്യ പറയുന്നതാണല്ലോ വേദവാക്യം… ഭാക്കിയൊള്ളോൻ നിനക്കൊക്കെ വേണ്ടി ജീവിതം കളഞ്ഞത് മിച്ചം…”

“അമ്മ എന്തിനാ ഈ എഴുതാപ്പുറങ്ങൾ വായിക്കുന്നത്… ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ അമ്മ അവള് എന്താ ചെയ്യുന്നത് എന്ന് നോക്കേണ്ട…

അടുക്കളയിൽ എന്തെങ്കിലും വേവിച്ചു വെച്ചിട്ടുണ്ടെങ്കിൽ സമയത്ത് കഴിച്ചിട്ട് വല്ലടത്തും അടങ്ങി ഇരുന്നാൽ മതിയെന്ന്….”

“എന്താടാ എന്റെ വീട്ടിൽ എനിക്ക് സ്വാതന്ത്ര്യം ഇല്ലാതായോ… വെച്ച് വേവിച്ചു വെച്ചേക്കുന്നത് എടുത്തു തിന്നാൽ വല്ല വയറിളക്കം വന്നു ചാവും ഞാൻ… അത്ര കൈപ്പുണ്യം അല്ലേ നിന്റെ കെട്ടിയോൾക്ക്…”

ഓരോന്ന് ഓർത്തു ശ്രീഹരി എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിൽ ആയി…

നേരെ നേരെ നോക്കിയാൽ എന്തെങ്കിലും കുറ്റം കണ്ടു പിടിക്കുന്ന അമ്മയും രാജിയും കുറച്ച് നാളായി തന്റെ ഉറക്കം കളയുന്നു…

കല്യാണം കഴിഞ്ഞ് ആറുവർഷമായിട്ടും കുഞ്ഞില്ലാത്ത വേദന രാജിയെ വല്ലാതെ വിഷമിപ്പിക്കുന്നും ഉണ്ട്‌…. അതിനിടെ അമ്മയുടെ ചില കുത്തുവാക്കുകൾ അവളെ വിഷമിപ്പിക്കുന്നുണ്ടെന്നും അറിയാം…

അമ്മയുടെ സങ്കല്പത്തിൽ എന്നും തന്റെ ഭാര്യ കാർത്തിക ആയിരുന്നു… അമ്മാവന്റെ മകൾ…

ചെറുപ്പം മുതൽ അമ്മയും അമ്മാവനും പറയും ശ്രീഹരി കാർത്തികയെ കെട്ടിയാൽ മതിയെന്ന്.. പക്ഷെ കാർത്തികയ്ക്കോ തനിക്കോ ഒരിക്കലും അങ്ങനെ ഒരു ഇഷ്ടം ഉണ്ടായില്ല…

അവൾക്കെന്നും ഞാൻ വല്യേട്ടൻ ആയിരുന്നു… തനിക്കും അവൾ തന്റെ കുഞ്ഞനുജത്തി തന്നെയായിരുന്നു..

കാർത്തിക കോളേജിൽ പഠിക്കുമ്പോളാണ് ദേവനുമായി അടുക്കുന്നത്… ഇതറിഞ്ഞ അമ്മാവൻ തന്നെകൊണ്ട് ഉടനെ കാർത്തികയെ കെട്ടിക്കുന്നത് ആലോചിച്ചതാണ്…

പക്ഷെ അവളുടെ കണ്ണീരിനു മുന്നിൽ താൻ അവൾക്ക് എല്ലാസപ്പോർട്ടും കൊടുത്തു… ദേവനുമായി അവളുടെ കല്യാണം നടത്താൻ താനായിരുന്നു മുന്നിൽ നിന്നത്…

പക്ഷെ ആ ദാമ്പത്യത്തിന് ആയുസ്സ് കുറവായിരുന്നു… ദേവന്റെ ചില ദുർനടപ്പുകൾ കേൾക്കുകയും നേരിൽ കാണുകയും ചെയ്ത കാർത്തിക തന്റെ വയറ്റിൽ വളരുന്ന കുരുന്നിനെയും കൊണ്ട് ആ ത്മ ഹത്യ ചെയ്യുകയായിരുന്നു…

അതോടെ എല്ലാവരും തന്നെയൊരു കുറ്റക്കാരനായി കാണുകയായിരുന്നു.. അമ്മപോലും പലപ്പോഴും കുറ്റപ്പെടുത്തി

“നീ ഒന്ന് മനസ്സ് വെച്ചെങ്കിൽ കാർത്തികമോൾക്ക് ഇങ്ങനെ ഒരു ദുർവിധി ഉണ്ടാവില്ലായിരുന്നു” എന്ന്….

സ്ഥിരമായി ഒരു ജോലിപോലും ഇല്ലാതെ താൻ ആകെ വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ ആണ് ഇതൊക്കെ സംഭവിക്കുന്നത്..

മാനസികമായി തളർന്നുപോയ അവസ്ഥയിലാണ് യാദൃച്ഛികമായി രാജിയെ കണ്ടുമുട്ടുന്നത്…

തന്റെ കഥകൾ എല്ലാം അറിഞ്ഞ അവൾ തനിക്കു നല്ല സപ്പോർട് ആയി കൂടെ നിൽക്കുകയായിരുന്നു…

വിവാഹം എന്ന ചിന്ത പോലും മനസ്സിൽ ഇല്ലാത്ത തനിക്ക് എപ്പോളോ രാജി കൂടെയില്ലാതെ പറ്റില്ലെന്ന അവസ്ഥ ആയി…

രാജിക്കും തന്നോട് ഒരുപാട് ഇഷ്ടമായിരുന്നു… ഒരു ജോലി ഇല്ല എന്നതോ പിതാവ് ഇട്ടെറിഞ്ഞു പോയവൻ എന്ന ചിന്തയോ ഒന്നും അവൾക്കില്ലായിരുന്നു…

അവൾ പഠിത്തം കഴിഞ്ഞ് ചെറിയ ജോലിയിൽ പോകുന്ന സമയം ആയിരുന്നു… പലപ്പോഴും തന്റെ ആവശ്യങ്ങൾക്ക് പണം തന്ന് സഹായിക്കുന്നതൊക്കെ അവളായിരുന്നു…

അങ്ങനെ ഇരിക്കെയാണ് അവൾക്ക് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങുന്നത്…താനുമായുള്ള ബന്ധം അവൾ പറഞ്ഞു… എല്ലാരും എതിർപ്പായിരുന്നു..

പക്ഷെ അവളുടെ ഒരേ വാശിയിൽ ആണ് കല്യാണം നടന്നത്…

അമ്മയുടെ സങ്കല്പം കാവും കുളവുമൊക്കെയായി നടന്നിരുന്ന കാർത്തികയെ പോലൊരു പെണ്ണായിരുന്നു… രാജി പാക്ഷേ നേരെ തിരിച്ചായിരുന്നു….

പുലർച്ചെ എഴുന്നേൽക്കുകയോ കുളിച്ച് അടുക്കളയിൽ കയറുകയോ നിത്യവും കാവിൽ വിളക്ക് വെക്കുകയോ അങ്ങനെ ആചാരങ്ങൾ ഒന്നുമില്ലാത്ത അത്യാവശ്യം ബോൾഡ് ആയ പെൺകുട്ടി…

അവളുടെ രീതികൾ ഒന്നും അമ്മക്ക് പിടിക്കില്ല അമ്മയുടേത് രാജിക്കും… പിന്നെ നിരന്തരം രണ്ടാളും ഓരോന്ന് പറഞ്ഞു പ്രശ്നങ്ങൾ ആണ്..ആറു വർഷമായി ഇത് സഹിക്കുന്നു…

കുഞ്ഞില്ലാത്തതും രാജിയുടെ കുറ്റമെന്നാണ് അമ്മയുടെ പക്ഷം … കണ്ട ഡോക്ടർമാർ എല്ലാരും പറഞ്ഞു കുഴപ്പം ഒന്നുമില്ലെന്ന്… എന്തോ ദൈവത്തിന്റെ ശിക്ഷ ആവാം..

ഓരോന്ന് ഓർത്തുകൊണ്ട് ശ്രീഹരി ഇരുന്നിടത്തുനിന്നും എഴുന്നേറ്റു നേരെ കടലിനു നേരെ നടന്നു… ചെറിയ തിരമാലകൾ അടിച്ചു തുടങ്ങി…

ദൂരേക്ക് നോക്കിയ ശ്രീഹരി കണ്ടു തന്നെ മാടിവിളിക്കുന്ന കാർത്തികയെ… അവൻ ഒരു ഞെട്ടലോടെ കൈകൾ നീട്ടി തിരമാലകളെ മുറിച്ച് അവൾക്കടുത്തേക്ക് പാഞ്ഞടുത്തു…

“ശ്രീഹരിയുടെ കൂടെയുള്ളവർ ആരാണ് ”

ഐ സി യു വിന്റെ വാതിൽ തുറന്ന് സിസ്റ്റർ വിളിച്ചപ്പോൾ രാജിയുടെ കയ്യിൽ പിടിച്ച് അമ്മയും വേഗം ഐ സി യു വിനു മുന്നിലേക്ക്‌ ചെന്നു…

“ശ്രീഹരിയുടെ വിവരങ്ങൾ സംസാരിക്കാനാണ് ആരെങ്കിലും ഒരാൾ അകത്തേക്ക് ചെല്ല്…”

അമ്മ രാജിക്ക് നേരെ ചെല്ലാൻ ആഗ്യം കാണിച്ചു… രാജി അമ്മയെ അടുത്തുള്ള കസേരയിലേക്ക് ഇരുത്തിയിട്ട് അകത്തേക്ക് ചെന്നു..

“ഡോക്ടർ ഞാൻ രാജി.. ശ്രീഹരിയുടെ ഭാര്യയാണ്…”

“എനിക്ക് രാജിയോടും അമ്മയോടും സംസാരിക്കണം ശ്രീഹരിയെക്കുറിച്ച്..”

“സാർ ഏട്ടന് ഇപ്പൊ എങ്ങനെ..”

“അപകടത്തിൽ നിന്നും രക്ഷപെട്ടു.. പക്ഷെ അയാളുടെ മനസ്സിനാണ് ഷോക്ക് ഏറ്റേക്കുന്നത്… അതുകൊണ്ട് ഇനി ഒരിക്കലും അയാൾക്ക്‌ വിഷമം നിറയുന്ന ഒന്നും താങ്ങാൻ ശക്തി ഉണ്ടാവില്ല… ഒരിക്കലും അയാളുടെ മനസ്സ് വേദനിക്കരുത്…”

“ഇല്ല സാർ എന്റെ ഭാഗത്ത്‌ നിന്നും ഇനി ആ മനസ്സ് വേദനിക്കാൻ ഒരു കാരണവും ഉണ്ടാവില്ല…”

“എടോ രാജി കുട്ടികളൊക്കെ ദൈവത്തിന്റെ ദാനം ആണ്… നിങ്ങൾക്ക് അധികം പ്രായമൊന്നും ആയില്ലല്ലോ ഇനിയും സമയം ഉണ്ട്‌…

പിന്നെ അമ്മ… അവർ നല്ല പ്രായത്തിൽ സന്തോഷത്തോടെ ജീവിച്ചിട്ടില്ല… പ്രായം ഏറി വരുവല്ലേ ഇനി എത്ര നാൾ എന്ന് പോലും അറിയില്ല…

അമ്മ എന്തേലും പറഞ്ഞാൽ കണ്ണടച്ച് വിട്ടേക്ക് ഹരി ഇല്ലെടോ തനിക്ക് കൂട്ടിന്… അയാൾ ഇനിയും എന്തെങ്കിലും മണ്ടത്തരം കാണിച്ചാൽ പോയില്ലേ എല്ലാ സന്തോഷവും…”

രാജി കണ്ണുകൾ തുടച്ചു മുറീയിൽ നിന്നും ഇറങ്ങുമ്പോൾ ഉറച്ചൊരു തീരുമാനം കൂടി എടുത്തിരുന്നു… തന്നിൽ നിന്നും ഇനി ഒരു പ്രശ്നവും വീട്ടിൽ ഉണ്ടാവില്ലെന്നു…

ശ്രീയുടെ അമ്മയെയും ഡോക്ടർ വിളിച്ച് അയാൾ ആ ത്മഹത്യക്ക് ശ്രമിച്ചതൊക്കെ പറഞ്ഞു…

“അമ്മേ.. അമ്മയുടെ വീട്ടിൽ ആ ത്മഹത്യാ പ്രവണത ഉള്ളവർ ഉണ്ടല്ലേ… സഹോദരന്റെ മകൾ ആ ത്മഹത്യ ചെയ്യുകയായിരുന്നു അല്ലേ…”

“ഡോക്ടറെ എന്റെ മോനെ രക്ഷിക്കണം… എന്റെ കണ്ണടയും വരെ എന്റെ കുഞ്ഞിന് ഒരാപത്തും ഉണ്ടാവരുത്…”

“അയാളുടെ മനസ്സിന് വേദന തട്ടുന്ന എന്തെങ്കിലും സംഭവം ഉണ്ടായാൽ അയാൾ വീണ്ടും ശ്രമിച്ചേക്കാം… അതുകൊണ്ട് കുടുംബത്തു നിങ്ങളാരും ഒരു പ്രശ്നവും ഉണ്ടാക്കരുത്…”

“ഇല്ല സാറെ എന്റെ മോന്റെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും ഞാൻ ഇനി പറയുകയോ ചെയ്യുകയോ ഇല്ല..”

“കാർത്തിക മരിച്ചില്ലേ… ഇനിയും എന്തിനാ അവളെ ഓർത്തു നടക്കുന്നത്… അവളെക്കാൾ സുന്ദരിയല്ലേ രാജി..

നമ്മുടെ മക്കൾ സന്തോഷമായി കഴിയുന്നതല്ലേ നമ്മുടെ ഏറ്റവും വലിയ സന്തോഷം… അമ്മയായിട്ടു ഇനി ഒന്നിനും പോവില്ലെന്നു എനിക്കറിയാം എങ്കിലും പറഞ്ഞന്നേ ഉള്ളൂ…”

ഡോക്ടറുടെ മുറിയിൽനിന്നും ഇറങ്ങിയ അമ്മ മറ്റൊരു അമ്മ ആയിരുന്നു… അവർ നേരെ രാജിയുടെ അടുത്തേക്ക് ചെന്ന് അവളുടെ കൈകളിൽ കൂട്ടിപ്പിടിച്ചു…

“മോളെ ഇനി ഒരിക്കലും ഈ അമ്മ എന്റെ മോന് മനസ്സ് വേദനിക്കുന്ന ഒന്നും ചെയ്യില്ലാട്ടോ… അമ്മയുടെ കണ്ണടയും വരെ എന്റെ മക്കൾ സന്തോഷത്തോടെ ഇരിക്കണം… എന്റെ മക്കൾ കഴിഞ്ഞേ എനിക്കെന്തും ഉണ്ടാവു…”

“അമ്മ വിഷമിക്കല്ലേ ഞാനും അമ്മയോട് എപ്പോളും എന്തെങ്കിലുമൊക്കെ പറയാറുണ്ടായിരുന്നില്ലേ…

എനിക്കറിയാം ഞാൻ അമ്മയെയും ഹരിയേട്ടനെയും വേദനിപ്പിച്ചു ഒരുപാട് എന്ന്… ഇനി ഉണ്ടാവില്ല ഒന്നും… ഇനിമുതൽ നമ്മുടെ വീട് നമുക്ക് സ്വർഗ്ഗം ആക്കാം അമ്മേ…”

രാജിയും അമ്മയും പരസ്പരം അശ്വാസവാക്കുകളാൽ സമാധാനിപ്പിച്ചു…

ഇതെല്ലാം ഐ സി യു വിന്റെ ചില്ലിലൂടെ നോക്കി കണ്ട് ശ്രീഹരിയും ഡോക്ടറും ചിരിച്ചു…

“ശ്രീഹരി എന്ത് തോന്നുന്നു ഇപ്പോൾ..”

“ഒരുപാട് സന്തോഷം ഡോക്ടർ… അങ്ങാണ് എന്റെ ജീവനും ജീവിതവും രക്ഷിച്ചത്…”

“അപ്പോൾ അവിടെ വെച്ച് താങ്കളെ ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഇന്ന് ശ്രീഹരി ജീവനോടെ ഇങ്ങനെ ഉണ്ടാകുമായിരുന്നോ…”

“എന്നാലും ഡോക്ടർ അവരും നാട്ടുകാരും എല്ലാം അറിഞ്ഞിരിക്കില്ലേ ഞാൻ ആ ത്മ ഹത്യക്കു ശ്രമിച്ചെന്ന്…”

“അറിഞ്ഞാൽ തനിക്കെന്താടോ…. ഇത് ഞാൻ പറഞ്ഞു തന്ന ഐഡിയ ആണെങ്കിലും തന്റെ കുടുംബത്തെ സന്തോഷം തിരിച്ചു് കിട്ടിയല്ലോ… നാട്ടുകാരോട് പോയി പണിനോക്കാൻ പറയെടോ…”

ഡോക്ടർ വേഗം അടുത്ത രോഗിയുടെ അടുത്തേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *